Sunday, March 16, 2008

വണ്ടി

വണ്ടി വലിച്ച്‌ തളര്‍ന്ന്
വഴിയോരം വീണ്‌ കണ്ണടച്ച
വണ്ടിക്കാളയുടെ എല്ലിന്‍കൂടുപോലെ
പാതവക്കില്‍ കിടപ്പുണ്ടൊരു
ഉരുക്കിന്റെ അസ്ഥികൂടം.

പൂര്‍ത്തിയാവാത്ത
അതിന്റെ മരണം
മഴവെള്ളം വീണ്‌
തുരുമ്പിച്ചിരുന്നു.

ചക്രങ്ങള്‍ അഴിഞ്ഞ
അച്ചുതണ്ടില്‍‍
ഓടിത്തീരാത്ത വേഗങ്ങളെ
കുറ്റിയടിച്ച്‌ തളച്ചിരുന്നു.

കത്താത്ത കണ്ണുകളില്‍‍
എത്താതെപോയ
ലക്ഷ്യങ്ങള്‍‍ പോലുമില്ലായിരുന്നു.

ചിതയ്ക്കുചുറ്റും
കറങ്ങുന്ന കാലുകള്‍ പോലെ
അതിനെ വലംവച്ച്‌ നീങ്ങുന്നു
തുടരിന്റെ വ്യഥയുണ്ണുന്ന
വണ്ടികള്‍, വഴിയാത്രക്കാര്‍..

തിരക്കിലൂടിടംവലം തന്റെ
ടയറുവണ്ടിയും വെട്ടിച്ചോടി
വരുന്നുണ്ട്‌ വിയര്‍ത്തൊട്ടി
കിതപ്പും വിസിലുമായ്‌
കളിച്ചൂടിലൊരു പയ്യന്‍.

കട്ടപ്പുറത്തെ വണ്ടി കാണാന്‍‍
നിന്നേക്കും ഒരു മാത്ര..,

പിന്നെയവനുമീ കളി തുടരും!

Wednesday, February 27, 2008

കലാപം

വാക്കിന്റെ കെട്ട്‌ പൊട്ടിച്ച്‌
ലിപികള്‍
കടലാസുപാതകളിലൂടെ
തന്നിഷ്ടം
നടക്കാന്‍ തുടങ്ങിയപ്പൊഴാണ്‌
വരികള്‍ക്കിടയില്‍
ഉരുള്‍പൊട്ടിയ കലാപം
കവിയുടെ ശ്രദ്ധയില്‍ പെട്ടത്‌.

താളുകളില്‍ അങ്ങോളം
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചും,
ചിഹ്ന, വ്യാകരണ,
വ്യാക്ഷേപകാദി നിയമങ്ങള്‍
കര്‍ശനമാക്കിയും,
വിമര്‍ശകരില്‍ നിന്നും
വൈയാകരണന്മാരില്‍ നിന്നും
യുദ്ധോപദേശം കൈക്കൊണ്ടും,
ഏറെ പണിപ്പെട്ട്‌ അടിച്ചമര്‍ത്തി
അക്ഷര ലഹള.

യുദ്ധത്തടവുകാരായി
പിടിക്കപ്പെട്ടവരില്‍
‍ലിപികള്‍ക്ക്‌ വാക്കിലും,
വാക്കുകള്‍ക്ക്‌ വരിയിലും,
വരികള്‍ക്ക്‌ കൃതിയിലും,
കൃതികള്‍ക്ക്‌ ഗ്രന്ഥത്തിലും,
എഴുത്തിന്റെ
അധികാരശ്രേണികള്‍ക്കുള്ളില്‍
‍ഏകാന്ത തടവൊരുക്കി.

കാണാതായ
ചില കലാപകാരികളെക്കുറിച്ച്‌
പത്രക്കാര്‍ ചോദിച്ചപ്പൊള്‍
അവര്‍ ‍എഡിറ്റിങ്ങില്‍ ‍കൊല്ലപ്പെട്ടെന്ന്
സ്ഥിരീകരിച്ചു.

വരിയുടഞ്ഞ
കടലാസുബുദ്ധി പിന്നെ
കലാപങ്ങളൊന്നും ഉയിര്‍പ്പിച്ചിട്ടില്ല
ചില്ലറ അവകാശസമരങ്ങളല്ലാതെ,

എങ്കിലും...?

Sunday, February 3, 2008

ശരി...!

ഉത്തരം അറിയുവാന്‍
ഒരു ചോദ്യം ചോദിച്ചാല്‍ മതിയെന്ന്
ലളിതവല്‍ക്കരിച്ചതാണ്‌
എന്റെ തെറ്റ്‌.

ഒരു ചോദ്യത്തിന്‌
ഒരൊറ്റ ഉത്തരമെന്ന്
ആദര്‍ശവല്‍ക്കരിച്ചതാണ്‌
നിന്റെ തെറ്റ്‌.

നമുക്കു പുറത്ത്‌
പന്തലിക്കാതെ പോയ
ഉത്തരത്തിന്റെ ഗര്‍ഭമായിരിക്കണം
നമ്മളിനിയും മുറുക്കിത്തീര്‍ക്കാത്ത
ആ വൃത്തത്തിന്റെ
ശിഷ്ട സന്തതി.

Wednesday, January 30, 2008

വികടം

എന്താണി പ്രണയമെന്ന്
വെറുതേ ചോദിച്ചതാണ്‌..,

പരത്തി പറഞ്ഞാല്‍
‍പൈങ്കിളിയാവുന്ന,
ചുരുക്കി പറഞ്ഞാല്‍
‍അശ്ലീലമാകുന്ന,
ഒരു ഗതികേടാണതെന്ന്
ഞാന്‍ പറഞ്ഞു.

പിന്നെ വെറുതേ പോലും
നീ എന്റെ മുഖത്തു നോക്കിയിട്ടില്ല!

Wednesday, December 5, 2007

ഉറക്കം

ഇനി ഓടാന്‍ വയ്യെന്ന്
കാലുകള്‍ നിലച്ചപ്പൊ
ഓട്ടം നിര്‍ത്തി
ദൂരത്തിന്റെ
കഥ പറയാന്‍ തുടങ്ങി.

ഇനി കേള്‍ക്കാന്‍ വയ്യെന്ന്
കാതുകള്‍ അടഞ്ഞപ്പൊ
നാവടക്കി
കേള്‍വിയുടെ
പാട്ടെഴുതാന്‍ തുടങ്ങി.

ഇനിയൊന്നും കാണാനും
കേള്‍ക്കാനും വയ്യെന്ന്
ചെവിതലകള്‍
ഒരുമിച്ച്‌കെട്ടപ്പൊഴാണ്‌
കട്ടിലീന്നു വീണ്‌
കിനാവിന്റെ
ഫ്യൂസ്‌ പോയത്‌.

"ആണുങ്ങളുവന്ന്
ഊരിക്കോണ്ട്‌ പോയി,
നിങ്ങടെ ഒടുക്കത്തെ
ഒരു പൂതി..! "

പെമ്പ്രന്നോത്തി
അടുപ്പത്തു വച്ച
ഒരു കലം പിരാക്കെടുത്ത്
അടുക്കളപ്പുറത്ത്
മണപ്പിച്ചു നിന്ന
നായയുടെ
തലവഴി കോരി.

നിലത്തു കിടന്ന്
ഉറങ്ങിപ്പോയ സ്വപ്നം
ഒന്നു തിളച്ചു.

പിന്നെ
അതും അങ്ങാറി...

Tuesday, November 27, 2007

മറന്നുവച്ചത്

ജീവിച്ചിരുന്നതിന്റെ അടയാളങ്ങളെല്ലാം
കെട്ടിപ്പെറുക്കി ഇറങ്ങുകയായി
തെരുവഴിച്ചിട്ട വഴിയേ
പടിയടയ്ക്കപ്പെട്ട്‌
ഒരു കുടുംബം.

അറുക്കാന്‍ കൊടുത്ത
കന്നുകുട്ടിയെ പോലെ
കുതറുന്ന ഓര്‍മ്മകള്‍
ബലം പിടിച്ച്‌
തിരിഞ്ഞുനില്‍ക്കവേ
വല്ലതും മറന്നുവോ
എന്ന വ്യാജേനെ
ഒരു നോട്ടം കൂടെന്ന്
താക്കോല്‍ പഴുതില്‍
തുളുമ്പി
ഒരു കണ്ണ്.


അകത്ത്‌
നനവിന്റെ ഒരു മൂലയ്ക്ക്‌
ഉറുമ്പരിച്ച്‌ കിടന്നിരുന്നു
എടുക്കാന്‍ മറന്നുപോയ
അവരുടെ ജഡം.

Sunday, November 25, 2007

അഴികള്‍

തടവുപുള്ളിയോട്‌
അഴികള്‍ ചോദിച്ചു,

‘അകത്താര്‌
പുറത്താര്?’


കടങ്കഥക്കുരുക്കില്‍
അവനെപ്പെടുത്തി‌
തടവുചാടി
അവര്‍.

പാവം,
അഴിയെണ്ണി
ഉത്തരം കണ്ടെത്താനാ‍വാതെ
അലയുന്നുണ്ട് ഇപ്പൊഴും
എവിടൊക്കെയോ..