Thursday, February 19, 2009

പിഴ

'അറബിക്കടലൊരു മണവാളന്‍
കരയൊ നല്ലൊരു മണവാട്ടി'

എന്നിട്ടുമിവരുടെ സംഗമമെന്തേ
അനന്തമായിങ്ങനെ നീളുന്നതെന്ന്
കള്ളും കടലയും അച്ചാറുമൊക്കെയായ്‌
കടലോരം ബഹുദൂരം കൂടിയിരുന്ന്
പാടിയും പറഞ്ഞും പൊട്ടിക്കരഞ്ഞും
അരിയ കണ്ണുനീര്‍പുഷ്പങ്ങള്‍ ‍കൊണ്ട്‌
വ്യഥിത മാല്യങ്ങള്‍ കോര്‍ത്തും
രസിച്ചു പണ്ട്‌
തരളകല്‍പ്പനാലോലങ്ങളായ കുറെ
മൃദുല മഹാ കവിഹൃദയങ്ങള്‍

കവിയരങ്ങുകഴിഞ്ഞു കവിവരര്‍
‍അവനവന്റെ കിടപ്പാടവുമ്പൂകി
പിന്നെപ്പെഴോ ആണ്‌
കടലിലെ കാമുകന്റെ കരളുണര്‍ന്നത്‌

പെട്ടന്നായിരുന്നു കല്യാണം

ഓര്‍ക്കാപ്പുറത്തുവന്നതുകൊണ്ട്‌
ഉടനൊരു സദ്യപോയിട്ട്‌
വായ്ക്കരിപോലും തരപ്പെട്ടില്ല നാട്ടുകാര്‍ക്ക്‌

കെട്ടും ആദ്യരാത്രിയും
ആദ്യപകലും ഒക്കെ കഴിഞ്ഞു
കരയില്‍ കടലിനു പിറന്ന സന്തതികളില്‍
കുറെ അവന്‍ കൂടെ കൊണ്ടുപോയി
ബാക്കിവന്നതിനെ വെട്ടിമൂടി
ബന്ധം വിടര്‍ത്തി, കടല്‍ഭിത്തി പൊന്തിച്ച്
വീണ്ടും കര തിരിച്ചു

കടല്‍തീരത്ത്‌ പിന്നെയും ആളനക്കംവച്ചു

അപ്പൊഴുണ്ട്‌ ദാ വരുന്നു
ഇനിയും പാടിയൊടുങ്ങാത്തതൊക്കെയും
പൊടിതട്ടി ശ്രുതിചേര്‍ത്തെടുത്തുകൊണ്ട്
പുതിയൊരു മഹാകവിപ്പറ്റം

പാവം
നാട്ടുകാരിതെന്തുപിഴച്ചപ്പാ....

Thursday, January 29, 2009

ഉത്തരവാദം

ഒരു സുമുഹൂര്‍ത്തത്തില്‍
‍തൊണ്ടയില്‍നിന്ന് തടവുചാടി
പലയിടങ്ങളില്‍
അടക്കിപ്പിടിച്ച്‌ താമസിച്ച്‌
തരത്തിനൊത്ത്‌ കയറിയും ഇറങ്ങിയും
വിവിധ സ്ഥായികളില്‍
ഒരുപോലെ കഴിവുതെളിയിച്ച
ഒരൊച്ചയെയിതാ വിണ്ടും
ഉമ്മറത്തെടുത്ത്‌ കിടത്തിയിട്ടുണ്ട്‌

ഉറക്കെ കേള്‍പ്പിച്ചതിനും
ആത്മഗതമായടക്കിയതിനുമൊന്നും
അതിനി ഉത്തരവാദിയല്ല

പക്ഷെ മറക്കരുത്‌
കൂട്ടനിലവിളിയുടെ സംഘാടന ചുമതല
അതുകൊണ്ടൊന്നും
നിങ്ങളുടെ ഉത്തരവാദിത്വമാവാതിരിക്കുന്നില്ല

Thursday, January 8, 2009

ചാവേറിനോട് ചെയ്യരുതാത്തത്

കണ്ണീരൊരുതുള്ളി പോലും
തൂവിക്കളയില്ലെന്ന്
വിതുമ്പലുകളൊന്നുപോലും
കരഞ്ഞുതീര്‍ക്കില്ലെന്ന്
വാക്കിലും നോക്കിലും
ഒരുടലാകെ ‍ കിടന്ന് തിളച്ചാല്‍
‍നെഞ്ചില്‍ ചെവി ചേര്‍ത്തുപിടിച്ച്‌
ബോംബിന്റെ
മിടിപ്പളന്നുകൊള്ളാന്‍ പറഞ്ഞാല്‍‍
ഞരമ്പില്‍ വിരല്‍ തൊട്ടുവച്ച്‌
മൈനിന്റെ
തുടിപ്പറിഞ്ഞുകൊള്ളാന്‍ പറഞ്ഞാല്‍
‍അതാരുടെയെന്ന്
പിന്നെയും സംശയിക്കരുത്‌

കെട്ടിലും മട്ടിലും
അകത്തും പുറത്തും
അടിമുടിയതെങ്ങനെയൊരായുധമായെന്ന്
ആശ്ചര്യപ്പെട്ടുകളയരുത്

ഒരുവാക്കുപോലും ഉരിയാടാന്‍ നില്‍ക്കരുത്‌

കാല്‍ക്കാശിന് കൊണമില്ലാത്ത
ദാര്‍ശനിക ചര്‍ച്ചകള്‍ക്ക്
അതില്‍ക്കൊണ്ടുപോയ് കുറ്റിയടിക്കരുത്

ചിലവില്ലാതുരുണ്ടുകൂടുന്ന
കാല്‍പ്പനിക കണങ്ങളെ
കവിളില്‍ ഞാത്തിയിട്ട്
തരളിതഹൃദയംകളിക്കരുത്

‍വെറുതേ നിന്ന് തുളുമ്പരുത്

പിന്നെ എന്തുവേണമെന്നാണെങ്കില്‍
‍സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക

ഇത്രനാളും
ചെയ്തുകൊണ്ടിരുന്നതുപോലെ...

Wednesday, December 24, 2008

ദി എന്‍ഡ്

വിളര്‍ത്ത മുഖവും
തെല്ലുന്തിയ വയറുമായി
തിരക്കിനിടയില്‍ കണ്ടിരുന്നു

അഗ്നിബീജങ്ങളെ ഗര്‍ഭംധരിച്ചതുപോലെ
ഉടലാകെ വിയര്‍ത്തിരുന്നു

ഇരട്ടക്കുഞ്ഞുങ്ങളാവുമെന്ന്
പലരുമൂഹിച്ചിരുന്നെങ്കിലും
ഇടിയും മിന്നലുമ്പോലെയാവുമെന്ന്
ആരും നിരുപിച്ചിരുന്നില്ല

കതിനപൊട്ടുമ്പോലാ ഒച്ചകേട്ടതില്‍പ്പിന്നെ
ഒന്നിനുമൊട്ടാര്‍ക്കും സമയവും കിട്ടിയില്ല

ചത്തകുഞ്ഞിന്റെ ജാതകം
പത്രക്കാരും പോലീസുംചേര്‍ന്ന് നോക്കിച്ചതില്‍
‍സ്കാന്‍ ചെയ്യാതെവിട്ടതായിരുന്നത്രേ
പിഴവ്‌

മേലില്‍ ഭൂഗര്‍ഭമ്പോലും
ഒഴിവാക്കരുതെന്ന വീണ്ടുവിചാരത്തോടെ
‍പോയ പത്തിരുനൂറ്പേര്‍ക്കുള്‍പ്പെടെ
എല്ലാവര്‍ക്കും ഇനി
ശുഭം

Saturday, December 6, 2008

അപ്പൊഴേയ്ക്കും

അപ്പോഴേയ്ക്കും
ഉടല്‍ ഇടവപ്പാതിയിലെന്നപോലെ
നനഞ്ഞൊട്ടികഴിഞ്ഞിരുന്നു.

മുടിയിഴകളില്‍നിന്നും
പണ്ടമ്മ നെഞ്ചോട്‌ ചേര്‍ത്ത്‌
തുവര്‍ത്തിതിരുമ്മിത്തന്ന രാസ്നാദിവരെ
സ്രവിക്കാന്‍ ‍തുടങ്ങിയിരുന്നു.

മണല്‍ക്കാടുകള്‍ക്കുമേല്‍
‍തിമിര്‍ക്കുകയായിരുന്നു
മെയ്മാസമദ്ധ്യാഹ്നം.

വഴികളൊക്കെ
ഉരഗങ്ങളെപ്പോലെ
മാളങ്ങളിലേയ്ക്ക്‌
ഇഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു.

തെല്ലുതോര്‍ന്ന വെയില്‍
‍മണ്ണിലങ്ങിങ്ങായ്‌
തളംകെട്ടിക്കിടപ്പുണ്ടായിരുന്നു.

ആഴമുള്ളൊരു മരീചികയില്‍നിന്ന്
ശേഷിച്ചൊരു
മാനത്തുകണ്ണിയേയും കൊത്തി
പകല്‍ പറക്കാന്‍ തുടങ്ങുകയായിരുന്നു.

വേച്ചുവേച്ച്‌ ചെന്നുവീണ
കള്ളിമുള്‍പടര്‍പ്പുകളില്‍നിന്ന്
പഞ്ഞിക്കെട്ടുപോലെ മൃദുലമായ
കാച്ചെണയും, രാസ്നാദിയും മണക്കുന്ന
ഒരു വേര്‌
അതിന്റെ വിത്തിനെ
മാറോട്ചേര്‍ക്കുകയായിരുന്നു.

അപ്പൊഴേയ്ക്കും
എല്ലാ മണ്ണും
അവനമ്മയായ്ക്കഴിഞ്ഞിരുന്നു.

Monday, November 24, 2008

സഫിയുമ്മ

എന്നാലും ഇവനെങ്ങനെയാ
ചോരക്കുറിതൊട്ട കൂട്ടത്തില്‍ കൂടീന്നാ
സഫിയുമ്മയ്ക്കിപ്പൊഴും സംശയം

മൊയ്തീനേന്ന് നീട്ടിവിളിച്ചോണ്ട്‌
പടികേറിവരുന്ന വള്ളിനിക്കറ്‌
കണ്ണീന്ന് മറയുന്നില്ലിപ്പോഴുമവര്‍ക്ക്‌

പൂരവും പെരുനാളും ഒരുമിച്ച്‌ കൊള്ളാനും
പള്ളീന്നിത്തിരി സര്‍ബത്ത്‌ മോന്താനും
നേദിച്ച പായസം കീറ്റിലയില്‍ തിന്നാനും
താഴേന്നും മോളീന്നും വിലക്കിയിരുന്നില്ല
അന്നൊന്നും അവരെ ആരും

ഓണമായാലും വിഷുവായാലും
ഒരുനേരമെങ്കിലും വരും
'മൊയ്തൂന്റുമ്മ' വച്ച
അരിപ്പത്തിരീം കോഴിക്കറീം
പാതാമ്പുറത്തിരുന്ന്‌ ഒരുമിച്ച്‌ കഴിക്കും

എട്ടാംതരത്തില്‍ പഠിക്കുമ്പൊഴാണ്‌
മൊയ്തീന്‌ ജ്വരം വന്നത്‌

തലയ്ക്കേന്ന് പിന്നെ മാറീട്ടില്ല
ഒടുക്കം വരെ
ഉരുണ്ടുവീഴാമ്പോണ തുള്ളിപോലെ
വിങ്ങിനിന്ന ആ മുഖം

മയ്യത്തടക്കിക്കഴിഞ്ഞ്‌
പിന്നെയും വന്നിട്ടുണ്ടാവണം
ഉമ്മയെക്കാണാന്‍ ഒരു മൂന്നാലുവട്ടം

പിന്നെപ്പിന്നെ തീരെ കാണാതായി

ഇപ്പൊ ദാ ഏതോ ഒരന്യനാട്ടില്‍
‍പത്തുപന്ത്രണ്ടാളെ പച്ചയ്ക്ക്‌ ചുട്ട കേസില്‍
‍ജെയിലിലാണത്രേ
മൊയ്തീന്‍ പോയെങ്കിലെന്തുമ്മാ
മോഹനന്‍ കാണുമെന്ന്
പണ്ട്‌ കെട്ടിപ്പിടിച്ച്‌ കരഞ്ഞ ചെക്കന്‍

‍ന്റെ മൊയ്തീനുണ്ടായിരുന്നെങ്കില്‍
‍അവനിങ്ങനെ തലതിരിയില്ലായിരുന്നെന്ന്
ഇന്നും ആരെക്കണ്ടാലും ആണയിടും
സഫിയുമ്മ

ഇല്ലായിരുന്നുവോ ഒരുപക്ഷേ...?

Wednesday, November 12, 2008

ചൈനീസ് ടീ.വി

വില തുച്ഛം ഗുണം മെച്ചം
ഏതെടുത്താലും മിച്ചമെന്ന്
പുത്തന്‍ ബസാറിന്റെ ഖ്യാതി
വീടുവീടാന്തിരം
പുകഴ്പെറ്റുകൂട്ടുന്ന കാലം

സ്വന്തമാക്കി അഭിമാനിച്ചേക്കാമെ-
ന്നാരെങ്കിലും നിനച്ചാല്‍
‍കുറ്റം പറയാന്‍ പറ്റുമോ?

വന്നുകയറി
എന്റെ വീട്ടിലുമൊരു
പുത്തന്‍ ഫ്ലാറ്റ് ടീ.വി

കന്നിക്കാഴ്ച്ച
പാര്‍ട്ടി ചാനലില്‍
പാര്‍ട്ടി കാങ്ക്രസ്സെന്ന് കട്ടായം
ബീഡിയിലയിലും
വെടിമരുന്ന് തെറുത്തുവലിക്കുന്ന
ഒഞ്ചിയത്തുകാരന്‍ അപ്പന്‍

‍സ്വിച്ചിട്ട് കത്തിച്ച
കടിഞ്ഞൂല്‍ കാഴ്ച്ചതന്നെ
കണ്ണുതള്ളിച്ചുകളഞ്ഞു

ചുവപ്പു മങ്ങി
കാവിയായ് തുടങ്ങിയ
കൊടികളും കുപ്പായങ്ങളും

നിരങ്ങുകയാണ്‌
നഗരവീഥികളിലൂടൊരു
നിറം മാറിയ ചെങ്കടല്‍..!

ക്ലാവുപോലൊരു പച്ചപ്പില്‍
പൂത്തിരിക്കയാണ് രക്തഹാരങ്ങള്‍..!

കോളക്കറുപ്പില്‍ ‍നുരയുകയാണ്
വേദിയിലെ തെളിനീര്‍...!

ഡിജിറ്റല്‍ ഒച്ച ചിലമ്പിച്ച്
നമ്മള് കൊയ്യും വയലെന്നും
തമ്പ്രാന്റേതെന്ന് പാടുകയാണ്
പുത്തന്‍ പൈങ്കിളികള്‍‍..!

വാങ്ങുമ്മുമ്പേ
അടിച്ചുപോയോ
ഈ ചൈനാജാലത്തിന്റെ
പിക്ചര്‍ട്യൂബെന്ന് പകച്ച്
അണയ്ക്കാനാഞ്ഞപ്പോ
അടുത്തിരുന്ന മകന്‍
കൈക്കുപിടിച്ചു

കേടായതൊന്നുമല്ലെന്റെയച്ഛാ
ഇതാണ് പുതിയകാലത്തിന്റെ
ശബ്ദവും വെളിച്ചവും
നിറമേതായാലെന്താ
കൊടി നന്നായി കണ്ടാല്‍ പോരേ..!

മുടക്കിയ കാശ്‌
അവന്റെ ആയതുകൊണ്ട്‌
പിന്നൊന്നും മിണ്ടിയില്ല

ചുരുണ്ടുകൂടി

അപ്പന്‍ മാത്രം
തിമിരം വന്നെന്നോ
കേള്‍വി കുറഞ്ഞെന്നോ
ഇപ്പൊഴും
നിര്‍ത്താതെന്തൊക്കെയൊ
പിറുപിറുക്കുന്നുണ്ട്‌

പഴയ ആളല്ലേ...