Tuesday, January 19, 2010

കാറ്റിലെ ഈര്‍പ്പത്തെക്കുറിച്ച്....

കാറ്റിന്റെ മൂളിപ്പാട്ടങ്ങ്
ദൂരത്ത് കേട്ടാമതി
മണല്‍ പരപ്പിലെ തരികളോരോന്നും
മോഹം കൊണ്ട് തുടിക്കാന്‍ തുടങ്ങും

തെന്നലിന്റെ അലകള്‍വന്ന്
മൃദുവായൊന്ന് തൊട്ടാമതി
മണ്‍കിടക്ക വിട്ടെഴുന്നേറ്റ്
മരുപ്പച്ചകള്‍ നൃത്തം ചവിട്ടാന്‍ തുടങ്ങും

വിരല്‍ പിടിച്ച്
പെരുവിരലിലൂന്നിച്ച്
കാറ്റൊന്ന് വട്ടം കറക്കിയാമതി
മരുഭൂമിയിലുന്മാദം
മണല്‍ ചുഴികളാവാന്‍ തുടങ്ങും

പൊടുന്നനേയാവും

ആഘോഷമുടന്‍ നിര്‍ത്തി
മടങ്ങിയെത്തണമെന്ന്
അകലെനിന്നെങ്ങാന്‍
അറിയിപ്പ് വന്നപോല്‍
കിനാപമ്പരങ്ങളില്‍ കാറ്റഴിയും

മടങ്ങിപ്പോകുമ്പോള്‍
മണ്ണിന്റെ വിങ്ങലില്‍
ഒരുപങ്കതോര്‍മ്മയ്ക്കായ് കൊണ്ടുപോകും

കാറ്റിവിടെയെന്നും പാടുന്ന പാട്ടില്‍
കേട്ടുമറന്ന ഏതോ വിഷാദഗാനം
നനഞ്ഞു നില്പുണ്ടെന്ന്
നിനക്കു ഞാനെഴുതിയതതുകൊണ്ടാണ്

Friday, December 11, 2009

ലോക്കല്‍ കര്‍ഷകനൊരു മിഡ്ഡില്‍ക്ലാസ്സ് ചരമഗീതം

തൊടിയില്‍ വളരാത്തവണ്ണം
രുചികളെ വളര്‍ത്തരുതെന്ന് പറഞ്ഞത്
ആര്‍ക്കുമിതുവരെ ദഹിച്ചിട്ടില്ല

സവാളയും കാബേജും
സ്വര്‍ണവും വെള്ളിയും പോലെ
മുറ്റത്ത് കിളിര്‍ക്കാത്ത ഓഹരികളിറുത്തെടുത്ത്
കമ്പോളത്തിലേക്ക് മടങ്ങിപ്പോയപ്പോള്‍
കുന്തം വിഴുങ്ങി നിന്നവര്‍ക്കു ഞാന്‍
ഒരുമൂട് കപ്പ പിഴുത്
ഒരുപിടി മുളകും
മുറ്റത്തെ പുളിമരം കുലുക്കിയിട്ടതില്‍നിന്ന്
അഞ്ചാറല്ലിയും നല്‍കി

എരിവും പുളിയുമായി
പുഴുങ്ങിതൂവിയ വിശപ്പില്‍
എന്നിട്ടുമിറ്റ് ഉപ്പുണ്ടായിരുന്നില്ല

അതങ്ങനെയൊക്കെയേയാവൂയെന്നോര്‍ത്തപ്പോള്‍
എനിക്കൊട്ടൊരു തുള്ളി
കണ്ണീരും വന്നില്ല

Friday, November 20, 2009

ഉള്ളിലൊരുമുറി

ചേര്‍ത്തടയ്ക്കാന്‍ മറന്നുപോയതാണ്‌

ആര്‍ത്തികള്‍ പലവട്ടം
തള്ളിത്തുറന്ന പാളികളില്‍നിന്ന്
കുറ്റിയും കൊളുത്തുമെല്ലാം
എന്നേ അടര്‍ന്നുപോയതാണ്‌

ആരുമിനി വരാനില്ലെന്നറിഞ്ഞിട്ടും
ഇറക്കിവെക്കാതെ ചുമക്കുന്ന
മണ്‍കുടത്തിലെ വെള്ളവും
ചില്ലുവിളക്കിലെ വെട്ടവും
പണ്ടേ വറ്റിപ്പോയതാണ്‌

ഇരുളുകൊണ്ടും നാണം മറയാതെ
ചവിട്ടിമെതിക്കപ്പെട്ട വിരി
അങ്ങിങ്ങഴിഞ്ഞ നിലയില്‍
വിയര്‍പ്പുണങ്ങിയ കിടക്ക
അശ്ളീലമായി മയങ്ങിപ്പോയതാണ്‌

തുറന്നുവിട്ടാലും
ഇറങ്ങിപ്പോവാനാവാതെ
കറങ്ങിമടുത്ത കാറ്റ്‌
പങ്കയില്‍ തന്നെ കെട്ടിത്തൂങ്ങി
പലകുറി മരിച്ചുപോയതാണ്‌

എന്നിട്ടും
ചാരാന്‍ മറന്ന വാതില്‍ക്കല്‍
ആരോ വന്നൊന്നെത്തിനോക്കുമ്പോള്‍
ഉള്ളിലൊരു മുറി പിന്നെയും
അതിന്റെ കുഴിമാടത്തില്‍ കിടന്ന്
എന്തിന്റെയൊക്കെയോ
ഉയിര്‍ത്തെഴുന്നേല്‍പ്‌ സ്വപ്നം കാണുകയാണ്‌

കണ്ണുകള്‍
തിരുമ്മിയടക്കാന്‍ മറന്നു പോയതാണ്‌

Thursday, November 12, 2009

ഹൈവെ

നാലു വരിയില്‍
നൂറ്റിനാല്പത് കിലോമീറ്ററില്‍
ഇരമ്പുകയാണ് കാലം

അപ്പുറത്തെത്തുവാന്‍
അവസരവും കാത്ത്
ഓരത്ത് നില്പാണ് ജീവിതം

വിയര്‍ത്തൊലിച്ച പകല്‍
വിരലൊന്ന് വിട്ടപ്പോള്‍
കുതിച്ച് പോയതാണ് ആയുസ്സ്

ഹൊ..
ശ്വാസം നിലച്ചു പോയേക്കാവുന്ന
ഒരു നിമിഷത്തിനു കുറുകെ
ഓടിക്കയറിയ ഉടലുകള്‍

പിന്നിലായിപ്പോയ നിഴലുകള്‍

കറക്കം നിര്‍ത്താത്ത ചക്രങ്ങള്‍
കടും ചുവപ്പില്‍ വരച്ച
പരാജയത്തിന്റെ ഭൂപടങ്ങള്‍

ഓര്‍മയുടെ ചെറുനനവുകളെയും
നക്കിയെടുത്ത് വാലാട്ടുന്ന
അനുസരണയുള്ള വെയില്‍മൃഗങ്ങള്‍

ഊഴങ്ങളല്ലാതെ മറ്റൊന്നും മാറുന്നില്ലെന്ന്
പോണ പോക്കില്‍ പറഞ്ഞുപോയത്
തെരുവായിരുന്നോ?

Friday, August 28, 2009

പദയാത്ര

ഊരിവച്ച ചെരുപ്പിനും
ഇറക്കിവച്ച ഭാരത്തിനുമിടയില്‍
ചുരുണ്ടുകൂടുകയാണ്
ഒരു ദൂരം

ഹേയ്... , ചവിട്ടരുതേ
ഇരമ്പങ്ങളെല്ലാം
അടങ്ങിക്കഴിഞ്ഞ സ്ഥിതിക്ക്
തെല്ലിനിയൊന്നുറങ്ങിക്കോട്ടെ
പാവം

Friday, June 12, 2009

വീണ്ടും

പകലുമുഴുവൻ
‍തിരക്കഭിനയിച്ചുകൊണ്ടിരിക്കും

ഒന്നു നില്‍ക്കാനൊ
ഒരുവാക്ക്‌ മിണ്ടാനോ
നേരമില്ലെന്നിരമ്പിക്കൊണ്ടിരിക്കും

ഓടിയോ നടന്നോ
വണ്ടികയറിയോ
ചെന്നെത്താനൊരിടമുണ്ടെന്ന്
നിരന്തരം വിശ്വസിപ്പിച്ചുകൊണ്ടിരിക്കും

ഇരുൾമാളങ്ങള്‍വിട്ട്‌
രാവിരതേടാനിറങ്ങുമ്മുതൽ
‍ഇടവഴികളിലിറങ്ങിനിന്ന്
കിതപ്പാറ്റുവാൻ ‍ തുടങ്ങും

മുഴുത്തുവരുന്നൊരു
നിഴല്‍ക്കൊമ്പില്‍ കയറി
തൂങ്ങിനോക്കിയാലോ എന്ന്
മനസ്സൊന്നാടിനോക്കും

വഴിവിളക്കില്ലാത്ത വളവുകളിൽ
‍വണ്ടിക്ക്‌ തലവച്ചവരോട്‌
എന്നെയും കൂട്ടുമോ എന്ന് കെഞ്ചിയതൊന്നും
പാതിരാ കേട്ടുകാണില്ലെന്ന്
പലതവണ വിചാരിച്ചുറപ്പിക്കും

പുലരുമ്മുമ്പീ
അനന്തകോടി വളവുകളും അഴിച്ച്‌
എങ്ങോട്ടെങ്കിലും ഒളിച്ചുപോകുമെന്ന്
വാശിയൊന്ന് പിറുപിറുക്കും

വെളുത്താലോ
അതുവരെയുള്ളതെല്ലാം
കഴുകി വെടുപ്പാക്കി
അന്നത്തെ കൂത്തിന്‌ ചുട്ടികുത്താനായ്
നീണ്ട്‌ മലര്‍ന്നങ്ങ് കിടന്നുകൊടുക്കും

കേൾക്കാത്ത നിലവിളികൾ
കുന്നുകൂടിയ കിഴക്കുനിന്നും
വെട്ടമുരുണ്ടുതുടങ്ങിയാൽപ്പിന്നെ
പകലുമുഴുവൻ വീണ്ടും....
........................

Wednesday, April 22, 2009

ഒട്ടകം 1 ( സ്വപ്നം കാണുന്നവരുണ്ടാവുമോ ഇപ്പോഴും!)

ഒട്ടകങ്ങളുടെ കണ്ണിലൂടെയാണ്‌
മരുഭൂമികള്‍
‍കടലിനെ സ്വപ്നം കാണുന്നത്‌


കിനാവിന്റെ
ആഴക്കടലിലൂടെയാണവരുടെ
കപ്പല്‍ വ്യൂഹങ്ങള്‍ ഒഴുകിനീങ്ങുന്നത്‌


മരുഭൂമിയിലെ കപ്പലേറി
ആരൊക്കെയോ
വിതയ്ക്കാത്തത്‌ കൊയ്യാനിറങ്ങുന്നത്‌


കൊണ്ടുപോയ തുകല്‍സഞ്ചിയുടെ
തൊണ്ടവരളുമ്പോള്‍
‍ജലകുംഭം തേടി
കപ്പലിന്റെ നിലവറയിലേയ്ക്ക്‌
കുഴല്‍ക്കിണറുകുഴിക്കുന്നത്‌


രക്തസാഷികളുടെ കുടലും പണ്ടവും
ഒഴുക്കിക്കളയാനും വെള്ളമില്ലാതെ
കടലുവീണ്ടും മരുഭൂമിയാവുന്നത്‌


ഞാനിനി കടലാവില്ല
നീ കപ്പലുമാവേണ്ടെന്ന്
കിനാവ്‌ കുടിയേറി നനച്ചിട്ട സാമ്രാജ്യങ്ങളെ
വെയില്‌ തിരിച്ചുപിടിക്കുന്നത്‌
ഇങ്ങനെയൊക്കെയാണ്‌.