Wednesday, December 24, 2008

ദി എന്‍ഡ്

വിളര്‍ത്ത മുഖവും
തെല്ലുന്തിയ വയറുമായി
തിരക്കിനിടയില്‍ കണ്ടിരുന്നു

അഗ്നിബീജങ്ങളെ ഗര്‍ഭംധരിച്ചതുപോലെ
ഉടലാകെ വിയര്‍ത്തിരുന്നു

ഇരട്ടക്കുഞ്ഞുങ്ങളാവുമെന്ന്
പലരുമൂഹിച്ചിരുന്നെങ്കിലും
ഇടിയും മിന്നലുമ്പോലെയാവുമെന്ന്
ആരും നിരുപിച്ചിരുന്നില്ല

കതിനപൊട്ടുമ്പോലാ ഒച്ചകേട്ടതില്‍പ്പിന്നെ
ഒന്നിനുമൊട്ടാര്‍ക്കും സമയവും കിട്ടിയില്ല

ചത്തകുഞ്ഞിന്റെ ജാതകം
പത്രക്കാരും പോലീസുംചേര്‍ന്ന് നോക്കിച്ചതില്‍
‍സ്കാന്‍ ചെയ്യാതെവിട്ടതായിരുന്നത്രേ
പിഴവ്‌

മേലില്‍ ഭൂഗര്‍ഭമ്പോലും
ഒഴിവാക്കരുതെന്ന വീണ്ടുവിചാരത്തോടെ
‍പോയ പത്തിരുനൂറ്പേര്‍ക്കുള്‍പ്പെടെ
എല്ലാവര്‍ക്കും ഇനി
ശുഭം

Saturday, December 6, 2008

അപ്പൊഴേയ്ക്കും

അപ്പോഴേയ്ക്കും
ഉടല്‍ ഇടവപ്പാതിയിലെന്നപോലെ
നനഞ്ഞൊട്ടികഴിഞ്ഞിരുന്നു.

മുടിയിഴകളില്‍നിന്നും
പണ്ടമ്മ നെഞ്ചോട്‌ ചേര്‍ത്ത്‌
തുവര്‍ത്തിതിരുമ്മിത്തന്ന രാസ്നാദിവരെ
സ്രവിക്കാന്‍ ‍തുടങ്ങിയിരുന്നു.

മണല്‍ക്കാടുകള്‍ക്കുമേല്‍
‍തിമിര്‍ക്കുകയായിരുന്നു
മെയ്മാസമദ്ധ്യാഹ്നം.

വഴികളൊക്കെ
ഉരഗങ്ങളെപ്പോലെ
മാളങ്ങളിലേയ്ക്ക്‌
ഇഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു.

തെല്ലുതോര്‍ന്ന വെയില്‍
‍മണ്ണിലങ്ങിങ്ങായ്‌
തളംകെട്ടിക്കിടപ്പുണ്ടായിരുന്നു.

ആഴമുള്ളൊരു മരീചികയില്‍നിന്ന്
ശേഷിച്ചൊരു
മാനത്തുകണ്ണിയേയും കൊത്തി
പകല്‍ പറക്കാന്‍ തുടങ്ങുകയായിരുന്നു.

വേച്ചുവേച്ച്‌ ചെന്നുവീണ
കള്ളിമുള്‍പടര്‍പ്പുകളില്‍നിന്ന്
പഞ്ഞിക്കെട്ടുപോലെ മൃദുലമായ
കാച്ചെണയും, രാസ്നാദിയും മണക്കുന്ന
ഒരു വേര്‌
അതിന്റെ വിത്തിനെ
മാറോട്ചേര്‍ക്കുകയായിരുന്നു.

അപ്പൊഴേയ്ക്കും
എല്ലാ മണ്ണും
അവനമ്മയായ്ക്കഴിഞ്ഞിരുന്നു.

Monday, November 24, 2008

സഫിയുമ്മ

എന്നാലും ഇവനെങ്ങനെയാ
ചോരക്കുറിതൊട്ട കൂട്ടത്തില്‍ കൂടീന്നാ
സഫിയുമ്മയ്ക്കിപ്പൊഴും സംശയം

മൊയ്തീനേന്ന് നീട്ടിവിളിച്ചോണ്ട്‌
പടികേറിവരുന്ന വള്ളിനിക്കറ്‌
കണ്ണീന്ന് മറയുന്നില്ലിപ്പോഴുമവര്‍ക്ക്‌

പൂരവും പെരുനാളും ഒരുമിച്ച്‌ കൊള്ളാനും
പള്ളീന്നിത്തിരി സര്‍ബത്ത്‌ മോന്താനും
നേദിച്ച പായസം കീറ്റിലയില്‍ തിന്നാനും
താഴേന്നും മോളീന്നും വിലക്കിയിരുന്നില്ല
അന്നൊന്നും അവരെ ആരും

ഓണമായാലും വിഷുവായാലും
ഒരുനേരമെങ്കിലും വരും
'മൊയ്തൂന്റുമ്മ' വച്ച
അരിപ്പത്തിരീം കോഴിക്കറീം
പാതാമ്പുറത്തിരുന്ന്‌ ഒരുമിച്ച്‌ കഴിക്കും

എട്ടാംതരത്തില്‍ പഠിക്കുമ്പൊഴാണ്‌
മൊയ്തീന്‌ ജ്വരം വന്നത്‌

തലയ്ക്കേന്ന് പിന്നെ മാറീട്ടില്ല
ഒടുക്കം വരെ
ഉരുണ്ടുവീഴാമ്പോണ തുള്ളിപോലെ
വിങ്ങിനിന്ന ആ മുഖം

മയ്യത്തടക്കിക്കഴിഞ്ഞ്‌
പിന്നെയും വന്നിട്ടുണ്ടാവണം
ഉമ്മയെക്കാണാന്‍ ഒരു മൂന്നാലുവട്ടം

പിന്നെപ്പിന്നെ തീരെ കാണാതായി

ഇപ്പൊ ദാ ഏതോ ഒരന്യനാട്ടില്‍
‍പത്തുപന്ത്രണ്ടാളെ പച്ചയ്ക്ക്‌ ചുട്ട കേസില്‍
‍ജെയിലിലാണത്രേ
മൊയ്തീന്‍ പോയെങ്കിലെന്തുമ്മാ
മോഹനന്‍ കാണുമെന്ന്
പണ്ട്‌ കെട്ടിപ്പിടിച്ച്‌ കരഞ്ഞ ചെക്കന്‍

‍ന്റെ മൊയ്തീനുണ്ടായിരുന്നെങ്കില്‍
‍അവനിങ്ങനെ തലതിരിയില്ലായിരുന്നെന്ന്
ഇന്നും ആരെക്കണ്ടാലും ആണയിടും
സഫിയുമ്മ

ഇല്ലായിരുന്നുവോ ഒരുപക്ഷേ...?

Wednesday, November 12, 2008

ചൈനീസ് ടീ.വി

വില തുച്ഛം ഗുണം മെച്ചം
ഏതെടുത്താലും മിച്ചമെന്ന്
പുത്തന്‍ ബസാറിന്റെ ഖ്യാതി
വീടുവീടാന്തിരം
പുകഴ്പെറ്റുകൂട്ടുന്ന കാലം

സ്വന്തമാക്കി അഭിമാനിച്ചേക്കാമെ-
ന്നാരെങ്കിലും നിനച്ചാല്‍
‍കുറ്റം പറയാന്‍ പറ്റുമോ?

വന്നുകയറി
എന്റെ വീട്ടിലുമൊരു
പുത്തന്‍ ഫ്ലാറ്റ് ടീ.വി

കന്നിക്കാഴ്ച്ച
പാര്‍ട്ടി ചാനലില്‍
പാര്‍ട്ടി കാങ്ക്രസ്സെന്ന് കട്ടായം
ബീഡിയിലയിലും
വെടിമരുന്ന് തെറുത്തുവലിക്കുന്ന
ഒഞ്ചിയത്തുകാരന്‍ അപ്പന്‍

‍സ്വിച്ചിട്ട് കത്തിച്ച
കടിഞ്ഞൂല്‍ കാഴ്ച്ചതന്നെ
കണ്ണുതള്ളിച്ചുകളഞ്ഞു

ചുവപ്പു മങ്ങി
കാവിയായ് തുടങ്ങിയ
കൊടികളും കുപ്പായങ്ങളും

നിരങ്ങുകയാണ്‌
നഗരവീഥികളിലൂടൊരു
നിറം മാറിയ ചെങ്കടല്‍..!

ക്ലാവുപോലൊരു പച്ചപ്പില്‍
പൂത്തിരിക്കയാണ് രക്തഹാരങ്ങള്‍..!

കോളക്കറുപ്പില്‍ ‍നുരയുകയാണ്
വേദിയിലെ തെളിനീര്‍...!

ഡിജിറ്റല്‍ ഒച്ച ചിലമ്പിച്ച്
നമ്മള് കൊയ്യും വയലെന്നും
തമ്പ്രാന്റേതെന്ന് പാടുകയാണ്
പുത്തന്‍ പൈങ്കിളികള്‍‍..!

വാങ്ങുമ്മുമ്പേ
അടിച്ചുപോയോ
ഈ ചൈനാജാലത്തിന്റെ
പിക്ചര്‍ട്യൂബെന്ന് പകച്ച്
അണയ്ക്കാനാഞ്ഞപ്പോ
അടുത്തിരുന്ന മകന്‍
കൈക്കുപിടിച്ചു

കേടായതൊന്നുമല്ലെന്റെയച്ഛാ
ഇതാണ് പുതിയകാലത്തിന്റെ
ശബ്ദവും വെളിച്ചവും
നിറമേതായാലെന്താ
കൊടി നന്നായി കണ്ടാല്‍ പോരേ..!

മുടക്കിയ കാശ്‌
അവന്റെ ആയതുകൊണ്ട്‌
പിന്നൊന്നും മിണ്ടിയില്ല

ചുരുണ്ടുകൂടി

അപ്പന്‍ മാത്രം
തിമിരം വന്നെന്നോ
കേള്‍വി കുറഞ്ഞെന്നോ
ഇപ്പൊഴും
നിര്‍ത്താതെന്തൊക്കെയൊ
പിറുപിറുക്കുന്നുണ്ട്‌

പഴയ ആളല്ലേ...

Thursday, October 23, 2008

കമ്പപുരാണം

പാസ്പോര്‍ട്ടോ, വിസയൊ
തളര്‍ന്നുറങ്ങുന്ന ഉടലോ എടുക്കാതെ
ഏതോ അറേബ്യന്‍ ലേബര്‍ക്യാമ്പില്‍നിന്ന്
കമ്പങ്ങളുടെ ഒരു നിറകുംഭമാസത്തിലേയ്ക്ക്‌
പൊടുന്നനേ പുറപ്പെട്ടുപോയതാണവര്‍

മലനടയില്‍നിന്ന്, പരവൂരുവഴി
അങ്ങ്‌ ത്രിശ്ശിവപേരൂര്‌ വരെ
പല പൂരം നിരങ്ങി
മണല്‍ക്കാടുകള്‍ ആറിത്തുടങ്ങുന്നൊരു
വ്യാഴസന്ധ്യയിലേയ്ക്ക്‌ തന്നെ വന്നടിഞ്ഞ്‌
വീതമിട്ട്‌ വാങ്ങിയ ഒരു കുപ്പി
വിലകുറഞ്ഞ കള്ളിന്റെ വീര്യത്തില്‍
കമ്പമെങ്കില്‍ കമ്പം
മലനടക്കമ്പം എന്ന നിരക്കില്‍
‍വാഴയിലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവന്ന
ചൂടാറാത്ത ഗൃഹാതുരത്വങ്ങള്‍
അഴിക്കുവാന്‍ തുടങ്ങി

പപ്പുവാശാന്റെ ഞെരിപ്പും
മണിയനാശാന്റെ അമിട്ടുമങ്ങനെ
പല ശബ്ദങ്ങളില്‍, പല വര്‍ണ്ണങ്ങളില്‍
‍അടുക്ക്‌ തെറ്റാതെ, അളവ്‌ മാറാതെ
മാനത്ത്‌ ദേശീയപതാക വിടര്‍ത്തി നില്‍ക്കേ
കമ്പമെന്നാല്‍ നിലത്തൂന്ന് മേപ്പോട്ടല്ല
അവിടന്നിങ്ങ്‌ താപ്പോട്ട്‌
തീവായും തുറിച്ചൊരു വരവാണെന്ന്
എന്തോ ഓര്‍ത്തെടുത്തു
ഒരഫ്ഗാനി

ചുരുട്ടിയ പായില്‍
പരാധീനങ്ങളും പൊതിഞ്ഞ്‌
പൂരങ്ങളില്‍നിന്ന് പൊടിപൂരങ്ങളിലേയ്ക്ക്‌
പെയ്തൊഴിയാത്ത പലായനങ്ങളുടെ
വാല്‍ക്കഷണം വായിച്ചു
പലസ്തീനികള്‍

വെള്ളിടി പൊട്ടുമ്പോള്‍
‍കൈ ചെന്ന് പൊത്തിയ ചെവികളില്‍നിന്ന്
താനേ അടഞ്ഞ കണ്ണുകളില്‍നിന്ന്
കണ്ടെടുക്കണം
കാണാതെപോയ ബന്ധുക്കളെ
എന്ന് കുതിര്‍ന്നു
ഓര്‍ക്കാപ്പുറത്ത്‌ കരയുന്ന ശീലമുള്ള
ആറടിക്കാരന്‍ ഇറാഖി

കമ്പപുരാണത്തിന്റെ രസച്ചരട്‌ പൊട്ടി
ബാക്കിവന്നത്‌
ഒറ്റയിറുക്കിന്‌ കുടിച്ച്‌ വറ്റിച്ച്‌
ഉറങ്ങാന്‍ കിടന്നവരില്‍ ചിലരെങ്കിലും
പരിചയമില്ലാത്ത ഏതോ പൂരപ്പറമ്പിലെ
കമ്പപ്പുരയ്ക്ക്‌ തീപിടിച്ചെന്ന്
സ്വപ്നം കണ്ടുണര്‍ന്നു

മൂത്രമൊഴിച്ച്‌ വന്ന്
രണ്ടിറക്ക്‌ വെള്ളവും കുടിച്ച്‌
ഇഷ്ടദൈവത്തെ വിളിച്ച്‌
തലവഴി മൂടി

ഉറങ്ങിക്കാണും

ഇല്ലാതിരിക്കാന്‍
കുറേ കിനാവുകളല്ലാതെ
ജീവിതം കണ്ടിട്ടില്ലല്ലൊ
നമ്മളിതുവരെ

Tuesday, September 23, 2008

സംസ്കരണം

ചത്താല്‍
‍കിടന്ന് നാറുമ്മുമ്പ്‌
കുഴിച്ചിടുന്നവന്‌ കൂലിയായി
നാലു കാശ്‌
സ്വരുക്കൂട്ടി വച്ചതും
കട്ടോണ്ട്‌ പോയിരിക്കുന്നേതോ
ഒരുമ്പെട്ട കാലന്മാര്‍..!

അങ്ങനെയാണ്‌ പിന്നെ
പകരത്തിനഞ്ചാറ്
കഴുകന്മാരെപ്പോയി
കെണിവച്ച്‌ പിടിച്ച്‌
കൊണ്ടുവന്നത്‌.

ഒടുക്കം
അതുവരെ കാത്താല്‍
അവന്മാരുടെ ശവവും
ഞാന്‍ തന്നെ തിന്നേണ്ടിവരുമോന്ന്
വര്‍ണ്ണ്യത്തിലൊരാശങ്ക
ആളിപ്പിടിച്ചാണ്‌
ഇരുട്ടും വരെ കാക്കാതെ
ഇപ്പൊഴെ അങ്ങ്‌
മലര്‍ന്ന് കിടന്നുകൊടുത്തത്‌.

ഒരറ്റം തൊട്ടങ്ങനെ
അടിച്ചുവാരി വരട്ടേന്ന്....

അഴുക്കുണ്ടേ
പത്തുനാപ്പത്‌ കൊല്ലത്തോളം...

വെളുക്കും മുമ്പ്‌ തീര്‍ക്കണേ
എന്റെ വിശപ്പിന്റെ കഴുകന്മാരേ എന്ന്
ഉമ്മറത്തിരുന്നാരോ
ഉറക്കം തൂങ്ങിയത്‌ മാത്രം
എപ്പൊ കെട്ടുവെന്ന്
എന്നോട്‌ ചോദിക്കരുത്‌.

Friday, September 12, 2008

എങ്ങനെ...?

കെട്ടിയോനെക്കൊണ്ട്‌
മടുത്തല്ലോ ദൈവമേ എന്ന്
വ്രതം നോറ്റ്‌ മടുത്തിട്ട്‌
നോമ്പ്‌ പിടിച്ച്‌ പ്രാര്‍ത്ഥിച്ച്‌ നോക്കും
പെമ്പിറന്നോത്തി.

അപ്പനെ നന്നാക്കണേയെന്ന്
വീട്ടിലില്ലാത്ത മുട്ടിപ്പാ
നിരാഹാരം കിടന്ന് വാങ്ങിപ്പിച്ച്‌
മുട്ടുകുത്തി പ്രാര്‍ത്ഥിക്കും
കോണ്‍വെന്റില്‍ പഠിക്കുന്ന
കുട്ടികള്‍.

കെട്ടിയോളെയും കുഞ്ഞുങ്ങളേയും
ഇങ്ങനെ കണ്ണീരു കുടിപ്പിക്കുന്ന ഒരു ദൈവത്തില്
‍എങ്ങനെ പിന്നെയും വിശ്വസിക്കും
സ്നേഹമുള്ള
ഏതു കെട്ടിയോനും, അപ്പനും...?

Wednesday, September 10, 2008

പപ്പിയക്ക

പപ്പിയക്കന്റെ പൗള്‍ട്രിഫാം
പട്ടണം കീഴടക്കിയത്‌
പെട്ടന്നായിരുന്നു.

കള്ളിമുണ്ടും തോര്‍ത്തും
ഉച്ചിയില്‍ കെട്ടിവച്ച മുടിയും
മുറുക്കി ചുവന്ന ചുണ്ടും
എള്ളെണ്ണ തേച്ച്‌
വിയര്‍പ്പുമിനുക്കിയ ഉടലുമായ്
അവരെക്കണ്ടാണ്‌
അവിടത്തുകാര്‍ ‍കാമത്തിന്റെ നിറം
കറുപ്പാണെന്ന് ഉറപ്പിച്ചത്‌.

ഷെഡിലേയ്ക്ക്‌
കുനിഞ്ഞുകയറുന്നതും കാത്ത്‌
തോര്‍ത്തു തുളയ്ക്കുവാന്‍
ആര്‍ത്തിയുള്ള കണ്ണുകള്‍
‍ക്യൂ നില്‍ക്കുമായിരുന്നു.

ചെറുപ്പക്കാര്‍, മദ്ധ്യവയസ്കര്‍
‍വഷളന്‍ കിഴവന്മാര്‍ തൊട്ട്‌
മൂത്ത കൗമാരക്കാര്‍ വരെ
ആയിടെ കോഴിയേ തിന്നൂ.
പപ്പിയക്കന്റെ കടയീന്നേ വാങ്ങു.

ലോണെടുത്ത്‌ കോഴിക്കട തുടങ്ങിയ
ചില മൂളയില്ലാത്തവന്മാരൊഴികെ
ആണായ്‌ പിറന്നവരിലാരും
അവരെ ഇച്ചിപ്പോന്ന് പറയുമായിരുന്നില്ല.

പതിവുകാര്‍ക്ക്‌
അല്‍പാല്‍പ്പം അശ്ലീലവും
അതില്‍ വേണ്ടപ്പെട്ടവര്‍ക്ക്‌
ഒരു മുട്ടലും ഉരസലും വരെ,
അതുവരെ മാത്രം,
പപ്പിയക്കയ്ക്ക്‌ പരാതിയില്ല.

പിന്നേംനിന്ന് ചൊറിയുന്നോര്‍ക്കായ്
താമ്പൂലം ചേര്‍ത്ത
നല്ല പിടയ്ക്കുന്ന തെറികള്‍
വായിലിട്ട് ചവച്ചത്
എപ്പോഴും റെഡിയായിരുന്നു.

എന്നിട്ടും
പപ്പിയക്കന്റെ കടയില്‍
‍കോക്കാന്‍ കേറി.

ഷെഡും പൊളിച്ചു.

കോഴിയേം പിടിച്ചു.

മനംനൊന്ത അക്കന്‍
‍രായ്ക്കുരാമാനം
നാടുവിട്ടെന്ന് കഥ.

ഷെഡിന്റെ പിറകീന്ന്
കീറിയൊരു കള്ളിമുണ്ടും
തോര്‍ത്തും
ആരോ കണ്ടെടുത്തത്‌
പോലീസുകാര്‍ മുക്കി.

കൊണ്ടുപോയ്‌
മണപ്പിച്ച്‌ കെടക്കാനായിരിക്കും..!

Wednesday, September 3, 2008

സമവാക്യം

പറ്റിപ്പോയ
അബദ്ധങ്ങളെക്കുറിച്ച്‌ പഠിക്കാന്‍
‍ചരിത്രം മതിയാവും.

വറ്റാത്ത അവയുടെ
ഒഴുക്കിനെ കുറിച്ച്‌ പഠിക്കാനാവട്ടെ
വര്‍ത്തമാനപത്രങ്ങള്‍ തന്നെ ധാരാളം.

പഠനങ്ങള്‍ക്ക്‌ വഴങ്ങാത്തയീ
വര്‍ത്തമാനചരിത്രം
ദഹനക്കേടായ്‌ വളരുന്നതിനെ
ആമാശയരോഗമെന്ന് വിളിക്കുമോ
അടിവയറിനിനിയും
കാണാതെ പഠിക്കുവാനുള്ള
ഏതെങ്കിലും ഒരു വിപ്ലവ സമവാക്യം..?

Wednesday, August 27, 2008

ആശാലത

മുല്ലയ്ക്ക്‌ വെള്ളമൊഴിക്കാനെന്ന വ്യാജേനെ
മുറ്റത്ത്‌ നില്‍ക്കും
എന്നും മൂന്നര മണിനോക്കി
തെക്കേ വളവുകഴിഞ്ഞ്‌
എപ്പൊഴും ഉദിക്കാവുന്ന
ഒരു നക്ഷത്രത്തെയും കാത്ത്‌.

പൊലിഞ്ഞു പോയവരെപ്പോലെ
മാനത്തു കാണാവുന്ന
ഒന്നായിരുന്നില്ല അത്‌.

വളവുതിരിഞ്ഞ്‌
മണവും,
ചിലപ്പോള്‍ ‍ചില ചിലപ്പുകളുമായ്‌
എന്നും എത്തുമായിരുന്നത്‌.

താലത്തിലോ , വിളക്കിലോ
നെല്ലിലോ, പൂക്കുലയിലൊ
കണ്ടെടുക്കനാവാത്തൊരു താലപ്പൊലി
നെഞ്ചിലങ്ങനെ കത്തിനില്‍ക്കുന്നത്‌
പൊള്ളലറിയിക്കുമായിരുന്നു.

വെറുതെ വീശിയൊരു കാറ്റില്‍
ഒരിക്കലൊന്ന്
കണ്ണടഞ്ഞുപോയതാണ്‌.

വീണ്ടെടുക്കാനാവാതെപോയ
ഒരു വിലാപത്തിന്റെ വെയിലേറ്റ്‌
വാടിപ്പോയ്‌
മുറ്റത്തേയ്ക്ക്‌ പറിച്ചുനടാനായി
വേലിയില്‍ കണ്ടുവച്ച ആശാലത...

അതില്‍ പിന്നെ
‍സ്വപ്നങ്ങള്‍ക്ക്‌ ഞാന്‍
വേലികെട്ടിയിട്ടില്ല.

Sunday, August 17, 2008

കാറ്റഴിയുന്ന വഴി.

കെട്ടിത്തൂങ്ങിയ പാട്ടുകള്‍ കൊണ്ടും
കനലൂതിപിടിപ്പിക്കാന്‍
‍കാറ്റിനേ കഴിയൂ.

വരികളോ, വാക്കോ
ലിപികകള്‍ക്ക്‌ മുകളില്‍
കുറിച്ചുവച്ച സ്വരസ്ഥാനങ്ങളോ
പറന്നുപോകുന്നത്‌
കണ്ടാലും പകയ്ക്കാതെ
അതങ്ങനെ ഉതിര്‍ന്നുകൊണ്ടേയിരിക്കും.

കണ്ണടയും വഴി
ഓര്‍ത്തെടുക്കാനായില്ലെങ്കിലോ എന്ന്
മറവിയെ ഭയക്കാതെ
അലിഞ്ഞുകൊണ്ടേയിരിക്കും.

ഉറക്കത്തിനറിയാം
കാറ്റാണേറ്റവും മികച്ച
പാട്ടുകാരനെന്ന്.

അവന്‌
അനശ്വരത പോലുള്ള
ബാദ്ധ്യതകളോന്നുമില്ലെന്ന്.

Tuesday, August 12, 2008

മദ്യപിച്ചിട്ടാവുമ്പോള്‍ ഛര്‍ദ്ദിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലല്ലൊ.

വല്ലപ്പോഴും
നേരില്‍ കാണുമ്പോള്‍
‍നാലുവാക്കില്‍ ഒതുക്കാന്‍
കഴിയാതെപോകുന്നവ
മേലില്‍
കണ്ടാല്‍ തിരിഞ്ഞുനടക്കും വരെ
നിങ്ങളെ മടുപ്പിക്കുന്നെങ്കില്‍
നിങ്ങളെപ്പോലെ പലരോട്‌
നിത്യവും ചിലയ്ക്കുന്ന നാവ്‌
എത്ര മടുപ്പിച്ചിരിക്കണം
പലായനത്തിന്‌ വഴികളില്ലാതെ
കുടുങ്ങിപ്പോയ എന്റെയീ
പാവം ചെവികളെ!

നെല്ലിപ്പലക കണ്ടപ്പൊഴാണ്‌
നടുവിരലെടുത്തങ്ങോട്ട്‌ വയ്ക്കാന്‍
കൈപ്പത്തിക്ക്‌ നിര്‍ദ്ദേശം കൊടുത്തത്‌.

എന്നിട്ടും
തെകിട്ടിവന്ന ഒച്ചകളില്‍ വിരലിട്ട്‌
തെരുവോരത്തെന്നെ കുനിച്ചിരുത്തി
ദുഷ്ടന്‍..!

അതുവഴി വന്ന
ഒരജ്ഞാത സുഹൃത്ത്‌ ക്ഷണിച്ചു
അറുപത്‌ വിട്ടാല്‍ മാറും, വാ..

ഭാഗ്യം..,

Thursday, August 7, 2008

ഏര്‍പ്പാട്

ജീവിച്ചിരുന്നാല്‍
ഒരുപാട്‌ പാട്‌.

ചത്തുകഴിഞ്ഞാല്‍ പിന്നെ
ഇരുപാടും പാട്‌.

ചത്തതിനൊത്തപോല്‍
ജീവിച്ചിരുന്നാല്‍
മെച്ചത്തില്‍ കഴിക്കാവുന്ന
ഈ ഏര്‍പ്പാട്‌..!

Saturday, July 26, 2008

തന്മയീഭാവം

ഒരു മിനിറ്റ്‌ മാത്രം
ദൈര്‍ഘ്യമുള്ളൊരു ആവിഷ്കാരം.

മൂന്നുവട്ടം പിടഞ്ഞ്‌
അഭിനയം പൂര്‍ത്തിയാക്കിയ നടന്‍.

കാണികള്
‍നേരം കളയാതെ
ഓപ്പണ്‍ ഫോറത്തിലേയ്ക്ക്‌ ചേക്കേറി.

അമിതമായ തന്മയീഭാവം കൊണ്ട്‌
തകര്‍ന്നുപോയ ക്രാഫ്റ്റെന്ന്
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ വിലയിരുത്തി.

ഇനി ഒരൂഴം കൂടി
ചോദിക്കാനില്ലാത്തതുകൊണ്ട്‌
പരാജയപ്പെട്ട കലാരൂപം പിന്നെയും
കണ്ണടച്ചവിടെ ഒരേ കിടപ്പ്‌ കിടന്നൂന്ന് മാത്രം..!

Friday, July 18, 2008

ആയുസ്സ്

കപ്പ, പുഴുക്ക്‌, പഴങ്കഞ്ഞി മുതല്‍
പോത്തിറച്ചി, പന്നി ഇറച്ചി
തവളക്കാല്‍ വരെ
സസ്യവും, സസ്യേതരവുമായ
സകല രുചികളേയും
പിറകേ നടന്ന്
പ്രണയം കൊണ്ട്‌
പൊറുതിമുട്ടിച്ചപ്പൊഴാണ്‌
കൊഴുപ്പിന്റെ പടകളെ ഇളക്കിവിട്ട്‌
അവരെന്റെ ചങ്കിന്റെ വാതിലുകള്‍ അടച്ച്‌
പ്രാണനെ ഘെരാവോ ചെയ്തത്‌.

ചാര്‍മിനാര്‍, സിസറ്‌, വില്‍സുതൊട്ട്‌
ദിനേശ്‌, കാജാ, തെറുപ്പങ്ങനെ
സാക്ഷാല്‍ നീല ചടയന്‍ വരെ
ഓട്ടുകമ്പനിയിലെ കുഴലുപോലെ
പുകകൊണ്ട്‌ സദാ
കൊടി പിടിച്ചതുകൊണ്ടാണ്‌
ശ്വാസം കിട്ടാതവര്‍
നിക്കോട്ടിനും, ടാറും
കാര്‍ബണുമായി പിരിഞ്ഞ്‌
എന്റെ ശ്വാസകോശങ്ങളില്‍
കുത്തിയിരിപ്പ്‌ സമരം തുടങ്ങിയത്‌.

തട്ടിന്‍പുറത്തുനിന്ന്
തേങ്ങാ മോഷ്ടിച്ചു വിറ്റ കാശിന്‌
ആദ്യമായ്‌ മോന്തിയ വാറ്റുചാരായം തൊട്ട്‌
നാടനായ്‌, വിദേശിയായ്‌
തിരുക്കി പൊട്ടിച്ച കുപ്പികളുടെ
കന്യാചര്‍മ്മങ്ങളാവണം
കണ്ണകിമാരായ്‌
എന്റെ കരളിന്റെ കോലം കത്തിച്ചത്‌.

വലിച്ചതും, കുടിച്ചതും, തിന്നതുമായി
വാരിപ്പിടിച്ച സകല ഇഷ്ടങ്ങളും
ഒന്നൊന്നായ് അങ്ങനെ
കൈ കഴുകി ഒഴിഞ്ഞിട്ടും
ഇനിയും സ്നേഹിച്ച്‌ തീര്‍ന്നിട്ടില്ലെന്ന്
ഒട്ടിനില്‍ക്കുന്നുണ്ട് ഒരുയിരു മാത്രം;
എറ്റിവിട്ടാലും വിട്ടുപോകാത്ത പട്ടിയെ പോലെ,
ഉടലിലെവിടെയോ...

ഇനിയിപ്പൊ
അതിനു‌ വേണ്ടിയും
ഒന്നു ജീവിച്ച്‌ നോക്കണം.

Wednesday, July 9, 2008

നിലപാട്

കടല്‍തീരത്ത്‌
മിഴുങ്ങസ്യാന്നങ്ങനെ
മാനം നോക്കി
മലര്‍ന്നു കിടക്കുമ്പോഴാണ്‌
മുങ്ങിച്ചാവുന്ന കൊച്ചിന്റെ
നിലവിളി കേട്ടത്‌.

ആദ്യം മനസില്‍ വന്നത്‌
മായാസിദ്ധാന്തമാണ്‌.
പിന്നെ ജനനമെന്താണ്‌,
മരണമെന്താണ്‌,
അവയെ ബന്ധിപ്പിക്കുന്ന
പാലമേതാണ്‌,
അതിലൂടെ പോകുന്ന
തീവണ്ടിയേതാണ്‌,
പെരുമണ്‍ ദുരന്തം
ഒരു ദുരന്തമാകുന്നതെങ്ങനെയാണ്‌
എന്നൊക്കെ ആലോചിച്ച്‌
ജ്ഞാനോദയത്തോളം എത്തിയപ്പൊ
നാശം..!, കുറേ ആള്‍ക്കാര്‍
‍നിലവിളിയും ബഹളവുമായ്‌
തെളിഞ്ഞു തീരാത്ത
എന്റെ വെളിപാടും താങ്ങിയെടുത്ത്‌
ഓടിപ്പോയി...

പിന്തിരിപ്പന്മാര്‍..!

Sunday, June 15, 2008

മഴ

പണിതീരാത്ത ഫ്ലാറ്റിന്റെ
പതിനാലാം നിലയില്‍ നിന്ന്
കിനാവുകണ്ട പ്രവാസിയുടെ
ഉച്ചിയില്‍നിന്നും ഒലിച്ചിറങ്ങിയ
ഉപ്പുരസമുള്ള ഒരു തുള്ളി
നാട്ടിലിപ്പൊ പെരുമഴയാണെന്ന്
ചെവിയില്‍ സ്വകാര്യം പറഞ്ഞു.

നാട്ടില്‍ മഴ പെയ്താല്‍
ഇവിടെന്റെ വിങ്ങല്‍ മാറുമോ എന്ന്
എന്തോ.., ഒരീര്‍ഷ്യയില്‍
പരിഭവം പറഞ്ഞുപോയ്‌...

പിന്നവന്റെ
അകാല്‍പ്പനികതകള്‍ക്കുമേല്‍
ഒരു തുള്ളിപോലും പെയ്തിട്ടില്ല
മഴ..!

Saturday, May 3, 2008

വായന

മടുപ്പിന്റെ
മഹാകാവ്യത്തിന്‌
കാണ്ഡങ്ങളോ സര്‍ഗ്ഗങ്ങളോ ഇല്ല

ചൊല്ലി പഠിക്കുവാന്‍
‍ശ്ലോകങ്ങളോ
ഓര്‍ത്തുവയ്ക്കുവാന്‍
ഒരു വാക്കു പോലുമോ ഇല്ല

എന്നാലും അറിയാം
ചിലനേരങ്ങളില്‍
‍കോശങ്ങളോന്നൊന്നായി മറിച്ച്‌
കവിയെ അത്‌
അലസമായ്‌ വായിക്കുന്നത്‌

Wednesday, April 30, 2008

മെയ്ദിനം

മെയ്‌ ദിനത്തില്‍ വിവാഹിതരായത്‌
മുന്‍ കൂട്ടി നിശ്ചയിച്ചതിന്‍ പടി
ആയിരുന്നില്ല.

ഉണ്ടായ കുഞ്ഞുങ്ങള്‍
‍വിപ്ലവത്തിന്റെ സന്തതികളാണെന്ന്
വീമ്പു പറഞ്ഞിട്ടുമില്ല.

എന്നാലും
സര്‍വരാജ്യ തൊഴിലാളിദിനം
നമ്മള്‍ ആഘോഷിക്കാതിരുന്നിട്ടില്ല.

നമ്മുടെ പല കുഞ്ഞുങ്ങളും
ഇന്ന് രാഷ്ട്രീയമില്ലെന്ന് കൈ കഴുകി
സദ്യയുണ്ണാനിരിക്കുന്നത്‌
ഇങ്ങനെ യാദൃശ്ചികമായ്‌ വളര്‍ന്ന
ചില വാഴയിലകള്‍ ‍വെട്ടിയിട്ടാകാം,
അല്ലേ...?

Saturday, April 12, 2008

ഭൂമിശാസ്ത്രം

കടലില്‍ നിന്ന്
കാറ്റ്‌ അടര്‍ത്തിയെടുത്തത്‌
കരയില്‍ പ്രളയമാകുന്നത്‌
കണ്ടിട്ടുണ്ടോ?

മേഘത്തിന്റെ
അഴിഞ്ഞ മുടിക്കെട്ട്‌
വെള്ളത്തില്‍ പൊന്തി
ഒഴുകുന്നത്‌ കണ്ടിട്ടുണ്ടോ?

കടലിറങ്ങി
വെളിപ്പെട്ട തുരുത്തില്‍
‍ശൂന്യത
മാനം നോക്കിയിരിക്കുന്നത്‌
കണ്ടിട്ടുണ്ടോ?

കാഴ്ചയുടെ കുരുതി കഴിഞ്ഞ്‌
കടലില്‍ ചാടിയ വെളിച്ചപ്പാടിന്റെ
ഉള്‍ത്തീ പഴുക്കുന്ന
പടിഞ്ഞാറ്‌ കണ്ടിട്ടുണ്ടോ?

ഇല്ലെന്ന ആധിയില്‍
‍ചുറ്റും മിഴിക്കേണ്ട.

ഞാന്‍ പറഞ്ഞത്‌
നിന്റെ കവിളിലേയ്ക്ക്‌
ഉരുളാന്‍ പോകുന്നൊരു ഗോളത്തിന്റെ
ഭൂമിശാസ്ത്രത്തെക്കുറിച്ചാണ്‌.

Tuesday, April 1, 2008

ഭയം

നീന്താനറിയില്ലെനിക്ക്‌.
എങ്കിലും ചിലപ്പോള്‍
ചില പുഴകള്‍ ‍
എന്നെ നീന്താന്‍ ക്ഷണിക്കും.

സുതാര്യമായ
അതിന്റെ ആഴങ്ങളില്‍
മുഖം തെളിയുമ്പോ
അടിയില്‍ എവിടെയോ കാണും
ഞാനെന്ന് നിനയ്ക്കും.

നീന്താനറിയില്ലെനിക്ക്‌.
എങ്കിലും ചിലപ്പോള്‍
ചില മോഹങ്ങളെന്നെ
ഒരു മുങ്ങാങ്കുഴിക്ക്‌ ക്ഷണിക്കും.

എടുത്തു ചാടിയാല്‍ പിന്നെ
മൂന്നു നിവരലിന്റെ
നേരമേയുള്ളു.

അതിനിടയിലിനി
നീന്തലെങ്ങാനും പഠിച്ചുകളയുമോ
എന്നതാണെന്റെ ഭയം.

Monday, March 24, 2008

ഒരു സ്വപ്നത്തിന്റെ വ്യാഖ്യാനം

ഗതാഗത ദ്വീപില്‍
‍നാലുപാടുമായി തളംകെട്ടി
ഊഴം കാത്ത്‌ കിടന്ന വാഹനങ്ങളിലൊന്ന്
പൊടുന്നനെ ഒരു കിനാവുകണ്ടു.

പല വഴിക്ക്‌
വണ്ടികള്‍ വന്ന് മുട്ടിയ
ഒരു കടലായി ദ്വീപ്‌.

ഓഫീസ്‌, സ്കൂള്‍
കട, ചരക്കെടുപ്പ് എന്നിങ്ങനെ
വഴികെട്ടു സമസ്തവും.

ഡിക്കി ഉയര്‍ത്തി
പായയും ,സൈക്കിളും
ബോളും ബാറ്റുമൊക്കെ എടുത്ത്‌
ഗതികേടിനെ ഉത്സവമാക്കാന്‍
ആദ്യം ഇറങ്ങിയവര്‍ കുട്ടികളായിരുന്നു.

ക്രമേണെ
മുതിര്‍ന്നവരും പുറത്തിറങ്ങി
ചിലരൊന്നു നടുവു നിവര്‍ത്തി,
ചിലരൊരു പുകയെടുത്തു,
പെണ്ണുങ്ങള്‍ പരിചയം പരതി.

സൈക്കിളില്‍
‍ഫ്ലാസ്കുകളും വച്ചുകെട്ടി
ഒരു ചായക്കാരന്‍ ഹിന്ദി,
കൈയ്യില്‍ കപ്പലണ്ടിയും,
കടലയുമായി ഒരു ബംഗാളി,
കമ്പില്‍ കോര്‍ത്ത്‌ ചുട്ട ഇറച്ചിയുമായി
ചില പാകിസ്ഥാനികള്‍,
പല ഭാഷകളില്‍ കുശലങ്ങള്‍
‍പൊട്ടിച്ചിരികള്‍,ഫോണ്‍ വിളികള്‍
‍വഴിമുട്ടിയിട്ടാണെങ്കിലും
വീണുകിട്ടിയോരൊഴിവുനാളിന്റെ
കഴുത്തറ്റംവരെയേ ഇറങ്ങിയേയുള്ളു
കിനാവ്‌...,ഉടന്‍ കേട്ടു
അറബിയില്‍ തന്തയ്ക്കു വിളിച്ചത്‌
പച്ച മലയാളത്തില്‍ അയച്ചെന്നുപറഞ്ഞ
ഡ്രഫ്റ്റിങ്ങ്‌ കിട്ടിയില്ലെന്ന്!

ഓഹ്‌,ഞാനായിരുന്നോ
എന്നൊരു ജാള്യത്തിന്റെ
ഒന്നാം ഗിയര്‍ ഇടുമ്പോള്‍
‍സ്കൂളിലാക്കേണ്ട പലവീട്ടുകുട്ടികളില്‍
ഒരുവള്‍ ചോദിച്ചു,
അങ്കിള്‍, യു വേര്‍ ഡ്രീമിംഗ്‌?
ഉവ്വ്‌...,
ഹഹ,മി റ്റൂ...

പങ്കിട്ടതിന്റെ
സുഖം പോകുമോയെന്നു ഭയന്ന്
എന്തെന്ന് ചോദിച്ചില്ല
ഞങ്ങള്‍ രണ്ടുപേരും.

Thursday, March 20, 2008

വിവര സാങ്കേതികം

ചന്തയില്‍ വച്ചാരോ
ഇന്നലെയും പറയുന്നതു കേട്ടു
ടെക്നോളജിയൊക്കെ
ഒത്തിരി പുരോഗമിച്ചെന്ന്.

കയ്യും കണക്കുമില്ലാത്ത
കാലത്തിന്റെ കുരുക്കുകള്‍ വരെ
വിരല്‍ത്തുമ്പത്ത്‌ അഴിയുന്നെന്ന്.

പതിനാലിഞ്ചിന്റെ
ചതുരവടിലേയ്ക്ക്‌
പ്രപഞ്ചം ചുരുങ്ങിവരുന്നെന്ന്.

നാളിതുവരെയുള്ള
സഞ്ചിത ബുദ്ധിയ്ക്കെല്ലാം
സൂത്രവാക്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന്.

എങ്കില്‍ പിന്നെ എലിവാഹനമേറി
ഒന്നുലകം കണ്ട്‌ വിവരം വച്ചാലോ
എന്ന് നിനച്ചിരിക്കുമ്പോഴുണ്ട്‌
പുതിയ വാര്‍ത്ത.

എവിടെങ്ങാണ്ടൊരു പയ്യന്‍
കലികാല വൈഭവം
ആറ്റികുറുക്കിയൊരു
കൃമിയെ പടച്ചത്രേ..

ഞെക്കിതുറന്ന
ജനാലകളില്‍ കൂടി
നാടായ നാടെല്ലാം
അവനങ്ങ്‌ പടര്‍ന്നത്രേ..

വിരല്‍ത്തുമ്പില്‍ കിടന്ന്
ചക്കപോലെ കുഴഞ്ഞത്രേ
കാലവും, കണക്കും
ക്ലിക്കിയാല്‍ തുറക്കേണ്ട
ത്രിലോക ജ്ഞാനസഞ്ചയങ്ങളും.

ഓഹരി മുതല്‍ ട്രഷറി വരെ
തീവണ്ടിയില്‍ വിമാനത്തില്‍
‍അച്ചുതണ്ടുടക്കി നിശ്ചലമായത്രേ
ആയുസ്സിന്റെ ഗോളം തന്നെ!

കാലമേ ഉറഞ്ഞാപ്പിന്നെ
മാലോകര്‍ക്കാര്‍ക്കുമിനി
കാലം ചെയ്യേണ്ടിവരില്ലല്ലോ
എന്നൊരു ചിരി
ഉള്ളിലൂറിയേയുള്ളു.

ദാ...,
പെട്ടന്നൊരനക്കവും
പടിഞ്ഞാറെങ്ങൊ നിന്ന്
പട്ടി മോങ്ങുന്ന ഒച്ചയും!

നമ്മള്‍ മനസ്സില്‍ കാണുന്നത്‌
തമ്പുരാന്‍ മരത്തില്‍ കാണും.

അതുകൊണ്ടാവും അങ്ങേര് മാത്രം
പോത്തും കയറുമൊക്കെ വച്ചുള്ള
ആ പഴയ കൈത്തൊഴിലില്‍ തന്നെ
ഇപ്പൊഴും തുടരുന്നത്‌...!

Sunday, March 16, 2008

വണ്ടി

വണ്ടി വലിച്ച്‌ തളര്‍ന്ന്
വഴിയോരം വീണ്‌ കണ്ണടച്ച
വണ്ടിക്കാളയുടെ എല്ലിന്‍കൂടുപോലെ
പാതവക്കില്‍ കിടപ്പുണ്ടൊരു
ഉരുക്കിന്റെ അസ്ഥികൂടം.

പൂര്‍ത്തിയാവാത്ത
അതിന്റെ മരണം
മഴവെള്ളം വീണ്‌
തുരുമ്പിച്ചിരുന്നു.

ചക്രങ്ങള്‍ അഴിഞ്ഞ
അച്ചുതണ്ടില്‍‍
ഓടിത്തീരാത്ത വേഗങ്ങളെ
കുറ്റിയടിച്ച്‌ തളച്ചിരുന്നു.

കത്താത്ത കണ്ണുകളില്‍‍
എത്താതെപോയ
ലക്ഷ്യങ്ങള്‍‍ പോലുമില്ലായിരുന്നു.

ചിതയ്ക്കുചുറ്റും
കറങ്ങുന്ന കാലുകള്‍ പോലെ
അതിനെ വലംവച്ച്‌ നീങ്ങുന്നു
തുടരിന്റെ വ്യഥയുണ്ണുന്ന
വണ്ടികള്‍, വഴിയാത്രക്കാര്‍..

തിരക്കിലൂടിടംവലം തന്റെ
ടയറുവണ്ടിയും വെട്ടിച്ചോടി
വരുന്നുണ്ട്‌ വിയര്‍ത്തൊട്ടി
കിതപ്പും വിസിലുമായ്‌
കളിച്ചൂടിലൊരു പയ്യന്‍.

കട്ടപ്പുറത്തെ വണ്ടി കാണാന്‍‍
നിന്നേക്കും ഒരു മാത്ര..,

പിന്നെയവനുമീ കളി തുടരും!

Wednesday, February 27, 2008

കലാപം

വാക്കിന്റെ കെട്ട്‌ പൊട്ടിച്ച്‌
ലിപികള്‍
കടലാസുപാതകളിലൂടെ
തന്നിഷ്ടം
നടക്കാന്‍ തുടങ്ങിയപ്പൊഴാണ്‌
വരികള്‍ക്കിടയില്‍
ഉരുള്‍പൊട്ടിയ കലാപം
കവിയുടെ ശ്രദ്ധയില്‍ പെട്ടത്‌.

താളുകളില്‍ അങ്ങോളം
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചും,
ചിഹ്ന, വ്യാകരണ,
വ്യാക്ഷേപകാദി നിയമങ്ങള്‍
കര്‍ശനമാക്കിയും,
വിമര്‍ശകരില്‍ നിന്നും
വൈയാകരണന്മാരില്‍ നിന്നും
യുദ്ധോപദേശം കൈക്കൊണ്ടും,
ഏറെ പണിപ്പെട്ട്‌ അടിച്ചമര്‍ത്തി
അക്ഷര ലഹള.

യുദ്ധത്തടവുകാരായി
പിടിക്കപ്പെട്ടവരില്‍
‍ലിപികള്‍ക്ക്‌ വാക്കിലും,
വാക്കുകള്‍ക്ക്‌ വരിയിലും,
വരികള്‍ക്ക്‌ കൃതിയിലും,
കൃതികള്‍ക്ക്‌ ഗ്രന്ഥത്തിലും,
എഴുത്തിന്റെ
അധികാരശ്രേണികള്‍ക്കുള്ളില്‍
‍ഏകാന്ത തടവൊരുക്കി.

കാണാതായ
ചില കലാപകാരികളെക്കുറിച്ച്‌
പത്രക്കാര്‍ ചോദിച്ചപ്പൊള്‍
അവര്‍ ‍എഡിറ്റിങ്ങില്‍ ‍കൊല്ലപ്പെട്ടെന്ന്
സ്ഥിരീകരിച്ചു.

വരിയുടഞ്ഞ
കടലാസുബുദ്ധി പിന്നെ
കലാപങ്ങളൊന്നും ഉയിര്‍പ്പിച്ചിട്ടില്ല
ചില്ലറ അവകാശസമരങ്ങളല്ലാതെ,

എങ്കിലും...?

Sunday, February 3, 2008

ശരി...!

ഉത്തരം അറിയുവാന്‍
ഒരു ചോദ്യം ചോദിച്ചാല്‍ മതിയെന്ന്
ലളിതവല്‍ക്കരിച്ചതാണ്‌
എന്റെ തെറ്റ്‌.

ഒരു ചോദ്യത്തിന്‌
ഒരൊറ്റ ഉത്തരമെന്ന്
ആദര്‍ശവല്‍ക്കരിച്ചതാണ്‌
നിന്റെ തെറ്റ്‌.

നമുക്കു പുറത്ത്‌
പന്തലിക്കാതെ പോയ
ഉത്തരത്തിന്റെ ഗര്‍ഭമായിരിക്കണം
നമ്മളിനിയും മുറുക്കിത്തീര്‍ക്കാത്ത
ആ വൃത്തത്തിന്റെ
ശിഷ്ട സന്തതി.

Wednesday, January 30, 2008

വികടം

എന്താണി പ്രണയമെന്ന്
വെറുതേ ചോദിച്ചതാണ്‌..,

പരത്തി പറഞ്ഞാല്‍
‍പൈങ്കിളിയാവുന്ന,
ചുരുക്കി പറഞ്ഞാല്‍
‍അശ്ലീലമാകുന്ന,
ഒരു ഗതികേടാണതെന്ന്
ഞാന്‍ പറഞ്ഞു.

പിന്നെ വെറുതേ പോലും
നീ എന്റെ മുഖത്തു നോക്കിയിട്ടില്ല!