Wednesday, April 30, 2008

മെയ്ദിനം

മെയ്‌ ദിനത്തില്‍ വിവാഹിതരായത്‌
മുന്‍ കൂട്ടി നിശ്ചയിച്ചതിന്‍ പടി
ആയിരുന്നില്ല.

ഉണ്ടായ കുഞ്ഞുങ്ങള്‍
‍വിപ്ലവത്തിന്റെ സന്തതികളാണെന്ന്
വീമ്പു പറഞ്ഞിട്ടുമില്ല.

എന്നാലും
സര്‍വരാജ്യ തൊഴിലാളിദിനം
നമ്മള്‍ ആഘോഷിക്കാതിരുന്നിട്ടില്ല.

നമ്മുടെ പല കുഞ്ഞുങ്ങളും
ഇന്ന് രാഷ്ട്രീയമില്ലെന്ന് കൈ കഴുകി
സദ്യയുണ്ണാനിരിക്കുന്നത്‌
ഇങ്ങനെ യാദൃശ്ചികമായ്‌ വളര്‍ന്ന
ചില വാഴയിലകള്‍ ‍വെട്ടിയിട്ടാകാം,
അല്ലേ...?

Saturday, April 12, 2008

ഭൂമിശാസ്ത്രം

കടലില്‍ നിന്ന്
കാറ്റ്‌ അടര്‍ത്തിയെടുത്തത്‌
കരയില്‍ പ്രളയമാകുന്നത്‌
കണ്ടിട്ടുണ്ടോ?

മേഘത്തിന്റെ
അഴിഞ്ഞ മുടിക്കെട്ട്‌
വെള്ളത്തില്‍ പൊന്തി
ഒഴുകുന്നത്‌ കണ്ടിട്ടുണ്ടോ?

കടലിറങ്ങി
വെളിപ്പെട്ട തുരുത്തില്‍
‍ശൂന്യത
മാനം നോക്കിയിരിക്കുന്നത്‌
കണ്ടിട്ടുണ്ടോ?

കാഴ്ചയുടെ കുരുതി കഴിഞ്ഞ്‌
കടലില്‍ ചാടിയ വെളിച്ചപ്പാടിന്റെ
ഉള്‍ത്തീ പഴുക്കുന്ന
പടിഞ്ഞാറ്‌ കണ്ടിട്ടുണ്ടോ?

ഇല്ലെന്ന ആധിയില്‍
‍ചുറ്റും മിഴിക്കേണ്ട.

ഞാന്‍ പറഞ്ഞത്‌
നിന്റെ കവിളിലേയ്ക്ക്‌
ഉരുളാന്‍ പോകുന്നൊരു ഗോളത്തിന്റെ
ഭൂമിശാസ്ത്രത്തെക്കുറിച്ചാണ്‌.

Tuesday, April 1, 2008

ഭയം

നീന്താനറിയില്ലെനിക്ക്‌.
എങ്കിലും ചിലപ്പോള്‍
ചില പുഴകള്‍ ‍
എന്നെ നീന്താന്‍ ക്ഷണിക്കും.

സുതാര്യമായ
അതിന്റെ ആഴങ്ങളില്‍
മുഖം തെളിയുമ്പോ
അടിയില്‍ എവിടെയോ കാണും
ഞാനെന്ന് നിനയ്ക്കും.

നീന്താനറിയില്ലെനിക്ക്‌.
എങ്കിലും ചിലപ്പോള്‍
ചില മോഹങ്ങളെന്നെ
ഒരു മുങ്ങാങ്കുഴിക്ക്‌ ക്ഷണിക്കും.

എടുത്തു ചാടിയാല്‍ പിന്നെ
മൂന്നു നിവരലിന്റെ
നേരമേയുള്ളു.

അതിനിടയിലിനി
നീന്തലെങ്ങാനും പഠിച്ചുകളയുമോ
എന്നതാണെന്റെ ഭയം.