Sunday, January 13, 2013

ആരോടെന്നില്ലാതെ


മൂക്കിൽ വിരൽ വച്ചു നോക്കി 
മരിച്ചിട്ടൊന്നുമില്ല 

ഒരുമാതിരി 
ഓവുചാലിൽ വീണ് 
അഴുകിപ്പോയതുപോലെ 
ഒരു ശവഗന്ധം മാത്രം 

ജലദോഷംകടുത്തു 
സൈനസ്‌ ഗുഹകളിൽ 
പഴുപ്പടിഞ്ഞ്‌ 
ചീഞ്ഞുനാറുന്നതാണെന്ന് 
പുസ്തകത്തിലെ  ആന്റി 

പുള്ളിക്കാരി  ബയോട്ടിക്കാണേ 

തുളസിയിലയും ചുക്കും 
കുരുമുളകും കരിപ്പട്ടിയുമിട്ട് 
കാപ്പി തിളപ്പിക്കണമെന്നാണ്‌
അമ്മയുടെ കൈപുണ്യം 

അത് നാട്ടറിവുകളില്‍   

വളയിട്ട കൈ കൊണ്ട്‌ 
വിക്സ്‌ വെപോറബ്‌ 
മുതുകത്തും നെഞ്ചത്തും 
മൂക്കിലും തൊണ്ടയിലും 
മെല്ലെ  ഉഴിഞ്ഞാൽ മതിയെന്നു 
പ്രണയാര്‍ദ്രയായ ഭാര്യ 

ഏതോ പരസ്യത്തിലെയാണ്

ഉള്ളിലങ്ങനെ 
വളർന്നു വളർന്ന്  ഒടുക്കം 
വെളിച്ചം കാണാതെ  
ചത്തുപോവുന്നതിനെയൊക്കെ 
കീറി പുറത്തെടുക്കാൻ 
ഇതിനെവിടെ  ഗർഭപാത്രമെന്ന് 
എനിക്കാണെങ്കിലോ 
പരമപുച്ഛം 

അതിനു പക്ഷേ 
അങ്ങനെ 
എന്നോടെന്നൊന്നുമില്ല