Monday, March 28, 2011

പെരുവഴി

ഇരുട്ടത്തെന്തോ
ഇഴഞ്ഞുപോകുന്നതുപോലെ തോന്നിയപ്പൊ
അടിച്ചങ്ങുകൊന്നു

ഇനിയെന്തു ചെറുക്കാനെന്നപോലെ
ഒരു കരച്ചില്‍ പോലും ദുര്‍വ്യയം ചെയ്യാതെ
അതാവട്ടെ കമഴ്‌ന്നുകിടന്നുതന്നു

ഇഴയുന്നതെല്ലാം പാമ്പല്ലെന്ന്
രാത്രിയൊത്തിരി നിലാവ്‌ തെറിപ്പിച്ചത്‌
കുപ്പായമ്പോലും നനച്ചില്ല

ചത്തുചുരുണ്ടത്‌
അണയ്ക്കാതിരിക്കാന്‍ മുറിച്ചുവച്ച
നടവഴിയുടെ ബാക്കിയായിരുന്നു

Thursday, February 3, 2011

ഇരുണ്ട ഭൂഖണ്ഡം

പണ്ടൊക്കെ
കണ്ണടച്ചാലുടന്‍
കാഴ്ചയിലേയ്ക്ക്‌ കയറിവരുന്ന
ഒരൊട്ടകക്കുഞ്ഞുണ്ടായിരുന്നു

ഇലയും തളിരും
പൂക്കളുമൊക്കെയുള്ളൊരു
കഥപറയുമോന്നുള്ള നോട്ടമുണ്ടായിരുന്നു

വയലും പുഴയും
വാഴപ്പഴത്തോപ്പുമുള്ള
ആ നാട്ടിലേയ്ക്കെന്നെയും കൊണ്ടുപോകുമോ എന്ന്
ഉരുമ്മി നില്‍ക്കുന്ന കുണുക്കമുണ്ടായിരുന്നു

വളരുംതോറും വറ്റി
കഥയും കിനാവുകളുമുള്ള മരീചികകള്‍

മനപാഠമായ്‌ ഞങ്ങള്‍ക്കിടയില്‍
പൊടിക്കാറ്റിന്റെ മുരള്‍ച്ചയിലൂടെ
വെയില്‍ കൊടുത്തയച്ച സന്ദേശം

സമാധിപോലെ ജീവിതം

തീമണ്ണില്‍ കാല്‍ കുഴിച്ചിട്ട്‌
മണ്‍കടലിന്റെ ചക്രവാളത്തിനുമപ്പുറത്തേയ്ക്ക്‌
ഇമയനക്കാതെ നോക്കിനില്‍ക്കുന്നൊരൊട്ടകത്തെയെങ്ങാന്‍ കണ്ടാല്‍
ഓര്‍ക്കണം, അതവനാവും

അവന്റെ കണ്ണിലെ
കൃഷ്ണമണിവട്ടത്തില്‍ അടക്കം ചെയ്യപ്പെട്ട്‌
ഞാനുണ്ടാവും

ഈ മണ്ണിലേയ്ക്കല്ലാതെ
ഒരുവഴിയുമാരെയും എവിടേയ്ക്കുംവിടില്ലെന്ന്
ഒട്ടകത്താരികള്‍ തിരിഞ്ഞുനടക്കുമ്പോള്‍
അവന്റെയോര്‍മ്മയില്‍
ഒരുകിനാവുറങ്ങാന്‍ കിടക്കും

ഉറക്കത്തിലൊരുവഴി
ഒരൊറ്റ വഴി
അതിര്‍ത്തിപ്രദേശം നുഴഞ്ഞുകടന്ന്
ഇരുണ്ട ഭൂഖണ്ഡത്തിലേയ്ക്ക്‌ രക്ഷപെടും

രാത്രികണ്ട കിനാവുകള്‍
കാലത്ത്‌ മറന്നുപോകുന്നത്‌
ഒരു വലിയ ഉപകാരം തന്നെ
സത്യം