Thursday, February 22, 2007

നിര്‍ന്നിദ്രം

പട്ടട കെട്ടപ്പൊത്തൊട്ട്‌
ആത്മാവ്‌ തിരയുന്നുണ്ട്‌
മരിപ്പുവീട്ടില്‍ ‍മറന്നുവച്ച
ഒരു വാക്ക്‌.

ക്ഷോഭങ്ങള്‍ അടങ്ങി
നെഞ്ച്‌ വെയില്‍കായുന്ന
പാറപ്പുറം,
ഇരുളിന്റെ ഒരു മുത്ത്‌
കാണാതെപോയ
കണ്‍തടം,
എലിക്കുഞ്ഞുങ്ങളെപ്പോലെ
ആകുലതകള്‍ ഒളിച്ചിരിക്കുന്ന
ഉള്‍ത്തടം,
ഒക്കെയൊരു
ഇലയനക്കത്തിനായ്‌
കാത്തിരിക്കുമ്പൊഴും
അത്‌ കാതോര്‍ത്തത്‌
ഓര്‍മ്മയിലിഴയുന്ന
തുടലൊച്ചകള്‍ക്കായിരുന്നു.

വിരലുകളുടെ തിടുക്കംകൊണ്ടു
പൊട്ടിപ്പോയ തന്ത്രി
പറയാന്‍ ശ്രമിച്ചത്‌,
ഒച്ചകള്‍കൊണ്ട്‌ അഴിയിട്ട്‌
തടവിലിട്ട കിളിയുടെ
തൊണ്ടയില്‍ കുരുങ്ങിയത്‌,
അവിടൊന്നും കണ്ടില്ല
ആ വാക്ക്‌.

പിന്നെ
ഉല്‍ക്കണ്ഠയുടെ
വിറയ്ക്കുന്ന കൈത്തണ്ടയിലെ
വിരലുടയ്ക്കുവാനായി
ആര്‍ത്തി.

ഏതോ വളത്തിന്റെ
വിഷംതീണ്ടി വളര്‍ന്ന
ഈ വെറിയുടെ സാംഗത്യം
ഏതുതാളില്‍നിന്നും
വ്യഖ്യാനിച്ചെടുക്കുമോ..

അല്ലെങ്കില്‍ എന്തിനിനി,
ആഗോളം പഴുപ്പിച്ച
തീയും തണുത്ത്‌
മഞ്ഞില്‍ പുതഞ്ഞയീ
പഞ്ഞകാലത്ത്‌
ആത്മാക്കള്‍
മറന്നുപോയ വാക്കുകളെപ്പോലെ
വ്യാസം കുറഞ്ഞ്‌
നേര്‍ത്ത്‌ നേര്‍ത്ത്‌
തലച്ചോറിലെ
വടുക്കളിലൊന്നില്‍ വീണ്‌
ഉറങ്ങിക്കൊള്ളും.


വിസ്മൃതികളിലൊന്ന്
വഴിതെറ്റിപ്പൊയൊരു
സ്മൃതിയായ്‌ ജനിക്കുന്ന
വിപരീതകാലം വരെ...

21 comments:

vishak sankar said...

തീരാത്തൊരു ഉറക്കത്തിനിടയില്‍ കണ്ടതുകൊണ്ട് ഓര്‍ക്കാന്‍ കഴിയാതെ പോകുന്നൊരു കിനാവാണ് ഈ അസ്തിത്വത്തിന്റെ സാംഗത്യം.അങ്ങനെയെങ്കില്‍ മരിച്ചുകഴിഞ്ഞാലും നമുക്ക് അത് തേടേണ്ടിവരില്ലേ..?

G.manu said...

enthoru lines mashey...

great

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogpsot.com/ സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.

aniyans said...

വിശാഖ്, താങ്കളുടെ ഏറ്റവും ഇഷ്ടമായ കവിത ഇതുതന്നെ.. ലാപുടയും ത്ങ്കളും ഒരേസമയം ഒരു വാക്കിനു പിന്നാലെ പോയതുകണ്ടപ്പോള്‍ അത്ഭുതം തോന്നി. തികച്ചും വ്യത്യസ്തമായ രീതികളിലായി ആ യാത്രകള്‍. ഒരു പക്ഷേ എല്ലാ കവിതകള്‍ക്കും കമന്റിടാന്‍ താങ്കള്‍ കാട്ടുന്ന ആത്മാര്‍ത്ഥത കണ്ടിരുന്നില്ലെങ്കില്‍ ഞാന്‍ നേരത്തേ മറ്റൊരുപാട് കവികളുടെ കൂട്ടത്തില്‍ നിങ്ങളെയും ഉപേക്ഷിച്ചേനെ.

ആ വാക്ക് തിരിച്ചുവരുമോ ശരിക്കും? വിസ്മൃതി സ്മൃതിയായാലും... എനിക്ക് തിരിച്ച് കിട്ടിയിട്ടില്ല അതിനെ...

vishak sankar said...

അനിയന്‍സ്’
കവിത എഴുതുന്ന ആള്‍ ഒരു വ്യക്തിയാവാം.പക്ഷേ കവിത ഒരു സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.രചനാസമയത്ത് അയ്യാള്‍ ഏകനായിരിക്കാം.പക്ഷേ അതിനു മുന്‍പും അതിനു ശേഷവും അയാള്‍,അയാളുടെ മനസ്സും ഭാഷയും ഭാവനയും എന്തിനേറെ അയ്യളുടെ കവിതപോലും ,ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ്.അതുകൊണ്ടുതന്നെ കവിതയുടെ ലോകത്ത് വ്യവസ്ഥകലില്ലാത്ത ഒരു കൂട്ടായ്മയുടെ തണല്‍ വേണമെന്നും ഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ടാണ് എനിക്ക് വിശ്വാസം തോന്നുന്ന കവിതകളെക്കുറിചെല്ലാം കൂറിപ്പുകളിടുന്നത്.ഞാന്‍ നിങ്ങളിലൂടെ രുപപ്പെടുന്നതിനാല്‍ നിങ്ങളുടെ രൂപത്തെക്കുറിച്ച് ഞാന്‍ ബോധവാനായിരിക്കണം.ബോധങ്ങള്‍ ശരിയോ തെറ്റോആയ്ക്കൊള്ളട്ടെ..ബോധവാനായിരിക്കണം.അങ്ങനെ ആയിരിക്കുന്നിടത്തോളം താങ്കള്‍ ചോദിച്ച ആ വാക്കു തിരിച്ചുവരും.വഴിതെറ്റി പിറക്കുന്ന ഒരു സ്മൃതിയിലൂടെ...ആരുടെയെങ്കിലും ഓര്‍മ്മകളിലൂടെ..

vishak sankar said...

മനൂ,നന്ദി..
ഒരു മത്സരത്തിനുള്ള കൌതുകമോക്കെ എന്നോ നഷ്ടമായ്ക്കഴിഞ്ഞു.എങ്കിലും കൂട്ടത്തില്‍ ഒരാളായി എണ്ണിയതിന് നന്ദി.കവിത വായിച്ചെങ്കില്‍ അതിനും നന്ദി..

കുഞ്ഞുട്ടി said...

നല്ല കവിത.
വരികള്‍ ഇത്രയധികം വേണോ?.
സ്വയം വെട്ടിക്കുറുതാക്കി വായനക്ക് തരിക.

ന്നാലും നല്ല വായന തന്നതിനു നന്ദി....

പൊതുവാള് said...

പ്രിയ വിശാഖ്,

നന്നായിരിക്കുന്നു ഈ വരികള്‍.
ഒരു ജന്മം കൊണ്ട് തേടിക്കണ്ടെത്താന്‍ കഴിയാത്ത ഒന്നിനെക്കുറിച്ചുള്ള വേവലാതി പിന്നെയും പിന്തുടരുമായിരിക്കും അല്ലേ?.

അസ്വാരസ്യമുളവാക്കിയ ഒന്ന് ചൂണ്ടിക്കാട്ടുന്നതില്‍ പരിഭവിക്കില്ലെന്നു കരുതുന്നു.

“പിന്നെ
ഉല്‍ക്കണ്ഠയുടെ
വിറയ്ക്കുന്ന ‘കൈത്തണ്ടയിലെ‘
വിരലുടയ്ക്കുവാനായി
ആര്‍ത്തി.“

ഇതില്‍ കൈത്തണ്ടയിലെ എന്ന വാക്ക് എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ എഴുതിയതല്ലെങ്കില്‍ അനുയോജ്യമായ വാക്ക് ‘കൈപ്പത്തിയിലെ‘ എന്നായിരുന്നു.

“ഏതോ വളത്തിന്റെ
വിഷംതീണ്ടി വളര്‍ന്ന
ഈ വെറിയുടെ സാംഗത്യം
ഏതുതാളില്‍നിന്നും
വ്യഖ്യാനിച്ചെടുക്കുമോ..“

വളത്തില്‍ മാത്രമല്ല വിഷം സ്വാര്‍ത്ഥതയുടെ വിഷവിത്തുകള്‍ എല്ലാ ഉണ്മകളേയും നാമാവശേഷമാക്കാന്‍ ആധുനികതയുടെ പൊടിക്കാറ്റില്‍ പറന്നു നടപ്പുണ്ട്.

vishak sankar said...

കുഞ്ഞുകുട്ടി..,
ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
പൊതുവാള്‍,
പരിഭവമല്ല,സത്യസന്ധമായ ഇത്തരം ഇടപെടലുകള്‍ക്ക് നന്ദി മാത്രമേയുള്ളു..ആദ്യം എഴുതിയത്
“ വിറയ്ക്കുന്ന കൈത്തണ്ടയിലെ
വളയുടയ്ക്കാനായി ആര്‍ത്തി” എന്നായിരുന്നു.കുടുംബസ്ഥനായ മനുഷ്യന്റെ അസ്തിത്വാന്വേഷണങ്ങളെ ഉല്‍ക്കണ്ഠയോടെ കാണുന്ന സ്ത്രീപാതിയെ ദ്യോതിപ്പിക്കുവാനായിരുന്നു ശ്രമം.പിന്നെയെന്തോ അതു മാറ്റി.കൈത്തണ്ട ബാകിയാവുകയും ചേയ്തു.ആദ്യത്തേതായിരുന്നു മെച്ചമെന്ന് ഇപ്പൊ തോന്നുന്നു...ഈ വരികള്‍ വയ്ച്ച് ഒന്നുകൂടി വായിച്ചുനോക്കു.താങ്കള്‍ക്കും ഇതേ അഭിപ്രായമാണെങ്കില്‍ ഒരു എഡിറ്റിങ്ങിന് ഇനിയും സാധ്യതയുണ്ടല്ലൊ..

വിഷ്ണു പ്രസാദ് said...

ക്ഷോഭങ്ങള്‍ അടങ്ങിയ നെഞ്ച്‌ വെയില്‍കായുന്ന
പാറപ്പുറം,

ഇരുളിന്റെ ഒരു മുത്ത്‌ ആണ്ടിറങ്ങിയ
കണ്‍തടം,

എലിക്കുഞ്ഞുങ്ങളെപ്പോലെ ആകുലതകള്‍ ഒളിച്ചിരിക്കുന്ന ഉള്‍ത്തടം,

ഓര്‍മ്മയിലിഴയുന്ന
തുടലൊച്ചകള്‍...

പുതുമയും ജീവനുമുള്ള കല്പനകള്‍ ...
ഇനിയുമുണ്ട്


ഒച്ചകള്‍കൊണ്ട്‌ അഴിയിട്ട്‌
തടവിലിട്ട കിളി

വിഷംതീണ്ടി വളര്‍ന്ന വെറി


എന്നിട്ടും ഈ കവിത ...

mumsy-മുംസി said...

great words

mumsy-മുംസി said...

sorry 4 English ...ilamozhi is not working n system .
i will comment later.....
congrats once again

Anonymous said...

സുഹ്രുത്തെ,
താങ്കളുടെ രചനകള്‍ വായിച്ചു. അവ കവിതകള്‍ അല്ല. കവയ്ക്കിടയിലെ വ്രണങ്ങള്‍ പഴുത്തൊലിച്ച ചലവും നാറ്റവുമാണൂ പ്രമേയം. ഭാഷ അതി വികലം. നിങ്ങളുടെ മനസ്സിണ്റ്റെ വികലമായ പരസ്യപ്രഖ്യാപനമാണു അതിണ്റ്റെ ദ്വനി.
പട്ടട,മരിപ്പുവീടു,ഇരുളു,ആകുലതകള്‍,തുടലൊച്ച,ആര്‍ത്തി,വടുക്കള്‍,വഴിതെറ്റല്‍,വിപരീത കാലം, മൂത്രം,പട്ടിണി, കഴുകന്‍,ആത്മഹത്യ,കോട്ടുവാ, ഉച്ചിഷ്ടം,ഹിംസ്രജന്തു,മടുപ്പു,വാള്‍,വള്ളിനിക്കര്‍,മാങ്ങാച്ചുന,കാലന്‍,വിഴുപ്പ്‌,തുരങ്കം,തടവ്‌,ശ്വാസംമുട്ടല്‍,വിതുമ്പല്‍,ഗദ്ഗദം,ദുര്‍ഗന്ധം,ചുടല,കക്കൂസ്‌,വെറി,അറവു ശാല,കെണി,തുള വീണ ഹ്രദയം,മൂട്‌ പോയ ചെമ്പ്‌ സാത്താന്‍,കശാപ്പുകാരന്‍,മരണം, ദേഷ്യം,പല്ലിറുമ്മല്‍,ഹതഭാഗ്യര്‍,മാംസം നാറുന്നു,കവിത നാറുന്നു,............ എന്തിനു,അറപ്പും വെറുപ്പും ഉളവാക്കുന്ന പദ പ്രയൊഗം. ഇത്രയും ദുര്‍ഗന്ധം വമിക്കുന്ന രചന കവിതയാണെന്നു ധരിച്ചുവശായ താങ്കളുടെ കുബുദ്ധി സുബുദ്ധിയാക്കുവാന്‍ തെല്ലു പരിശ്രമിച്ചാലും. നിറുത്തൂ ഈ ഭാഷ വ്യഭിചാരം. ആദ്യം കുറെ നല്ല കവിതകള്‍ തെരഞ്ഞെടുത്തു വായിക്കൂ.. കവിയുടെയും,കവിതയുടെയും സാമൂഹ്യ ധര്‍മം മനസ്സിലാക്കൂ. എന്തെഴുതിയാലും കവിതയാകുമോ? ശവം നാറി പൂക്കള്‍ വിരിയുന്ന ചെടിയുണ്ട്‌. പൂക്കള്‍ കാലാകാലങ്ങളില്‍ വിരിയണമല്ലോ, വിരിയട്ടെ, എന്നാല്‍ പൂജക്കെടുക്കുന്നതിണ്റ്റെ സാംഗത്യത്തെ കൂട്ടരുമായി ചിന്തയ്ക്കിടുന്നു.
ഞാന്‍ ആദരിക്കുന്ന ഒരു കവിയാന്നു സഖാവ്‌ വിഷ്ണു പ്രസാദ്‌.അദ്ദേഹത്തിണ്റ്റെ പ്രതികരണം താങ്കളുടെ സമീപകാല രചനയോടുള്ളതു വായിച്ചു ദ്വനി മനസ്സിലാക്കൂ. വിഡ്ഡി കൂഷ്മാണ്ടമെ.
ഇതു വായിച്ചു തങ്കളെ പ്രോത്സാഹിപ്പിക്കുന്ന നപു.സകങ്ങളെ എന്തു പറയാന്‍?

എന്ന്‌ സ്വന്തം മലയാളം.

vishak sankar said...

വിഷ്ണുവിനും, മുംസിക്കും നന്ദി

അപ്പനാരെന്നറിയാത്തതിനാല്‍ ഒരു പേരുകിട്ടാനുള്ള ഭാഗ്യം പോലുമില്ലാതെപോയ, അക്ഷരത്തെറ്റും അറിവില്ലായ്മയും മാത്രം കൈമുതലായുള്ള അനോണിക്കും നന്ദി..

parajithan said...

ഇവിടെയും അനോണി സഞ്ചാരമുണ്ടായോ? അനോണീ, ഈ പാവങ്ങളൊക്കെ ഒരു മൂലയ്ക്കിരുന്ന് എഴുതിക്കോട്ടെ ഇഷ്ടാ. താനാ പട്ടാമ്പിയിലുള്ള മോഷണവീരനെങ്ങാനുമാണോ? ആണെങ്കില്‍ ഈ പറഞ്ഞതെല്ലാം കറക്റ്റ്‌ തന്നെ. സ്വന്തമായി നാലു വരിയെഴുതുന്നവരെല്ലാം വിഡ്ഢികള്‍ തന്നെ.

വിശാഖെ, ആ മറുപടി ഇഷ്ടപ്പെട്ടു. :)

വേണു venu said...

വിശാഖു്,വല്ലാത്ത വരികള്‍.:)

വിഷ്ണു പ്രസാദ് said...

അനോണീചതിയാ,വിശാഖിന് കവിതയെഴുതാനറിയില്ലെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.എന്റെ പേര് കമന്റില്‍ ചേര്‍ത്തു വെച്ച് എന്നെ ഇങ്ങോട്ട് വലിച്ചുകൊണ്ടുവരുന്നതിന് തനിക്ക് പ്രത്യേക ഉദ്ദേശ്യം കാണും.എനിക്ക് വിശാഖിനേയും വിശാഖിന് എന്നേയും അറിയാം.കവിതയെഴുത്ത് പഠിപ്പിക്കാന്‍ വരുന്ന മാഷ്ക്ക് ഒരു നട്ടെല്ലുണ്ടാവുന്നത് നന്ന്.ദയവായി കുളം കലക്കാന്‍ നിക്കല്ലേ.ഇയാള്‍ക്ക് ഒരു പണിയുമില്ലേ...?

vishak sankar said...

എന്റെ വിഷ്ണൂ..
ഈ അനോണിക്കഴുവേറി എന്റെ ബ്ലോഗിലൂടെ താങ്കള്‍ക്ക് ഒരു നിമിഷമെങ്കിലും മനശ്ശല്യമുണ്ടാക്കിയെങ്കില്‍ അതിന് വിവരദോഷിയായ അവന്റെ പേരില്‍ ഞാന്‍ മാപ്പുചോദിക്കുന്നു.പിന്നെ താങ്കള്‍ പറഞ്ഞപോലെ നമുക്കു പരസ്പരം നന്നായറിയാം.പിന്നെ ഇതൊരു പാഠമാണ്.ഞാന്‍ അനോണി ഓപ്ഷന്‍ നിര്‍ത്തി.സ്വന്തമായി പേരില്ലാത്തവന്‍ എന്തിന് മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയണം?
ഈ അനോണി ഒപ്ഷന് മറ്റെന്തെങ്കിലും സാംഗത്യം ഉണ്ടെങ്കില്‍ അറിയിക്കണം വിഷ്ണു..ഇതൊരുമാതിരി എലിയെപ്പേടിച്ചതുപോലെയും ആവരുതല്ലൊ!ഇത്തരം സാങ്കേതികതകളില്‍ എനിക്കുള്ള അജ്ഞത താങ്കള്‍ക്കും അറിവുള്ളതാണല്ലൊ.

ഇത്തിരിവെട്ടം© said...

:)

vishak sankar said...

വേണുവിനും പരാജിതനും ഇത്തിരിവെട്ടത്തിനും നന്ദി.

പരമു said...

നേരത്തെ കാണേണ്ടതായിരുന്നു. കുറെ ദിവസമായി വനവാസത്തിലായിരുന്നതിനാല്‍ ബ്ലോഗൊന്നും നോക്കാന്‍ കഴിഞ്ഞില്ല.
അസ്തിത്വാന്വേഷണങ്ങളൊക്കെയും കേവലം അകം നോക്കികള്‍ മാത്രമായി ചുരുങ്ങുന്നു എന്നതാണ് ഒരു പക്ഷേ അവയുടെ പരിമിതി. ‘നിര്‍ന്നിദ്രം’ വ്യത്യ്സ്തമാവുന്നതും അവിടെയാണെന്നാണ് ഞാന്‍ കരുതുന്നത്.
‘ക്ഷോഭ‘ങ്ങളും കളഞ്ഞുപോയ ‘ഇരുളിന്റെ മുത്തും‘ ‘മറന്നുപോയ വാക്കും’ ധ്വനിപ്പിക്കുന്നത് പുറം കാഴ്ചകളിലേക്കു തുറക്കേണ്ടുന്ന അസ്തിത്വാന്വേഷണത്തെയാണ്.
ഏതൊരു യാത്രയിലും പിന്‍ വിളിയായ് ഒരു കൈത്തണ്ട എന്നും വിറച്ചു കൊണ്ടിരിക്കുന്നുണ്ട്.
‘മറന്നുവെച്ച വാക്ക്’, ‘ആത്മാക്കള്‍ മറന്നുപോയ വാക്കായി’ പരിണമിക്കുമ്പോള്‍, എല്ലാ അന്വേഷണങ്ങളും ഒരു വിപരീതകാലത്തിലേക്കുള്ള ഉറക്കമില്ലാത്ത കാത്തിരിപ്പാ‍ണെന്ന ദര്‍ശനമാണ് കവിത അനുവാചകനിലേക്ക് പകരുന്നത്.
നന്നായിരിക്കുന്നു വിശാഖ്..