Sunday, January 7, 2007

അനുരണനം

വേലി ചാടുന്ന പയ്യിനറിയില്ല
അറവുശാലയ്ക്ക് മതിലുമുണ്ടെന്ന്.

മതില്‍ തുരക്കുന്ന എലിയുമറിയില്ല
മാളത്തിനപ്പുറം കെണിയോരുങ്ങുന്നെന്ന്.

നടന്നു തീര്‍ത്ത വഴികളിലൊന്ന്
തിരികെയെത്തിച്ചപ്പോള്‍
ഞാനുമറിഞ്ഞില്ല
ഇരുളു താരാട്ടുന്ന
കവലകളിലെങ്ങോ വച്ച്
എന്റെ ചേതന
ഒരു ഫോസിലായ് ഉറങ്ങിപ്പോയെന്ന്...

8 comments:

കണ്ണൂരാന്‍ - KANNURAN said...

അതങ്ങിനെ തന്നെയാണ്. ആരും ഇതൊന്നും അറിയില്ല.. അറിയുന്നവര്‍ അറിഞ്ഞതായി ഭാവിക്കാറുമില്ല..

സു | Su said...

ആകാശത്തേക്ക് കുതിക്കുന്ന കൂട്ടിലെപ്പക്ഷിയും അറിയുന്നില്ല, വേട്ടക്കാരന്റെ കണ്ണും ആകാശത്തേക്ക് നോക്കിയാണിരിക്കുന്നതെന്ന്.

:)

Rasheed Chalil said...

അറിയേണ്ടത് പലതും അറിയേണ്ട സമയത്ത് അറിയാറില്ല... നന്നായിരിക്കുന്നു കെട്ടോ.

സുല്‍ |Sul said...

നല്ല ചിന്ത.

-സുല്‍

വിഷ്ണു പ്രസാദ് said...

വേലി ചാടുന്ന പയ്യിനറിയില്ല
അറവുശാലയ്ക്ക് മതിലുമുണ്ടെന്ന്...
എങ്കിലും അത് വേലിചാടുക തന്നെ വേണം.മുന്‍കൂട്ടി അറിയാവുന്ന ഒരു ജീവിത സന്ധി
എത്രമേല്‍ വിരസമാണ്.

ലിഡിയ said...

പലപ്പോഴും തുടങ്ങിയേടത്ത് എത്തിചേരുന്നു എന്ന പ്രതിഭാസത്തെ അംഗീകരിക്കാന്‍ ആവുന്നില്ല, അത് തന്നെയാണ് പ്രകൃതിയുടെ വികൃതിയെന്ന് അറിയാനാവുന്നുവെങ്കിലും..

-പാര്‍വതി.

വിശാഖ് ശങ്കര്‍ said...

കവിത വായിച്ച്‌ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.

ആവനാഴി said...

മനോഹരമായ കവിത.

വിടരാനൊരുങ്ങുന്ന പൂമൊട്ടുകള്‍ക്കറിയില്ല അവ ഫ്ലവര്‍ വാസുകളിലെ അലങ്കാരവസ്തുക്കളാകുമെന്നു. തുള്ളിച്ചാടുന്ന ആട്ടിന്‍ കുട്ടിക്കറിയില്ല അവനൊരിക്കല്‍‍ നെയ്ച്ചോറിനുപദംശമാകുമെന്നു.