Thursday, May 31, 2007

ഉണ്ടുറങ്ങുന്നവര്‍

ഇരുട്ടത്ത്‌
ഇരതേടിയിറങ്ങിയ
മൃഗത്തെപ്പോലെ
നിന്റെ വിരലുകള്‍
നിഴലിന്റെ ദേഹത്തെ
തിന്നു തീര്‍ക്കുന്നു!

അല്ലെങ്കില്‍ ‍പിന്നെ
വെളിച്ചമേ
നിനക്കെങ്ങനെ
ഈ നിസ്സംഗതയിലേയ്ക്ക്‌
ആര്‍ത്തിക്കണ്‍തുറക്കാനാവും?

ഉടയാടകളും
ഔപചാരികതകളുമില്ലാത്ത
ഒരു വിശപ്പിലേയ്ക്ക്‌
എങ്ങനെ പടരാനാവും?

പരുഷമായ
ഒരു അധിനിവേശം പോലെ
നീ നിന്റെ അത്താഴത്തില്‍
ആണ്ടിറങ്ങൂന്നു.

എച്ചില്‍ പാത്രവും
കുളിപ്പിച്ചെടുത്ത്‌
ഇരുള്‍
തിരിച്ചെത്തും മുന്‍പ്‌
ദാഹങ്ങള്‍
കുടിച്ചുവറ്റിച്ച നീ
ഉറങ്ങിക്കഴിഞ്ഞിരിക്കും..!

Sunday, May 27, 2007

മരം

കവലയില്‍
ഒരു വന്മരം
ഒടിഞ്ഞുവീഴുന്ന ഒച്ചകേട്ട്‌
ഓടിവന്നതാണ്‌.

പച്ച മങ്ങാത്ത
കൊടികള്‍ കൊണ്ട്‌
കാട്‌ നയിക്കുന്ന ജാഥ പോലെ
തെരുവിനെ അത്‌
പകുക്കുന്നത്‌
കാണാന്‍.

ഇരുപുറങ്ങളിലായി
നിന്നുപോയ വാഹനങ്ങളില്‍
‍വേഗങ്ങള്‍ തളംകെട്ടുന്നത്‌
അറിയാന്‍.

വീണു നുറുങ്ങിയ ചില്ലകളില്‍
ഒരു പക്ഷിയെങ്ങാന്‍
‍കൂടുവച്ചിരുന്നുവോ എന്ന്
വ്യാകുലപ്പെടാന്‍.

ഞെട്ടല്‍ വിട്ട്‌
എഴുനേറ്റ നഗരം
കത്താളും കോടാലിയും കൊണ്ട്‌
തിന്നുപേക്ഷിച്ച
കൂറ്റന്‍ അസ്ഥികൂടം കണ്ട്‌
ആശ്ചര്യപ്പെടാന്‍.

ഒടുവില്‍
‍അറക്കവാളിന്റെ
അമൃതേത്തും കഴിഞ്ഞ്‌
മുറിത്തലയില്‍ തെളിഞ്ഞുവരുന്ന
മൂപ്പിന്റെ കഥ
വായിച്ചെടുക്കുവാന്‍.

വഴിമുടക്കല്‍
സമരം ഒഴിപ്പിച്ച്‌
തെരുവതിന്റെ വഴിക്കുപോയാലും
ഒരടയാളം
ബാക്കിയാവുമെന്ന് കരുതാമൊ?
മൂട്‌..? കുറ്റി..?
ഒരു വേരെങ്കിലും...!

Monday, May 21, 2007

മഴപ്പാട്ട്

ഇടവപ്പാതിയെ
കടലാസിലാക്കാന്‍പോയ്‌
കയ്യും കനവും
മരവിച്ച കുളിരിലൊരു
കവിത വിറച്ചു പിന്മാറുമ്പോള്‍,
‍വിരലുകള്‍ വിറപൂണ്ട്‌
വാക്കിന്റെ ചിത കൂട്ടി
ഉടലു തീകാഞ്ഞ്‌
തിരുശേഷിപ്പിന്റെ
ഒരുപിടി ചാരം കൊണ്ട്‌
മഴവെള്ളത്തിലൊരു
ചിത്രം വരയ്ക്കും...

വാക്കിന്റെ തരിയേറ്റ്‌
പോറിയ വെള്ളത്തില്‍
‍നോവിന്റെ ഓളമിട്ട്‌
കാറ്റൊരു പാട്ടും പാടും...

നീറുന്ന വരകള്‍ കൊണ്ട്
നോമ്പുനോറ്റ വരികളില്‍
വയ്യെന്ന് കൈപൊത്തി
മുറിയടച്ച്
അപ്പോഴൊരു കൂര
ചോരുന്ന വാക്കുകള്‍ കോര്‍ത്തൊരു
മഴപ്പാട്ടില്‍ നനഞ്ഞു തുടങ്ങും.

Sunday, May 13, 2007

മൂന്നു വരി വീതം

മനുഷ്യന്‍


മൂന്നടി ചോദിച്ചു ചെന്ന ദൈവത്തിനെ
ഭൂതവും ഭാവിയും കൊണ്ടു മോഹിപ്പിച്ചു
വര്‍ത്തമാനത്തിലേ വായിച്ചു തീര്‍ത്തവന്‍!


പറയുന്നത്


ശാഠ്യങ്ങളുള്ളൊരുനോവാണ് ജീവിതം
കൊള്ളാമെന്നോരു തലോടലില്‍
കുടുങ്ങിപ്പോയതാണതിന്‍ ചുമലുകള്‍..


ആത്മകഥ


കഥയില്ലയ്മകളെക്കുറിച്ച് എന്തുപറയാന്‍!
ജീവിച്ചിരിക്കുമ്പോള്‍ പാടിനടക്കും
പിന്നെ നാട്ടാരു പറഞ്ഞു ചിരിക്കും..

Tuesday, May 8, 2007

മാനം നോക്കി..

തീവെട്ടങ്ങളില്‍നിന്ന്
പൊത്തിപ്പിടിച്ചൊരു
കണ്ണാണ്‌
എന്റെ ഉച്ച.

സന്ധ്യമയങ്ങി
മറകളഴിക്കുമ്പോള്‍
മലയിറങ്ങിവരുന്നതുകാണാം
ഇരുള്‍
എന്റെ മുത്തശ്ശി.

കാലും നീട്ടി
കഥകളുടെ കെട്ടഴിച്ച്‌
ഒടുവിലൊരു താരാട്ടില്‍
വ്യഥകളുടെ വിരലൂട്ടാതെ
എന്നെ ഉറക്കുന്നവള്‍.

എനിക്ക്‌
അമ്മയെക്കാളിഷ്ടം
അമ്മുമ്മയോടാണ്‌.
എന്തെന്നാല്‍
ശങ്കയറ്റുറങ്ങാനൊരു
സ്വാസ്ഥ്യത്തിന്റെ തടുക്കാവാന്‍
‍അമ്മയല്ല
അവരുടെ മടിതന്നെ വേണം.

ഈ ഉച്ചയെന്‍
ഉയിരെടുക്കുന്നു കൂട്ടരേ
ഒന്നു മയങ്ങണം
മലയിറങ്ങി
ഇരുള്‍ വരുന്നുണ്ടോ ?

Thursday, May 3, 2007

തടവ്

അടച്ചിട്ട കതകിനും
ജനാലകള്‍ക്കുമുള്ളില്‍
ഓരോ മുറിയും
ചില സ്വച്ഛതകളെ
അടക്കം ചെയ്തിരിക്കുന്നു.

കണ്ണിലെ
കുഞ്ഞു തിരശ്ശീലയില്‍
അവര്‍ തെളിച്ചിട്ട
ഉയിര്‍പ്പിന്റെ സ്വപ്നങ്ങളാണ്‌
രാപ്പകലില്ലാതെ
പെറ്റുപെരുകുന്ന
ഇരുളിന്റെ
സൂക്ഷ്മാണുക്കള്‍.

ചീവീടുകള്‍ പാടി നീട്ടുന്നത്‌
അതിജീവനത്തെക്കുറിച്ച്‌
അവരെഴുതിയ
മഹാകാവ്യങ്ങളാണ്‌.

അടച്ചിട്ട
ഓരോമുറിക്കുള്ളിലും
എന്തൊക്കെയോഒരുങ്ങുന്നുണ്ട്‌.
അതുകൊണ്ടാവും
വീടുകളിലേറെ
തടവറകളുണ്ടായിട്ടും
സാമ്രാജ്യങ്ങള്‍
‍പേക്കിനാവ്‌ കണ്ട്‌
ഉറങ്ങാതിരിക്കുന്നത്‌.