Thursday, February 22, 2007

നിര്‍ന്നിദ്രം

പട്ടട കെട്ടപ്പൊത്തൊട്ട്‌
ആത്മാവ്‌ തിരയുന്നുണ്ട്‌
മരിപ്പുവീട്ടില്‍ ‍മറന്നുവച്ച
ഒരു വാക്ക്‌.

ക്ഷോഭങ്ങള്‍ അടങ്ങി
നെഞ്ച്‌ വെയില്‍കായുന്ന
പാറപ്പുറം,
ഇരുളിന്റെ ഒരു മുത്ത്‌
കാണാതെപോയ
കണ്‍തടം,
എലിക്കുഞ്ഞുങ്ങളെപ്പോലെ
ആകുലതകള്‍ ഒളിച്ചിരിക്കുന്ന
ഉള്‍ത്തടം,
ഒക്കെയൊരു
ഇലയനക്കത്തിനായ്‌
കാത്തിരിക്കുമ്പൊഴും
അത്‌ കാതോര്‍ത്തത്‌
ഓര്‍മ്മയിലിഴയുന്ന
തുടലൊച്ചകള്‍ക്കായിരുന്നു.

വിരലുകളുടെ തിടുക്കംകൊണ്ടു
പൊട്ടിപ്പോയ തന്ത്രി
പറയാന്‍ ശ്രമിച്ചത്‌,
ഒച്ചകള്‍കൊണ്ട്‌ അഴിയിട്ട്‌
തടവിലിട്ട കിളിയുടെ
തൊണ്ടയില്‍ കുരുങ്ങിയത്‌,
അവിടൊന്നും കണ്ടില്ല
ആ വാക്ക്‌.

പിന്നെ
ഉല്‍ക്കണ്ഠയുടെ
വിറയ്ക്കുന്ന കൈത്തണ്ടയിലെ
വിരലുടയ്ക്കുവാനായി
ആര്‍ത്തി.

ഏതോ വളത്തിന്റെ
വിഷംതീണ്ടി വളര്‍ന്ന
ഈ വെറിയുടെ സാംഗത്യം
ഏതുതാളില്‍നിന്നും
വ്യഖ്യാനിച്ചെടുക്കുമോ..

അല്ലെങ്കില്‍ എന്തിനിനി,
ആഗോളം പഴുപ്പിച്ച
തീയും തണുത്ത്‌
മഞ്ഞില്‍ പുതഞ്ഞയീ
പഞ്ഞകാലത്ത്‌
ആത്മാക്കള്‍
മറന്നുപോയ വാക്കുകളെപ്പോലെ
വ്യാസം കുറഞ്ഞ്‌
നേര്‍ത്ത്‌ നേര്‍ത്ത്‌
തലച്ചോറിലെ
വടുക്കളിലൊന്നില്‍ വീണ്‌
ഉറങ്ങിക്കൊള്ളും.


വിസ്മൃതികളിലൊന്ന്
വഴിതെറ്റിപ്പൊയൊരു
സ്മൃതിയായ്‌ ജനിക്കുന്ന
വിപരീതകാലം വരെ...

Monday, February 12, 2007

അടിക്കുറിപ്പ്

പൈപ്പില്‍ നിന്നെന്നപോലെ
പശുവിന്റെ മൂത്രംകുടിയ്ക്കുന്നൊരു
പയ്യനെക്കണ്ടു
ഒരു പട്ടിണി‍-
ച്ചിത്രശേഖരത്തില്‍!

പശ്ചാത്തലത്തിലുണ്ട്
തക്കംപാര്‍ത്തിരിക്കുന്നു
ഒരു കഴുകന്‍!

ഹാ,
എത്ര ശക്തമായ ബിംബങ്ങള്‍,
അവ ചേരുന്ന
ചതുരവടിവ്,
വര്‍ണ്ണസങ്കലനം,
ധ്വനിപ്പിക്കുന്ന
സ്ഥലകാലപ്പൊരുത്തങ്ങള്‍,
പൊരുത്തക്കേടുകള്‍,
ഒരു ക്യാമറ
കണ്ണുചിമ്മിയ
നേര്‍ക്കാഴ്ച്ചകള്‍!

പ്രതീക്ഷിച്ചപോലെ
ഇതിന്
അവാര്‍ഡുകിട്ടി.
നാട്ടുകാര്‍
കണ്ടുനെടുവീര്‍പ്പിട്ടു
കൈ കഴുകി!

ആരെങ്കിലും
കണ്ടുവോ ഈ കഥ,
പൊരിവയറിനായ്
ഒരു പൊരിക്കടലയെറിയാതെ
കഴുകനുമായ്
കാഴ്ച്ചയുടെ സൌഭഗം പകുത്ത
ക്യാമറ പിന്നീട്
ആത്മഹത്യ ചെയ്ത കഥ!

അതേ,
ചില കാഴ്ച്ചകള്‍ക്ക്
അടിക്കുറിപ്പ് പാടില്ല!

Thursday, February 8, 2007

വാള്‍പ്പയറ്റ്

പടിഞ്ഞാറു പൊട്ടിയ
വെടിയേറ്റു വളഞ്ഞ്‌,
മണ്ണില്‍ കിടന്നു തുരുമ്പിച്ച്‌,
ഒടുവില്‍ മോക്ഷം കിട്ടി
മ്യൂസിയത്തിലെത്തിയ
വാളുകളാണ്.

പല പ്രായത്തില്‍
പല കോലത്തില്‍
പല വിധത്തില്‍
പിഴച്ചുപോന്നവ
പല കൈമറിഞ്ഞ്‌
പല കിടപ്പില്‍
പൊടിപിടിച്ച്‌
ഒടുവില്‍
ഇവിടെ എത്തിയതാണ്.

വാളുകളുടെ ചക്രവര്‍ത്തി,
ഉടവാളിത്.
പണയത്തിലാണ് പലപ്പോഴും
ഭാരതീയ സാഹചര്യങ്ങളില്‍.
ദൈവത്തിങ്കലായാലും
സാത്താ‍ന്‍ സമക്ഷമായാലും
പലിശക്കാരന്
ലാഭം വേണ്ടെന്ന് വരുമോ?

വാളുകളില്‍ കുലീനന്‍
ഇവന്‍ , പടവാള്‍.
‍മൂര്‍ച്ചപോയെങ്കിലും
തിളക്കമുള്ളവന്‍ .
പഴകുംതോറും
വിലയേറും.
വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക്
രാജരക്തം
തികച്ചും സൌജന്യം!‍

ഇവന്‍ അരിവാള്‍,
ഇപ്പോ പാടത്തുമില്ല
പാര്‍ട്ടിയിലുമില്ല.
ബിംബം എന്നനിലയ്ക്ക്‌
ചില കവികള്‍
‍ചിലപ്പോള്‍
ഉപയോഗിക്കാറുണ്ട്‌.
ചിഹ്നവേലയാണിപ്പോള്‍
ഉപജീവനമാര്‍ഗ്ഗം!

ഇത്‌ വടിവാള്‍,
‍വാളുകളില്‍
‍പ്രയോഗത്തില്‍ അവശേഷിക്കുന്നവന്‍.
‍നിത്യോപയോഗ സാധനം.
ഏതളവിലും
സുലഭം..

കൊടുവാളിന്
‘ക’ പ്രാസം
കര്‍ഷകര്‍
കശാപ്പുകാര്‍
കലാപകാരികള്‍ പോലും
കൈവശം വയ്ക്കാറുണ്ട്.
ഏറിയപങ്കും മാംസഭുക്ക്.
വായ്ത്തലയിലെ തണുപ്പ്
മൂര്‍ച്ചയല്ല, മരണം തന്നെ!

എടുത്തവരെയെല്ലാം
അതിനാലെ ഒടുക്കുന്ന
കാവ്യനീതിയുടെ വാള്‍
ഉണ്ടെന്ന് കേള്‍ക്കുന്നു.
തല്‍ക്കാലം ലഭ്യമല്ല.

ഭഗവതിയുടെ വാളല്ലോ
ഭദ്രവാള്‍,
ഭൂതഭാവികള്‍ ചൊല്ലും
കിളിച്ചുണ്ടന്‍ വാള്‍,
കണ്ടവരെല്ലാം
എടുത്ത് തുള്ളിത്തുള്ളി
തമാശയായ്ത്തീര്‍ന്ന
ഭക്തിയുടെ വാള്‍!

ഇനി ഇടിവാള്‍;
‍ദൈവങ്ങളുടെ ആയുധം.
മണ്ണില്‍
‍വംശനാശം നേരിടുന്ന
സിംഹവാലന്‍ കുരങ്ങ്‌!

പൊതുവാളിന്റെ വാള്‍
‍പാട്ടൊടുങ്ങാത്ത
ഒരുനാവാണ്‌.
കലര്‍പ്പിനെ ചൊല്ലി
ചില കശപിശയൊക്കെ ഉണ്ടെങ്കിലും
ഈ വാളു പാടിക്കൊണ്ടേയിരിക്കുന്നു.

പ്രദര്‍ശനത്തില്‍
അവസാനം
ഈ വെറും വാള്‍;
പുതിയ തലമുറയുടെ
ഇഷ്ടായുധം.
മറ്റുള്ളവര്‍ക്ക്
നിരുപദ്രവകാരി,
പ്രയോഗിക്കുന്നവനെ മാത്രം
മുറിവേല്‍പ്പിക്കുന്നത്‌,
നൂറു ശതമാനം
ഗാന്ധീയന്‍.
(ദൈവമേ...!)

എന്താ,
തികട്ടിവരുന്നെങ്കില്‍
‍നിങ്ങള്‍ക്കുമാവാം
തെല്ലുമാറിയൊരു വാള്‍.‍.."

Friday, February 2, 2007

വിചിത്രം

ഒരു കവിത
വായിച്ച തീയില്‍
ഒരായിരം കവിതകള്‍
എഴുതാതെരിച്ചു.

അങ്ങനെയത്രെ
എന്റെ മാംസം
വേവുന്ന ഗന്ധത്തില്‍
കവിത നാറിയത്!

എങ്കിലും
പട്ടടയിലെ‍
എരിഞ്ഞുതീരാത്ത കൊള്ളികള്‍ക്ക്
ഈ മരണം
കാവ്യാത്മകം.!

വെന്തു തീര്‍ന്നിട്ടും
ചൊല്ലി തീരാത്ത
ഏതു കവിതയുടെ കനല്‍
ഈ മൃത്യുവിനെ
കാവ്യാത്മകമാക്കിയെന്ന്
സത്യമായും
എനിക്കറിയില്ല..