Tuesday, November 27, 2007

മറന്നുവച്ചത്

ജീവിച്ചിരുന്നതിന്റെ അടയാളങ്ങളെല്ലാം
കെട്ടിപ്പെറുക്കി ഇറങ്ങുകയായി
തെരുവഴിച്ചിട്ട വഴിയേ
പടിയടയ്ക്കപ്പെട്ട്‌
ഒരു കുടുംബം.

അറുക്കാന്‍ കൊടുത്ത
കന്നുകുട്ടിയെ പോലെ
കുതറുന്ന ഓര്‍മ്മകള്‍
ബലം പിടിച്ച്‌
തിരിഞ്ഞുനില്‍ക്കവേ
വല്ലതും മറന്നുവോ
എന്ന വ്യാജേനെ
ഒരു നോട്ടം കൂടെന്ന്
താക്കോല്‍ പഴുതില്‍
തുളുമ്പി
ഒരു കണ്ണ്.


അകത്ത്‌
നനവിന്റെ ഒരു മൂലയ്ക്ക്‌
ഉറുമ്പരിച്ച്‌ കിടന്നിരുന്നു
എടുക്കാന്‍ മറന്നുപോയ
അവരുടെ ജഡം.

Sunday, November 25, 2007

അഴികള്‍

തടവുപുള്ളിയോട്‌
അഴികള്‍ ചോദിച്ചു,

‘അകത്താര്‌
പുറത്താര്?’


കടങ്കഥക്കുരുക്കില്‍
അവനെപ്പെടുത്തി‌
തടവുചാടി
അവര്‍.

പാവം,
അഴിയെണ്ണി
ഉത്തരം കണ്ടെത്താനാ‍വാതെ
അലയുന്നുണ്ട് ഇപ്പൊഴും
എവിടൊക്കെയോ..

Tuesday, November 20, 2007

ഹൃദയ മുകുളങ്ങള്‍

ആദ്യം കുരുത്ത
മുഖക്കുരു കണ്ടപ്പോള്‍
‍അമ്മ പറഞ്ഞാരോ
കണ്ടു മോഹിച്ചെന്ന്!

കാല്‍ വിരല്‍ തൊട്ടങ്ങ്‌
മുടിയിഴ വരെയന്ന്
കാണുന്ന പെണ്മിഴി
കോണിലെല്ലാം ചെന്ന്
കാ‍തരമായ്‌ നോക്കി
എനിക്കെന്റെ
പ്രണയം തരൂ എന്ന്
പറയാതെ പറഞ്ഞു.

ഹൃദയക്ഷേത്രങ്ങളില്‍
തീര്‍ത്ഥാടനത്തിന്റെ
ഇടയിലൊരുനാള്‍ വീണ്ടും
കവിളിലൊരു മുളപൊട്ടി.

സ്നേഹത്തിന്റെയാ
ചക്രവാളം വീണ്ടും
വികസ്വരമാവട്ടെ എന്ന്
ഞാനും കരുതി.

ഒടുവില്‍
നാട്ടിലെ പെമ്പിള്ളേര്‍
‍നാലുപാടും നിന്ന്
സ്നേഹത്തിന്റെ വിത്തുകള്‍
‍വാരിയെറിഞ്ഞപ്പോള്‍
‍മുഖത്തും ദേഹത്തും
നിറയെ പൊന്തി
പ്രണയത്തിന്റെ കുമിളകള്‍!

പാവം അമ്മ!
എണ്ണമറ്റ കാമുകിമാര്‍ക്ക്‌
ഒറ്റ കാമുകനായവനെ
വേപ്പില കൊണ്ട്‌
വെഞ്ചാമരം വീശി
ഇളനീരു കൊണ്ട്‌
പ്രണയച്ചൂടകറ്റാന്‍
‍പാടുപെട്ടു...

പച്ച മഞ്ഞളും രക്തചന്ദനവും
അമ്മിയിലിട്ടരച്ചു തേക്കവേ
അമ്മൂമ്മയുടെ പഴമനസ്സില്‍
കാവിലെ ഭഗോതിക്കും
എന്നോട്‌ മോഹം!

പ്രണയത്തിന്റെ
ശരശയ്യ അഴിഞ്ഞപ്പോള്‍
‍കാമുകിമാരുടെ ഹൃദയങ്ങള്‍
ഒന്നൊന്നായ്‌ അടര്‍ന്നുപോയി.
ഓര്‍മ്മയില്‍ ബാക്കിയായ
മോഹത്തിന്റെ കലകള്‍ മാത്രം
കാണുന്നിടത്തൊക്കെ
തെളിഞ്ഞു നിന്നു...

ഇന്നും
കണ്ണാടി നോക്കുമ്പൊഴെല്ലാം
ഞാനെന്റെ
കാമുകിമാരെ ഓര്‍ക്കും.
അതില്‍
‍ബാക്കിയായവളുടെ വിധിയോര്‍ത്ത്‌
ചിരിക്കും.

Monday, November 5, 2007

മറ

തൊപ്പി വച്ച്
മറഞ്ഞുപോയ
മുടിയുടെ തഴപ്പ്,

കണ്ണട വച്ച്
കറുത്തുപോയ
കണ്ണിന്റെ തിളക്കം,

താടിവച്ച്
പരുക്കനായിപ്പോയ
കവിളിന്റെ മിനുസം,

ഒക്കെയും നിങ്ങള്‍
കല്‍പ്പിച്ചെടുത്തോളും
എന്ന് കരുതി
ഒരുക്കങ്ങളൊക്കെയും.

ദയയില്ലാത്ത
കാഴ്ച്ചകള്‍ കൊണ്ടെല്ലാം
വാരി പുറത്തിട്ടു;
വസൂരിക്കലകള്‍,
കഷണ്ടി, തിമിരം..

നിങ്ങള്‍ക്കൊരിക്കലും
തെറ്റാതെ പോയ
ചില ധാരണകള്‍ക്കായി
ചിലവായിപ്പോയി
എന്റെ ജന്മവും!

ഇനിയിപ്പൊഴെന്താ,
ചുവപ്പാളുന്നൊരു
ചൂടന്‍ കുപ്പായം
തുന്നാന്‍ കൊടുത്തിട്ടുണ്ട്.

അതെന്നെവാരി
എടുത്തണിഞ്ഞാല്‍ പിന്നെ
ബാക്കിയില്ല
മറച്ചുവയ്ക്കാനായി
അപൂര്‍ണ്ണമായൊരു
ബാക്കിപത്രം പോലും...