ഒച്ചപ്പാടുകളൊക്കെ കഴിഞ്ഞ്
മിച്ചമാവുന്നൊരിത്തിരി മൌനത്തില്‍
കണ്ണടച്ച് നിവര്‍ന്നൊന്നുറങ്ങാനും
ഇനിയുമൊത്തിരി കാത്തിരുന്നേ പറ്റൂ
ചടങ്ങുകളൊക്കെ കഴിയുവോളം
ചാവടിയിലിരുന്ന് ഉറക്കിളച്ച ഓര്‍മകളെ
പഷ്ണിക്കഞ്ഞി കുടിപ്പിച്ച് പടിയിറക്കുവോളമെങ്കിലും
ഇവിടൊക്കെയിങ്ങനെ കത്തിനിന്നേ പറ്റൂ
എന്നുവച്ച്
കഴിഞ്ഞു കഴിഞ്ഞൂന്ന് കേള്‍ക്കുന്നതല്ലാതീ
കഴിയലൊന്നങ്ങോട്ട് കഴിയുന്നില്ലല്ലോന്ന്
ചിതതന്നെയിങ്ങനെ കോട്ടുവായിടുന്നത്
ഒരു ചാക്കാലവീടിന് ചേര്‍ന്നതാണോ!
Friday, February 26, 2010
Friday, February 19, 2010
ഫ്ലാഷ് ന്യൂസ്
മുങ്ങിച്ചാവാന്‍ എടുത്തുചാടിയത്
മരുപ്പച്ചയിലേക്കായിരുന്നു
മരണം
അപകടനില തരണം ചെയ്തെന്ന് റിപ്പോര്‍ട്ട്
Tuesday, February 16, 2010
ഒറ്റ സ്നാപ്പില്‍
വീട് വച്ചതുകൊണ്ടിനി
ആത്മകഥയെഴുതി മെനക്കെടണ്ട
അപൂര്‍ണ്ണതകളും അപര്യാപ്തതകളും കൊണ്ട്
ദുരൂഹമാക്കപ്പെട്ട ദുര്‍വ്യയം
ഒറ്റ സ്നാപ്പിലൊതുക്കാവുന്നതല്ലേയുള്ളൂ!
ആത്മകഥയെഴുതി മെനക്കെടണ്ട
അപൂര്‍ണ്ണതകളും അപര്യാപ്തതകളും കൊണ്ട്
ദുരൂഹമാക്കപ്പെട്ട ദുര്‍വ്യയം
ഒറ്റ സ്നാപ്പിലൊതുക്കാവുന്നതല്ലേയുള്ളൂ!
Monday, February 8, 2010
പാവം പാവം രാജകുമാരന്‍
പട്ടിണിയെന്തെന്ന് സ്വയമറിയുവാനാണ്
പരിവട്ടനാട്ടിലെ രാജകുമാരന്‍
സ്വരക്ഷാഭീഷണികള്‍ മറികടന്ന്
പെട്ടെന്നൊരു പകല്‍ പട്ടിണിയിരുന്നത്
വാച്ചു നോക്കി അപ്പപ്പോ
വയറ് ചൂളം വിളിച്ചതിന്റെ
വ്യംഗ്യങ്ങളെ വിവര്‍ത്തനം ചെയ്തത്
അസ്തമനത്തോടെ ഉപവാസം മുറിച്ച്
പ്രജകളെയും പത്രക്കാരെയും വിളിച്ച്
പട്ടിണിപ്രഭാഷണം തുടങ്ങിയത്
“വിശപ്പ്
അത്യുദാത്തമായൊരു
ദാര്‍ശനിക അനുഭവമാണ്
ഉടലിനെയും ആത്മാവിനെയും
പുതുക്കിപ്പണിയുന്ന ജീവശാസ്ത്രമാണ്
അവനവനിലൂടപരനെയും
ലോകത്തെത്തന്നെയും കാട്ടിത്തരുന്ന
വയറ്റുകണ്ണാണ്
ഉദരനിമിത്തം കുടലിലൂടെ
‘ഈ ലോകഗോളം തിരിയുന്ന മാര്‍ഗം’
വരച്ചടയാളപ്പെടുത്തിയ
റൂട്ട് മാപ്പാണ്
ഷുഗറ്, കൊളസ്ട്രോള്‍ ഇത്യാദിയായുള്ള
ശൈലീജന്യരോഗങ്ങളില്‍ നിന്ന്
കാത്തു രക്ഷിക്കുന്ന അകം വൈദ്യനാണ്
അതുകൊണ്ടെന്റെ പ്രിയപ്പെട്ടവരേ
നിങ്ങളെത്ര അനു ഗൃഹീതരാണ്”
ആപ്പിള്‍കവിളുള്ള യുവരാജകുമാരന്‍
കരുവാട് പോലത്തെ കുഞ്ഞുങ്ങളെത്തൊട്ട്
അരമനയിലേക്ക് മടങ്ങിപ്പോകവേ
കണ്‍നിറഞ്ഞ പ്രജകള്‍ പരസ്പരം പറഞ്ഞു
“തങ്കമനസ്സുള്ളയീ പൊന്നരചനുള്ളപ്പോ
അരിയെന്തിന് തുണിയെന്തിന്
പണിയെന്തിന് മക്കളേ...”
Tuesday, January 19, 2010
കാറ്റിലെ ഈര്‍പ്പത്തെക്കുറിച്ച്....
കാറ്റിന്റെ മൂളിപ്പാട്ടങ്ങ്
ദൂരത്ത് കേട്ടാമതി
മണല്‍ പരപ്പിലെ തരികളോരോന്നും
മോഹം കൊണ്ട് തുടിക്കാന്‍ തുടങ്ങും
തെന്നലിന്റെ അലകള്‍വന്ന്
മൃദുവായൊന്ന് തൊട്ടാമതി
മണ്‍കിടക്ക വിട്ടെഴുന്നേറ്റ്
മരുപ്പച്ചകള്‍ നൃത്തം ചവിട്ടാന്‍ തുടങ്ങും
വിരല്‍ പിടിച്ച്
പെരുവിരലിലൂന്നിച്ച്
കാറ്റൊന്ന് വട്ടം കറക്കിയാമതി
മരുഭൂമിയിലുന്മാദം
മണല്‍ ചുഴികളാവാന്‍ തുടങ്ങും
പൊടുന്നനേയാവും
ആഘോഷമുടന്‍ നിര്‍ത്തി
മടങ്ങിയെത്തണമെന്ന്
അകലെനിന്നെങ്ങാന്‍
അറിയിപ്പ് വന്നപോല്‍
കിനാപമ്പരങ്ങളില്‍ കാറ്റഴിയും
മടങ്ങിപ്പോകുമ്പോള്‍
മണ്ണിന്റെ വിങ്ങലില്‍
ഒരുപങ്കതോര്‍മ്മയ്ക്കായ് കൊണ്ടുപോകും
കാറ്റിവിടെയെന്നും പാടുന്ന പാട്ടില്‍
കേട്ടുമറന്ന ഏതോ വിഷാദഗാനം
നനഞ്ഞു നില്പുണ്ടെന്ന്
നിനക്കു ഞാനെഴുതിയതതുകൊണ്ടാണ്
Friday, December 11, 2009
ലോക്കല്‍ കര്‍ഷകനൊരു മിഡ്ഡില്‍ക്ലാസ്സ് ചരമഗീതം
തൊടിയില്‍ വളരാത്തവണ്ണം
രുചികളെ വളര്‍ത്തരുതെന്ന് പറഞ്ഞത്
ആര്‍ക്കുമിതുവരെ ദഹിച്ചിട്ടില്ല
സവാളയും കാബേജും
സ്വര്‍ണവും വെള്ളിയും പോലെ
മുറ്റത്ത് കിളിര്‍ക്കാത്ത ഓഹരികളിറുത്തെടുത്ത്
കമ്പോളത്തിലേക്ക് മടങ്ങിപ്പോയപ്പോള്‍
കുന്തം വിഴുങ്ങി നിന്നവര്‍ക്കു ഞാന്‍
ഒരുമൂട് കപ്പ പിഴുത്
ഒരുപിടി മുളകും
മുറ്റത്തെ പുളിമരം കുലുക്കിയിട്ടതില്‍നിന്ന്
അഞ്ചാറല്ലിയും നല്‍കി
എരിവും പുളിയുമായി
പുഴുങ്ങിതൂവിയ വിശപ്പില്‍
എന്നിട്ടുമിറ്റ് ഉപ്പുണ്ടായിരുന്നില്ല
അതങ്ങനെയൊക്കെയേയാവൂയെന്നോര്‍ത്തപ്പോള്‍
എനിക്കൊട്ടൊരു തുള്ളി
കണ്ണീരും വന്നില്ല
Friday, November 20, 2009
ഉള്ളിലൊരുമുറി
ചേര്‍ത്തടയ്ക്കാന്‍ മറന്നുപോയതാണ്
ആര്‍ത്തികള്‍ പലവട്ടം
തള്ളിത്തുറന്ന പാളികളില്‍നിന്ന്
കുറ്റിയും കൊളുത്തുമെല്ലാം
എന്നേ അടര്‍ന്നുപോയതാണ്
ആരുമിനി വരാനില്ലെന്നറിഞ്ഞിട്ടും
ഇറക്കിവെക്കാതെ ചുമക്കുന്ന
മണ്‍കുടത്തിലെ വെള്ളവും
ചില്ലുവിളക്കിലെ വെട്ടവും
പണ്ടേ വറ്റിപ്പോയതാണ്
ഇരുളുകൊണ്ടും നാണം മറയാതെ
ചവിട്ടിമെതിക്കപ്പെട്ട വിരി
അങ്ങിങ്ങഴിഞ്ഞ നിലയില്‍
വിയര്‍പ്പുണങ്ങിയ കിടക്ക
അശ്ളീലമായി മയങ്ങിപ്പോയതാണ്
തുറന്നുവിട്ടാലും
ഇറങ്ങിപ്പോവാനാവാതെ
കറങ്ങിമടുത്ത കാറ്റ്
പങ്കയില്‍ തന്നെ കെട്ടിത്തൂങ്ങി
പലകുറി മരിച്ചുപോയതാണ്
എന്നിട്ടും
ചാരാന്‍ മറന്ന വാതില്‍ക്കല്‍
ആരോ വന്നൊന്നെത്തിനോക്കുമ്പോള്‍
ഉള്ളിലൊരു മുറി പിന്നെയും
അതിന്റെ കുഴിമാടത്തില്‍ കിടന്ന്
എന്തിന്റെയൊക്കെയോ
ഉയിര്‍ത്തെഴുന്നേല്‍പ് സ്വപ്നം കാണുകയാണ്
കണ്ണുകള്‍
തിരുമ്മിയടക്കാന്‍ മറന്നു പോയതാണ്
ആര്‍ത്തികള്‍ പലവട്ടം
തള്ളിത്തുറന്ന പാളികളില്‍നിന്ന്
കുറ്റിയും കൊളുത്തുമെല്ലാം
എന്നേ അടര്‍ന്നുപോയതാണ്
ആരുമിനി വരാനില്ലെന്നറിഞ്ഞിട്ടും
ഇറക്കിവെക്കാതെ ചുമക്കുന്ന
മണ്‍കുടത്തിലെ വെള്ളവും
ചില്ലുവിളക്കിലെ വെട്ടവും
പണ്ടേ വറ്റിപ്പോയതാണ്
ഇരുളുകൊണ്ടും നാണം മറയാതെ
ചവിട്ടിമെതിക്കപ്പെട്ട വിരി
അങ്ങിങ്ങഴിഞ്ഞ നിലയില്‍
വിയര്‍പ്പുണങ്ങിയ കിടക്ക
അശ്ളീലമായി മയങ്ങിപ്പോയതാണ്
തുറന്നുവിട്ടാലും
ഇറങ്ങിപ്പോവാനാവാതെ
കറങ്ങിമടുത്ത കാറ്റ്
പങ്കയില്‍ തന്നെ കെട്ടിത്തൂങ്ങി
പലകുറി മരിച്ചുപോയതാണ്
എന്നിട്ടും
ചാരാന്‍ മറന്ന വാതില്‍ക്കല്‍
ആരോ വന്നൊന്നെത്തിനോക്കുമ്പോള്‍
ഉള്ളിലൊരു മുറി പിന്നെയും
അതിന്റെ കുഴിമാടത്തില്‍ കിടന്ന്
എന്തിന്റെയൊക്കെയോ
ഉയിര്‍ത്തെഴുന്നേല്‍പ് സ്വപ്നം കാണുകയാണ്
കണ്ണുകള്‍
തിരുമ്മിയടക്കാന്‍ മറന്നു പോയതാണ്
Subscribe to:
Posts (Atom)