Wednesday, February 27, 2008

കലാപം

വാക്കിന്റെ കെട്ട്‌ പൊട്ടിച്ച്‌
ലിപികള്‍
കടലാസുപാതകളിലൂടെ
തന്നിഷ്ടം
നടക്കാന്‍ തുടങ്ങിയപ്പൊഴാണ്‌
വരികള്‍ക്കിടയില്‍
ഉരുള്‍പൊട്ടിയ കലാപം
കവിയുടെ ശ്രദ്ധയില്‍ പെട്ടത്‌.

താളുകളില്‍ അങ്ങോളം
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചും,
ചിഹ്ന, വ്യാകരണ,
വ്യാക്ഷേപകാദി നിയമങ്ങള്‍
കര്‍ശനമാക്കിയും,
വിമര്‍ശകരില്‍ നിന്നും
വൈയാകരണന്മാരില്‍ നിന്നും
യുദ്ധോപദേശം കൈക്കൊണ്ടും,
ഏറെ പണിപ്പെട്ട്‌ അടിച്ചമര്‍ത്തി
അക്ഷര ലഹള.

യുദ്ധത്തടവുകാരായി
പിടിക്കപ്പെട്ടവരില്‍
‍ലിപികള്‍ക്ക്‌ വാക്കിലും,
വാക്കുകള്‍ക്ക്‌ വരിയിലും,
വരികള്‍ക്ക്‌ കൃതിയിലും,
കൃതികള്‍ക്ക്‌ ഗ്രന്ഥത്തിലും,
എഴുത്തിന്റെ
അധികാരശ്രേണികള്‍ക്കുള്ളില്‍
‍ഏകാന്ത തടവൊരുക്കി.

കാണാതായ
ചില കലാപകാരികളെക്കുറിച്ച്‌
പത്രക്കാര്‍ ചോദിച്ചപ്പൊള്‍
അവര്‍ ‍എഡിറ്റിങ്ങില്‍ ‍കൊല്ലപ്പെട്ടെന്ന്
സ്ഥിരീകരിച്ചു.

വരിയുടഞ്ഞ
കടലാസുബുദ്ധി പിന്നെ
കലാപങ്ങളൊന്നും ഉയിര്‍പ്പിച്ചിട്ടില്ല
ചില്ലറ അവകാശസമരങ്ങളല്ലാതെ,

എങ്കിലും...?

Sunday, February 3, 2008

ശരി...!

ഉത്തരം അറിയുവാന്‍
ഒരു ചോദ്യം ചോദിച്ചാല്‍ മതിയെന്ന്
ലളിതവല്‍ക്കരിച്ചതാണ്‌
എന്റെ തെറ്റ്‌.

ഒരു ചോദ്യത്തിന്‌
ഒരൊറ്റ ഉത്തരമെന്ന്
ആദര്‍ശവല്‍ക്കരിച്ചതാണ്‌
നിന്റെ തെറ്റ്‌.

നമുക്കു പുറത്ത്‌
പന്തലിക്കാതെ പോയ
ഉത്തരത്തിന്റെ ഗര്‍ഭമായിരിക്കണം
നമ്മളിനിയും മുറുക്കിത്തീര്‍ക്കാത്ത
ആ വൃത്തത്തിന്റെ
ശിഷ്ട സന്തതി.