Friday, November 20, 2009

ഉള്ളിലൊരുമുറി

ചേര്‍ത്തടയ്ക്കാന്‍ മറന്നുപോയതാണ്‌

ആര്‍ത്തികള്‍ പലവട്ടം
തള്ളിത്തുറന്ന പാളികളില്‍നിന്ന്
കുറ്റിയും കൊളുത്തുമെല്ലാം
എന്നേ അടര്‍ന്നുപോയതാണ്‌

ആരുമിനി വരാനില്ലെന്നറിഞ്ഞിട്ടും
ഇറക്കിവെക്കാതെ ചുമക്കുന്ന
മണ്‍കുടത്തിലെ വെള്ളവും
ചില്ലുവിളക്കിലെ വെട്ടവും
പണ്ടേ വറ്റിപ്പോയതാണ്‌

ഇരുളുകൊണ്ടും നാണം മറയാതെ
ചവിട്ടിമെതിക്കപ്പെട്ട വിരി
അങ്ങിങ്ങഴിഞ്ഞ നിലയില്‍
വിയര്‍പ്പുണങ്ങിയ കിടക്ക
അശ്ളീലമായി മയങ്ങിപ്പോയതാണ്‌

തുറന്നുവിട്ടാലും
ഇറങ്ങിപ്പോവാനാവാതെ
കറങ്ങിമടുത്ത കാറ്റ്‌
പങ്കയില്‍ തന്നെ കെട്ടിത്തൂങ്ങി
പലകുറി മരിച്ചുപോയതാണ്‌

എന്നിട്ടും
ചാരാന്‍ മറന്ന വാതില്‍ക്കല്‍
ആരോ വന്നൊന്നെത്തിനോക്കുമ്പോള്‍
ഉള്ളിലൊരു മുറി പിന്നെയും
അതിന്റെ കുഴിമാടത്തില്‍ കിടന്ന്
എന്തിന്റെയൊക്കെയോ
ഉയിര്‍ത്തെഴുന്നേല്‍പ്‌ സ്വപ്നം കാണുകയാണ്‌

കണ്ണുകള്‍
തിരുമ്മിയടക്കാന്‍ മറന്നു പോയതാണ്‌

Thursday, November 12, 2009

ഹൈവെ

നാലു വരിയില്‍
നൂറ്റിനാല്പത് കിലോമീറ്ററില്‍
ഇരമ്പുകയാണ് കാലം

അപ്പുറത്തെത്തുവാന്‍
അവസരവും കാത്ത്
ഓരത്ത് നില്പാണ് ജീവിതം

വിയര്‍ത്തൊലിച്ച പകല്‍
വിരലൊന്ന് വിട്ടപ്പോള്‍
കുതിച്ച് പോയതാണ് ആയുസ്സ്

ഹൊ..
ശ്വാസം നിലച്ചു പോയേക്കാവുന്ന
ഒരു നിമിഷത്തിനു കുറുകെ
ഓടിക്കയറിയ ഉടലുകള്‍

പിന്നിലായിപ്പോയ നിഴലുകള്‍

കറക്കം നിര്‍ത്താത്ത ചക്രങ്ങള്‍
കടും ചുവപ്പില്‍ വരച്ച
പരാജയത്തിന്റെ ഭൂപടങ്ങള്‍

ഓര്‍മയുടെ ചെറുനനവുകളെയും
നക്കിയെടുത്ത് വാലാട്ടുന്ന
അനുസരണയുള്ള വെയില്‍മൃഗങ്ങള്‍

ഊഴങ്ങളല്ലാതെ മറ്റൊന്നും മാറുന്നില്ലെന്ന്
പോണ പോക്കില്‍ പറഞ്ഞുപോയത്
തെരുവായിരുന്നോ?