Monday, November 24, 2008

സഫിയുമ്മ

എന്നാലും ഇവനെങ്ങനെയാ
ചോരക്കുറിതൊട്ട കൂട്ടത്തില്‍ കൂടീന്നാ
സഫിയുമ്മയ്ക്കിപ്പൊഴും സംശയം

മൊയ്തീനേന്ന് നീട്ടിവിളിച്ചോണ്ട്‌
പടികേറിവരുന്ന വള്ളിനിക്കറ്‌
കണ്ണീന്ന് മറയുന്നില്ലിപ്പോഴുമവര്‍ക്ക്‌

പൂരവും പെരുനാളും ഒരുമിച്ച്‌ കൊള്ളാനും
പള്ളീന്നിത്തിരി സര്‍ബത്ത്‌ മോന്താനും
നേദിച്ച പായസം കീറ്റിലയില്‍ തിന്നാനും
താഴേന്നും മോളീന്നും വിലക്കിയിരുന്നില്ല
അന്നൊന്നും അവരെ ആരും

ഓണമായാലും വിഷുവായാലും
ഒരുനേരമെങ്കിലും വരും
'മൊയ്തൂന്റുമ്മ' വച്ച
അരിപ്പത്തിരീം കോഴിക്കറീം
പാതാമ്പുറത്തിരുന്ന്‌ ഒരുമിച്ച്‌ കഴിക്കും

എട്ടാംതരത്തില്‍ പഠിക്കുമ്പൊഴാണ്‌
മൊയ്തീന്‌ ജ്വരം വന്നത്‌

തലയ്ക്കേന്ന് പിന്നെ മാറീട്ടില്ല
ഒടുക്കം വരെ
ഉരുണ്ടുവീഴാമ്പോണ തുള്ളിപോലെ
വിങ്ങിനിന്ന ആ മുഖം

മയ്യത്തടക്കിക്കഴിഞ്ഞ്‌
പിന്നെയും വന്നിട്ടുണ്ടാവണം
ഉമ്മയെക്കാണാന്‍ ഒരു മൂന്നാലുവട്ടം

പിന്നെപ്പിന്നെ തീരെ കാണാതായി

ഇപ്പൊ ദാ ഏതോ ഒരന്യനാട്ടില്‍
‍പത്തുപന്ത്രണ്ടാളെ പച്ചയ്ക്ക്‌ ചുട്ട കേസില്‍
‍ജെയിലിലാണത്രേ
മൊയ്തീന്‍ പോയെങ്കിലെന്തുമ്മാ
മോഹനന്‍ കാണുമെന്ന്
പണ്ട്‌ കെട്ടിപ്പിടിച്ച്‌ കരഞ്ഞ ചെക്കന്‍

‍ന്റെ മൊയ്തീനുണ്ടായിരുന്നെങ്കില്‍
‍അവനിങ്ങനെ തലതിരിയില്ലായിരുന്നെന്ന്
ഇന്നും ആരെക്കണ്ടാലും ആണയിടും
സഫിയുമ്മ

ഇല്ലായിരുന്നുവോ ഒരുപക്ഷേ...?

25 comments:

ആചാര്യന്‍... said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

Mahi said...

ഈ തീപിടിച്ച കാലത്തില്‍ അങ്ങനെയെത്രയെത്ര സഫിയുമ്മമാര്‍ നന്നായിട്ടുണ്ട്‌

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വിശാഖ്... ഈ ആകുലതകള്‍ വേണ്ടത്ര പങ്കുവെയ്ക്കപ്പെടുന്നില്ല എന്നത് നമ്മിലെ മനഃച്ചോര്‍ച്ചയുടേ ദൃഷ്ടാന്തമാവുന്നു.
കവിത നന്നായി.

പാമരന്‍ said...

ആകുലതകള്‍ നന്നായി പകര്‍ന്നുതന്നു. കവിത കുറഞ്ഞുപോയോന്നൊരു സംശയം..

വികടശിരോമണി said...

കവിതയളക്കുന്നതിൽ പ്രസക്തിയില്ലെന്നു തോന്നുന്നു.സഫിയുമ്മയെപ്പോലുള്ളവരുടെ ജീവിതം തന്നെയാണ് ഏറ്റവും നല്ല കവിത.

കുഞ്ഞിക്ക said...

“ഇപ്പൊ ദാ ഏതോ ഒരന്യനാട്ടില്‍
‍പത്തുപന്ത്രണ്ടാളെ പച്ചയ്ക്ക്‌ ചുട്ട കേസില്‍
‍ജെയിലിലാണത്രേ
മൊയ്തീന്‍ പോയെങ്കിലെന്തുമ്മാ
മോഹനന്‍ കാണുമെന്ന്
പണ്ട്‌ കെട്ടിപ്പിടിച്ച്‌ കരഞ്ഞ ചെക്കന്‍“

വിശാഖ് , പൊള്ളുന്ന വരികള്‍.

കൌടില്യന്‍ said...

ഇങ്ങനെയെങ്കില്‍ താങ്കളെഴുതേണ്ട.......
വായിച്ചാല്‍ മതി..'പശു'വിനെ വായിച്ച പോലെ.....!!!!

വിഷ്ണു പ്രസാദ് said...

അങ്ങനൊരു സഫിയുമ്മ ഉണ്ടോ?മൊയ്തീന്‍ മരിച്ചതു കൊണ്ടോ മോഹനന്‍ തീവ്രവാദിയായത്?വിശാഖ് എന്തുകൊണ്ട് ഹിന്ദു തീവ്രവാദം തന്നെ തെരഞ്ഞെടുത്തു എന്ന് ഞാന്‍ ചോദിക്കുന്നില്ല...:)

വിശാഖ് ശങ്കര്‍ said...

ആചാര്യാ‍,
ഞാനേ അസാധു.പിന്നെ ഏതു സാധുവിന് വോട്ട് ചെയ്യാനാ...:)
മഹീ,
അങ്ങനെയും ഒരുപാട് സഫിയുമ്മമാരുണ്ടെന്ന തിരിച്ചറിവിനു നന്ദി.
ശിവപ്രസാദ്,
ഈ നോവ് ഏറ്റെടുത്തതിന് നന്ദി.
പാമരാ,
ഒരാകുലത മാത്രമായിരുന്നു ഈ കവിത.അത് നീ വായിച്ചെടുത്തല്ലൊ..,അതുമതി.
വികടാ,
നീ അത് നന്നാ‍യി പറഞ്ഞു.അവരാണ് കവിത,ആ അമ്മ...
കുഞ്ഞിക്കാ.., നന്ദി.
കൌടില്യാ,
അങ്ങനെ പറയരുത്.എഴുത്തും വാ‍യനയും എന്നൊക്കെയല്ലേ പറയുക..:)
വിഷ്ണു,
ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എനിക്കും വിശദീകരണത്തിന്റെ ഒരു ഇടം തരാനാണെന്ന് വിശ്വസിക്കുന്നു.നന്ദി.
അങ്ങനെ ഒരുപാട് സഫിയുമ്മമാരുണ്ടെന്ന് നമുക്കറിയാം. (അറിയണം)മൊയ്തീന്‍ മരിച്ചതുകൊണ്ടല്ല മോഹനന്‍ തീവ്രവാദി ആയത്.പക്ഷെ, ഒരുപക്ഷേ, മൊയ്തീന്‍ ജീവിച്ചിരുന്നുവെങ്കില്‍ മോഹനന്‍ തീവ്രവാദി ആകില്ലായിരുന്നു.അത് സഫിയുമ്മയുടെ ഒരു വ്യക്തിഗത പ്രതീക്ഷയല്ല, മറിച്ച് മനുഷ്യബന്ധങ്ങളില്‍ വിശ്വസിക്കുന്ന ഓരോ സാധാരണ മനുഷ്യന്റെയും പ്രതീക്ഷയാണ്.ഒരുമിച്ച് ജീവിക്കുന്ന മനുഷ്യരുടെ ഇടയില്‍ ജാതിമതഭേദങ്ങളെ അതിവര്‍ത്തിക്കുന്ന ശുദ്ധമായും മാനവികമായ ഒരു ബന്ധം ഉണ്ടാവേണ്ടതുണ്ടെന്നും അതാണ് സ്വാഭാവികമെന്നും ഉള്ള തിരിച്ചറിവില്‍ നിന്നാണ് സഫിയുമ്മ പറയുന്നത്, ഒരുപക്ഷെ മൊയ്തീന്‍ ജീവിച്ചിരുന്നുവെങ്കില്‍ മോഹനന്‍ ‘അകത്താകുകില്ലായിരുന്നു’ എന്ന്.ഇവിടെയും അവന്‍ തീവ്രവാദി ആയി എന്നിടത്തല്ല ആ അമ്മയുടെ ആകുലത. മറിച്ച് ‘ന്റെ മൊയ്തീ‘നെപ്പോലെയുള്ള ഒരുണ്ണിയുടെ ജീവിതം വഴിതെറ്റി എന്നതാണ്.ഇത്തരം ഉണ്ണികളെപ്പോലും വഴിതെറ്റിക്കാന്‍ പോന്നവണ്ണം ‘ചോരക്കുറിതൊട്ട‘ പ്രത്യശാസ്ത്രങ്ങള്‍ പ്രബലമായിക്കഴിഞ്ഞ ഒരവസ്ഥയിലേയ്ക്കാണ് ഇവിടുത്തെ ആകുലതകളെല്ലാം കേന്ദ്രീകരിക്കുന്നത്.
എന്തുകൊണ്ട് ഹിന്ദു തീവ്രവാദം തന്നെ ത്Hഇരഞ്ഞെടുത്തു എന്ന ചോദ്യം ചോദിച്ചില്ലെങ്കിലും അതിന്റെ ആരായാതെപോയ ഉത്തരം ഞാന്‍ ഒരു ഹിന്ദുവാണ് എന്ന വ്യക്തിനിഷ്ഠതയല്ല. മറിച്ച് ന്യൂനപക്ഷവര്‍ഗീയതയെക്കാള്‍ നൂറുമടങ്ങ് ഭയക്കപെടേണ്ടതും ചെറുത്തു തോല്‍പ്പിക്കപ്പെടേണ്ടതുമായ ഒരു ധാരയാണ് ഭൂരിപക്ഷവര്‍ഗീയതയെന്ന രാഷ്ട്രീയമായ തിരിച്ചറിവാണ്.

വിശാഖ് ശങ്കര്‍ said...
This comment has been removed by the author.
കൌടില്യന്‍ said...

"മറിച്ച് ന്യൂനപക്ഷവര്‍ഗീയതയെക്കാള്‍ നൂറുമടങ്ങ്
ഭയക്കപെടേണ്ടതും ചെറുത്തു തോല്‍പ്പിക്കപ്പെടേണ്ടതുമായ
ഒരു ധാരയാണ് ഭൂരിപക്ഷവര്‍ഗീയതയെന്ന രാഷ്ട്രീയമായ തിരിച്ചറിവാണ്."

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം...

സഹിഷ്ണുതയുടെ നെല്ലിപ്പടി കണ്ട ഒരു സമൂഹത്തിന് നേരെ
ഒറ്റ പ്പെട്ട ഒരു സംഭവത്തിന്റെ വാലില്‍പ്പിടിച്ച് കെട്ടി,
തുണിയഴിച്ചു കാട്ടുന്ന പാവം വിശാഖന്‍....
സഹതാപമര്‍‌ഹിക്കുന്നു..താങ്കളുടെ ചിന്തകള്‍...

പ്രീണനത്തിന്റെ ഈ ഏഴാംകിട മുരട്ടു തത്വശാസ്ത്രം
താങ്കളെപ്പോലുള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിച്ചില്ല...

വിശാഖ് ശങ്കര്‍ said...

സഹിഷ്ണുതയുടെ നെല്ലിപ്പടി കണ്ട ഒരു സമൂഹത്തിന് നേരെ
ഒറ്റ പ്പെട്ട ഒരു സംഭവത്തിന്റെ വാലില്‍പ്പിടിച്ച് കെട്ടി,
തുണിയഴിച്ചു കാട്ടുന്ന പാവം വിശാഖന്‍....
സഹതാപമര്‍‌ഹിക്കുന്നു..താങ്കളുടെ ചിന്തകള്‍...

പ്രിയ കൌടില്യന്‍,
ഞാന്‍ ആരെയും തുണിയഴിച്ചുകാട്ടിയിട്ടില്ല. പിന്നെ, ആര്‍ക്കെങ്കിലും തുണിയുരിഞ്ഞ്‌പോയതായി തോന്നിയെങ്കില്‍ അതിനു ഉത്തരവാദി ഞാനല്ലല്ലൊ.ഭയകപ്പെടെണ്ടതും,ചെറുത്ത് തോല്‍പ്പിക്കപ്പെടെണ്ടതുമായ ഒരു ധാരയാണ് ഭൂരിപക്ഷവര്‍ഗീയതയുടേത് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹം ഭയക്കപ്പെടേണ്ടതും ചെറുത്ത് തോല്പിക്കപ്പെടേണ്ടതുമാണ് എന്നല്ല. കാരണം ഹിന്ദുസമൂഹത്തിലെ ബഹുഭൂരിഭാഗവും താങ്കള്‍ കരുതുന്നതു പോലെ വര്‍ഗീയവാദികളല്ല. നാളിതുവരെ ശ്രമിച്ചിട്ടും ഹിന്ദുത്വവാദികളുടെ കുടിലമായ വര്‍ഗീയ വംശീയ പ്രത്യയശാസ്ത്രങ്ങളിലേക്ക് അവരിതുവരെ ഇറങ്ങിപ്പോയിട്ടുമില്ല.

ഏതാണാവോ ഈ ‘ഒറ്റപ്പെട്ട സംഭവം‘?
ബാബറിമസ്ജിദ് പൊളിച്ചടുക്കിയത് മുതല്‍ ഗുജറാത്തിലും ഒറീസ്സയിലും നടന്ന നരനായാടുകള്‍ വരെയുള്ളതെല്ലാം ചേര്‍ന്നൊറ്റപ്പെട്ടതാവും..അല്ലേ!
ഈ നെല്ലിപ്പലകയെന്നത് ഹിന്ദുത്വവാദികളുടെ കുത്തകയാണെന്നത് അറിഞ്ഞിരുന്നില്ല.. ന്യൂനപക്ഷങ്ങളുടേത് ഇനി ഏതു മരത്തിന്റെ പലകയാണാവോ..! അതെന്തായാലും അസഹിഷ്ണുതയുടെ നൂരാത്ത വാല് ഇവിടത്തെ ഹിന്ദുസമൂഹത്തിലൊട്ടാകെ വെച്ചുകെട്ടാനുള്ള ശ്രമത്തിനുപിന്നിലുള്ള അജണ്ട തിരിച്ചറിയാതിരിക്കാന്‍ മാത്രം വിഡ്ഢികളല്ല ഈ മനുഷ്യരാരും..

മതേതരഭാരതത്തിന്റെ അകിട്ടില്‍നിന്ന് ചോരയൂറ്റിക്കുടിച്ച് വളരുന്ന കൊതുകുകളാരെന്ന് വര്‍ത്തമാനസമൂഹത്തിനറിയാം...

പ്രീണനത്തിന്റെ സവര്‍ണ്ണഫാസിസ്റ്റ് വിഷഗുളികയില്‍ ‘സനാതനധര്‍മ’ത്തിന്റെ പഞ്ചാര പുരട്ടിയൂട്ടി ഇവിടുത്തെ ബഹുഭൂരിപക്ഷംവരുന്ന ദളിത് ആദിവാസി സമൂഹങ്ങളെ കലാപകാരികളാക്കി തെരുവിലിറക്കാനുള്ള ശ്രമങ്ങള്‍ അടുത്തിടെയും നാം കണ്ടതാണല്ലോ, ഒറീസ്സയില്‍..
കണ്ണടച്ചാല്‍ ഇരുട്ടാവില്ലല്ലോ സുഹൃത്തേ....

കൌടില്യന്‍ said...

താങ്കള്‍ക്ക് ഒരു നല്ല ഭാവിയുണ്ട്.....
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അമരത്തിരുന്ന്,
മുറുക്കിച്ചുവപ്പിച്ച് തണ്ടേറ്റുന്നവരുടെ നെറുകിലേക്ക്
നീട്ടിത്തുപ്പുന്ന കപടരാഷ്രീയക്കാരന്റെ ഭാവി......"സഹിഷ്ണുതയുടെ നെല്ലിപ്പടി കണ്ട ഒരു സമൂഹത്തിന് നേരെ
ഒറ്റ പ്പെട്ട ഒരു സംഭവത്തിന്റെ വാലില്‍പ്പിടിച്ച് കെട്ടി,
തുണിയഴിച്ചു കാട്ടുന്ന പാവം വിശാഖന്‍...."

എന്ന് മാത്രം ഞാന്‍ പറഞ്ഞപ്പോള്‍,
ഞാനടക്കമുള്ള ഒരു വിശാല സനതനധര്‍‌മ്മത്തെ ഒന്നടങ്കം
താങ്കള്‍, താങ്കളുടെ നിറം പിടിപ്പിച്ച കണ്ണടയിലൂടെ നോക്കിക്കണ്ടു...
അവരുടെമേല്‍ ബാബറി വിധ്വംസനം മുതല്‍ മാലേഗാവ് വരെ കെട്ടിച്ചാര്‍‌ത്തി
ചുണ്ണാമ്പ് തേച്ച് ഓട്ടയടക്കുന്നു....

"ചെറുത്ത് തോല്‍പ്പിക്കപ്പെടെണ്ടതുമായ ഒരു ധാരയാണ് ഭൂരിപക്ഷവര്‍ഗീയതയുടേത്"
എന്നല്ല പറയേണ്ടത്!, നീറുന്ന മുറിവില്‍ മരുന്നുപുരട്ടി സമാശ്വസിപ്പിക്കേണ്ടതാണ് അവരുടെ
വിശാല വിശ്വാസങ്ങളെ,
കൂടുതല്‍ ചര്‍ച്ചയ്ക്ക് ഇവിടം ഉപയോഗിക്കുന്നില്ല....
അതിന് ആഴത്തിലുള്ള കാഴ്ച്ചപ്പാടുകള്‍ ഉണ്ടായിരിക്കണം
പുറം തോട് മാന്തി നോക്കി മണപ്പിച്ചെടുക്കുന്ന വിഭ്രമവ്യാമോഹികളോട്
പറഞ്ഞിട്ട് കാര്യവുമില്ല!!!
താങ്കള്‍ക്ക് നന്മ നേരുന്നു...

"പ്രീണനത്തിന്റെ സവര്‍ണ്ണഫാസിസ്റ്റ് വിഷഗുളികയില്‍ ‘സനാതനധര്‍മ’ത്തിന്റെ പഞ്ചാര പുരട്ടിയൂട്ടി ഇവിടുത്തെ ബഹുഭൂരിപക്ഷംവരുന്ന ദളിത് ആദിവാസി സമൂഹങ്ങളെ കലാപകാരികളാക്കി തെരുവിലിറക്കാനുള്ള ശ്രമങ്ങള്‍ അടുത്തിടെയും നാം കണ്ടതാണല്ലോ, ഒറീസ്സയില്‍...."

ഇക്കാര്യത്തില്‍ താങ്കള്‍ "കിണറ്റിലെ തവളയാണ്"
ഒറീസ്സയെക്കുറിച്ച് താങ്കള്‍ക്കെന്തറിയാം?
ഒരുപാടു വര്‍ഷം ഈയുള്ളവന്‍ ഒറീസ്സയില്‍ ഉണ്ടായിരുന്നു....
വെറും രണ്ടു ശതമാനത്തില്‍ താഴെയുണ്ടായിരുന്ന ക്രിസ്ത്യ്ന്‍ സമൂഹത്തിന്റെ
ജനസംഖ്യാനുപാതം എത്രയാണിപ്പോള്‍ എന്ന് താങ്കള്‍ക്കറിയാമോ?
അശരണരെ സ്നേഹിക്കാന്‍ മതപരിവര്‍‌ത്തനം നടത്തണമെനില്ല.
ഒറീസ്സ അക്രമണങ്ങളെ ന്യായീകരിക്കുകയല്ല.....
മറിച്ച് അക്രമണങ്ങളുണ്ടാകുന്നതിന്റെ നിജസ്ഥിതിയെപ്പറ്റി
വസ്തുനിഷ്ഠമായ വിശകലങ്ങല്‍ നടത്തുകയാണ് താങ്കളെപ്പോലുള്ള
സാമൂഹ്യപ്രവര്‍ത്തകര്‍‌ ചെയ്യേണ്ടത്.......

കുട്ടി നേതാക്കന്മാര്‍‌ വിളമ്പിത്തരുന്ന ചുടുചേറ് വാരി വിഴുങ്ങരുത്...
കണ്ടെത്തുന്ന ഉത്തരങ്ങള്‍ വിളിച്ചുപറയുവാന്‍ ഭയപ്പെടുന്നുവെങ്കില്‍ മൗനം പാലിക്കാനെങ്കിലും പഠിക്കുക..
വളച്ചൊടിക്കപ്പെടാതെ.....

ഗുപ്തന്‍ said...

കാലത്തിന് ആവശ്യമായ ചിന്ത വിശാഖ്. ശില്പപരമായി വിശാഖിന്റെ പഴയ മുറുക്കം തോന്നിയില്ല. എങ്കിലും സഫിയുമ്മയെ ഇഷ്ടപ്പെട്ടു.

(കവിതയുടെ രാഷ്ട്രീയം കവി ചര്‍ച്ചചെയ്യാതിരുന്നൂടേ ? അത്യാവശ്യമൊരു വിശദീകരണത്തിനപ്പുറം)

തുരുമ്പ് said...

കവിയ്ക്കെന്താ സ്വന്തം രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍? അതാണുദ്ദേശ്യമെങ്കില്‍ അതു പച്ചയ്ക്കു പറയാതെ മറച്ചു വയ്ക്കുന്നതില്‍ എന്തെങ്കിലും പുണ്യമുണ്ടോ? മറ്റേത് സൂക്ഷമായ രാഷ്ട്രീയമാണ്, സ്വന്തം നിരീക്ഷണത്തിനുള്ളില്‍ നിന്നും സ്വാഭാവികമായി തെളിഞ്ഞു വരുന്ന അറിവ്, ആത്മാവില്‍ സ്വതന്ത്രരായിരിക്കണം അതിനൊക്കെ. സ്വാതന്ത്ര്യം കൂസലില്ലായ്മ എന്നും മറ്റും വലിയ വായില്‍ വിളിച്ചുകൂവി നടന്ന മുകുന്ദന്റെയൊക്കെ കഴുത്തിലെ ഇരട്ടപ്പട്ട നമ്മളിപ്പോള്‍ കണ്ടു തുടങ്ങുന്നതേയുള്ളൂ. വാലാട്ടലും. ഭൂരിപക്ഷ വര്‍ഗീയതയാണ് ഇന്ത്യയിലെയും കേരളത്തിലേയും (ലോകത്തില്‍ ആ പ്രശ്നമില്ല) മാരക ദോഷം എന്ന മട്ടിലാണ് സി പി എംന്റെ നിലപാട്, അതിനുള്ളിലെ അധികാരരാഷ്ട്രീയം തിരിച്ചറിയാന്‍ വലിയ തലപുകയ്ക്കല്‍ ആവശ്യമില്ല. ഏതു വര്‍ഗീയതയും അപകടകരമാണെന്ന തിരിച്ചറിവാണ് വേണ്ടത്, അത്ര തന്നെ അപകടകരമാണ് രാഷ്ട്രീയ ഫാസിസവും. അപ്പോള്‍ കവിത എന്തായാലും പ്രകടനപത്രികയാണ് കാവ്യമീമാംസയെങ്കില്‍ കവിയ്ക്ക് പറഞ്ഞു തുടങ്ങാം..
സഫീയുമ്മയൊക്കെ അപ്പോള്‍ ഒബ്ജെക്ടീവ് കോറിലേറ്റീവ്..

വിശാഖ് ശങ്കര്‍ said...

പ്രിയ കൌടില്യാ,
എന്റെ ഭാവിയെക്കുറിച്ചുള്ള താങ്കളുടെ പ്രവചനങ്ങള്‍ എന്തുതന്നെ ആയാലും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ചിന്താധാരയ്ക്ക് മതേതരഇന്ത്യയില്‍ വലിയ ഭാവിയുണ്ടാകുമെന്ന് തോന്നുന്നില്ല.
“ ഒരു വിശാല സനതനധര്‍‌മ്മത്തെ ഒന്നടങ്കം
താങ്കള്‍, താങ്കളുടെ നിറം പിടിപ്പിച്ച കണ്ണടയിലൂടെ നോക്കിക്കണ്ടു...
അവരുടെമേല്‍ ബാബറി വിധ്വംസനം മുതല്‍ മാലേഗാവ് വരെ കെട്ടിച്ചാര്‍‌ത്തി
ചുണ്ണാമ്പ് തേച്ച് ഓട്ടയടക്കുന്നു....“
ഈ പറഞ്ഞ ഭാഗത്തെ ‘ഞാനുള്‍പ്പെടെയുള്ള വിശാല സനാതനധര്‍മ്മത്തെ ഒന്നടങ്കം’എന്നതിന്റെ അര്‍ത്ഥം വ്യക്തമായില്ല. ഇന്ത്യയിലെ ഹിന്ദുക്കളെ ഒട്ടാകെ ഞാന്‍ ബാബറിധ്വംസനമുള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രതിസ്ഥാനത്ത് നിര്‍ത്തി എന്നാണ് ആരോപണമെങ്കില്‍ തെറ്റി.ദാ ഈ ഭാഗം ഒന്നുകൂടി വായിച്ചു നോക്കുക
“ഹിന്ദുസമൂഹത്തിലെ ബഹുഭൂരിഭാഗവും താങ്കള്‍ കരുതുന്നതു പോലെ വര്‍ഗീയവാദികളല്ല. നാളിതുവരെ ശ്രമിച്ചിട്ടും ഹിന്ദുത്വവാദികളുടെ കുടിലമായ വര്‍ഗീയ വംശീയ പ്രത്യയശാസ്ത്രങ്ങളിലേക്ക് അവരിതുവരെ ഇറങ്ങിപ്പോയിട്ടുമില്ല.“
ഇനി, താങ്കള്‍ പറയുന്ന ,താങ്കളുള്‍പ്പെടെയുള്ള വിശാല സനാതനധര്‍മ്മം എന്നത് സംഘപരിവാരത്തിന്റെ സനാതനധര്‍മ്മം എന്ന അര്‍ത്ഥത്തിലാണെങ്കില്‍ അവരില്‍ ഒന്നും കെട്ടിചാര്‍ത്തേണ്ട കാര്യമില്ല.സവര്‍ക്കറെപ്പോലുള്ളവരെ മാനസഗുരുവായി സ്വീകരിച്ചിട്ടും നാലാളുകൂടുന്നിടത്ത് ജനാധിപത്യവാദിയായി അഭിനയിക്കേണ്ട ഗതികേടുള്ളവര്‍ക്കാണ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കേണ്ടിവരുന്നത്.
ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഉടലുമുഴുവന്‍ മുറിവുകളാണത്രെ..!അവിടെ മരുന്നു പുരട്ടണമത്രെ..!ആയിരക്കണക്കിനു മനുഷ്യരെ പച്ചയ്ക്ക് തെരുവിലിട്ടു കത്തിക്കുകയും,വംശീയ ശുദ്ധീകരണത്തിന് പരസ്യമായി ആഹ്വനം ചെയ്യുകയും ചെയ്യുന്ന നരാധമന്മാര്‍ക്ക് ഓശാനപാടാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോര.

ഇനി സനാതനഹിന്ദുത്വം എന്നത് ഒരു ആശയസംഹിതയാണെങ്കില്‍ അതിനെ ഇവിടെ ഏതു ന്യൂനപക്ഷമാണ് മുറിവേല്‍പ്പിച്ചതെന്ന് പറഞ്ഞാല്‍ കൊള്ളാം.

ചാതുര്‍വര്‍ണ്ണ്യം,അയിത്തം തുടങ്ങിയ ഒരുപിടി സാമൂഹ്യദുരാചാരങ്ങള്‍ കിടന്ന് ജീര്‍ണ്ണിക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന പൊട്ടക്കിണറ്റില്‍ കിടന്നുകൊണ്ട് നോക്കിയാല്‍ താനല്ല, പുറത്തുള്ള മറ്റുള്ളവരാണ് കിണറ്റില്‍ എന്നു തോന്നും.അതാണ് അവരുടെ ദുര്‍വിധി.പക്ഷേ ഇത്തരം വങ്കത്തരങ്ങള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞാല്‍ സത്യമായി തീരുമെന്ന് അവര്‍ വിശ്വസിക്കുന്നു.അതിനെയാണ് താങ്കള്‍ പറഞ്ഞ ‘വിഭ്രമവ്യാമോഹം’ എന്ന് പറയുന്നത്.
ഒറീസയില്‍ മതപരിവര്‍ത്തനം നടന്നത്രെ..!നടക്കണം.സ്വന്തം മതത്തില്‍ പെട്ടവരെന്ന് ഇപ്പൊ പറയുന്ന ദളിത് ആദിവാസി വിഭാഗങ്ങളെ മനുഷ്യരായി പോലും കണക്കാക്കാതെ,അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയിരുന്ന സവര്‍ണ്ണപ്രഭുക്കളാണ് ഇപ്പൊ എണ്ണം ചോരുന്നു എന്ന മുതലക്കണ്ണിരും പൊഴിച്ച് ഇറങ്ങിയിരിക്കുന്നത്.ഏതു സനാതന ധര്‍മ്മത്തിന്റെ പേരിലായാലും മനുഷ്യരെ ചവിട്ടി തേച്ചാല്‍ അവര്‍ പ്രതികരിക്കും.അവര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കണം.അതിനു തടസം മതമാണെങ്കില്‍ മതം മാറും.അങ്ങനെ മാറിയാല്‍ അവരെ ഞങ്ങള്‍ ചുട്ടുകൊല്ലും എന്നാണെങ്കില്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ ഇന്നാട്ടില്‍ ആളുകളുണ്ടാവും.അതാണ് മതേതരഭാരതത്തിന്റെ പാരമ്പര്യം.അതുകൊണ്ട് പരിവാരങ്ങള്‍ വിതരണം ചെയ്യുന്ന കള്ളച്ചോറ് കഴിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ കഴിച്ചോളു.പക്ഷേ അത്h ആര്‍ക്കു വിളമ്പിയാലും കഴിക്കണമെന്ന് ശാഠ്യം പിടിക്കരുതെന്നു മാത്രം.

വിശാഖ് ശങ്കര്‍ said...

ഗുപ്താ,
ആ അഭിപ്രായം മറ്റുചിലരും പറഞ്ഞിരുന്നു..:)
പിന്നെ രാഷ്ട്രീയം ഞാന്‍ പറഞ്ഞതല്ലല്ലോ.പറയിപ്പിച്ചതല്ലേ....

തുരുമ്പേ,
തിരിച്ചറിവുണ്ടാവണം.അതുതന്നെ എനിക്കും പറയാനുള്ളത്.ഏതു തരം വര്‍ഗ്ഗീയതയും അപകടകരമാണ്.അല്ല എന്ന് ഇവിടെ ഒരിടത്തും ആരും പറഞ്ഞിട്ടില്ല.പക്ഷെ ഭൂരിപക്ഷവര്‍ഗ്ഗിയതയെയും ന്യൂനപക്ഷ വര്‍ഗ്ഗീയത്യേയും ഒന്നായി കാണാനാവില്ല.കാരണം അധികാരവ്യവസ്ഥയെപ്പോലും അട്ടിമറിക്കാന്‍ പോന്ന ഒന്നായി ഭൂരിപക്ഷ വര്‍ഗ്ഗീയത്യ്ക്ക് വളരാനാവും എന്നതു തന്നെ. മുസ്ലീം വര്‍ഗീയത എത്ര തന്നെ വളര്‍ന്നാലും, അതിന് ഇന്ത്യയെ മറ്റൊരു താലിബാനാക്കി മാറ്റാന്‍ കഴിയില്ല. പക്ഷെ ഹിന്ദുത്വവാദികള്‍ സ്വപ്നം കാണുന്നതുപോലെ ഭൂരിപക്ഷ വര്‍ഗീയത്യ്ക്ക് വളരാനായാല്‍ ഇന്ത്യയെന്ന മതെതര രാജ്യം അട്ടിമറിക്കപ്പെട്ട് ഒരു ഹിന്ദു രാഷ്ട്രം രൂപംകൊള്ളും.ഹിന്ദുക്കള്‍ കൂടുതലുള്ള രാജ്യം ഹിന്ദുരാജ്യം ആവേണ്ടതല്ലേ, അതല്ലേ അതിന്റെ ഒരു ന്യായമെന്നാണ് അടുത്ത വാദമെങ്കില്‍ ആ തുരുമ്പിന് എന്റെ പക്കല്‍ മരുന്നില്ല സുഹൃത്തേ..!

വിശാഖ് ശങ്കര്‍ said...

അവസാനം ഇട്ട കമന്റിലെ ‘അധികാരവ്യവസ്ഥ’എന്നത് ഭരണവ്യവസ്ഥ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

ചിന്തകൻ said...

പ്രിയ വിശാഖ് ശങ്കര്‍

സുന്ദരിയുടേ ഭാഹ്യ സൌന്ദര്യത്തെക്കാള്‍ സൌന്ദര്യം
വിരൂപിയുടെ ആന്തരിക സൌന്ദര്യമല്ലോ.

‘സഫിയുമ്മ‘ മനോഹരമരമായിരിക്കുന്നു

‘സഫിയുമ്മ’യെ പോലെയാഗ്രഹിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ നാട്ടിലുണ്ട്.

എന്റെ വീടിനും ചുറ്റും താമസിക്കുന്നവര്‍ ഭൂരിപക്ഷവും ഹിന്ദു സഹോദരന്മാരാണ്. ഞങ്ങള്‍ സ്നേഹത്തോടെ ഒരുമയോടെ ഓണത്തിനും പെരുന്നാളിനും എല്ലാം പരസ്പരം സ്നേഹം പങ്കുവെച്ച് കഴിയുന്നു. എന്റെ പ്രിയ കൂട്ടുകാര്‍ ശ്രീയുടെയും ,രജുവിന്റെയും അമ്മയെ ഞാനും അമ്മേ എന്ന് വിളിക്കുന്നു,ഇന്നമ്മയെ ഞാനും ഇന്നമ്മേ വിളിക്കും അവരുടെ ചെറിയമ്മ എന്റെയു ചെറിയമ്മ.
ഞങ്ങളുടെ ഈ ബന്ധം എന്നും നിലനില്‍ക്കണേ എന്ന് ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നു.

വര്‍ഗ്ഗീയത ഭീകരതയുണ്ടാക്കുന്നു. ഭീകരത വര്‍ഗ്ഗീയതയും. രണ്ടും പരസ്പര പൂരകങ്ങള്‍ തന്നെ.
അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഒരു പോലെ ആപല്‍ക്കരം തന്നെ. ഒന്ന് മറ്റേതിന്റെ വളമാണ്. രണ്ട് കൂട്ടരും പരസ്പരം ചൂണ്ടി ഇവര്‍ നമ്മളെ കൊല്ലാന്‍ വരുന്നേ എന്ന് വിളിച്ച് കൂവി ആളെ കൂട്ടുന്നു. സ്നേഹിച്ചും കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന ‘മൊയതു‘ വും ‘മോഹന‘നും രണ്ടാവുന്നു. ഒരു പക്ഷേ മൊയ്തു ജീവിച്ചിരുന്നെങ്കിലും മൊയ്തുവും മോഹനനും കണ്മുന്നില്‍ വെട്ടിമരിക്കുന്നത് കാണാന്‍ കഴിയാതെ സഫിയുമ്മ ഹൃദയം പൊട്ടി മരിച്ചേനെ.

ഒരു വര്‍ഗീയത മറ്റൊന്നിന് വളമാണ്.
അതില്‍ ഭൂരിപക്ഷമില്ല.
ന്യൂനപക്ഷമേ ഉള്ളൂ.
ന്യൂനാല്‍ ന്യൂനപക്ഷം.

അവരെ നാമെല്ലാവരും
ഒരുമിച്ചിരിച്ചിരുന്ന്
സ്നേഹിച്ച് സ്നേഹിച്ച്
തോല്‍പ്പിക്കുക!

വിശാഖ് ശങ്കര്‍ said...

ചിന്തകാ,
വര്‍ഗ്ഗീയവും, വംശീയവും ആയുള്ള വിഷങ്ങള്‍ക്കപ്പുറത്തേയ്ക്ക് വളരാന്‍ കഴിയുന്നതാണ് വ്യക്തിബന്ധങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പടരുന്ന സ്നേഹത്തിന്റെ മരുന്ന്.
“എന്റെ പ്രിയ കൂട്ടുകാര്‍ ശ്രീയുടെയും ,രജുവിന്റെയും അമ്മയെ ഞാനും അമ്മേ എന്ന് വിളിക്കുന്നു,ഇന്നമ്മയെ ഞാനും ഇന്നമ്മേ വിളിക്കും അവരുടെ ചെറിയമ്മ എന്റെയു ചെറിയമ്മ.
ഞങ്ങളുടെ ഈ ബന്ധം എന്നും നിലനില്‍ക്കണേ എന്ന് ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നു. “
മേല്‍പ്പറഞ്ഞതരം ബന്ധങ്ങള്‍ അതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്.സഫിയുമ്മ എന്നത് സരസ്വത്യമ്മയും ആകാം,സലോമിയമ്മയും ആകാം.അത് തിരിച്ചറിയാന്‍ മനുഷ്യസ്നേഹത്തിന്റെ വെളിച്ചം വേണം.

നന്ദി.

Nachiketh said...

ഈ സഫിയുമ്മയാണെന്റെ ....താത്തുമ്മ.....

അനിലന്‍ said...

“എന്തുകൊണ്ട് ഹിന്ദു തീവ്രവാദം തന്നെ ത്Hഇരഞ്ഞെടുത്തു എന്ന ചോദ്യം ചോദിച്ചില്ലെങ്കിലും അതിന്റെ ആരായാതെപോയ ഉത്തരം ഞാന്‍ ഒരു ഹിന്ദുവാണ് എന്ന വ്യക്തിനിഷ്ഠതയല്ല. മറിച്ച് ന്യൂനപക്ഷവര്‍ഗീയതയെക്കാള്‍ നൂറുമടങ്ങ് ഭയക്കപെടേണ്ടതും ചെറുത്തു തോല്‍പ്പിക്കപ്പെടേണ്ടതുമായ ഒരു ധാരയാണ് ഭൂരിപക്ഷവര്‍ഗീയതയെന്ന രാഷ്ട്രീയമായ തിരിച്ചറിവാണ്.”


ഞങ്ങളുടെ തറവാട്ടമ്പലത്തില്‍ അയ്യപ്പനാണ് പ്രധാന പ്രതിഷ്ഠ. അതുകൊണ്ടുതന്നെ വാവരുമുണ്ട്. എന്റെ കുട്ടിക്കാലത്ത് മുസ്ലിങ്ങള്‍ അമ്പലത്തില്‍ വന്നു പോകുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. സ്ഥിരമായി ശബരിമലയ്ക്കു പോയിരുന്ന അലുവ, പൊരി കച്ചവടക്കാരനായ ഒരു വൃദ്ധനെ ഓര്‍മ്മയുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും അമ്പലത്തില്‍ വന്നു പോയിരുന്ന ഒരുമ്മയേയും. അവര്‍ക്കൊന്നും ഇനി അമ്പലത്തില്‍ വരാന്‍ കഴിയില്ല. ആരും തടഞ്ഞിട്ടല്ല, വിശാഖ് പറഞ്ഞ, ചെറുത്തു തോല്‍പ്പിക്കേണ്ട ഭൂരിപക്ഷവര്‍ഗ്ഗീയത ന്യൂനപക്ഷത്തിനു സമ്മാനിച്ച ഭീതിയാണതിനു കാരണം.

വിശാഖ്,
നല്ല കവിത.

വിശാഖ് ശങ്കര്‍ said...

നന്ദി നചികേത്.

ശരിയാണ് അനിലാ,ഇനി വരില്ല ആ ഉമ്മയും, വൃദ്ധനുമൊന്നും.സ്നേഹത്തിന്റെയും മൈത്രിയുടേയും അത്തരം നനവുകളുള്ളിടത്തൊക്കെ അവര്‍ സംഘമായി എത്തും.നിര്‍മ്മലമായ ഉറവകളൊക്കെയും വറ്റിച്ച് പകയുടെ, ഭീതിയുടെ വിത്തുപാകിയിട്ട് പോകും...

ഗുപ്തന്‍ said...

രാഷ്ട്രീയം പറയരുതെന്നല്ല വിശാഖ്. ചര്‍ച്ച ചെയ്യരുതെന്നാണ് പറയാന്‍ ശ്രമിച്ചത്. പറയാനുള്ളത് പറഞ്ഞുകഴിഞ്ഞ് കടിച്ചുതൂങ്ങുന്ന കമന്റുകള്‍ അവഗണിക്കുന്നതാണ് നല്ലതെന്ന് തോന്നി. :)

സെറീന said...

മൊയ്തുന്‍റെ,മോഹനന്‍റെ
എത്ര മക്കളുടെ സഫിയുമ്മമാര്‍..‍
ഈ കരച്ചില്‍ ഞാനെന്തു ചെയ്യും?