Friday, February 26, 2010

കോട്ടുവാ

ഒച്ചപ്പാടുകളൊക്കെ കഴിഞ്ഞ്
മിച്ചമാവുന്നൊരിത്തിരി മൌനത്തില്‍
കണ്ണടച്ച് നിവര്‍ന്നൊന്നുറങ്ങാനും
ഇനിയുമൊത്തിരി കാത്തിരുന്നേ പറ്റൂ

ചടങ്ങുകളൊക്കെ കഴിയുവോളം
ചാവടിയിലിരുന്ന് ഉറക്കിളച്ച ഓര്‍മകളെ
പഷ്ണിക്കഞ്ഞി കുടിപ്പിച്ച് പടിയിറക്കുവോളമെങ്കിലും
ഇവിടൊക്കെയിങ്ങനെ കത്തിനിന്നേ പറ്റൂ

എന്നുവച്ച്
കഴിഞ്ഞു കഴിഞ്ഞൂന്ന് കേള്‍ക്കുന്നതല്ലാതീ
കഴിയലൊന്നങ്ങോട്ട് കഴിയുന്നില്ലല്ലോന്ന്
ചിതതന്നെയിങ്ങനെ കോട്ടുവായിടുന്നത്
ഒരു ചാക്കാലവീടിന് ചേര്‍ന്നതാണോ!

Friday, February 19, 2010

ഫ്ലാഷ് ന്യൂസ്

മുങ്ങിച്ചാവാന്‍ എടുത്തുചാടിയത്
മരുപ്പച്ചയിലേക്കായിരുന്നു

മരണം
അപകടനില തരണം ചെയ്തെന്ന് റിപ്പോര്‍ട്ട്

Tuesday, February 16, 2010

ഒറ്റ സ്നാപ്പില്‍

വീട് വച്ചതുകൊണ്ടിനി
ആത്മകഥയെഴുതി മെനക്കെടണ്ട

അപൂര്‍ണ്ണതകളും അപര്യാപ്തതകളും കൊണ്ട്
ദുരൂഹമാക്കപ്പെട്ട ദുര്‍വ്യയം
ഒറ്റ സ്നാപ്പിലൊതുക്കാവുന്നതല്ലേയുള്ളൂ!

Monday, February 8, 2010

പാവം പാവം രാജകുമാരന്‍

പട്ടിണിയെന്തെന്ന് സ്വയമറിയുവാനാണ്
പരിവട്ടനാട്ടിലെ രാജകുമാരന്‍
സ്വരക്ഷാഭീഷണികള്‍ മറികടന്ന്
പെട്ടെന്നൊരു പകല്‍ പട്ടിണിയിരുന്നത്

വാച്ചു നോക്കി അപ്പപ്പോ
വയറ് ചൂളം വിളിച്ചതിന്റെ
വ്യംഗ്യങ്ങളെ വിവര്‍ത്തനം ചെയ്തത്

അസ്തമനത്തോടെ ഉപവാസം മുറിച്ച്
പ്രജകളെയും പത്രക്കാരെയും വിളിച്ച്
പട്ടിണിപ്രഭാഷണം തുടങ്ങിയത്

“വിശപ്പ്
അത്യുദാത്തമായൊരു
ദാര്‍ശനിക അനുഭവമാണ്
ഉടലിനെയും ആത്മാവിനെയും
പുതുക്കിപ്പണിയുന്ന ജീവശാസ്ത്രമാണ്
അവനവനിലൂടപരനെയും
ലോകത്തെത്തന്നെയും കാട്ടിത്തരുന്ന
വയറ്റുകണ്ണാണ്
ഉദരനിമിത്തം കുടലിലൂടെ
‘ഈ ലോകഗോളം തിരിയുന്ന മാര്‍ഗം’
വരച്ചടയാളപ്പെടുത്തിയ
റൂട്ട് മാപ്പാണ്
ഷുഗറ്, കൊളസ്ട്രോള്‍ ഇത്യാദിയായുള്ള
ശൈലീജന്യരോഗങ്ങളില്‍ നിന്ന്
കാത്തു രക്ഷിക്കുന്ന അകം വൈദ്യനാണ്
അതുകൊണ്ടെന്റെ പ്രിയപ്പെട്ടവരേ
നിങ്ങളെത്ര അനു ഗൃഹീതരാണ്”

ആപ്പിള്‍കവിളുള്ള യുവരാജകുമാരന്‍
കരുവാട് പോലത്തെ കുഞ്ഞുങ്ങളെത്തൊട്ട്
അരമനയിലേക്ക് മടങ്ങിപ്പോകവേ
കണ്‍നിറഞ്ഞ പ്രജകള്‍ പരസ്പരം പറഞ്ഞു

“തങ്കമനസ്സുള്ളയീ പൊന്നരചനുള്ളപ്പോ
അരിയെന്തിന് തുണിയെന്തിന്
പണിയെന്തിന് മക്കളേ...”