കണ്ണടച്ചാലുടന്‍
കാഴ്ചയിലേയ്ക്ക് കയറിവരുന്ന
ഒരൊട്ടകക്കുഞ്ഞുണ്ടായിരുന്നു
ഇലയും തളിരും
പൂക്കളുമൊക്കെയുള്ളൊരു
കഥപറയുമോന്നുള്ള നോട്ടമുണ്ടായിരുന്നു
വയലും പുഴയും
വാഴപ്പഴത്തോപ്പുമുള്ള
ആ നാട്ടിലേയ്ക്കെന്നെയും കൊണ്ടുപോകുമോ എന്ന്
ഉരുമ്മി നില്ക്കുന്ന കുണുക്കമുണ്ടായിരുന്നു
വളരുംതോറും വറ്റി
കഥയും കിനാവുകളുമുള്ള മരീചികകള്‍
മനപാഠമായ് ഞങ്ങള്‍ക്കിടയില്‍
പൊടിക്കാറ്റിന്റെ മുരള്‍ച്ചയിലൂടെ
വെയില് കൊടുത്തയച്ച സന്ദേശം
സമാധിപോലെ ജീവിതം
തീമണ്ണില്‍ കാല് കുഴിച്ചിട്ട്
മണ്‍കടലിന്റെ ചക്രവാളത്തിനുമപ്പുറത്തേയ്ക്ക്
ഇമയനക്കാതെ നോക്കിനില്‍ക്കുന്നൊരൊട്ടകത്തെയെങ്ങാന്‍ കണ്ടാല്‍
ഓര്‍ക്കണം, അതവനാവും
അവന്റെ കണ്ണിലെ
കൃഷ്ണമണിവട്ടത്തില്‍ അടക്കം ചെയ്യപ്പെട്ട്
ഞാനുണ്ടാവും
ഈ മണ്ണിലേയ്ക്കല്ലാതെ
ഒരുവഴിയുമാരെയും എവിടേയ്ക്കുംവിടില്ലെന്ന്
ഒട്ടകത്താരികള്‍ തിരിഞ്ഞുനടക്കുമ്പോള്‍
അവന്റെയോര്‍മ്മയില്‍
ഒരുകിനാവുറങ്ങാന്‍ കിടക്കും
ഉറക്കത്തിലൊരുവഴി
ഒരൊറ്റ വഴി
അതിര്‍ത്തിപ്രദേശം നുഴഞ്ഞുകടന്ന്
ഇരുണ്ട ഭൂഖണ്ഡത്തിലേയ്ക്ക് രക്ഷപെടും
രാത്രികണ്ട കിനാവുകള്‍
കാലത്ത് മറന്നുപോകുന്നത്
ഒരു വലിയ ഉപകാരം തന്നെ
സത്യം
6 comments:
ഓരോ വരികളിലും മരുഭൂമിയുടെ വന്യമായ തീഷ്ണതയോടൊപ്പം ഒരു ബദുമനസ്സിന്റെ ധന്യമായ വിനയവും ആസ്വദിക്കാനാകുന്നു..
അവന്റെ കണ്ണിലെ
കൃഷ്ണമണിവട്ടത്തില്‍ അടക്കം ചെയ്യപ്പെട്ട്
ഞാനുണ്ടാവും
മരുഭൂമിയുടെ വന്യത ആവാഹിച്ച വരികള്‍..
പച്ചപ്പും പുഴയുമുള്ളവൻ
മരുഭൂമിയിൽ മരീചികകൾ ത്
ഏടുന്നുവോ ? ഒട്ടകകണ്ണിലെ കൃഷ്ണമണികളിലടക്കം ചെയ്യപ്പെടുന്നുവോ
പലായനത്തിനു ശ്രമിച്ച് പിടിക്കപ്പെട്ട ഒരു കിനാവിന്റെ കൂടെ ഇത്തിരിനേരം നടന്നതിനു നന്ദി,മുഹമ്മദിനും, ശ്രീദേവിക്കും, കലാവല്ലഭനും.
ഓര്‍മയില്‍ കിനാവുറങ്ങുന്നത് മണല്‍ക്കാറ്റിന്റെ വരികള്‍ കൊണ്ട് കുറിച്ചിട്ടും കൃഷ്ണമണി വട്ടത്തില്‍ കുളിരും തളിരും മഞ്ഞും പുഴയും ഒക്കെ നിറയുന്നല്ലോ.
"പണ്ടൊക്കെ കണ്ണടചാലുടന് കടന്നു വരുന്ന ഒരൊട്ടകകുഞ്ഞു.".കേരളത്തിലെ യൌവ്വനത്തിന്റെ ചരിത്രത്തിലൂടെ നടത്തുന്നുണ്ട്.
കണ്ണടച്ചാലുടന്‍ കയറിവരുന്ന ഒട്ടകക്കുഞ്ഞിലേയ്ക്ക് തുറന്ന ആ ഉള്‍കാഴ്ചയ്ക്ക് നന്ദി കലാധരന്‍.
Post a Comment