Thursday, February 8, 2007

വാള്‍പ്പയറ്റ്

പടിഞ്ഞാറു പൊട്ടിയ
വെടിയേറ്റു വളഞ്ഞ്‌,
മണ്ണില്‍ കിടന്നു തുരുമ്പിച്ച്‌,
ഒടുവില്‍ മോക്ഷം കിട്ടി
മ്യൂസിയത്തിലെത്തിയ
വാളുകളാണ്.

പല പ്രായത്തില്‍
പല കോലത്തില്‍
പല വിധത്തില്‍
പിഴച്ചുപോന്നവ
പല കൈമറിഞ്ഞ്‌
പല കിടപ്പില്‍
പൊടിപിടിച്ച്‌
ഒടുവില്‍
ഇവിടെ എത്തിയതാണ്.

വാളുകളുടെ ചക്രവര്‍ത്തി,
ഉടവാളിത്.
പണയത്തിലാണ് പലപ്പോഴും
ഭാരതീയ സാഹചര്യങ്ങളില്‍.
ദൈവത്തിങ്കലായാലും
സാത്താ‍ന്‍ സമക്ഷമായാലും
പലിശക്കാരന്
ലാഭം വേണ്ടെന്ന് വരുമോ?

വാളുകളില്‍ കുലീനന്‍
ഇവന്‍ , പടവാള്‍.
‍മൂര്‍ച്ചപോയെങ്കിലും
തിളക്കമുള്ളവന്‍ .
പഴകുംതോറും
വിലയേറും.
വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക്
രാജരക്തം
തികച്ചും സൌജന്യം!‍

ഇവന്‍ അരിവാള്‍,
ഇപ്പോ പാടത്തുമില്ല
പാര്‍ട്ടിയിലുമില്ല.
ബിംബം എന്നനിലയ്ക്ക്‌
ചില കവികള്‍
‍ചിലപ്പോള്‍
ഉപയോഗിക്കാറുണ്ട്‌.
ചിഹ്നവേലയാണിപ്പോള്‍
ഉപജീവനമാര്‍ഗ്ഗം!

ഇത്‌ വടിവാള്‍,
‍വാളുകളില്‍
‍പ്രയോഗത്തില്‍ അവശേഷിക്കുന്നവന്‍.
‍നിത്യോപയോഗ സാധനം.
ഏതളവിലും
സുലഭം..

കൊടുവാളിന്
‘ക’ പ്രാസം
കര്‍ഷകര്‍
കശാപ്പുകാര്‍
കലാപകാരികള്‍ പോലും
കൈവശം വയ്ക്കാറുണ്ട്.
ഏറിയപങ്കും മാംസഭുക്ക്.
വായ്ത്തലയിലെ തണുപ്പ്
മൂര്‍ച്ചയല്ല, മരണം തന്നെ!

എടുത്തവരെയെല്ലാം
അതിനാലെ ഒടുക്കുന്ന
കാവ്യനീതിയുടെ വാള്‍
ഉണ്ടെന്ന് കേള്‍ക്കുന്നു.
തല്‍ക്കാലം ലഭ്യമല്ല.

ഭഗവതിയുടെ വാളല്ലോ
ഭദ്രവാള്‍,
ഭൂതഭാവികള്‍ ചൊല്ലും
കിളിച്ചുണ്ടന്‍ വാള്‍,
കണ്ടവരെല്ലാം
എടുത്ത് തുള്ളിത്തുള്ളി
തമാശയായ്ത്തീര്‍ന്ന
ഭക്തിയുടെ വാള്‍!

ഇനി ഇടിവാള്‍;
‍ദൈവങ്ങളുടെ ആയുധം.
മണ്ണില്‍
‍വംശനാശം നേരിടുന്ന
സിംഹവാലന്‍ കുരങ്ങ്‌!

പൊതുവാളിന്റെ വാള്‍
‍പാട്ടൊടുങ്ങാത്ത
ഒരുനാവാണ്‌.
കലര്‍പ്പിനെ ചൊല്ലി
ചില കശപിശയൊക്കെ ഉണ്ടെങ്കിലും
ഈ വാളു പാടിക്കൊണ്ടേയിരിക്കുന്നു.

പ്രദര്‍ശനത്തില്‍
അവസാനം
ഈ വെറും വാള്‍;
പുതിയ തലമുറയുടെ
ഇഷ്ടായുധം.
മറ്റുള്ളവര്‍ക്ക്
നിരുപദ്രവകാരി,
പ്രയോഗിക്കുന്നവനെ മാത്രം
മുറിവേല്‍പ്പിക്കുന്നത്‌,
നൂറു ശതമാനം
ഗാന്ധീയന്‍.
(ദൈവമേ...!)

എന്താ,
തികട്ടിവരുന്നെങ്കില്‍
‍നിങ്ങള്‍ക്കുമാവാം
തെല്ലുമാറിയൊരു വാള്‍.‍.."

13 comments:

vishak sankar said...

"പൊതുവാളിന്റെ വാള്‍
പാട്ടൊടുങ്ങാത്ത
ഒരു നാവാണ്”
ഉടവാള്‍,പടവാള്‍,അരിവാള്‍,വടിവാള്‍,ഇടിവാള്‍,കൊടുവാള്‍,ഭദ്രവാള്‍,പിന്നെ വെറും വാള്‍..,വാളുകളുടെ ഈ പ്രദര്‍ശനത്തിലേയ്ക്ക് സ്വാഗതം..

വിഷ്ണു പ്രസാദ് said...

മനോഹരവും ശക്തവുമായ കവിത.താങ്കളുടെ രചനകളുടെ മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്നു.വാളുകളുടെ ഈ മ്യൂസിയം ഇതിവൃത്ത സ്വീകരണത്തിലും പുതുമ നിറഞ്ഞതാണ്.

വിഷ്ണു പ്രസാദ് said...

ഓ.ടോ:പൊതുവാളനും ഇടിവാളും അറിഞ്ഞില്ലേ...ഈ താങ്ങല്‍...:)

വേണു venu said...

വിശാഖേ,
മൂര്‍ച്ചയുള്ള കവിത.
മൂര്‍ച്ചയുള്ള ഒരു വാള്‍, തലയ്ക്കു മുകളില്‍ തൂക്കിയിട്ടു് താങ്കള്‍ മാറി നില്‍‍ക്കുന്നു.
ഇഷ്ടപ്പെട്ടു.
ഓ.ടോ.
അരിവാള്‍ പാര്‍ട്ടിക്കാര്‍ക്കു് ബിംബമായി ഇപ്പോഴും ഉപയോഗമാണെന്നു തോന്നുന്നു.

കണ്ണൂസ്‌ said...

വിശാഖിന്റെ മറ്റു രചനകളുടെ മൂര്‍ച്ച ഈ വാളിനില്ല എന്നാണ്‌ തോന്നിയത്‌.

കവിതകള്‍ വായിക്കാറുണ്ട്‌. ഭാവുകങ്ങള്‍.

parajithan said...

വിശാഖ്‌,
പ്രദര്‍ശനം ഞാനും കണ്ടു. അപൂര്‍വ്വമായ ഒരു പ്രദര്‍ശനം തന്നെ. നിറയെ സ്വാധീനം കാണുന്നില്ലേ എന്നു സംശയം. ആരോപണമായിട്ടു പറഞ്ഞതല്ല. ശ്രദ്ധയില്‍ പെടുത്തിയെന്നു മാത്രം. ഇതിവൃത്തത്തിന്റെ ഭംഗിയില്‍ അത്‌ മറയുന്നുമുണ്ട്‌. അഭിനന്ദനങ്ങള്‍.

ഇടിവാള്‍ said...

എന്നാലും എന്നെ സിംഹവാലന്‍ കുരങ്ങ് എന്നു വിളീച്ച് അധിക്ഷേപിച്ചതില്‍ പ്രതിഷേധിക്കുന്നു.

വിഷ്ണുമാഷിന്റെ കമന്റും കണ്ടാണോടി വന്നത്.. ചമ്മിപ്പോയി ;)

ഇക്കാസ് ::ikkaas said...

വാളുകളുടെ രാജകുമാരന് ആശംസകള്‍

sandoz said...

ഹും....ഇതാണോ കവിത....ഇതിനു വൃത്തമുണ്ടോ.....നീളമുണ്ടോ....പദ സമ്പത്തുണ്ടോ...പദഘടനയുണ്ടോ........ആകപ്പാടെയുള്ളത്‌ വാളാണു.

ആരാണ്ട്‌ വാളുവെക്കണത്‌ കണ്ടാണു കേറി വന്നത്‌.

ഏതായാലും വന്നതല്ലേ ....
എങ്കില്‍ പിന്നെ കവിതയെ ഒന്ന് വിമര്‍ശിച്ചേക്കാം എന്നു കരുതി.....

parajithan said...

സാന്റോസിന്റെ വിമര്‍ശനത്തെ പിന്തുടര്‍ന്ന് ഒരു സി.പി.എം. ലൈന്‍ വിമര്‍ശനം കൂടി:

"പൊന്നരിവാളമ്പിളിയില്‌" കല്ലെറിഞ്ഞത്‌ ശരിയായില്ല! :)

vishak sankar said...

വിഷ്ണുവിനും,വേണുവിനും നന്ദി

vishak sankar said...

കണ്ണൂസേ,നന്ദി..നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ മൂര്‍ച്ച താനേ കൂടികൊള്ളും.ഇനിയും ഇതിലേ വരു..

vishak sankar said...

ഹരീ,നീ പറഞ്ഞ സ്വാധീനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.പ്രത്യേകിച്ച് ആദ്യ ഖണ്ടികയിയില്‍.കെ.ജി.എസ് പറയുന്നതുപോലെ സ്വന്തം കവിത എന്തെന്ന് ബോദ്ധ്യം വരുന്നതിനൊപ്പം സ്വാധീനങ്ങള്‍ ശൈലിയായി രൂപപ്പെടുമായിരിക്കും അല്ലേ?തല്‍ക്കാലം ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു.
ഇടിവാള്‍,നര്‍മ്മരസം തുളുമ്പുന്ന ഈ പ്രതികരണത്തിനു നന്ദി.
ഇക്കാസ്,വാളുവയ്ക്കാറുള്ള ഈ വെറും കുമാരന്‍ വീണ്ടും ഈ വഴി ക്ഷണിക്കുന്നു.
സന്‍ഡോസ്,വിമര്‍ശാനാ‍ാത്മക വായനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു..
വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.