Monday, March 24, 2008

ഒരു സ്വപ്നത്തിന്റെ വ്യാഖ്യാനം

ഗതാഗത ദ്വീപില്‍
‍നാലുപാടുമായി തളംകെട്ടി
ഊഴം കാത്ത്‌ കിടന്ന വാഹനങ്ങളിലൊന്ന്
പൊടുന്നനെ ഒരു കിനാവുകണ്ടു.

പല വഴിക്ക്‌
വണ്ടികള്‍ വന്ന് മുട്ടിയ
ഒരു കടലായി ദ്വീപ്‌.

ഓഫീസ്‌, സ്കൂള്‍
കട, ചരക്കെടുപ്പ് എന്നിങ്ങനെ
വഴികെട്ടു സമസ്തവും.

ഡിക്കി ഉയര്‍ത്തി
പായയും ,സൈക്കിളും
ബോളും ബാറ്റുമൊക്കെ എടുത്ത്‌
ഗതികേടിനെ ഉത്സവമാക്കാന്‍
ആദ്യം ഇറങ്ങിയവര്‍ കുട്ടികളായിരുന്നു.

ക്രമേണെ
മുതിര്‍ന്നവരും പുറത്തിറങ്ങി
ചിലരൊന്നു നടുവു നിവര്‍ത്തി,
ചിലരൊരു പുകയെടുത്തു,
പെണ്ണുങ്ങള്‍ പരിചയം പരതി.

സൈക്കിളില്‍
‍ഫ്ലാസ്കുകളും വച്ചുകെട്ടി
ഒരു ചായക്കാരന്‍ ഹിന്ദി,
കൈയ്യില്‍ കപ്പലണ്ടിയും,
കടലയുമായി ഒരു ബംഗാളി,
കമ്പില്‍ കോര്‍ത്ത്‌ ചുട്ട ഇറച്ചിയുമായി
ചില പാകിസ്ഥാനികള്‍,
പല ഭാഷകളില്‍ കുശലങ്ങള്‍
‍പൊട്ടിച്ചിരികള്‍,ഫോണ്‍ വിളികള്‍
‍വഴിമുട്ടിയിട്ടാണെങ്കിലും
വീണുകിട്ടിയോരൊഴിവുനാളിന്റെ
കഴുത്തറ്റംവരെയേ ഇറങ്ങിയേയുള്ളു
കിനാവ്‌...,ഉടന്‍ കേട്ടു
അറബിയില്‍ തന്തയ്ക്കു വിളിച്ചത്‌
പച്ച മലയാളത്തില്‍ അയച്ചെന്നുപറഞ്ഞ
ഡ്രഫ്റ്റിങ്ങ്‌ കിട്ടിയില്ലെന്ന്!

ഓഹ്‌,ഞാനായിരുന്നോ
എന്നൊരു ജാള്യത്തിന്റെ
ഒന്നാം ഗിയര്‍ ഇടുമ്പോള്‍
‍സ്കൂളിലാക്കേണ്ട പലവീട്ടുകുട്ടികളില്‍
ഒരുവള്‍ ചോദിച്ചു,
അങ്കിള്‍, യു വേര്‍ ഡ്രീമിംഗ്‌?
ഉവ്വ്‌...,
ഹഹ,മി റ്റൂ...

പങ്കിട്ടതിന്റെ
സുഖം പോകുമോയെന്നു ഭയന്ന്
എന്തെന്ന് ചോദിച്ചില്ല
ഞങ്ങള്‍ രണ്ടുപേരും.

Thursday, March 20, 2008

വിവര സാങ്കേതികം

ചന്തയില്‍ വച്ചാരോ
ഇന്നലെയും പറയുന്നതു കേട്ടു
ടെക്നോളജിയൊക്കെ
ഒത്തിരി പുരോഗമിച്ചെന്ന്.

കയ്യും കണക്കുമില്ലാത്ത
കാലത്തിന്റെ കുരുക്കുകള്‍ വരെ
വിരല്‍ത്തുമ്പത്ത്‌ അഴിയുന്നെന്ന്.

പതിനാലിഞ്ചിന്റെ
ചതുരവടിലേയ്ക്ക്‌
പ്രപഞ്ചം ചുരുങ്ങിവരുന്നെന്ന്.

നാളിതുവരെയുള്ള
സഞ്ചിത ബുദ്ധിയ്ക്കെല്ലാം
സൂത്രവാക്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന്.

എങ്കില്‍ പിന്നെ എലിവാഹനമേറി
ഒന്നുലകം കണ്ട്‌ വിവരം വച്ചാലോ
എന്ന് നിനച്ചിരിക്കുമ്പോഴുണ്ട്‌
പുതിയ വാര്‍ത്ത.

എവിടെങ്ങാണ്ടൊരു പയ്യന്‍
കലികാല വൈഭവം
ആറ്റികുറുക്കിയൊരു
കൃമിയെ പടച്ചത്രേ..

ഞെക്കിതുറന്ന
ജനാലകളില്‍ കൂടി
നാടായ നാടെല്ലാം
അവനങ്ങ്‌ പടര്‍ന്നത്രേ..

വിരല്‍ത്തുമ്പില്‍ കിടന്ന്
ചക്കപോലെ കുഴഞ്ഞത്രേ
കാലവും, കണക്കും
ക്ലിക്കിയാല്‍ തുറക്കേണ്ട
ത്രിലോക ജ്ഞാനസഞ്ചയങ്ങളും.

ഓഹരി മുതല്‍ ട്രഷറി വരെ
തീവണ്ടിയില്‍ വിമാനത്തില്‍
‍അച്ചുതണ്ടുടക്കി നിശ്ചലമായത്രേ
ആയുസ്സിന്റെ ഗോളം തന്നെ!

കാലമേ ഉറഞ്ഞാപ്പിന്നെ
മാലോകര്‍ക്കാര്‍ക്കുമിനി
കാലം ചെയ്യേണ്ടിവരില്ലല്ലോ
എന്നൊരു ചിരി
ഉള്ളിലൂറിയേയുള്ളു.

ദാ...,
പെട്ടന്നൊരനക്കവും
പടിഞ്ഞാറെങ്ങൊ നിന്ന്
പട്ടി മോങ്ങുന്ന ഒച്ചയും!

നമ്മള്‍ മനസ്സില്‍ കാണുന്നത്‌
തമ്പുരാന്‍ മരത്തില്‍ കാണും.

അതുകൊണ്ടാവും അങ്ങേര് മാത്രം
പോത്തും കയറുമൊക്കെ വച്ചുള്ള
ആ പഴയ കൈത്തൊഴിലില്‍ തന്നെ
ഇപ്പൊഴും തുടരുന്നത്‌...!

Sunday, March 16, 2008

വണ്ടി

വണ്ടി വലിച്ച്‌ തളര്‍ന്ന്
വഴിയോരം വീണ്‌ കണ്ണടച്ച
വണ്ടിക്കാളയുടെ എല്ലിന്‍കൂടുപോലെ
പാതവക്കില്‍ കിടപ്പുണ്ടൊരു
ഉരുക്കിന്റെ അസ്ഥികൂടം.

പൂര്‍ത്തിയാവാത്ത
അതിന്റെ മരണം
മഴവെള്ളം വീണ്‌
തുരുമ്പിച്ചിരുന്നു.

ചക്രങ്ങള്‍ അഴിഞ്ഞ
അച്ചുതണ്ടില്‍‍
ഓടിത്തീരാത്ത വേഗങ്ങളെ
കുറ്റിയടിച്ച്‌ തളച്ചിരുന്നു.

കത്താത്ത കണ്ണുകളില്‍‍
എത്താതെപോയ
ലക്ഷ്യങ്ങള്‍‍ പോലുമില്ലായിരുന്നു.

ചിതയ്ക്കുചുറ്റും
കറങ്ങുന്ന കാലുകള്‍ പോലെ
അതിനെ വലംവച്ച്‌ നീങ്ങുന്നു
തുടരിന്റെ വ്യഥയുണ്ണുന്ന
വണ്ടികള്‍, വഴിയാത്രക്കാര്‍..

തിരക്കിലൂടിടംവലം തന്റെ
ടയറുവണ്ടിയും വെട്ടിച്ചോടി
വരുന്നുണ്ട്‌ വിയര്‍ത്തൊട്ടി
കിതപ്പും വിസിലുമായ്‌
കളിച്ചൂടിലൊരു പയ്യന്‍.

കട്ടപ്പുറത്തെ വണ്ടി കാണാന്‍‍
നിന്നേക്കും ഒരു മാത്ര..,

പിന്നെയവനുമീ കളി തുടരും!