Sunday, June 16, 2013

മരുപ്പച്ച


പാകിസ്ഥാനികൾക്ക് 
പച്ചയെന്ന
ചുരുക്കപ്പേർ നല്കി ആദരിച്ചത് 
പ്രവാസി മലയാളികളാണ് 

'പ' പ്രാസമാണോ 

പകുത്തെടുത്തതെന്ന 
പക ഇന്നും തീരാത്ത 
പതാകയിലെ പച്ചയാണോ 

അതുമല്ലിനി വല്ല കഥകളിയിൽ നിന്നും  
വന്നു കയറി
കഥയറിയാതെ ആടുന്ന 
പച്ച വേഷമാണോ 

മറ്റൊരു യുക്തിയ്ക്കും 
മറ നീക്കാനാവാത്ത 
മലയാളി സ്വത്വത്തിന്റെ   
പ്രതിസന്ധിയാണോ?

ഇനി വല്ല ദിത്വ സന്ധിയുമാണോ?

(കണക്ഷൻ പോയാൽ 
കുടത്തിലും തപ്പണമെന്നല്ലേ!)

മുംബൈക്കാരൻ പട്ടർക്കും 
ബംഗാളി മേത്തനും  
'ഹര'എന്ന് പറഞ്ഞാലൊന്നും പിടികിട്ടില്ല 

ഒരു സായിപ്പിനും 
ഇത്തിരി ചായ  
അടുത്തെവിടെ കിട്ടുമെന്ന് ചോദിച്ചതിന് 
ഗോ ടു ദ  ഗ്രീൻസ് ഷോപ് 
നെക്സ്റ്റ് ടു ദിസ്‌ എന്ന് 
മെത്രാൻ മൊഴിഞ്ഞാലും തിരിയില്ല 

ദാ, അപ്രത്ത് 
ഒരു പച്ചയുടെ കടയുണ്ടെന്ന്  പറഞ്ഞാൽ 
ജാതി മത ജില്ല ഭേദമെന്യേ 
മലയാളിയ്ക്ക്  മനസിലാവും 

പച്ചയ്ക്കും കാണുമോ 
മലയാളിയെ കോഡ് വല്ക്കരിക്കാൻ 
മല്ലുവല്ലാതെ വല്ല
പറച്ചിലോ  
ചുരുക്കെഴുത്തോ?

പച്ചകൾ അതിലൂടെ 
മഞ്ഞ നിഘണ്ടു തീർക്കുന്നുണ്ടാവുമോ?

അറിവിൽ 
അറിയില്ല  

പക്ഷേ ശ്രേഷ്ഠ ഭാഷാ 
പട്ടലബ്ധ്യാനന്തരം 
എന്തുകേട്ടാലും 
സെമാന്റിക്സ്,എറ്റിമോളജി 
എന്നൊക്കെയാണ്
സംസ്കൃത ചിന്തകൾ  

അതുകൊണ്ടാണീ 
പച്ച ഇങ്ങനെ 
മത്ത് പിടിപ്പിക്കുന്നതും  

മരുഭൂമിയിൽ മാത്രമുള്ള 
മലയാളി പേച്ചാണല്ലൊ  

ആ നിലയ്ക്കിനിയിപ്പോ 
അതൊരു  
മരുപ്പച്ചയായിരുന്നിരിക്കുമോ ?

എന്തായാലും 
പച്ചയുടെ കടയിൽനിന്ന് 
ചായ കുടിക്കരുത് 

മുടിഞ്ഞ മധുരമായിരിക്കും

2 comments:

ajith said...

അല്ലെങ്കിലും പച്ചയെന്ന് വിളിയ്ക്കാനെന്തായിരിയ്ക്കും കാരണം?

ചില നല്ല സുഹൃത്തുക്കളുണ്ട് പാക്കിസ്ഥാനികള്‍. പച്ചയെന്ന് നേരിട്ട് വിളിയ്ക്കാന്‍ സ്വാതന്ത്ര്യമുള്ളവര്‍

ബൈജു മണിയങ്കാല said...

ഡാ പോലെ പച്ചയും മലയാളി പരിചയപ്പെടുത്തിയ വാക്ക് തന്നെ അല്ലെ?