Friday, September 12, 2008

എങ്ങനെ...?

കെട്ടിയോനെക്കൊണ്ട്‌
മടുത്തല്ലോ ദൈവമേ എന്ന്
വ്രതം നോറ്റ്‌ മടുത്തിട്ട്‌
നോമ്പ്‌ പിടിച്ച്‌ പ്രാര്‍ത്ഥിച്ച്‌ നോക്കും
പെമ്പിറന്നോത്തി.

അപ്പനെ നന്നാക്കണേയെന്ന്
വീട്ടിലില്ലാത്ത മുട്ടിപ്പാ
നിരാഹാരം കിടന്ന് വാങ്ങിപ്പിച്ച്‌
മുട്ടുകുത്തി പ്രാര്‍ത്ഥിക്കും
കോണ്‍വെന്റില്‍ പഠിക്കുന്ന
കുട്ടികള്‍.

കെട്ടിയോളെയും കുഞ്ഞുങ്ങളേയും
ഇങ്ങനെ കണ്ണീരു കുടിപ്പിക്കുന്ന ഒരു ദൈവത്തില്
‍എങ്ങനെ പിന്നെയും വിശ്വസിക്കും
സ്നേഹമുള്ള
ഏതു കെട്ടിയോനും, അപ്പനും...?

10 comments:

പാമരന്‍ said...

അതു കറക്റ്റ്‌..

Mahi said...

ഇതുപോലെ എന്തൊ ഒന്ന്‌ എന്റെ തലയിലും കയറി കൂടിയതാണ്‌ പക്ഷെ ഈ എന്‍ഡിലേക്ക്‌ വന്നില്ല.ഇവിടെ ഇങ്ങനെ ഇത്രയും കൃത്യമായ അനുപാതത്തില്‍ പിറവി കൊള്ളാനായിരുന്നു അതിനു യോഗം.വളരെ നന്നായിരിക്കുന്നു.

ഭൂമിപുത്രി said...

കുടുംബകോടതിയിൽ കേസ് കൊടുക്കാൻ പോകുമ്പോഴും സീമന്തകുങ്കുമവും ആറ് പവനിൽ കെട്ടിത്തൂക്കിയ മംഗല്ല്യസൂത്രവും അണിയാൻ മറക്കാത്ത സീരിയൽ നായികമാരെ പറ്റിയാകട്ടെ ഇതിന്റെ തുടർക്കവിത.

വിശാഖ് ശങ്കര്‍ said...

പാമരന്‍..., :)

മഹി, നന്ദി ഈ സഹയാത്രയ്ക്ക്.

ഭൂമീപുത്രി,
ഒരു മകനും, കെട്ട്യോനും, അഛനുമെന്ന നിലയ്ക്ക്
പരിഹസിക്കപെടേണ്ടതെങ്കിലും എനിക്കെങ്ങനെ ആ നിസ്സഹായതയെ പരിഹസിക്കാനാവും? താലി നല്‍കുന്ന തണല് വിട്ടാല്‍ കരിഞ്ഞുപോകുന്നതാണ് എന്ന പരാധീനത പെണ്ണിനുമേല്‍ സാമൂഹ്യ അധികാര സ്ഥാപനങ്ങള്‍ കെട്ടിവച്ച ഒന്നാണ്.അതിനെതിരേ പരയാനും എഴുതാനുമായിരുന്നു എന്നും എന്റെ ശ്രമം.(വിജയിച്ചാലും ഇല്ലെങ്കിലും).

ഈ വിശ്വാസത്തിന് ഒരുപാട് നന്ദി.

വികടശിരോമണി said...

കലക്കി.സീരിയലിലെ നായികമാരുടെ നിസ്സഹായതയിലും അനുതപിക്കുന്ന മനസ്സിനു നമോവാകം.

അനൂപ് തിരുവല്ല said...

:)

വിശാഖ് ശങ്കര്‍ said...

വികടശിരോമണി,

സീരിയല്‍ നായികമാരുടെ നിസ്സഹായതയെകുറിച്ചല്ല ഞാന്‍ പറഞ്ഞത്.മറിച്ച് അവര്‍ ഖണ്ഡശ്ശേ വിളമ്പികൊടുക്കുന്ന ആത്മാവില്ലാത്ത, വെറും പ്രകടനപരം മാത്രമായ ദുഖങ്ങള്‍ക്ക് വശംവദരായിപ്പോകുന്ന നമ്മുടെ സ്ത്രീ സമൂഹത്തിലെ നല്ലൊരു ശതമാനത്തെ കുറിച്ചാണ്.അവരുടെ ജീവിത ദര്‍ശനവും, സൌന്ദര്യബോധവുമൊക്കെ ഈവിധം പൊള്ളയായിപ്പോയതിന് അവര്‍ മാത്രമാണോ ഉത്തരവാ‍ദികള്‍? ഇന്നും പുരുഷകേന്ദ്രീകൃതമായി തുടരുന്ന അധികാരകേന്ദ്രങ്ങളില്‍നിന്നും തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തപ്പെടുന്ന അവര്‍ ഒഴിച്ചിടപ്പെട്ട ഒരു അനുഭവമണ്ഡലത്തെ ഉപാസിച്ച് പ്രബുദ്ധരായിക്കൊള്ളണം എന്ന് ശഠിക്കുന്നവര്‍ ചെയ്യുന്നത് അവരുടെ നിസ്സഹായതയെ പരിഹസിച്ച് ചിരിക്കുക എന്നതാണ്.അതില്‍ വലിയ സറ്റയറൊന്നും ഇല്ല എന്നുതന്നെയാണ് ഇപ്പൊഴും എന്റെ അഭിപ്രായം.

അനൂപ്..., :)

വികടശിരോമണി said...

കലക്കം തെളിഞ്ഞു.ഇപ്പറഞ്ഞതിന് 100മാർക്ക്.അതിലൊട്ടും സറ്റയറില്ല.തമസ്കരണത്തിന്റെയും അവഹേളനത്തിന്റെയും ചരിത്രത്തെ മനപ്പൂർവ്വം മറന്ന്,സ്ത്രീകളുടെ ബോധനിലവാരത്തെ കളിയാക്കുന്ന പൌരുഷം പൌരുഷമല്ല.

അനില്‍@ബ്ലോഗ് said...

ഇപ്പോള്‍ കാര്യങ്ങള്‍ തെളിഞ്ഞു.
നന്നായി.

വിശാഖ് ശങ്കര്‍ said...

വികടശിരോമണി, അനൂപ്, നന്ദി.