Monday, November 24, 2008

സഫിയുമ്മ

എന്നാലും ഇവനെങ്ങനെയാ
ചോരക്കുറിതൊട്ട കൂട്ടത്തില്‍ കൂടീന്നാ
സഫിയുമ്മയ്ക്കിപ്പൊഴും സംശയം

മൊയ്തീനേന്ന് നീട്ടിവിളിച്ചോണ്ട്‌
പടികേറിവരുന്ന വള്ളിനിക്കറ്‌
കണ്ണീന്ന് മറയുന്നില്ലിപ്പോഴുമവര്‍ക്ക്‌

പൂരവും പെരുനാളും ഒരുമിച്ച്‌ കൊള്ളാനും
പള്ളീന്നിത്തിരി സര്‍ബത്ത്‌ മോന്താനും
നേദിച്ച പായസം കീറ്റിലയില്‍ തിന്നാനും
താഴേന്നും മോളീന്നും വിലക്കിയിരുന്നില്ല
അന്നൊന്നും അവരെ ആരും

ഓണമായാലും വിഷുവായാലും
ഒരുനേരമെങ്കിലും വരും
'മൊയ്തൂന്റുമ്മ' വച്ച
അരിപ്പത്തിരീം കോഴിക്കറീം
പാതാമ്പുറത്തിരുന്ന്‌ ഒരുമിച്ച്‌ കഴിക്കും

എട്ടാംതരത്തില്‍ പഠിക്കുമ്പൊഴാണ്‌
മൊയ്തീന്‌ ജ്വരം വന്നത്‌

തലയ്ക്കേന്ന് പിന്നെ മാറീട്ടില്ല
ഒടുക്കം വരെ
ഉരുണ്ടുവീഴാമ്പോണ തുള്ളിപോലെ
വിങ്ങിനിന്ന ആ മുഖം

മയ്യത്തടക്കിക്കഴിഞ്ഞ്‌
പിന്നെയും വന്നിട്ടുണ്ടാവണം
ഉമ്മയെക്കാണാന്‍ ഒരു മൂന്നാലുവട്ടം

പിന്നെപ്പിന്നെ തീരെ കാണാതായി

ഇപ്പൊ ദാ ഏതോ ഒരന്യനാട്ടില്‍
‍പത്തുപന്ത്രണ്ടാളെ പച്ചയ്ക്ക്‌ ചുട്ട കേസില്‍
‍ജെയിലിലാണത്രേ
മൊയ്തീന്‍ പോയെങ്കിലെന്തുമ്മാ
മോഹനന്‍ കാണുമെന്ന്
പണ്ട്‌ കെട്ടിപ്പിടിച്ച്‌ കരഞ്ഞ ചെക്കന്‍

‍ന്റെ മൊയ്തീനുണ്ടായിരുന്നെങ്കില്‍
‍അവനിങ്ങനെ തലതിരിയില്ലായിരുന്നെന്ന്
ഇന്നും ആരെക്കണ്ടാലും ആണയിടും
സഫിയുമ്മ

ഇല്ലായിരുന്നുവോ ഒരുപക്ഷേ...?

Wednesday, November 12, 2008

ചൈനീസ് ടീ.വി

വില തുച്ഛം ഗുണം മെച്ചം
ഏതെടുത്താലും മിച്ചമെന്ന്
പുത്തന്‍ ബസാറിന്റെ ഖ്യാതി
വീടുവീടാന്തിരം
പുകഴ്പെറ്റുകൂട്ടുന്ന കാലം

സ്വന്തമാക്കി അഭിമാനിച്ചേക്കാമെ-
ന്നാരെങ്കിലും നിനച്ചാല്‍
‍കുറ്റം പറയാന്‍ പറ്റുമോ?

വന്നുകയറി
എന്റെ വീട്ടിലുമൊരു
പുത്തന്‍ ഫ്ലാറ്റ് ടീ.വി

കന്നിക്കാഴ്ച്ച
പാര്‍ട്ടി ചാനലില്‍
പാര്‍ട്ടി കാങ്ക്രസ്സെന്ന് കട്ടായം
ബീഡിയിലയിലും
വെടിമരുന്ന് തെറുത്തുവലിക്കുന്ന
ഒഞ്ചിയത്തുകാരന്‍ അപ്പന്‍

‍സ്വിച്ചിട്ട് കത്തിച്ച
കടിഞ്ഞൂല്‍ കാഴ്ച്ചതന്നെ
കണ്ണുതള്ളിച്ചുകളഞ്ഞു

ചുവപ്പു മങ്ങി
കാവിയായ് തുടങ്ങിയ
കൊടികളും കുപ്പായങ്ങളും

നിരങ്ങുകയാണ്‌
നഗരവീഥികളിലൂടൊരു
നിറം മാറിയ ചെങ്കടല്‍..!

ക്ലാവുപോലൊരു പച്ചപ്പില്‍
പൂത്തിരിക്കയാണ് രക്തഹാരങ്ങള്‍..!

കോളക്കറുപ്പില്‍ ‍നുരയുകയാണ്
വേദിയിലെ തെളിനീര്‍...!

ഡിജിറ്റല്‍ ഒച്ച ചിലമ്പിച്ച്
നമ്മള് കൊയ്യും വയലെന്നും
തമ്പ്രാന്റേതെന്ന് പാടുകയാണ്
പുത്തന്‍ പൈങ്കിളികള്‍‍..!

വാങ്ങുമ്മുമ്പേ
അടിച്ചുപോയോ
ഈ ചൈനാജാലത്തിന്റെ
പിക്ചര്‍ട്യൂബെന്ന് പകച്ച്
അണയ്ക്കാനാഞ്ഞപ്പോ
അടുത്തിരുന്ന മകന്‍
കൈക്കുപിടിച്ചു

കേടായതൊന്നുമല്ലെന്റെയച്ഛാ
ഇതാണ് പുതിയകാലത്തിന്റെ
ശബ്ദവും വെളിച്ചവും
നിറമേതായാലെന്താ
കൊടി നന്നായി കണ്ടാല്‍ പോരേ..!

മുടക്കിയ കാശ്‌
അവന്റെ ആയതുകൊണ്ട്‌
പിന്നൊന്നും മിണ്ടിയില്ല

ചുരുണ്ടുകൂടി

അപ്പന്‍ മാത്രം
തിമിരം വന്നെന്നോ
കേള്‍വി കുറഞ്ഞെന്നോ
ഇപ്പൊഴും
നിര്‍ത്താതെന്തൊക്കെയൊ
പിറുപിറുക്കുന്നുണ്ട്‌

പഴയ ആളല്ലേ...