Friday, April 18, 2014

കോളറക്കാലത്തിലിനി...

1.
ചില മരണങ്ങൾ
ഓർമ്മയൊട് ചെയ്യുന്നത്  
അരിച്ചെടുക്കാൻ  ഒരു വാക്കുപോലുമില്ലാത്ത 
കലക്കമായിരിക്കാം 

പത്ത് തെങ്ങുകളുടെ പൊക്കമുള്ള 
ഒരു രാക്ഷസൻ തിരമാലയായി അത് 

അത് മാത്രം 

തലച്ചോറിൽ വേലിയേറുന്നു 

2.

കോളറക്കാലത്തെന്നപോലെ 
വിചിത്രമായ 
പ്രണയത്തിന്റെ എത്ര തീർത്ഥാടനങ്ങളിൽ 

സ്നേഹവും കാമവും 
ഭ്രാന്തും നുരയുന്ന അന്തി ചർച്ചകളിൽ 

വാക്കിന്റെ കൊപ്പകളിൽ 
ലഹരിനിറച്ച മലയാളി 

മാർകേസ് ...,

3.

ആറാം പെഗ്ഗൊഴിഞ്ഞ മുറിവിൽ 
മുറിയിലോരു സിഗരറ്റിന്റെ പുകയൂതി 
ഒറ്റയ്ക്കിരിക്കുമ്പോൾ 

ഒരു കഥാപാത്രം പോലും 

ഒരു പേരുപോലും ഓർമ്മയില്ലല്ലോ 
ഇന്നോരന്തികൂട്ടിന്...


തലയ്ക്ക് മീതേ 
ഒരു രാക്ഷസൻ തിരമാലപോലെ 
പത്തിവിടർത്തി നില്ക്കുന്ന ഏകാന്തത..

ഏകാന്തത 

ആകെ 

ഏകാന്തത  മാത്രം...

Thursday, March 6, 2014

പാകം

വെട്ടിക്കാൻ വീതിയില്ലാത്ത 
മരണത്തിന്റെ ഒറ്റവരി പാതയിൽ 
രണ്ട് ചക്രത്തിൽ അരഞ്ഞുപോയ ആത്മാക്കളാവണം 

നാലുവരി നൊസ്റ്റാൾജിയയിലിന്നലെ നാം 
നട്ടുവളർത്തിയ മരം വെട്ടിയിട്ടത് 

കം, തകം,
കൊലപാതകം തന്നെ !

Wednesday, December 25, 2013

മടുപ്പെന്ന വാക്കിന്റെ പേര്



മടുപ്പിനെക്കുറിച്ചാർക്കും
ചിലനേരങ്ങളിൽ എഴുതിനോക്കാവുന്ന
ഒരു കവിതയുണ്ട്‌

ഒറ്റവരി
ഒരു വാക്കുതന്നെ മതിയാവും

ഉപമോൽപ്രേക്ഷരൂപകബിംബാദി
ചമൽക്കാരങ്ങൾ ഒന്നും വേണ്ട

അപ്പന്റെ, വീടിന്റെ, നാടിന്റെ, ജാതിയുടെ
വാൽവിലാസങ്ങൾ തീരെയും വേണ്ട

പറയിച്ചും, കേൾപ്പിച്ചും, എഴുതിച്ചും, വായിച്ചും
കേട്ടിടത്തൊക്കെ തിരിഞ്ഞുനോക്കിപ്പിച്ചും
പിറന്ന നാൾതൊട്ട്‌ പിറകേ കൂടിയ
ആ ഒരു
നശിച്ച വാക്കിന്റെ പേര്‌

അത്‌ മാത്രം മതി  

Monday, November 4, 2013

ലംബീ ജുദായി...

ഉപേക്ഷിച്ചു പോകാനും  
ആരുമില്ലാതെ 
പ്രായപൂർത്തിയാവുന്നവരാണ്  
അനാഥ മരണങ്ങൾ 

ആയിരം തൊട്ടിലുകൾ 
ആത്മാവിൽ കെട്ടിയാട്ടിയാലും 
ഉറക്കാനാവാതെ  പോകുന്നവരാണ്  
അവരുടെ കുഞ്ഞുങ്ങൾ  

എന്തിനെന്നറിയാതെ 
കരഞ്ഞു തീർക്കുന്ന നിറങ്ങളാണ് 
അവരുടെ പകലുകൾ 

രാപകലുകളുടെ വിസ്തീർണ്ണങ്ങളിൽ 
ഒരിഞ്ചിലും അടയാളപ്പെടാത്ത 
അടിമുടി ഒറ്റയായ 
ഒരു  പിടച്ചിൽ 

ആരും കേട്ടില്ലെങ്കിലും 
ആ ജീവിതത്തിന്റെ 
വിലാപങ്ങൾക്കുമുണ്ട്  
എട്ടു സ്ഥായി !

അതിൽ 
ഒമ്പതാം സ്ഥായിയിൽ അവൾ 

എനിക്കായി മാത്രമെന്ന് 
നമ്മൾ പലവട്ടം 
പ്രണയിച്ച് വഞ്ചിച്ചത്  

ഒന്നായി തൊടുത്ത് 
ഒമ്പതായി എയ്ത് 
എണ്ണമില്ലാതെ സ്വയം മുറിഞ്ഞ് 
തൊണ്ടയെ തിന്നു തീർത്ത
ഉന്മാദത്തിന്റെ മുലയൂട്ടി
കോശം 
ഒറ്റയ്ക്കു വളർത്തിയ 
അർബുദ അണ്ഡങ്ങൾ 

ചീവീടുകളും 
പണിപ്പെട്ട് മിണ്ടാതിരിക്കുന്ന 
ഈ രാത്രിയുടെ 
ഹാർമോണിയ പെട്ടിയിലുണ്ട് 
അവ ഓരോന്നിന്റെയും 
പിറവിയും ശൈശവവും  
 

അവരുടെ കൈ പിടിച്ച് നീ 
രേഷ്മാ 



അമ്മത്തൊട്ടിലുകളിലൂടെയല്ല 
പകൽ പുതച്ചയീ 
വെള്ളമുണ്ട് വലിച്ചുകീറുന്ന 
കേൾവിയുടെ ഗർഭത്തിലൂടെ
അടർന്നകലുന്നു   

ഉറങ്ങുമ്പോളറിയാതെപ്പോഴോ 
കണ്‍കോണിലുറഞ്ഞുകൂടിയ 
അനാഥമായ ഒരു തുള്ളിയുടെ 
കുറ്റബോധത്തിലൂടെ  

ഓ,,,,
ലംബി ജുദായി 

Sunday, October 13, 2013

വ്യാജ ദുരന്തം




കള്ള്‌ മാത്രം പോര
കയ്പ്പയ്ക്ക കൂടിവേണമെന്ന്
ചുണ്ടുതൊട്ടകം
അങ്ങോളം കയ്ക്കുന്നു
ഒരാഖ്യാനം

രാവാറി വാർന്നുവച്ച്‌
പകൽ കയറ്റിയിട്ടും
തണുക്കുന്നില്ല
വാറ്റു കലത്തിൽനിന്ന്
ഇറ്റുവീണ ചാരായം പോലെ 
തോണ്ടയിലെ
പൊള്ളുന്ന ചൂടുകൾ

കുളിരുന്ന വെളുപ്പാങ്കാലത്തും
തിളയാറാതെ
കനൽകൊണ്ട്‌ നിൽക്കുന്ന
മണ്‍കലം പോലെ  ഉള്ള്


നനഞ്ഞൊട്ടി ഉടൽ

കണ്ണിൽ നീറുന്നു
ഉന്മാദത്തിന്റെ
കഥ പറഞ്ഞുറക്കാമെന്ന്
പറഞ്ഞു പറ്റിച്ച
പകൽ

പട്ടിണി പൊന്തുന്നൊരു
പഞ്ഞകാലം 
കുശവന്മാർ വിയർപ്പിറ്റിച്ച് 
കുഴച്ചെടുത്ത ഈ കലത്തിൽ
കുഞ്ഞേ
നിനക്കിറ്റിച്ചുതരാൻ
ഇത്തിരി വ്യാജമദ്യവുമില്ലല്ലോ എന്ന്
കരയുകയാണ്‌
മുലപോലൊരു കരിക്കലം

മൂന്നല്ല 
രണ്ട് കല്ലുകളിൽ വേവുകയാണ് 
നമുക്കായി 
വറ്റൊന്നുമില്ലാതെ വെറുതെ 
വെന്തുകൊണ്ടിരിക്കുന്ന 
അമ്മയും കലവും 

രണ്ടുപേർ 

കല്ലുവാതിൽക്കൽക്കാരികൾ

ഇപ്പൊ ഒന്നിച്ചകത്താണ്‌

നാളിത്രയായത്കൊണ്ട്‌
പേരും ഓർമ്മയില്ല

ക്ഷമിക്കുക
അമ്മേ...

ഊട്ടുക
മരണമേ....

Wednesday, September 4, 2013

സന്ധ്യമയങ്ങുംനേരം

ഒരു ഗ്രാമത്തിൽ 
ഒരു ഭ്രാന്തൻ 
ഒരു വേശ്യ 
ഒരു ചിത്രകാരൻ
ഒരു ശില്പി 
ഒരു  കവി
ബുദ്ധിജീവി, നോവലിസ്റ്റ് 
വിപ്ളവകാരി  എന്ന കണക്കിൽ 
ആരും പ്രതീക്ഷിക്കാത്ത നേരങ്ങളിൽ 
നിഷേധത്തിന്റെ ആളനക്കമുണ്ടാവും
പല ആയുസ്സുകളിൽ 

അവയ്ക്ക് പുറത്ത് 
അപ്രതീക്ഷിതമായ് 
ഒരില പോലുമനങ്ങാതെ 
നമ്മൾ  ജീവിക്കും  

വിപരീതങ്ങൾ 
വില്പനയ്ക്ക് വച്ച ചന്തയിൽ 
അവരെ നമ്മളും 
നമ്മളെ അവരും 
കൗതുകത്തോടെ നോക്കും 

ചിലപ്പോ വിലപേശും 
 
ചന്ത  പിരിയുമ്പോൾ 
പാ മടക്കി  ഇറങ്ങി പോകുന്നു 
ചങ്ങലയ്ക്കിടെണ്ടാത്ത ഭ്രാന്തൻ 
ഊരുവിലക്കേണ്ടാത്ത വേശ്യ 
പടം വരയ്ക്കേണ്ടാത്ത  ചിത്രകാരൻ 
കൊത്തോ കുഴയ്ക്കലോ വേണ്ടാത്ത  ശില്പി 
എഴുത്തില്ലാത്ത  കവി
സാമ്പ്രദായിക ബുദ്ധിജീവി, നോവലിസ്റ്റ് 
ഒറ്റുകാരനായ വിപ്ളവകാരി 
എന്ന കണക്കിൽ 
ആരും പ്രതീക്ഷിക്കാത്ത നേരത്ത് 
കൂടിളകിയതുപോലെ 
എന്നിൽനിന്ന് ഞാൻ 

ഇനി 
അടുത്ത ചന്തയ്ക്ക് കാണാം.

Sunday, June 16, 2013

മരുപ്പച്ച


പാകിസ്ഥാനികൾക്ക് 
പച്ചയെന്ന
ചുരുക്കപ്പേർ നല്കി ആദരിച്ചത് 
പ്രവാസി മലയാളികളാണ് 

'പ' പ്രാസമാണോ 

പകുത്തെടുത്തതെന്ന 
പക ഇന്നും തീരാത്ത 
പതാകയിലെ പച്ചയാണോ 

അതുമല്ലിനി വല്ല കഥകളിയിൽ നിന്നും  
വന്നു കയറി
കഥയറിയാതെ ആടുന്ന 
പച്ച വേഷമാണോ 

മറ്റൊരു യുക്തിയ്ക്കും 
മറ നീക്കാനാവാത്ത 
മലയാളി സ്വത്വത്തിന്റെ   
പ്രതിസന്ധിയാണോ?

ഇനി വല്ല ദിത്വ സന്ധിയുമാണോ?

(കണക്ഷൻ പോയാൽ 
കുടത്തിലും തപ്പണമെന്നല്ലേ!)

മുംബൈക്കാരൻ പട്ടർക്കും 
ബംഗാളി മേത്തനും  
'ഹര'എന്ന് പറഞ്ഞാലൊന്നും പിടികിട്ടില്ല 

ഒരു സായിപ്പിനും 
ഇത്തിരി ചായ  
അടുത്തെവിടെ കിട്ടുമെന്ന് ചോദിച്ചതിന് 
ഗോ ടു ദ  ഗ്രീൻസ് ഷോപ് 
നെക്സ്റ്റ് ടു ദിസ്‌ എന്ന് 
മെത്രാൻ മൊഴിഞ്ഞാലും തിരിയില്ല 

ദാ, അപ്രത്ത് 
ഒരു പച്ചയുടെ കടയുണ്ടെന്ന്  പറഞ്ഞാൽ 
ജാതി മത ജില്ല ഭേദമെന്യേ 
മലയാളിയ്ക്ക്  മനസിലാവും 

പച്ചയ്ക്കും കാണുമോ 
മലയാളിയെ കോഡ് വല്ക്കരിക്കാൻ 
മല്ലുവല്ലാതെ വല്ല
പറച്ചിലോ  
ചുരുക്കെഴുത്തോ?

പച്ചകൾ അതിലൂടെ 
മഞ്ഞ നിഘണ്ടു തീർക്കുന്നുണ്ടാവുമോ?

അറിവിൽ 
അറിയില്ല  

പക്ഷേ ശ്രേഷ്ഠ ഭാഷാ 
പട്ടലബ്ധ്യാനന്തരം 
എന്തുകേട്ടാലും 
സെമാന്റിക്സ്,എറ്റിമോളജി 
എന്നൊക്കെയാണ്
സംസ്കൃത ചിന്തകൾ  

അതുകൊണ്ടാണീ 
പച്ച ഇങ്ങനെ 
മത്ത് പിടിപ്പിക്കുന്നതും  

മരുഭൂമിയിൽ മാത്രമുള്ള 
മലയാളി പേച്ചാണല്ലൊ  

ആ നിലയ്ക്കിനിയിപ്പോ 
അതൊരു  
മരുപ്പച്ചയായിരുന്നിരിക്കുമോ ?

എന്തായാലും 
പച്ചയുടെ കടയിൽനിന്ന് 
ചായ കുടിക്കരുത് 

മുടിഞ്ഞ മധുരമായിരിക്കും