Sunday, June 16, 2013

മരുപ്പച്ച


പാകിസ്ഥാനികൾക്ക് 
പച്ചയെന്ന
ചുരുക്കപ്പേർ നല്കി ആദരിച്ചത് 
പ്രവാസി മലയാളികളാണ് 

'പ' പ്രാസമാണോ 

പകുത്തെടുത്തതെന്ന 
പക ഇന്നും തീരാത്ത 
പതാകയിലെ പച്ചയാണോ 

അതുമല്ലിനി വല്ല കഥകളിയിൽ നിന്നും  
വന്നു കയറി
കഥയറിയാതെ ആടുന്ന 
പച്ച വേഷമാണോ 

മറ്റൊരു യുക്തിയ്ക്കും 
മറ നീക്കാനാവാത്ത 
മലയാളി സ്വത്വത്തിന്റെ   
പ്രതിസന്ധിയാണോ?

ഇനി വല്ല ദിത്വ സന്ധിയുമാണോ?

(കണക്ഷൻ പോയാൽ 
കുടത്തിലും തപ്പണമെന്നല്ലേ!)

മുംബൈക്കാരൻ പട്ടർക്കും 
ബംഗാളി മേത്തനും  
'ഹര'എന്ന് പറഞ്ഞാലൊന്നും പിടികിട്ടില്ല 

ഒരു സായിപ്പിനും 
ഇത്തിരി ചായ  
അടുത്തെവിടെ കിട്ടുമെന്ന് ചോദിച്ചതിന് 
ഗോ ടു ദ  ഗ്രീൻസ് ഷോപ് 
നെക്സ്റ്റ് ടു ദിസ്‌ എന്ന് 
മെത്രാൻ മൊഴിഞ്ഞാലും തിരിയില്ല 

ദാ, അപ്രത്ത് 
ഒരു പച്ചയുടെ കടയുണ്ടെന്ന്  പറഞ്ഞാൽ 
ജാതി മത ജില്ല ഭേദമെന്യേ 
മലയാളിയ്ക്ക്  മനസിലാവും 

പച്ചയ്ക്കും കാണുമോ 
മലയാളിയെ കോഡ് വല്ക്കരിക്കാൻ 
മല്ലുവല്ലാതെ വല്ല
പറച്ചിലോ  
ചുരുക്കെഴുത്തോ?

പച്ചകൾ അതിലൂടെ 
മഞ്ഞ നിഘണ്ടു തീർക്കുന്നുണ്ടാവുമോ?

അറിവിൽ 
അറിയില്ല  

പക്ഷേ ശ്രേഷ്ഠ ഭാഷാ 
പട്ടലബ്ധ്യാനന്തരം 
എന്തുകേട്ടാലും 
സെമാന്റിക്സ്,എറ്റിമോളജി 
എന്നൊക്കെയാണ്
സംസ്കൃത ചിന്തകൾ  

അതുകൊണ്ടാണീ 
പച്ച ഇങ്ങനെ 
മത്ത് പിടിപ്പിക്കുന്നതും  

മരുഭൂമിയിൽ മാത്രമുള്ള 
മലയാളി പേച്ചാണല്ലൊ  

ആ നിലയ്ക്കിനിയിപ്പോ 
അതൊരു  
മരുപ്പച്ചയായിരുന്നിരിക്കുമോ ?

എന്തായാലും 
പച്ചയുടെ കടയിൽനിന്ന് 
ചായ കുടിക്കരുത് 

മുടിഞ്ഞ മധുരമായിരിക്കും

Saturday, June 15, 2013

എർത്ത്


വിയർക്കുന്നവർ 
വെയിലിനോട് ചോദിക്കണം 
വറ്റുന്ന ലോകത്തിന്റെ 
നീർവാർന്ന ശാപങ്ങളിൽ 
സൂര്യനും പങ്കുപറ്റുമോ എന്ന് ?

കാലമൊന്ന് 
കറങ്ങി തിരിയുമ്പോൾ 
അങ്ങേർ
വേനലിൽ കൈ കഴുകുമോ എന്ന് ?

ചൂടേ നിറുത്താതെ 
നീറി  നീറി 
ചുമ്മാ ഒലിപ്പിച്ചാപ്പോര 

അറിയണം 
നീന്നെയല്ലിവനെയുമല്ല  
കരിം കുടശ്ശിലകൾ 
കാത്തു രക്ഷിക്കുന്ന സൂര്യൻ 
തലയ്ക്ക് മുകളിലാണ് 


എവിടെ?

സൂര്യന്റെ എർത്തായാല്ലാതെ 
വെയിലിനോക്കെ എന്ത്  പ്രസക്തിയെന്ന് 
ഇവന്റെ  മൊബൈലിൽ 
എനിക്കായൊരീരടി  ദാ 
കവിതപോലെ വന്നതേയുള്ളു

"ടാ, കോപ്പേ 
കൊടയൊന്ന് മാറ്റി പിടി "

ആ തണലത്ത് നിന്ന്  
ഞാൻ അതൊന്നു 
വായിച്ചൊഴിവാക്കട്ട് 
 

Sunday, June 9, 2013

Happy dry day

ഞാൻ ജനിച്ച ദിവസത്തെക്കുറിച്ച് 
ആരുടെ വിവരണവും 
എനിക്ക് വിശ്വാസ്യമല്ല 

അതവരുടെ 
കൌതുകം 

കോരിച്ചൊരിയുന്ന മഴയത്തെന്നപോലെ 
ഇമ്പം ജനിക്കില്ലേ 
മാംസമുരുകുന്ന മീനച്ചൂടിലെന്ന് പറഞ്ഞാലും 

എന്റെ ബാല്യത്തെക്കുറിച്ച് 
ആരുടെ സാക്ഷ്യത്തിലും 
എനിക്ക് വിശ്വാസമില്ല 

കപ്പത്തണ്ടിൽ  ഈർക്കിലിയിറക്കി 
കോഴിക്കും പൂച്ചയ്ക്കും 
കുത്തിവച്ചു എന്ന പറച്ചിലിൽ നിന്നല്ലേ 
ഞാൻ ഡോക്ടറാവേണ്ടിയിരുന്നത് 

മണ്ണിൽ കളിച്ചാൽ 
ചൊറിപിടിക്കുമെങ്കിൽ 
മണ്‍കുടത്തിനെന്തേ 
ചൊറിവരാത്തതെന്ന ചോദ്യത്തിൽ നിന്നല്ലേ 
നിങ്ങളെന്നിൽ ഒരു 
ചൊറിയൻ വക്കീലിനെക്കണ്ടത് 

ഡോക്ടറുമായില്ല 
വക്കീലുമായില്ല 
എങ്കിലും 
മുറ്റത്തുണ്ട്   തൊട്ടു നനച്ച 
കപ്പയും പപ്പായയും 

നിങ്ങക്കും  വേണം എനിക്കും വേണം 
കപ്പയും പപ്പായയും 
മണ്‍കലത്തിൽ വച്ച മീൻകറിയും
എങ്കിലും 
കര്ഷകനും കുശവനും 
മീൻപിടുത്തക്കാരനുമെന്തേ എന്നും 
അർദ്ധപ്പട്ടിണി എന്ന ചോദ്യത്തിൽ 


വാപ്പാ മുത്തച്ഛാ 
വല്യപ്പച്ചായാ 
വക്കീലിനെ വിട്ട് നിങ്ങൾ  
ചികിത്സ സാധ്യമല്ലാത്തതെന്ന്  പറഞ്ഞ് 
എന്റെ ആയുസ്സിനെ ആകെ 
ഓർമ്മകളിൽനിന്ന് 
ഒഴുക്കിക്കളഞ്ഞതെന്തിന് 

മഴയിപ്പോഴുമൊണ്ട് 
മീനവും 

ഓർമ്മകളിൽ പോലും 
ചൂടും കുളിരുമില്ലാത്തതെന്ത് 

അപ്പൊ 
അത് വിട് 

അന്ന് പെയ്ത മഴ 
മഴയായിരുന്നോ എന്ന്  ചർച്ച  ചെയ്യ് 

പറ 
വരുന്നവഴി വർഷവും 
ഉണക്കയായിപ്പോയെന്നും 



Wednesday, June 5, 2013

പേടി തോന്നുന്നുണ്ടോ?


മൂന്നാൻ പറഞ്ഞതാണ് 

തല 
എടുത്ത് പിടിച്ച പോലല്ല 
വല്ല അപകടവും മണത്താലല്ലാതത് 
പൊക്കി ഒരു മുഖത്ത് നോക്കില്ല 

ഭയവും അരക്ഷിതത്വവും ചേർന്ന് 
മാദകമായൊരു 
കാതരഭാവമാണെപ്പൊഴും 

അടക്കവും ഒതുക്കവും 
ദൈവഭയവുമുള്ള കൂട്ടത്തിലാണ് 

ഇറച്ചിയായാലും 
പച്ചിലകൊണ്ട് തൃപ്തമാണ് 

2

ശരിയാണെന്ന്
പോയ് കണ്ടറിഞ്ഞു 

ആ ഒതുക്കമുണ്ട്‌  ഒച്ചയില്‍ 
നില്പിൽ നടപ്പിൽ 
കണ്ണിലും കാലില്‍ പോലും 

സ്വാസ്ഥ്യത്തിന്റെ
പച്ചില നെയ്ത ഗൃഹങ്ങളെ 
ജീവന്റെ ആവേഗങ്ങൾ 
എപ്പോൾ പലായനമെന്ന് 
വിവര്‍ത്തനം ചെയ്യുമെന്നറിയാത്തതിന്റെ 
ആശങ്കയുണ്ട്  അയവിറക്കുന്ന 
ആയുസ്സിന്റെ 
മിടിപ്പുകളില്‍ പോലും 

3
പലവട്ടം വളഞ്ഞ് പിടിക്കപ്പെട്ട് 
വെറും പോത്തെന്ന്
വിളിപ്പേര് വീണ്ടും ഉറപ്പിച്ചിട്ടും
കുരുപ്പുകൾ വീണ്ടും 
തറയിൽനിന്നേ മുളയ്ക്കൂ എന്ന  
തിരിച്ചറിവിന്റെ തലമുറ കൊണ്ട് 
തല കുനിഞ്ഞവരെന്നൊന്നും 
ആണായ്‌ പിറന്നവരിൽ 
ഒരു പോത്തും  പറഞ്ഞുകേട്ടിട്ടില്ല 

4
ഇതിപ്പോ അതൊന്നുമല്ല  

വരന്റെ  വീട്ടിലെ
കല്യാണ  അടുപ്പിൽ 
പോത്തിന്‍ കറി 
കിടന്ന് തിളയ്ക്കുകയാണ് 

പൂമുഖം 
ഒച്ചകളില്‍  
പുളയ്ക്കുകയാണ്‌

ഇറച്ചി ആവും വരെ 
കള്ളിനു തൊട്ടുകൂട്ടാന്‍ 
ഇത്തിരി മാംസം വേണ്ടേ? 

പക്ഷേ അത് 
നമ്മൾ  ആണുങ്ങൾ 
മുറിയടച്ചിട്ട് കണ്ട് തീർക്കുന്ന 
ആ ചതയൊന്നുമല്ല 


ഓർമ്മകളിൽനിന്ന് 
കലിയടങ്ങാതെ 
കാലത്തിന്റെ ഒരു  സിംഹഗാത്രത്തെ  
തിരിച്ചും മറിച്ചുമിട്ട് 
അവരുടെ  
തമസ്കരിക്കപ്പെട്ട 
പല മരണങ്ങളെ  
ചികഞ്ഞെടുക്കുന്നത് പോലെ 
കുറെ പോത്തുകളുടെ 
ഒരു ഗോത്രദൃശ്യം 

യു റ്റ്യൂബിലുണ്ട് 
സംവിധാനം ചെയ്യപ്പെട്ടതല്ലാത്ത 
ആ  കലാപം 

ഭയമില്ലെങ്കിൽ മാത്രം 
ഇതാ
ആണായ് പിറന്നവർക്ക് 
അതിന്റെ ലിംഗം