Friday, July 18, 2008

ആയുസ്സ്

കപ്പ, പുഴുക്ക്‌, പഴങ്കഞ്ഞി മുതല്‍
പോത്തിറച്ചി, പന്നി ഇറച്ചി
തവളക്കാല്‍ വരെ
സസ്യവും, സസ്യേതരവുമായ
സകല രുചികളേയും
പിറകേ നടന്ന്
പ്രണയം കൊണ്ട്‌
പൊറുതിമുട്ടിച്ചപ്പൊഴാണ്‌
കൊഴുപ്പിന്റെ പടകളെ ഇളക്കിവിട്ട്‌
അവരെന്റെ ചങ്കിന്റെ വാതിലുകള്‍ അടച്ച്‌
പ്രാണനെ ഘെരാവോ ചെയ്തത്‌.

ചാര്‍മിനാര്‍, സിസറ്‌, വില്‍സുതൊട്ട്‌
ദിനേശ്‌, കാജാ, തെറുപ്പങ്ങനെ
സാക്ഷാല്‍ നീല ചടയന്‍ വരെ
ഓട്ടുകമ്പനിയിലെ കുഴലുപോലെ
പുകകൊണ്ട്‌ സദാ
കൊടി പിടിച്ചതുകൊണ്ടാണ്‌
ശ്വാസം കിട്ടാതവര്‍
നിക്കോട്ടിനും, ടാറും
കാര്‍ബണുമായി പിരിഞ്ഞ്‌
എന്റെ ശ്വാസകോശങ്ങളില്‍
കുത്തിയിരിപ്പ്‌ സമരം തുടങ്ങിയത്‌.

തട്ടിന്‍പുറത്തുനിന്ന്
തേങ്ങാ മോഷ്ടിച്ചു വിറ്റ കാശിന്‌
ആദ്യമായ്‌ മോന്തിയ വാറ്റുചാരായം തൊട്ട്‌
നാടനായ്‌, വിദേശിയായ്‌
തിരുക്കി പൊട്ടിച്ച കുപ്പികളുടെ
കന്യാചര്‍മ്മങ്ങളാവണം
കണ്ണകിമാരായ്‌
എന്റെ കരളിന്റെ കോലം കത്തിച്ചത്‌.

വലിച്ചതും, കുടിച്ചതും, തിന്നതുമായി
വാരിപ്പിടിച്ച സകല ഇഷ്ടങ്ങളും
ഒന്നൊന്നായ് അങ്ങനെ
കൈ കഴുകി ഒഴിഞ്ഞിട്ടും
ഇനിയും സ്നേഹിച്ച്‌ തീര്‍ന്നിട്ടില്ലെന്ന്
ഒട്ടിനില്‍ക്കുന്നുണ്ട് ഒരുയിരു മാത്രം;
എറ്റിവിട്ടാലും വിട്ടുപോകാത്ത പട്ടിയെ പോലെ,
ഉടലിലെവിടെയോ...

ഇനിയിപ്പൊ
അതിനു‌ വേണ്ടിയും
ഒന്നു ജീവിച്ച്‌ നോക്കണം.

12 comments:

പാമരന്‍ said...

ദുഷ്ടന്‍മാരെ ദൈവം പനപോലെയല്ലേ വളര്‍ത്തുന്നത്‌.. :)

ഓ.ടോ. അങ്ങനെയൊന്നും പോകാനൊക്കില്ല മാഷെ. നിങ്ങടെ പറ്റില്‍ ഇതുപോലെ കുറേ തരാന്‍ കിടപ്പുണ്ട്‌ ഞങ്ങള്‍ക്ക്‌..

രണ്‍ജിത് ചെമ്മാട്. said...

രാവിലെത്തന്നെ ഒന്ന്
റീചാറ്ജ്ജ് ആയി ഇതു വായിച്ചപ്പോള്‍.
പാമുവേട്ടന്‍ പറഞ്ഞ പോലെ,
അങ്ങനെയൊന്നും പോകാനൊക്കില്ല മാഷെ.

Mahi said...

ആ ഘെരാവോ, കന്യാചര്‍മ്മ പ്രയോഗങ്ങളെല്ലം ശ്ശി പിടിച്ചു.നന്നാവാന്‍ തീരുമാനിച്ചതെന്തായാലും നന്നായി.രണ്ടു രുചിയും അറിയണമെന്നല്ലെ നമ്മടെ കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞെട്‌ക്കണ്‌

ശിവ said...

എന്തായാലും ഈ ചിന്ത നന്നായി...ഒന്നു ജീവിച്ചു നോക്കൂ...

സസ്നേഹം,

ശിവ.

തണല്‍ said...

നുമ്മടെ കാര്യാണോ മാഷേ ഈ എഴുതിയിരിക്കുന്നേ..?
എന്തായാലും ഞാനും നിര്‍ത്തി.
ഇനിയും സ്നേഹിച്ച്‌ തീരാത് ഒട്ടിനില്‍ക്കുന്ന ആ ഉയിരിനു വേണ്ടി എനിക്കും ഒന്നു ജീവിച്ച് നോക്കണം..:)

ഹരിത് said...

ഓരോന്നിനും ഓരോ സമയമുണ്ട്. ഇനിയിപ്പോള്‍ ഉയിരിന്‍റെ സമയമായിരിയ്ക്കും.

നന്നായി വരട്ടെ.

കണ്ണൂസ്‌ said...

ഒട്ടിനില്‍ക്കുന്നയാള്‍ക്കും ഇവിടെ ഒരു ചെറിയ ദുര്‍‌മേദസ്സ്! ദിവസേന രണ്ട് റൌണ്ട് ഓടിക്കൂ. :)

അനൂപ്‌ കോതനല്ലൂര്‍ said...

അപ്പോ ചേട്ടന്‍ ഇങ്ങനെയെല്ലാം ആയിരുന്നു.
അപ്പോ നിറുത്തിയല്ലോ
ഒരു പുതിയ പ്രഭാതം വിടരട്ടേ

വിശാഖ് ശങ്കര്‍ said...

പാമരാ‍ാ‍ാ‍ാ..,
നിന്നെക്കൊണ്ട് തോറ്റൂ ട്ടാ‍ാ..:)

രഞ്ജിത്തേ,
എനിക്കും അങ്ങനെ ഐഡിയ ഒന്നുമില്ല.അതുകൊണ്ടല്ലേ ഞാനും എന്നും റീ ചാര്‍ജ് ചെയ്യുന്നത്..:)

മഹി,
എല്ലാ രുചിയും അറിയണമെന്നാണ് ആഗ്രഹം.പ്രശ്നം സ്ഥല കാലങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാങ്ക്ഷന്‍സും..:)

നോക്കാം ശിവാ.

തണലേ..,
ഞാന്‍ ഒന്നും നിര്‍ത്തിയിട്ടൊന്നുമില്ല. ഇതു വെറും പരിഭവം പറച്ചിലല്ലേ..:)(എന്നെ വിട്ടു പോകരുതേ എന്നൊക്കെ പച്ചയ്ക്ക് പറയാനാവുമോ..,അതുകൊണ്ട് ഒരു നംബര്‍..:) )

ഹരിത്തേ,
ആ ആശംസ മാത്രം നടക്കുന്ന കാര്യം പാടാ..:)

കണ്ണൂസ്,
ബാഡ്മിണ്ടണ്‍ (ഡബിള്‍സ്) ദിവസവും നാലു ഗെയിം വച്ചു കളിക്കുമായിരുന്നു... കളിക്കുമ്പോ വിശക്കും.വിശക്കുമ്പോ വല്ലതും കഴിക്കും. അതിനു മുന്‍പ് രണ്ടെണ്ണം അടിക്കും. കൂടെ ഒന്നു പുകയ്ക്കും.
അങ്ങനെ കളി ആരോഗ്യത്തിനു ഹാനികരമാണെന്ന് കണ്ട് അതു മാത്രം നിര്‍ത്തി. ബാക്കി തുടരുന്നു...

അനൂപേ,
ആരു പറഞ്ഞു നിര്‍ത്തിയെന്ന്...:)

വിഷ്ണു പ്രസാദ് said...

കവിത വായിച്ച് ഒരു പ്രതീക്ഷയുണ്ടായിരുന്നത് കമന്റിലൂടെ തെറിപ്പിച്ചു....

വിശാഖ് ശങ്കര്‍ said...

ഹഹ.., വിഷ്ണു, പ്രതീക്ഷ തകര്‍ക്കണ്ടാ...,
ഞാന്‍ ചിലപ്പൊ അങ്ങ് നന്നാവാനും മതി...:)

വാളൂരാന്‍ said...

ഇപ്പറഞ്ഞതൊന്നും ഇല്ലാത്ത ഒരു വെറും പച്ചക്കറിയനായ ഞാനിതിനെക്കുറിച്ച് കമന്റെഴുതിയാല്‍ നിങ്ങളെന്നെ കൈവക്കും.... എങ്കിലും വരികളെനിക്കൊരുപാടിഷ്ടായി....