Monday, October 29, 2007

ശവം..!

പ്രണയം
ഒരു കടലാണെന്ന് പറഞ്ഞ്
അവന്‍ വന്ന് വിളിച്ചപ്പൊ
നാടുവിട്ടിറങ്ങിപ്പോയതാണ്.

മൂന്നുനാള്‍ നീളുന്ന
മധുവിധു കഴിയുമ്പോള്‍
കരയില്‍ കൊണ്ടെറിഞ്ഞിട്ട്
കടന്നുകളയുമെന്നോര്‍ത്തില്ല.

ഓടിപ്പോയത്
തിരികെവന്നടിഞ്ഞപ്പൊ
കാണാന്‍ കൂടിയവര്‍
ആക്ഷേപം പറഞ്ഞു
ശവം...

Saturday, October 27, 2007

കുരുക്ക്

തൊടിയിലും മുറ്റത്തും
തളിരായ തളിരെല്ലാം
തൊട്ടും കടിച്ചും
ചവച്ച്‌ മദിക്കുന്ന
ആട്ടിന്‍കുട്ടിയോട്‌
അമ്മൂമ്മ കൊഞ്ചി,

"തുള്ളിക്കളിക്കേണ്ട
കള്ളിക്കറമ്പി,
കഴുത്തില്‍ കുരുക്കി-
ട്ടടക്കി നിര്‍ത്താനിനി
കാലമൊട്ടില്ലെന്ന്
കണ്ടുകൊള്‍ക"


കേട്ടുനിന്ന പെങ്കൊച്ച്‌
ആകെ പൂത്തുലഞ്ഞ്‌
പ്രായമറിയിച്ചു.


കൈപ്പത്തിയില്‍
‍ശൃംഗാരത്തിന്റെ
ആറാം വിരലുള്ള
കറവക്കാരന്റെ
ഇടം കണ്ണടഞ്ഞത്,

“കെട്ടിയിട്ടു
കറന്നു രസിക്കുവാന്‍
എട്ടു നാളിനി
തികച്ചു വേണ്ടെന്ന്.

മുറ്റത്തു നിന്ന
മൂത്തവള്‍‍
മാറത്തെ നനവിലേക്ക്‌
തുണി വലിച്ചിട്ടു.


വേലിക്കപ്പുറം
തെരുവിലായിട്ടും
ക്ടാത്തന്റെ നോട്ടം കണ്ട്‌
അവളു പേടിച്ചു.
മുതുക്കികളാവട്ടെ
മുഴുക്കെ ചുവന്നു.


പ്ലാവിലക്കുമ്പിളും
അടികണ്ട കലവുമായി
ഒറ്റയ്ക്കിരിക്കുമ്പോള്‍
‍അമ്മയ്ക്കൊരാത്മഗതം,

"ആടൊരുത്തി
എരുത്തിലില്‍ ‍പെറ്റാലും
പെണ്ണൊരുത്തി
ഉരപ്പെരേല്‍ പെറ്റാലും
പെണ്ണായ്‌ പിറന്നോള്‍ക്ക്‌
പേറ്റുനോവ്‌ മിച്ചം."


കൊച്ചുവെളുപ്പിന്‌
കത്തിക്ക്‌
മൂര്‍ച്ചയിട്ടുനില്‍ക്കേ
രാത്രിവേല കഴിഞ്ഞ്‌
ചടച്ചുവന്ന പെണ്ണിനോട്‌
അറവുകാരന്റെ അശ്ലീലം,

"നേരം വെളുക്കും മുമ്പൊ-
ന്നൂടെ മൂര്‍ച്ച നോക്കുന്നോ?"


രാവു പോലും
വിജൃംഭിച്ച്‌ നിന്ന
നിമിഷത്തിന്റെ മൂര്‍ച്ചയില്‍
അയാള്‍ ‍ചുര മാന്തി
തുള്ളിക്കയറി
കെട്ടിയിട്ട ആടിന്റെ
കഴുത്തറുത്ത്‌
കുരുക്ക്‌ വിടുവിച്ചു.

Sunday, September 23, 2007

സുരക്ഷിതം

നിന്നെ
സ്നേഹിക്കുന്നുവെന്ന്
ഞാന്‍
അറിയാതെപോയതാണ്
നമ്മളെ
സുരക്ഷിതരാക്കിയത്.

അല്ലായിരുന്നെങ്കില്‍
പഴകിത്തേഞ്ഞൊരു
മുദ്രാവാക്യം പോലെ
അതാവര്‍ത്തിച്ചാവര്‍ത്തിച്ച്
നിന്നെ ഞാന്‍
മടുപ്പിച്ചേനേ..

പ്രണയംകൊണ്ട്
മടുത്തവള്‍ എന്ന്
കാലം നിന്നെ
നിര്‍വചിച്ചേനേ...


ഇപ്പോള്‍ നോക്കൂ
ഈ അന്ധകാരത്തില്‍
നമ്മള്‍ എത്ര
സുരക്ഷിതരാണെന്ന്..!

Monday, September 10, 2007

ഓര്‍മ്മത്തറ

അപ്പനോടിച്ച
വണ്ടിയിടിച്ചെന്ന്
കമ്പി കിട്ടിയിട്ട്‌
ഓടിപ്പിടച്ച്‌
എത്തിയതാണ്‌.

ഒറ്റയിടി.,
രണ്ട്‌ തുണ്ടം.,
വണ്ടി കണ്ടം.

ലേലം പിടിച്ചത്‌
തുരുമ്പ്‌ വാസു.

ടയറ്‌ നാലും
ടാക്സിക്കാരന്‍ ടൈറ്റസിന്‌
എഞ്ചിന്‍
കുഞ്ചന്‍ കണിയാമ്പറമ്പില്‍
‍ഡാഷ്‌ ബോര്‍ഡ്‌
ഡാനിയേല്‍ ഡിസൂസയ്ക്ക്‌
എന്നിങ്ങനെ
ബാക്കിവന്ന
അവയവങ്ങളൊക്കെ
അവധാനതയോടെ
ഇളക്കിപ്പിടിപ്പിച്ച്‌
ഉരുളാനിരിക്കുന്ന
വേഗങ്ങള്‍ക്ക്‌
കണ്ണും കാതുമാക്കി.

അവിടിവിടെ ഒപ്പും
വിരലും പതിപ്പിച്ച്‌
പോളിസിയും വാങ്ങി
പങ്കിട്ടെടുത്തിട്ട്‌
പോകാനൊരുങ്ങവേ
അടുക്കളയിലാവണം
അടക്കിപ്പിടിച്ചൊരു
കരച്ചില്‍ ഉറഞ്ഞ്‌
അമ്മ...

ബാക്കിവന്ന അമ്മയ്ക്ക്‌
വിളക്കുവയ്ക്കുവാന്‍
‍സഞ്ചരിക്കുന്ന
ഒരു അസ്ഥിത്തറ വേണം.

ഓര്‍മ്മയിലെ
മണ്‍കലത്തില്‍
‍സമര്‍പ്പണത്തിന്‌
അഞ്ചാറ്‌
എല്ലിന്‍ കഷണങ്ങ-
ളെങ്കിലും വേണം.

ഇനിയിതൊക്കെ
എവിടുന്നഴിച്ച്‌
തട്ടിക്കൂട്ടുമോ എന്തൊ...

Saturday, September 1, 2007

പ്രണയത്തെക്കുറിച്ച് രണ്ട് കവിതകള്‍

കാഴ്ച


അന്നെനിക്ക്
നിന്നെക്കാണുവാന്‍
കണ്ണുകള്‍ വേണ്ടായിരുന്നു

കാരണം
നമ്മള്‍ അന്ധമായ്
പ്രണയത്തിലായിരുന്നു

പിന്നേന്നോ ഞാനൊരു
കണ്ണ് കടമെടുത്തു

അന്യമായ കാഴ്ചകളിലൂടെ
നമ്മള്‍ അപരിചിതരായത്
അന്നുമുതല്‍ക്കായിരുന്നു



അളവ്


പ്രണയത്തെ
കടലാസിലാക്കിയതാണ്
എനിക്ക് പറ്റിയ തെറ്റ്.

അവള്‍ പറഞ്ഞു

പ്രേമത്തെ സംബന്ധിച്ചിടത്തോളം
എ ഫോര്‍ സൈസ്
തീരെ ചെറിയൊരളവാണെന്ന്.

Monday, June 18, 2007

തെരുവുണക്കാത്തത്

കറുത്ത ചക്രത്തിന്റെ
ഓരം പറ്റി
വെളുത്ത്‌ ശങ്കിച്ചൊരു
ചെറിയ മുട്ട.

അതിലാരോ
വരച്ചു ചേര്‍ത്ത
കുരുന്നു കണ്ണുകള്‍,
മൂക്കും വായും.

കാലമൊന്നനക്കിവിട്ടാല്‍
ഉരുളും ചക്രങ്ങള്‍
‍അരഞ്ഞ മുട്ടത്തോടൊരു
കാറ്റുവന്നു വെടുപ്പാക്കും.

ഏതു കര്‍ക്കിടകം വന്ന്
തേച്ചാലും മാച്ചാലും
കറ കനയ്ക്കുമാ
വഴിയൊടുങ്ങുവോളം
രണ്ടു കണ്ണുകള്‍
മൂക്കും
ഒന്നു കരയുവാന്‍
‍നേരം കിട്ടാതെ പോയ
വായും.

തെരുവുകള്‍
ഓര്‍ത്തിരിക്കുന്ന
അശരീരികളെല്ലാം
'അമ്മേ' എന്നായത്‌
അതുകൊണ്ടാവും.

Monday, June 4, 2007

നിദ്രാഭംഗം

പകലറുതിയോളം
തിളച്ച ക്ഷോഭങ്ങളെ
ഇരുളിന്‍ കുഴമ്പിട്ട്‌
ഒന്നാവി പിടിച്ചിട്ട്‌
ക്ഷീണിച്ച കടല്‍
തെല്ലുറങ്ങാന്‍ കിടന്നു.

ഒറ്റക്കണ്ണ്
തിരുമ്മിയെണീക്കണം
അങ്ങു കിഴക്കിന്‍
ചക്രവാളത്തില്‍
ഒന്നു വൈകിയാലീ
പാവങ്ങള്‍ക്ക്‌
പകലില്ല!

സ്വാസ്ഥ്യത്തിന്‍ തരംഗങ്ങളായ്‌
കരയെ കൊതിപ്പിക്കുന്നു
കുഞ്ഞോളങ്ങളിലിപ്പോള്‍
‍അതിന്റെ കൂര്‍ക്കംവലി..

തീരത്തുണ്ട്‌
ഉറങ്ങാതിരിക്കുന്നു
ഒരു കുപ്പി കള്ളുമായ്‌
ഒരുത്തന്‍,
കടല്‍കരയിലെ
ഇരുള്‍ക്കാടുകളില്‍
‍രാപ്പാര്‍ക്കാനെത്തിയവന്‍.

എഴുതി തീരാത്ത
വരികളോട്‌ കലഹിച്ച്‌
പിണങ്ങിയെത്തിയൊരു
കവിയായിരിക്കാം,

കെട്ടുപോയൊരു
അഗ്നിപര്‍വ്വതം പോലെ
ദീനനായേതോ പഴയ
വിപ്ലവകാരിയാവാം,

സങ്കല്‍പ്പങ്ങളെ
പ്രണയിച്ചു തോറ്റൊരു
കഴമ്പില്ലാത്ത
കാമുകനുമാവാം.

ആര്‍ക്കായാലുമീ
കൂര്‍ക്കംവലി
അലോസരം തന്നെ.

നീലക്കമ്പളം പൊക്കി
കടലിന്റെ വാ പൊത്തുവാന്‍
‍ഈ രാവിലവന്‍
ഇറങ്ങിപ്പോകുമോ എന്തൊ!