Monday, February 12, 2007

അടിക്കുറിപ്പ്

പൈപ്പില്‍ നിന്നെന്നപോലെ
പശുവിന്റെ മൂത്രംകുടിയ്ക്കുന്നൊരു
പയ്യനെക്കണ്ടു
ഒരു പട്ടിണി‍-
ച്ചിത്രശേഖരത്തില്‍!

പശ്ചാത്തലത്തിലുണ്ട്
തക്കംപാര്‍ത്തിരിക്കുന്നു
ഒരു കഴുകന്‍!

ഹാ,
എത്ര ശക്തമായ ബിംബങ്ങള്‍,
അവ ചേരുന്ന
ചതുരവടിവ്,
വര്‍ണ്ണസങ്കലനം,
ധ്വനിപ്പിക്കുന്ന
സ്ഥലകാലപ്പൊരുത്തങ്ങള്‍,
പൊരുത്തക്കേടുകള്‍,
ഒരു ക്യാമറ
കണ്ണുചിമ്മിയ
നേര്‍ക്കാഴ്ച്ചകള്‍!

പ്രതീക്ഷിച്ചപോലെ
ഇതിന്
അവാര്‍ഡുകിട്ടി.
നാട്ടുകാര്‍
കണ്ടുനെടുവീര്‍പ്പിട്ടു
കൈ കഴുകി!

ആരെങ്കിലും
കണ്ടുവോ ഈ കഥ,
പൊരിവയറിനായ്
ഒരു പൊരിക്കടലയെറിയാതെ
കഴുകനുമായ്
കാഴ്ച്ചയുടെ സൌഭഗം പകുത്ത
ക്യാമറ പിന്നീട്
ആത്മഹത്യ ചെയ്ത കഥ!

അതേ,
ചില കാഴ്ച്ചകള്‍ക്ക്
അടിക്കുറിപ്പ് പാടില്ല!

19 comments:

വിശാഖ് ശങ്കര്‍ said...

നെറ്റ് വഴി പ്രചരിച്ച ഒരു എത്തിയോപ്പിയന്‍ പട്ടിണിച്ചിത്രം നിങ്ങളും കണ്ടുകാണും..

Unknown said...

ചിത്രം മുന്‍പ് കണ്ടിരുന്നു...
ഇപ്പോള്‍ വീ‍ണ്ടും കാണുന്നു!

Inji Pennu said...

ഉം, കെവിന്‍ കാര്‍ട്ടറെ അങ്ങിനെയങ്ങ് മറക്കാന്‍ സാധിക്കുമൊ? ആ കുഞ്ഞിനേയും! :(

Unknown said...

വിശാഖ്‌,
ഒരു ചെറിയ തിരുത്ത്‌.
കാര്‍ട്ടറിന്റെ ആ ചിത്രം സുഡാനില്‍ നിന്നായിരുന്നു.

qw_er_ty

കണ്ണൂസ്‌ said...

കാണാത്തവര്‍ക്കായി ആ ചിത്രം ഇവിടെ.

ഇന്നത്തെ ദിവസം പോക്കായല്ലോ വിശാഖേ. :-(

വിശാഖ് ശങ്കര്‍ said...

യത്രാമൊഴിക്കും,ഇഞ്ചിപെണ്ണിനും കണ്ണൂസിനും നന്ദി.

ഇട്ടിമാളു അഗ്നിമിത്ര said...

ഞാനും കണ്ടിരുന്നു.. അയാള്‍ ആത്മഹത്യചെയ്തത് പട്ടിണികൊണ്ടല്ലല്ലോ അല്ലെ?

വിശാഖ് ശങ്കര്‍ said...

ഇട്ടിമാളൂ നന്ദി..
ആ ഫോട്ടോഗ്രാഫര്‍ ആത്മഹത്യ ചെയ്തത് തീര്‍ച്ചയായും പട്ടിണികൊണ്ടല്ല.
യാത്രാമൊഴീ, തിരുത്തിനു നന്ദി..

Anonymous said...

നന്നായിരിക്കുന്നു വിശാഖ്

Anonymous said...

നന്നായിരിക്കുന്നു വിശാഖ്

സഞ്ചാരി said...

ആ ചിത്രം ഞാനും മുന്‍പ് കണ്ടിരുന്നു. അന്ന് മനസ്സ് ഒരു പാട് നൊന്പരപ്പെട്ടു.

വിശാഖ് ശങ്കര്‍ said...

ലൊനപ്പനും,സഞ്ചാരിക്കും നന്ദി,ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും..

രാജ് said...

I'm depressed . . . without phone . . . money for rent . . . money for child support . . . money for debts . . . money!!! . . . I am haunted by the vivid memories of killings & corpses & anger & pain . . . of starving or wounded children, of trigger-happy madmen, often police, of killer executioners . . .

ഇട്ടിമാളുവിന്റെ ചോദ്യം കൊള്ളാം, ആത്മഹത്യാക്കുറിപ്പിലെ ആദ്യ വരികള്‍ വായിച്ചതിനു ശേഷവും നമുക്കു കെവിനു ദാരിദ്ര്യം ഇല്ലായിരുന്നെന്നു വിശ്വസിക്കാം.

വല്യമ്മായി said...

ഫോട്ടോയും കെവിന്‍റെമരണ വാര്‍ത്തയും കേട്ടിരുന്നതാണ്.കവിത പിന്നേയും ആ നീറ്റല്‍ ഉള്ളിലെത്തിച്ചു.

നന്നായിരിക്കുന്നു.വിശാഖ്

വിശാഖ് ശങ്കര്‍ said...

പെരിങ്ങോടാ,കെവിന്‍ കാര്‍ട്ടര്‍ ദാരിദ്ര്യം അനുഭവിച്ചിരുന്നു എന്നത് ശരി.പക്ഷേ അദ്ദേഹത്തെ ആത്മഹത്യയിലേക്കെത്തിച്ചത് അതുമാത്രമാണെന്ന് കരുതാനാവുമോ?
വലിയമ്മായി നന്ദി,സന്ദര്‍ശനത്തിനും നല്ലവാക്കിനും..

വേണു venu said...

വിശാഖു്,
പെരിങ്ങോടന്‍ എഴുതിയതു ശരി ആകണമല്ലോ.
According to friends, Carter began talking openly about suicide. Part of his anxiety was over the Mitterrand assignment. But mostly he seemed worried about money and making ends meet.

തറവാടി said...

ഒരു വിങ്ങല്‍.

വിശാഖ് ,

കഥയായാലും , കവിതയായാലും , കുറിപ്പായാലും , ഉദ്ദേശം വെക്തമാക്കുക എന്ന അടിസ്ഥാന തത്വം വായനക്കാര്‍ക്ക് എത്തിക്കുന്നതിനു പുറമെ ,

എഴ്തുമ്പോളുണ്ടായ തീവ്രത വായനക്കാരിലും ഉണ്ടാകുമ്പോള്‍

വായിച്ചു എന്നല്ല ആസ്വദിച്ചു എന്നുപറയണമെന്നു തോന്നുന്നു

അതുകൊണ്ടുതന്നെ ,

ഞാന്‍ താങ്കളുടെ കവിത ആസ്വദിച്ചു എന്നുപറയാനിഷ്ടപ്പെടുന്നു.

വിശാഖ് ശങ്കര്‍ said...

വേണു,താങ്കള്‍ പറയുന്നതും ശരിയാണ്.പെരിങ്ങോടന്‍ പറഞ്ഞതും അതേ.പക്ഷേ കാ‍ര്‍ട്ടറുടെ ആത്മഹത്യയ്ക്ക് ആത്മീയമായ ഒരു തലം കൂടി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഒരു കലാകാരനെ,വിശിഷ്യാ മാധ്യമപ്രവര്‍ത്തകനായ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്.മേല്‍പ്പറഞ്ഞ ചിത്രം പകര്‍ത്തുവാന്‍ കലാകാരന്റേതായ പാതി പറയുമ്പോള്‍ മനുഷ്യന്റേതായ മറുപാതി പറയുന്നു,ആ കുരുന്നിനെ രക്ഷിക്കൂ..ആ നിമിഷത്തില്‍ കലയുടെ വഴി സ്വീകരിച്ച കാര്‍ട്ടറിന് അയാളിലെ മനുഷ്യന്റേതായ പാതി ഒരിക്കലും മാപ്പുകൊടുത്തില്ല..വേട്ടയാടി..ഒപ്പം പട്ടിണിയും ദുരിതവും കൈകോര്‍പ്പോള്‍ അത് ഒരു മഹാനായ കലാകാരന്റെ അന്ത്യമായി.കാര്‍ട്ടറുടെ അത്മഹത്യയെ ഇത്തരത്തിലാണ് ഞാന്‍ വായിച്ചത്.ആ നൊമ്പരത്തില്‍നിന്നാണ് ഞാന്‍ മേല്‍പ്പറഞ്ഞ കവിത കുത്തിക്കുറിച്ചത്.ഇങ്ങനെ ഒരു ചര്‍ച്ചയ്ക്ക് അത് കാരണമായെന്നത് ഒരു വലിയ അംഗീകാരം തന്നെ.വളരെ വളരെ നന്ദി.
തറവാടി..,നന്ദി..

P Das said...

:(