Friday, April 13, 2007

തട്ടിന്‍പുറം

ഊര്‍ദ്ധ്വന്‍ വലിക്കുന്ന കിഴവനും
ഉയിരുനീട്ടിക്കൊടുക്കുവാന്‍
‍അപ്പച്ചന്‍ വൈദ്യര്‍ക്ക്‌
ഒരു ഉമ്മത്തിങ്കായയുടെ
തൊലി മതിയായിരുന്നു.
പച്ചില പിഴിഞ്ഞും
വേരരച്ചും
മഹാവ്യാധികളെപ്പോലും
വരുതിയിലാക്കിയിരുന്നു.
മുറ്റത്തും പറമ്പിലും
വേലിക്കൈകളില്‍ വരെ
മൃതസഞ്ജീവനി
വിരിയിച്ചിരുന്നു.

അതൊരു കാലം!

പിന്നെ മകനായി.
പുതിയ കാലത്തിന്റെ
കാറിലും കോളിലും
തളരുംവരേയ്ക്കും
തുഴഞ്ഞുനിന്നു.
മകനെ പഠിപ്പിച്ചു.
മകളേയും കെട്ടിച്ചു.
കടവും കഷായവും
ബാക്കിവന്നു.

ഒടുവിലിപ്പൊ
അങ്ങാടിയില്‍ തോറ്റ ചെറുമകന്‍
‍അമ്മയുടെ നെഞ്ചില്‍ ചാഞ്ഞ്‌
ഒരു വിഷക്കാ കിനാവുകണ്ടപ്പോള്‍
‍അപ്പച്ചന്‍ വൈദ്യരുടെ തട്ടിന്‍പുറത്ത്‌
ഉമ്മത്തിങ്കാ പോലും ബാക്കിയില്ല.

7 comments:

വിശാഖ് ശങ്കര്‍ said...

ഒരു പോസ്റ്റ് കൂടീ...

Pramod.KM said...

വേരറ്റുപോയ നമ്മുടെ സംസ്കാരങ്ങള്‍.
തലമുറകളുടെ വിടവിലൂടെ പടരുന്ന അലമുറ.
നൊമ്പരങ്ങള്‍ മാത്രം പൈത്ര്കം.

ടി.പി.വിനോദ് said...

‘കടവും കഷായവും
ബാക്കിവന്നു’-
കൊളുത്തിവലിക്കുന്നു ഈ വരികള്‍

Kiranz..!! said...

ഊര്‍ദ്ധ്വന്‍ വലി എന്താണെന്നോരു കണ്‍ഫ്യൂഷന്‍ ഉണ്ടാര്‍ന്നു..അത് മാറിക്കിട്ടി..നന്നായിരിക്കുന്നു മാഷേ..:)

വിശാഖ് ശങ്കര്‍ said...

പ്രമൊദ്..,ലാപുടാ..,നന്ദി.
കിരണ്‍സേ,ബ്ലോഗ് സന്ദര്‍ശിച്ചു.പാട്ടുകേള്‍ക്കാന്‍ പറ്റിയില്ല.വീണ്ടും ശ്രമിക്കും.എനിക്കുമുണ്ട് ചില പാട്ടുകള്‍ നിര്‍ദ്ദേശിക്കാന്‍.കവിത വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി.

വേണു venu said...

ഒഴിഞ്ഞ തട്ടിന്‍പുറവും ഊര്‍ദ്ധന്‍‍ വലിച്ചൊഴിയാന്‍‍ കാത്തിരിക്കുന്നു. ബാക്കി പത്രം നന്നായി വിശാഖേ.:)

മുസ്തഫ|musthapha said...

നല്ല വരികള്‍...