Thursday, May 3, 2007

തടവ്

അടച്ചിട്ട കതകിനും
ജനാലകള്‍ക്കുമുള്ളില്‍
ഓരോ മുറിയും
ചില സ്വച്ഛതകളെ
അടക്കം ചെയ്തിരിക്കുന്നു.

കണ്ണിലെ
കുഞ്ഞു തിരശ്ശീലയില്‍
അവര്‍ തെളിച്ചിട്ട
ഉയിര്‍പ്പിന്റെ സ്വപ്നങ്ങളാണ്‌
രാപ്പകലില്ലാതെ
പെറ്റുപെരുകുന്ന
ഇരുളിന്റെ
സൂക്ഷ്മാണുക്കള്‍.

ചീവീടുകള്‍ പാടി നീട്ടുന്നത്‌
അതിജീവനത്തെക്കുറിച്ച്‌
അവരെഴുതിയ
മഹാകാവ്യങ്ങളാണ്‌.

അടച്ചിട്ട
ഓരോമുറിക്കുള്ളിലും
എന്തൊക്കെയോഒരുങ്ങുന്നുണ്ട്‌.
അതുകൊണ്ടാവും
വീടുകളിലേറെ
തടവറകളുണ്ടായിട്ടും
സാമ്രാജ്യങ്ങള്‍
‍പേക്കിനാവ്‌ കണ്ട്‌
ഉറങ്ങാതിരിക്കുന്നത്‌.

Sunday, April 22, 2007

ബാധ

പകല്‍ തെളിച്ചിട്ട
തെരുവിന്റെ മനസ്സില്‍
വിയര്‍ത്തൊലിച്ചാലും
നടന്നു തീരാത്ത
ദൂരങ്ങളാവും.

രാത്രികാലങ്ങളിലത്
ഒരു പൊതിച്ചോറോ
ഒരു വരി താരാട്ടൊ
ഓര്‍ത്തെടുക്കുവാന്‍
ശ്രമിക്കും.


രാപ്പകലില്ലാതെ
ഭയങ്ങളില്‍
ഉണര്‍ന്നിരിക്കും.

എങ്കിലും
അതിനറിയാം
എല്ലാ തെരുവുകളും വളരുന്നത്
ഒരേ പലകയിലേയ്ക്കാണെന്ന്.

ഒഴുക്കറ്റ
ഇറക്കത്തിന്റെ
വടിവില്ലാത്ത ലിപികളില്‍
എഴുതപ്പെടും
“ഇവിടെ
ഈ വഴി അവസാനിക്കുന്നു”
എന്ന്.

Friday, April 13, 2007

തട്ടിന്‍പുറം

ഊര്‍ദ്ധ്വന്‍ വലിക്കുന്ന കിഴവനും
ഉയിരുനീട്ടിക്കൊടുക്കുവാന്‍
‍അപ്പച്ചന്‍ വൈദ്യര്‍ക്ക്‌
ഒരു ഉമ്മത്തിങ്കായയുടെ
തൊലി മതിയായിരുന്നു.
പച്ചില പിഴിഞ്ഞും
വേരരച്ചും
മഹാവ്യാധികളെപ്പോലും
വരുതിയിലാക്കിയിരുന്നു.
മുറ്റത്തും പറമ്പിലും
വേലിക്കൈകളില്‍ വരെ
മൃതസഞ്ജീവനി
വിരിയിച്ചിരുന്നു.

അതൊരു കാലം!

പിന്നെ മകനായി.
പുതിയ കാലത്തിന്റെ
കാറിലും കോളിലും
തളരുംവരേയ്ക്കും
തുഴഞ്ഞുനിന്നു.
മകനെ പഠിപ്പിച്ചു.
മകളേയും കെട്ടിച്ചു.
കടവും കഷായവും
ബാക്കിവന്നു.

ഒടുവിലിപ്പൊ
അങ്ങാടിയില്‍ തോറ്റ ചെറുമകന്‍
‍അമ്മയുടെ നെഞ്ചില്‍ ചാഞ്ഞ്‌
ഒരു വിഷക്കാ കിനാവുകണ്ടപ്പോള്‍
‍അപ്പച്ചന്‍ വൈദ്യരുടെ തട്ടിന്‍പുറത്ത്‌
ഉമ്മത്തിങ്കാ പോലും ബാക്കിയില്ല.

Wednesday, March 28, 2007

ബ്ലാക്ക് ആന്‍ഡ് വൈറ്റ്

കറുപ്പിനെക്കാള്‍
എത്ര വെളുപ്പാണ്
വെണ്മയെന്നുപറയാം
വെളുത്തവര്‍ക്ക്!

വെണ്മയെക്കാള്‍
വര്‍ണ്ണശബളമായ
കറുപ്പിനെക്കുറിച്ച്
കലമ്പാം
കറുത്തവര്‍ക്ക്!

കറുപ്പും വെളുപ്പും
കലരുന്ന മിഴിവിലേയ്ക്ക്
എന്നു തുറക്കും ഈ‌-
ബ്ലാക് അന്‍ഡ് വൈറ്റ്
മിഴികള്‍?

Monday, March 12, 2007

കറണ്ട് വാഴ

മൂടുതുരന്ന്
മുടിക്കാതിരുന്നാല്‍
മുഴുത്തൊരു കുല
പകരം തരാമെന്ന്
വാഴ.

കനിവിന്റെ ഞെട്ടിറ്റ
നനവുപോലെ
നടുവളഞ്ഞ്‌
നെഞ്ച്‌ കുനിഞ്ഞ്‌
ചുണ്ടിലേയ്ക്ക്‌
ഒലിച്ചിറങ്ങി
വാത്സല്യമൂറുന്നൊരു
വാഴക്കുല.

പഴവും തിന്നു
തടയും കരണ്ട്‌
മാണവും മറിച്ചിട്ടു..
തുരപ്പന്‍!

വിഷം തീണ്ടിയ മണ്ണില്‍
പട്ടുപോകുന്ന
കന്നുകളെ നോക്കി
നെടുവീര്‍പ്പിട്ടു
വേനല്‍.

കൊലയല്ലേ..
ഈ ‘കുല’ച്ചതിയുടെ
ഗുണപാഠം ഹൃദിസ്ഥമായ്‌
കുലച്ചുനില്‍പ്പുണ്ട്‌
പൂരപ്പറമ്പുകളില്‍
‍മൂടോടൊടുക്കിയ
പച്ചപ്പിന്റെ
പിന്മുറക്കാര്‍...,
കൊതിപൂണ്ട്‌
കണ്ണുതെറ്റി
ഒരു കിടാവെങ്ങാന്‍
‍കുടപ്പനിലെത്തുള്ളി
തേന്‍ കുടിക്കാനാഞ്ഞാല്‍
‍അണ്ണാക്കിലേയ്ക്കിറ്റുവരും
കര്‍മ്മദോഷത്തിന്റെയൊരു
പതിനൊന്നു കേ വീ ലൈന്‍!

Thursday, February 22, 2007

നിര്‍ന്നിദ്രം

പട്ടട കെട്ടപ്പൊത്തൊട്ട്‌
ആത്മാവ്‌ തിരയുന്നുണ്ട്‌
മരിപ്പുവീട്ടില്‍ ‍മറന്നുവച്ച
ഒരു വാക്ക്‌.

ക്ഷോഭങ്ങള്‍ അടങ്ങി
നെഞ്ച്‌ വെയില്‍കായുന്ന
പാറപ്പുറം,
ഇരുളിന്റെ ഒരു മുത്ത്‌
കാണാതെപോയ
കണ്‍തടം,
എലിക്കുഞ്ഞുങ്ങളെപ്പോലെ
ആകുലതകള്‍ ഒളിച്ചിരിക്കുന്ന
ഉള്‍ത്തടം,
ഒക്കെയൊരു
ഇലയനക്കത്തിനായ്‌
കാത്തിരിക്കുമ്പൊഴും
അത്‌ കാതോര്‍ത്തത്‌
ഓര്‍മ്മയിലിഴയുന്ന
തുടലൊച്ചകള്‍ക്കായിരുന്നു.

വിരലുകളുടെ തിടുക്കംകൊണ്ടു
പൊട്ടിപ്പോയ തന്ത്രി
പറയാന്‍ ശ്രമിച്ചത്‌,
ഒച്ചകള്‍കൊണ്ട്‌ അഴിയിട്ട്‌
തടവിലിട്ട കിളിയുടെ
തൊണ്ടയില്‍ കുരുങ്ങിയത്‌,
അവിടൊന്നും കണ്ടില്ല
ആ വാക്ക്‌.

പിന്നെ
ഉല്‍ക്കണ്ഠയുടെ
വിറയ്ക്കുന്ന കൈത്തണ്ടയിലെ
വിരലുടയ്ക്കുവാനായി
ആര്‍ത്തി.

ഏതോ വളത്തിന്റെ
വിഷംതീണ്ടി വളര്‍ന്ന
ഈ വെറിയുടെ സാംഗത്യം
ഏതുതാളില്‍നിന്നും
വ്യഖ്യാനിച്ചെടുക്കുമോ..

അല്ലെങ്കില്‍ എന്തിനിനി,
ആഗോളം പഴുപ്പിച്ച
തീയും തണുത്ത്‌
മഞ്ഞില്‍ പുതഞ്ഞയീ
പഞ്ഞകാലത്ത്‌
ആത്മാക്കള്‍
മറന്നുപോയ വാക്കുകളെപ്പോലെ
വ്യാസം കുറഞ്ഞ്‌
നേര്‍ത്ത്‌ നേര്‍ത്ത്‌
തലച്ചോറിലെ
വടുക്കളിലൊന്നില്‍ വീണ്‌
ഉറങ്ങിക്കൊള്ളും.


വിസ്മൃതികളിലൊന്ന്
വഴിതെറ്റിപ്പൊയൊരു
സ്മൃതിയായ്‌ ജനിക്കുന്ന
വിപരീതകാലം വരെ...

Monday, February 12, 2007

അടിക്കുറിപ്പ്

പൈപ്പില്‍ നിന്നെന്നപോലെ
പശുവിന്റെ മൂത്രംകുടിയ്ക്കുന്നൊരു
പയ്യനെക്കണ്ടു
ഒരു പട്ടിണി‍-
ച്ചിത്രശേഖരത്തില്‍!

പശ്ചാത്തലത്തിലുണ്ട്
തക്കംപാര്‍ത്തിരിക്കുന്നു
ഒരു കഴുകന്‍!

ഹാ,
എത്ര ശക്തമായ ബിംബങ്ങള്‍,
അവ ചേരുന്ന
ചതുരവടിവ്,
വര്‍ണ്ണസങ്കലനം,
ധ്വനിപ്പിക്കുന്ന
സ്ഥലകാലപ്പൊരുത്തങ്ങള്‍,
പൊരുത്തക്കേടുകള്‍,
ഒരു ക്യാമറ
കണ്ണുചിമ്മിയ
നേര്‍ക്കാഴ്ച്ചകള്‍!

പ്രതീക്ഷിച്ചപോലെ
ഇതിന്
അവാര്‍ഡുകിട്ടി.
നാട്ടുകാര്‍
കണ്ടുനെടുവീര്‍പ്പിട്ടു
കൈ കഴുകി!

ആരെങ്കിലും
കണ്ടുവോ ഈ കഥ,
പൊരിവയറിനായ്
ഒരു പൊരിക്കടലയെറിയാതെ
കഴുകനുമായ്
കാഴ്ച്ചയുടെ സൌഭഗം പകുത്ത
ക്യാമറ പിന്നീട്
ആത്മഹത്യ ചെയ്ത കഥ!

അതേ,
ചില കാഴ്ച്ചകള്‍ക്ക്
അടിക്കുറിപ്പ് പാടില്ല!