Monday, January 22, 2007

പോസ്റ്റ്മോഡേണ്‍ ബിംബം

ഒരേ നദി
ഇരു കരകള്‍
ഓരങ്ങളിലൊന്നിലിരുന്ന്
ചൂണ്ടയിടുന്നൊരു ചെക്കന്‍.

ഒരേ നദി
ഇരു കരകള്‍
ഒരു കരയില്‍
കാര്‍ഡും കലണ്ടറുമില്ലാതെ
കാലന്റെ കണ്ണാല്‍ മാത്രം
എണ്ണപ്പെട്ട ചിലര്‍
മറുകരയില്‍
കാര്‍ഡില്‍ നിന്ന് കാര്‍ഡിലേയ്ക്ക്
കാറോടുന്ന വേഗത്തില്‍
കണക്കായിമാറുന്ന
മറ്റു ചിലര്‍

ഒരു കരയില്‍
വിറ മാറ്റാന്‍
പഴയോലപുതപ്പിട്ട
കുരുന്നുകള്‍

മറുകരയില്‍
വെറി മാറ്റാന്‍
ഉടലുകളുടെ
കുളിര്‍രാവ്

ഒരു കരയില്‍
നാലു കാലില്‍
കൂരയില്ലാത്ത കക്കൂസ്

മറുകരയില്‍
കെട്ടിയിട്ട
നക്ഷത്രവഞ്ചി

ഒരേ നദി
ഇരുകരകള്‍ക്ക്
ഒരു സംഗമം
അലിയലിന്റെ
ഈ ഗതാഗതം
ഓരങ്ങളില്‍ ഇഴഞ്ഞും
നിരത്തില്‍ പാഞ്ഞും
വെളിപ്പെട്ടത്
ഒരേ കണക്കിന്റെ
വിപരീതപദങ്ങള്‍

ഇടയ്ക്കിടെ
പിഴച്ചുപോകുന്ന കണക്കുകളുടെ
ചില്ലറ ഒച്ചപ്പാടുകള്‍

തെരുവിലൊട്ടിച്ച വരയന്‍കുതിരയെ
കാണാതെപോയതിന്റെ ശിക്ഷയാവാം
കനേഷുമാരിക്ക് പുറത്ത്
ചിലര്‍
ചക്രത്തിന്നടിപ്പെട്ടു.

ഒരേ നദി
ഇരുകരകള്‍
ഓരങ്ങളിലൊന്നിലിരുന്ന
ചെക്കന്റെ ചൂണ്ടയില്‍
എന്തോ കുടുങ്ങി


സംശയമില്ല
അതോരു
പോസ്റ്റ് മോഡേണ്‍
പാലമായിരുന്നു.

Monday, January 15, 2007

അറുതി

ആകാശം കണ്ട് പൊങ്ങിയും
കടലറിയാനായി മുങ്ങിയും
മണ്ണിലെ ഓരോ പച്ചപ്പിലും
ഒട്ടിനില്‍ക്കുന്ന തുടിപ്പ്,
അടരാന്‍ മടിക്കുന്നോരില പോലെ
ചില്ലയോടൊട്ടി
മരം വേരിലും
വേര് മണ്ണിലും
മണ്ണ് മാനത്തും
വേര്‍പെടാന്‍ മടിക്കുന്നൊരു
തുടര്‍ച്ച...

സങ്കീര്‍ണ്ണമായ പടച്ചട്ടകള്‍ക്കുള്ളില്‍
എത്ര ലളിതം,
നിശ്ചലം,
മൗനം.

Saturday, January 13, 2007

മരുഭൂമിയില്‍നിന്നും മൂന്നു വരി..

മരുഭൂമിയില്‍ മരുപ്പച്ചകളില്ല.
നെഞ്ജില്‍ കണ്ണുള്ള പഥികന്
അത്‌ കിനാവിന്റെ ജലഗതാഗതം.

Sunday, January 7, 2007

അനുരണനം

വേലി ചാടുന്ന പയ്യിനറിയില്ല
അറവുശാലയ്ക്ക് മതിലുമുണ്ടെന്ന്.

മതില്‍ തുരക്കുന്ന എലിയുമറിയില്ല
മാളത്തിനപ്പുറം കെണിയോരുങ്ങുന്നെന്ന്.

നടന്നു തീര്‍ത്ത വഴികളിലൊന്ന്
തിരികെയെത്തിച്ചപ്പോള്‍
ഞാനുമറിഞ്ഞില്ല
ഇരുളു താരാട്ടുന്ന
കവലകളിലെങ്ങോ വച്ച്
എന്റെ ചേതന
ഒരു ഫോസിലായ് ഉറങ്ങിപ്പോയെന്ന്...

Monday, January 1, 2007

രണ്ടാമത്തെ മരുപ്പച്ച

മരണം ഒരിടിമുഴക്കമായിരുന്നെങ്കില്‍
കാതറുത്ത്
ഞാന്‍ അമരനായേനെ.

ഇനി അതൊരു ഉള്‍ക്കാ‍ഴ്ച്ചയാണെങ്കിലോ
കണ്ണടച്ചു ഞാ‍ന്‍ ഇരുട്ടാക്കിയേനെ.

കേള്‍വിയും കാഴ്ച്ചയും കടന്ന്
കര്‍പ്പൂരം പോലെ മണത്താലൊ,
നാളികേരം പോലെ രുചിച്ചാലൊ,
അതില്‍ കത്തിച്ചുവച്ച നെയ്ത്തിരിപോലെ
പ്രകാശിച്ചു നിന്നാലൊ,
പാലത്തലപ്പുകളില്‍ നിന്നും
കാമത്തിന്റെ വെണ്‍തടാകമായി
ഒഴുകിയെത്തിയാലൊ.,

ഒരു തൂശനിലയിലെ വിരുന്നായി
കണ്ണിനും കാതിനും കതകുതുറക്കാത്ത
കറുത്തവാവിന്റെ കടിഞ്ഞൂല്‍കുരുന്നായി
കനിവിന്റെ ധമനികളില്‍ മഞ്ഞുരുകി
ഉറഞ്ഞെത്തുന്ന കുളിരില്‍
ഒരു പുതപ്പായി
കണ്ണടച്ച്...