Friday, December 11, 2009

ലോക്കല്‍ കര്‍ഷകനൊരു മിഡ്ഡില്‍ക്ലാസ്സ് ചരമഗീതം

തൊടിയില്‍ വളരാത്തവണ്ണം
രുചികളെ വളര്‍ത്തരുതെന്ന് പറഞ്ഞത്
ആര്‍ക്കുമിതുവരെ ദഹിച്ചിട്ടില്ല

സവാളയും കാബേജും
സ്വര്‍ണവും വെള്ളിയും പോലെ
മുറ്റത്ത് കിളിര്‍ക്കാത്ത ഓഹരികളിറുത്തെടുത്ത്
കമ്പോളത്തിലേക്ക് മടങ്ങിപ്പോയപ്പോള്‍
കുന്തം വിഴുങ്ങി നിന്നവര്‍ക്കു ഞാന്‍
ഒരുമൂട് കപ്പ പിഴുത്
ഒരുപിടി മുളകും
മുറ്റത്തെ പുളിമരം കുലുക്കിയിട്ടതില്‍നിന്ന്
അഞ്ചാറല്ലിയും നല്‍കി

എരിവും പുളിയുമായി
പുഴുങ്ങിതൂവിയ വിശപ്പില്‍
എന്നിട്ടുമിറ്റ് ഉപ്പുണ്ടായിരുന്നില്ല

അതങ്ങനെയൊക്കെയേയാവൂയെന്നോര്‍ത്തപ്പോള്‍
എനിക്കൊട്ടൊരു തുള്ളി
കണ്ണീരും വന്നില്ല

Friday, November 20, 2009

ഉള്ളിലൊരുമുറി

ചേര്‍ത്തടയ്ക്കാന്‍ മറന്നുപോയതാണ്‌

ആര്‍ത്തികള്‍ പലവട്ടം
തള്ളിത്തുറന്ന പാളികളില്‍നിന്ന്
കുറ്റിയും കൊളുത്തുമെല്ലാം
എന്നേ അടര്‍ന്നുപോയതാണ്‌

ആരുമിനി വരാനില്ലെന്നറിഞ്ഞിട്ടും
ഇറക്കിവെക്കാതെ ചുമക്കുന്ന
മണ്‍കുടത്തിലെ വെള്ളവും
ചില്ലുവിളക്കിലെ വെട്ടവും
പണ്ടേ വറ്റിപ്പോയതാണ്‌

ഇരുളുകൊണ്ടും നാണം മറയാതെ
ചവിട്ടിമെതിക്കപ്പെട്ട വിരി
അങ്ങിങ്ങഴിഞ്ഞ നിലയില്‍
വിയര്‍പ്പുണങ്ങിയ കിടക്ക
അശ്ളീലമായി മയങ്ങിപ്പോയതാണ്‌

തുറന്നുവിട്ടാലും
ഇറങ്ങിപ്പോവാനാവാതെ
കറങ്ങിമടുത്ത കാറ്റ്‌
പങ്കയില്‍ തന്നെ കെട്ടിത്തൂങ്ങി
പലകുറി മരിച്ചുപോയതാണ്‌

എന്നിട്ടും
ചാരാന്‍ മറന്ന വാതില്‍ക്കല്‍
ആരോ വന്നൊന്നെത്തിനോക്കുമ്പോള്‍
ഉള്ളിലൊരു മുറി പിന്നെയും
അതിന്റെ കുഴിമാടത്തില്‍ കിടന്ന്
എന്തിന്റെയൊക്കെയോ
ഉയിര്‍ത്തെഴുന്നേല്‍പ്‌ സ്വപ്നം കാണുകയാണ്‌

കണ്ണുകള്‍
തിരുമ്മിയടക്കാന്‍ മറന്നു പോയതാണ്‌

Thursday, November 12, 2009

ഹൈവെ

നാലു വരിയില്‍
നൂറ്റിനാല്പത് കിലോമീറ്ററില്‍
ഇരമ്പുകയാണ് കാലം

അപ്പുറത്തെത്തുവാന്‍
അവസരവും കാത്ത്
ഓരത്ത് നില്പാണ് ജീവിതം

വിയര്‍ത്തൊലിച്ച പകല്‍
വിരലൊന്ന് വിട്ടപ്പോള്‍
കുതിച്ച് പോയതാണ് ആയുസ്സ്

ഹൊ..
ശ്വാസം നിലച്ചു പോയേക്കാവുന്ന
ഒരു നിമിഷത്തിനു കുറുകെ
ഓടിക്കയറിയ ഉടലുകള്‍

പിന്നിലായിപ്പോയ നിഴലുകള്‍

കറക്കം നിര്‍ത്താത്ത ചക്രങ്ങള്‍
കടും ചുവപ്പില്‍ വരച്ച
പരാജയത്തിന്റെ ഭൂപടങ്ങള്‍

ഓര്‍മയുടെ ചെറുനനവുകളെയും
നക്കിയെടുത്ത് വാലാട്ടുന്ന
അനുസരണയുള്ള വെയില്‍മൃഗങ്ങള്‍

ഊഴങ്ങളല്ലാതെ മറ്റൊന്നും മാറുന്നില്ലെന്ന്
പോണ പോക്കില്‍ പറഞ്ഞുപോയത്
തെരുവായിരുന്നോ?

Friday, August 28, 2009

പദയാത്ര

ഊരിവച്ച ചെരുപ്പിനും
ഇറക്കിവച്ച ഭാരത്തിനുമിടയില്‍
ചുരുണ്ടുകൂടുകയാണ്
ഒരു ദൂരം

ഹേയ്... , ചവിട്ടരുതേ
ഇരമ്പങ്ങളെല്ലാം
അടങ്ങിക്കഴിഞ്ഞ സ്ഥിതിക്ക്
തെല്ലിനിയൊന്നുറങ്ങിക്കോട്ടെ
പാവം

Friday, June 12, 2009

വീണ്ടും

പകലുമുഴുവൻ
‍തിരക്കഭിനയിച്ചുകൊണ്ടിരിക്കും

ഒന്നു നില്‍ക്കാനൊ
ഒരുവാക്ക്‌ മിണ്ടാനോ
നേരമില്ലെന്നിരമ്പിക്കൊണ്ടിരിക്കും

ഓടിയോ നടന്നോ
വണ്ടികയറിയോ
ചെന്നെത്താനൊരിടമുണ്ടെന്ന്
നിരന്തരം വിശ്വസിപ്പിച്ചുകൊണ്ടിരിക്കും

ഇരുൾമാളങ്ങള്‍വിട്ട്‌
രാവിരതേടാനിറങ്ങുമ്മുതൽ
‍ഇടവഴികളിലിറങ്ങിനിന്ന്
കിതപ്പാറ്റുവാൻ ‍ തുടങ്ങും

മുഴുത്തുവരുന്നൊരു
നിഴല്‍ക്കൊമ്പില്‍ കയറി
തൂങ്ങിനോക്കിയാലോ എന്ന്
മനസ്സൊന്നാടിനോക്കും

വഴിവിളക്കില്ലാത്ത വളവുകളിൽ
‍വണ്ടിക്ക്‌ തലവച്ചവരോട്‌
എന്നെയും കൂട്ടുമോ എന്ന് കെഞ്ചിയതൊന്നും
പാതിരാ കേട്ടുകാണില്ലെന്ന്
പലതവണ വിചാരിച്ചുറപ്പിക്കും

പുലരുമ്മുമ്പീ
അനന്തകോടി വളവുകളും അഴിച്ച്‌
എങ്ങോട്ടെങ്കിലും ഒളിച്ചുപോകുമെന്ന്
വാശിയൊന്ന് പിറുപിറുക്കും

വെളുത്താലോ
അതുവരെയുള്ളതെല്ലാം
കഴുകി വെടുപ്പാക്കി
അന്നത്തെ കൂത്തിന്‌ ചുട്ടികുത്താനായ്
നീണ്ട്‌ മലര്‍ന്നങ്ങ് കിടന്നുകൊടുക്കും

കേൾക്കാത്ത നിലവിളികൾ
കുന്നുകൂടിയ കിഴക്കുനിന്നും
വെട്ടമുരുണ്ടുതുടങ്ങിയാൽപ്പിന്നെ
പകലുമുഴുവൻ വീണ്ടും....
........................

Wednesday, April 22, 2009

ഒട്ടകം 1 ( സ്വപ്നം കാണുന്നവരുണ്ടാവുമോ ഇപ്പോഴും!)

ഒട്ടകങ്ങളുടെ കണ്ണിലൂടെയാണ്‌
മരുഭൂമികള്‍
‍കടലിനെ സ്വപ്നം കാണുന്നത്‌


കിനാവിന്റെ
ആഴക്കടലിലൂടെയാണവരുടെ
കപ്പല്‍ വ്യൂഹങ്ങള്‍ ഒഴുകിനീങ്ങുന്നത്‌


മരുഭൂമിയിലെ കപ്പലേറി
ആരൊക്കെയോ
വിതയ്ക്കാത്തത്‌ കൊയ്യാനിറങ്ങുന്നത്‌


കൊണ്ടുപോയ തുകല്‍സഞ്ചിയുടെ
തൊണ്ടവരളുമ്പോള്‍
‍ജലകുംഭം തേടി
കപ്പലിന്റെ നിലവറയിലേയ്ക്ക്‌
കുഴല്‍ക്കിണറുകുഴിക്കുന്നത്‌


രക്തസാഷികളുടെ കുടലും പണ്ടവും
ഒഴുക്കിക്കളയാനും വെള്ളമില്ലാതെ
കടലുവീണ്ടും മരുഭൂമിയാവുന്നത്‌


ഞാനിനി കടലാവില്ല
നീ കപ്പലുമാവേണ്ടെന്ന്
കിനാവ്‌ കുടിയേറി നനച്ചിട്ട സാമ്രാജ്യങ്ങളെ
വെയില്‌ തിരിച്ചുപിടിക്കുന്നത്‌
ഇങ്ങനെയൊക്കെയാണ്‌.

Wednesday, April 15, 2009

ഓര്‍‌ക്കുക


ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.

60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.

ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.
ഇടതുപക്ഷത്തിനു വോട്ടു ചെയ്യുക.

*Modified from PAG Bulletin

Wednesday, April 1, 2009

ചൂതാട്ടം

ഫാനിന്റെ കീഴിലായ്‌ പിടിച്ചിട്ട മേശയില്‍
ഉറപ്പുള്ളൊരു കയറുമായി വലിഞ്ഞുകയറി
ശ്രദ്ധാപൂര്‍വ്വം കുരുക്കുണ്ടാക്കി
കരുണയോടെ കഴുത്തിലണിഞ്ഞ്‌
താഴോട്ട്‌ എടുത്തുചാടുമ്പോള്‍
കൂടെവന്ന കയറിന്റെ മറ്റേയറ്റം
മുഖത്തിട്ട പരിഹാസം പോലെ
അഴിഞ്ഞഴിഞ്ഞുവരുന്ന
ഈ കവിത പറയുന്നില്ലേ
കുരുക്കിന്റെ കൃത്യം നടുക്കായി
ഉചിതമായൊരു കുത്തിട്ട്‌
ജയിച്ചുതീര്‍ക്കാവുന്നൊരു കളി
പലവട്ടമായി തോറ്റുകൊണ്ടിരിക്കുന്ന
ഒരു ചൂതാടിയുടെ മുഖത്തെഴുത്തിനെപ്പറ്റി?

Thursday, February 19, 2009

പിഴ

'അറബിക്കടലൊരു മണവാളന്‍
കരയൊ നല്ലൊരു മണവാട്ടി'

എന്നിട്ടുമിവരുടെ സംഗമമെന്തേ
അനന്തമായിങ്ങനെ നീളുന്നതെന്ന്
കള്ളും കടലയും അച്ചാറുമൊക്കെയായ്‌
കടലോരം ബഹുദൂരം കൂടിയിരുന്ന്
പാടിയും പറഞ്ഞും പൊട്ടിക്കരഞ്ഞും
അരിയ കണ്ണുനീര്‍പുഷ്പങ്ങള്‍ ‍കൊണ്ട്‌
വ്യഥിത മാല്യങ്ങള്‍ കോര്‍ത്തും
രസിച്ചു പണ്ട്‌
തരളകല്‍പ്പനാലോലങ്ങളായ കുറെ
മൃദുല മഹാ കവിഹൃദയങ്ങള്‍

കവിയരങ്ങുകഴിഞ്ഞു കവിവരര്‍
‍അവനവന്റെ കിടപ്പാടവുമ്പൂകി
പിന്നെപ്പെഴോ ആണ്‌
കടലിലെ കാമുകന്റെ കരളുണര്‍ന്നത്‌

പെട്ടന്നായിരുന്നു കല്യാണം

ഓര്‍ക്കാപ്പുറത്തുവന്നതുകൊണ്ട്‌
ഉടനൊരു സദ്യപോയിട്ട്‌
വായ്ക്കരിപോലും തരപ്പെട്ടില്ല നാട്ടുകാര്‍ക്ക്‌

കെട്ടും ആദ്യരാത്രിയും
ആദ്യപകലും ഒക്കെ കഴിഞ്ഞു
കരയില്‍ കടലിനു പിറന്ന സന്തതികളില്‍
കുറെ അവന്‍ കൂടെ കൊണ്ടുപോയി
ബാക്കിവന്നതിനെ വെട്ടിമൂടി
ബന്ധം വിടര്‍ത്തി, കടല്‍ഭിത്തി പൊന്തിച്ച്
വീണ്ടും കര തിരിച്ചു

കടല്‍തീരത്ത്‌ പിന്നെയും ആളനക്കംവച്ചു

അപ്പൊഴുണ്ട്‌ ദാ വരുന്നു
ഇനിയും പാടിയൊടുങ്ങാത്തതൊക്കെയും
പൊടിതട്ടി ശ്രുതിചേര്‍ത്തെടുത്തുകൊണ്ട്
പുതിയൊരു മഹാകവിപ്പറ്റം

പാവം
നാട്ടുകാരിതെന്തുപിഴച്ചപ്പാ....

Thursday, January 29, 2009

ഉത്തരവാദം

ഒരു സുമുഹൂര്‍ത്തത്തില്‍
‍തൊണ്ടയില്‍നിന്ന് തടവുചാടി
പലയിടങ്ങളില്‍
അടക്കിപ്പിടിച്ച്‌ താമസിച്ച്‌
തരത്തിനൊത്ത്‌ കയറിയും ഇറങ്ങിയും
വിവിധ സ്ഥായികളില്‍
ഒരുപോലെ കഴിവുതെളിയിച്ച
ഒരൊച്ചയെയിതാ വിണ്ടും
ഉമ്മറത്തെടുത്ത്‌ കിടത്തിയിട്ടുണ്ട്‌

ഉറക്കെ കേള്‍പ്പിച്ചതിനും
ആത്മഗതമായടക്കിയതിനുമൊന്നും
അതിനി ഉത്തരവാദിയല്ല

പക്ഷെ മറക്കരുത്‌
കൂട്ടനിലവിളിയുടെ സംഘാടന ചുമതല
അതുകൊണ്ടൊന്നും
നിങ്ങളുടെ ഉത്തരവാദിത്വമാവാതിരിക്കുന്നില്ല

Thursday, January 8, 2009

ചാവേറിനോട് ചെയ്യരുതാത്തത്

കണ്ണീരൊരുതുള്ളി പോലും
തൂവിക്കളയില്ലെന്ന്
വിതുമ്പലുകളൊന്നുപോലും
കരഞ്ഞുതീര്‍ക്കില്ലെന്ന്
വാക്കിലും നോക്കിലും
ഒരുടലാകെ ‍ കിടന്ന് തിളച്ചാല്‍
‍നെഞ്ചില്‍ ചെവി ചേര്‍ത്തുപിടിച്ച്‌
ബോംബിന്റെ
മിടിപ്പളന്നുകൊള്ളാന്‍ പറഞ്ഞാല്‍‍
ഞരമ്പില്‍ വിരല്‍ തൊട്ടുവച്ച്‌
മൈനിന്റെ
തുടിപ്പറിഞ്ഞുകൊള്ളാന്‍ പറഞ്ഞാല്‍
‍അതാരുടെയെന്ന്
പിന്നെയും സംശയിക്കരുത്‌

കെട്ടിലും മട്ടിലും
അകത്തും പുറത്തും
അടിമുടിയതെങ്ങനെയൊരായുധമായെന്ന്
ആശ്ചര്യപ്പെട്ടുകളയരുത്

ഒരുവാക്കുപോലും ഉരിയാടാന്‍ നില്‍ക്കരുത്‌

കാല്‍ക്കാശിന് കൊണമില്ലാത്ത
ദാര്‍ശനിക ചര്‍ച്ചകള്‍ക്ക്
അതില്‍ക്കൊണ്ടുപോയ് കുറ്റിയടിക്കരുത്

ചിലവില്ലാതുരുണ്ടുകൂടുന്ന
കാല്‍പ്പനിക കണങ്ങളെ
കവിളില്‍ ഞാത്തിയിട്ട്
തരളിതഹൃദയംകളിക്കരുത്

‍വെറുതേ നിന്ന് തുളുമ്പരുത്

പിന്നെ എന്തുവേണമെന്നാണെങ്കില്‍
‍സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക

ഇത്രനാളും
ചെയ്തുകൊണ്ടിരുന്നതുപോലെ...