Wednesday, June 13, 2012

മെഹ്ദി ഹസ്സന്‍ അന്തരിച്ചു..


അടിച്ച് പൂക്കുറ്റിയായൊരുത്തൻ
വെള്ളികെട്ടിയ ആറാംകാലത്തിലേയ്ക്ക്
അന്തസ്സായ് പൊട്ടിമുറിഞ്ഞ്
പാടി പലായനം ചെയ്യുന്നു

കൂത്താടുന്ന കേൾവിക്കാർ
പരിചയമുള്ള കാലങ്ങളിൽ വച്ച്
ആവുംവിധം അവനെ
കണ്ടെടുക്കുന്നു

കെട്ടിപ്പിടിച്ചുമ്മവയ്ക്കുന്നു

വീണ്ടും നിറയ്ക്കുന്നു

കേട്ടുകേട്ടൊരു പട്ടമാവാൻ
പാട്ടുതന്നെയെന്തിനെന്ന്
ഓർമ്മയുടെ ഏതോ ചരടുപൊട്ടി
നിശബ്ദമായ നിമിഷം

ആഘോഷങ്ങൾക്കിടയിലൂടെ
ഉടക്കിയിറങ്ങിയാരോ
വിസ്മൃതിയുടെ വാതിലും വലിച്ചടച്ച്
ഇരുട്ടിൽ നീന്തിമറഞ്ഞു

വീണ്ടും നിറയുന്നുണ്ട്

കോപ്പകൾ തമ്മിലുമ്മവയ്ക്കുന്നുണ്ട്

തുടകളിൽ വിരലുകൾ താളം പിടിക്കുന്നുണ്ട്

ഒരുപക്ഷേ
ഇറങ്ങിപ്പോയതിനി അവനാവുമോ?

മൂത്രവുമൊഴിക്കയും വേണമെന്ന്
ഒരു ശങ്ക ഇറങ്ങിനോക്കിയപ്പോൾ
ആരുമില്ലാത്ത സ്വീകരണമുറിൽ
ഒറ്റയ്ക്ക് ഒഴുകുന്ന പങ്കയ്ക്കുകീഴിൽ
ദൂരദർശിനിയിൽ പൊന്തിയ നിലയില്‍
വാർത്തകളുടെ കുറേ
അനാഥശവങ്ങൾ..
...............
................
.................

മെഹ്ദി ഹസ്സൻ
അന്തരിച്ചു