Monday, September 10, 2007

ഓര്‍മ്മത്തറ

അപ്പനോടിച്ച
വണ്ടിയിടിച്ചെന്ന്
കമ്പി കിട്ടിയിട്ട്‌
ഓടിപ്പിടച്ച്‌
എത്തിയതാണ്‌.

ഒറ്റയിടി.,
രണ്ട്‌ തുണ്ടം.,
വണ്ടി കണ്ടം.

ലേലം പിടിച്ചത്‌
തുരുമ്പ്‌ വാസു.

ടയറ്‌ നാലും
ടാക്സിക്കാരന്‍ ടൈറ്റസിന്‌
എഞ്ചിന്‍
കുഞ്ചന്‍ കണിയാമ്പറമ്പില്‍
‍ഡാഷ്‌ ബോര്‍ഡ്‌
ഡാനിയേല്‍ ഡിസൂസയ്ക്ക്‌
എന്നിങ്ങനെ
ബാക്കിവന്ന
അവയവങ്ങളൊക്കെ
അവധാനതയോടെ
ഇളക്കിപ്പിടിപ്പിച്ച്‌
ഉരുളാനിരിക്കുന്ന
വേഗങ്ങള്‍ക്ക്‌
കണ്ണും കാതുമാക്കി.

അവിടിവിടെ ഒപ്പും
വിരലും പതിപ്പിച്ച്‌
പോളിസിയും വാങ്ങി
പങ്കിട്ടെടുത്തിട്ട്‌
പോകാനൊരുങ്ങവേ
അടുക്കളയിലാവണം
അടക്കിപ്പിടിച്ചൊരു
കരച്ചില്‍ ഉറഞ്ഞ്‌
അമ്മ...

ബാക്കിവന്ന അമ്മയ്ക്ക്‌
വിളക്കുവയ്ക്കുവാന്‍
‍സഞ്ചരിക്കുന്ന
ഒരു അസ്ഥിത്തറ വേണം.

ഓര്‍മ്മയിലെ
മണ്‍കലത്തില്‍
‍സമര്‍പ്പണത്തിന്‌
അഞ്ചാറ്‌
എല്ലിന്‍ കഷണങ്ങ-
ളെങ്കിലും വേണം.

ഇനിയിതൊക്കെ
എവിടുന്നഴിച്ച്‌
തട്ടിക്കൂട്ടുമോ എന്തൊ...

16 comments:

വിശാഖ് ശങ്കര്‍ said...

കണ്ടം വയ്ക്കാറായ ഓര്‍മ്മകള്‍ക്ക് വേണ്ടി
“ഇനിയിതൊക്കെ
എവിടുന്നഴിച്ച്
തട്ടിക്കൂട്ടുമോ എന്തോ..”

പുതിയ പോസ്റ്റ്, “ഓര്‍മ്മത്തറ”

വിഷ്ണു പ്രസാദ് said...

ഭാഷയും ഒന്ന് പൊളിച്ചു പണിതതു പോലെ...

നന്നായി വിശാഖ്.

Sanal Kumar Sasidharan said...

വിശാഖ് ശങ്കറേ,
കെ.എം.പ്രമോദിന്റെ മാറ്റൊലിയാകാതിരിക്കാനുള്ള സ്റ്റഫ് താങ്കള്‍ക്കുണ്ട്.വണ്ടി മാറ്റി വിട്ടോളൂ.

വിശാഖ് ശങ്കര്‍ said...

പ്രിയ സനാതനാ,
താങ്കളുടെ കുറിപ്പ് വായിച്ച് ഞാന്‍ ഒന്നു ഞെട്ടി.പിന്നെ മടങ്ങിപ്പോയി അഞ്ചാറ്‌ തവണ കവിത വായിച്ചുനോക്കി.ഇതും അമ്മയെക്കുറിച്ചാണ് എന്നതും,സ്ഥിരം ശൈലിയില്‍ നിന്നും മാറി ഐറോണിക് ആയ ഒരു ടോണ്‍ സ്വീകരിച്ചു എന്നതും മാറ്റി നിര്‍ത്തിയാല്‍ അത്തരം ഒരു ആരോപണം കവിത അര്‍ഹിക്കുന്നതായി തോന്നിയില്ല.’വാള്‍പയറ്റ്’ പോലുള്ള കവിതകളില്‍ ഞാന്‍ മുന്‍പും ഈ ടോണ്‍ ഉപയോഗിച്ചിട്ടുണ്ട്.അന്ന് പ്രമോദ് ബ്ലോഗില്‍ എത്തിയിട്ടില്ല എന്നാണ് എന്റെ അറിവ്.എന്തായാലും ആരോപണം തള്ളിക്കളയുന്നില്ല.മറ്റ് സുഹൃത്തുക്കളുടെ അഭിപ്രായം കൂടി ആരായട്ടെ.അറിഞ്ഞൊ അറിയാതെയോ ആരുടെയും മാറ്റൊലി ആയി തീരരുത് എന്നുതന്നെയാണ് എന്റെയും ആഗ്രഹം.
ഈ സാധ്യത ചൂണ്ടിക്കാണിച്ചതിന് നന്ദി.

Pramod.KM said...

അവസാ‍നത്തെ വരികളിലെ ആധി ശരിക്കും അനുഭവപ്പെട്ടു.:)ഇഷ്ടമായി ഈ കവിത.

Pramod.KM said...

വിശാഖ് മാഷേ..അമ്മയെ കുറിച്ചാണ്‍ രണ്ടു കവിതകളും എന്നതില്‍കവിഞ്ഞ സാദൃശ്യമൊന്നും ഞാനും കണ്ടില്ല:)

വിശാഖ് ശങ്കര്‍ said...

പ്രമോദേ,
ഇതിനു വസ്തുനിഷ്ഠമായ ഒരു മറുപടി പറയേണ്ട ബാധ്യത സനാതനനുതന്നെയെന്ന് തോന്നുന്നു.അദ്ദേഹത്തിന്റേതിനു സമാനമായ അഭിപ്രായം കവിത വായിച്ച മറ്റാര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവരും അത് തുറന്നുപറയുന്നത് സൃഷ്ടിപരമായ ഒരു ചര്‍ച്ചയ്ക്ക് മരുന്നായേക്കും.

നന്ദി..

vimathan said...

വിശാഖ്, കവിത നന്നായി. പക്ഷെ ആദ്യവായനയില്‍ തന്നെ, ഭാഷാ ശൈലി പ്രമോദിനെയാണ് ഓര്‍മ്മിപ്പിച്ചത് എന്ന് പറയാതെ വയ്യ. പിന്നെയാണ് സനാതനന്റെ കമ്മെന്റ് കണ്ടത്.

Sanal Kumar Sasidharan said...

വിശാഖ് ബാധ്യതയെ പറ്റി പറഞ്ഞു ഭയപ്പെടുത്തരുത്.താങ്കളുടെ ശൈലിയില്‍ അല്ല ഈ കവിത എന്നു പ്രഥമവായനയില്‍ ബോദ്യമാവും.അമ്മയും അമ്മൂമ്മയുമൊന്നുമല്ല വിഷയം,അതൊന്നും പ്രശ്നവുമല്ല.ശൈലി അതാണ് ഞാന്‍ പറഞ്ഞത്.ശ്രദ്ധിച്ചാല്‍ താങ്കള്‍ക്കു കൊള്ളാം.പ്രമോദിന്റെ കവിതകളുടെ കൂട്ടത്തില്‍ ഇതിട്ടിട്ട് അതിനു താഴെ ആരുടേയും പേരുകൊടുക്കാതിരുന്നാല്‍ ആരും പറയില്ല അതു പ്രമോദിന്റേതല്ലെന്ന്.

1.പേരുകളെ സാമാന്യവല്‍ക്കരിച്ച് എഴുതുന്ന ശൈലി പ്രമോദിന്റെയാണ്.

2.ഒറ്റയിടി.,
രണ്ട്‌ തുണ്ടം.,
വണ്ടി കണ്ടം.

ലേലം പിടിച്ചത്‌
തുരുമ്പ്‌ വാസു.

ടയറ്‌ നാലും
ടാക്സിക്കാരന്‍ ടൈറ്റസിന്‌

പോലീസുവണ്ടി നിറച്ചും
പപ്പനെ പിടിക്കാന്‍ ആള്.
അടിവയറ്റിലെ ചോരയുമായി
അലറിക്കൊണ്ടൊരു വാള്.
പോലിസുകാര്‍ക്ക് കളിക്കാന്‍
പപ്പന്റെ ബോള്.


ഞാനിനി എന്തു പറയണം ബാധ്യതയുണ്ടോ എനിക്കിനിയും :)

അനിലൻ said...

വിഷ്ണു പറഞ്ഞത് നേരാണ്, വിശാഖിന്റെ ഭാഷയ്ക്ക് ഏറെ പുതുക്കം വന്നിരിക്കുന്നു.
പേരുകള്‍ ഇങ്ങനെ ഉപയോഗിച്ചെഴുതരുതേ വിശാഖ്. കുഴൂര്‍ വിത്സനോടും ഇതു പറയണം. അദ്ദേഹത്തിനുമുണ്ട് ഈ അസുഖം.
എന്റെ ഒരു കവിതയില്‍ രാഘവന്‍ എന്ന പേരുപയോഗിച്ചിരുന്നു. അന്‍വര്‍ അലി സ്വാതന്ത്ര്യത്തിന്റെ അമ്പതു വര്‍ഷങ്ങള്‍ (അങ്ങനെയല്ലേ ആ കവിതയുടെ പേര്? ) എന്ന കവിതയില്‍ ഉപയോഗിച്ച അതേ നാമം. ഒരു വായനക്കാരന്‍ അത് ചൂണ്ടിക്കാണിച്ചിരുന്നു. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിയ്ക്ക് പരിചയമുള്ള രാഘവന്‍ തൂങ്ങിമരിച്ചുപോയതുകൊണ്ട് അദ്ദേഹത്തിന്റെ പേരു മാറ്റാനായില്ല!!

:)

Sanal Kumar Sasidharan said...

ഹന്ത കഷ്ടമേ !

വിശാഖ് ശങ്കര്‍ said...

സനാതനാ,
പേരുകളുടെ സാമാന്യവല്‍ക്കരണം എന്നത്‌ പ്രമോദ്‌ നന്നായി ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്‌.എന്നുവച്ച്‌ അത്‌ പ്രമോദിന്റേതു മാത്രമല്ല.അയാള്‍ക്കുമുന്‍പും പല കവികളും ഈ സങ്കേതം ഉപയോഗിച്ചിട്ടിട്ടുണ്ട്‌.ഇപ്പൊഴും ഉപയോഗിക്കുന്നുണ്ട്‌.ബൂലോകത്ത്‌ വന്ന നസീറിന്റെ കവിതയിലെ കേശവേട്ടനും മാറ്റൊലിയാണെന്ന് പറയുമൊ?

രണ്ട്‌ കവിതകളില്‍ നിന്നുള്ള കുറേ വരികള്‍ ഉദ്ധരിച്ചിട്ട്‌ ഒന്ന് മറ്റൊന്നിന്റെ മാറ്റൊലിയാണെന്ന് സ്ഥപിക്കുന്നത്‌ എളുപ്പ വഴിയാണ്‌."ടയറ്‌ നാലും
ടാക്സിക്കാരന്‍ ടൈറ്റസിന്‌"ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന ഒരു ഈരടിയല്ല.ടയറും,എഞ്ചിനും ഡാഷ്ബോര്‍ഡും ഉള്‍പ്പെടുന്ന ശിഷ്ടാവയവങ്ങളുടെ ലേലം അതിന്റെ മൂര്‍ത്ത സ്വഭാവം വേടിഞ്ഞ്‌ അമൂര്‍ത്തമായ ഒരു സാമാന്യവല്‍ക്കരണത്തിലേയ്ക്കെത്തുന്നുണ്ട്‌ ഒടുവില്‍.
"ബാക്കിവന്ന
അവയവങ്ങളൊക്കെ
അവധാനതയോടെ
ഇളക്കിപ്പിടിപ്പിച്ച്‌
ഉരുളാനിരിക്കുന്ന
വേഗങ്ങള്‍ക്ക്‌
കണ്ണും കാതുമാക്കി"
മൂര്‍ത്തമായ കുറേ ബിംബങ്ങളിലൂടെ അമൂര്‍ത്തമായ ഒന്നിലേയ്ക്ക്‌ എത്തുന്നത്‌ പ്രമോദിന്റെ ശൈലിയല്ല.അതുപോലെതന്നെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ ഉറഞ്ഞുണ്ടാവുന്ന അമ്മ എന്ന ബിംബവും.

കവിതയുടെ അവസാനം ശ്രദ്ധിക്കുക.ചില ആശങ്കകളില്‍,സംശയങ്ങളില്‍,അവ ഇടകലരുന്ന ചോദ്യങ്ങളില്‍ കവിത അവസാനിപ്പിക്കുന്നത്‌ പ്രമോദിന്റെ ശീലമല്ല.എന്റെ പല കവിതകളും അവസാനിക്കുന്നത്‌ അത്തരത്തിലാണുതാനും.
ഇനി പ്രമോദിന്റെ കവിതകളുടെ കൂട്ടത്തില്‍ പേരുവയ്ക്കാതെ ഇതു കൊണ്ടുവച്ചാലുള്ളകാര്യം.വായനാപരിചയവും സൂക്ഷ്മമായ സംവേദനക്ഷമതയുമുള്ള ആര്‍ക്കും കവിത പ്രമോദിന്റേതല്ല എന്ന് മനസിലാക്കുവാന്‍ അതിന്റെ തലക്കെട്ട്‌ മാത്രം മതിയാവും.
ഈ കവിതയുടെ ഭാഷയില്‍ അന്തര്‍ലീനമായ ഐറണി എന്റെ കവിതകളെ സംബന്ധിച്ചിടത്തോളം അത്ര സാധാരണമല്ല.(എന്നുവച്ചാല്‍ ഇല്ല എന്നല്ല.)പ്രമോദിന്റെ കവിതകളാവട്ടെ ഐറണിയാല്‍ സദാ സമ്പന്നവും.അതുകൊണ്ടീ കവിതയിലെ ചില ഭാഗങ്ങള്‍ ഒരു വായനക്കാരനെ പ്രമോദിന്റെ ശൈലി ഓര്‍മ്മിപ്പിക്കുന്നുവെങ്കില്‍ അതിനെ ഞാന്‍ നിഷേധിക്കുന്നില്ല.(വിമതന്‍ പറഞ്ഞതു പോലെ)
അതുകൊണ്ടുമാത്രം ഇതൊരു മാറ്റൊലിയാണെന്ന ഗുരുതരമായ ആരോപണം സാധൂകരിക്കപ്പെടുന്നില്ല.ഒരു കവിത വായനക്കാരനുമായി സംവദിക്കുന്നത്‌ ഖണ്ഡങ്ങളായ്‌ വിഘടിച്ച്‌ നിന്നുകൊണ്ടല്ല.അതുകൊണ്ടുതന്നെ അതിന്റെ ഒരു കഷണം എടുത്തു വിശകലനം ചെയ്ത്‌ എഴുത്തുകാരന്റെ ശൈലിയിലേയ്ക്ക്‌ എത്തുവാനുള്ള ശ്രമം ഒരു കുറുക്കുവഴിയായേ കാണുവാനാകൂ.
പണ്ട്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ വിശദവും വസ്തുനിഷ്ടവുമായ ഒരു പഠനത്തിലൂടെ ഒ.എന്‍.വി,വയലാര്‍,പി.ഭാസ്കരന്‍ തുടങ്ങിയവര്‍ ചങ്ങമ്പുഴയുടെ മാറ്റൊലിയാണെന്ന് സ്ഥാപിച്ചിരുന്നു.(എം.കൃഷ്ണന്‍ നായരും അത്തരം ഒരു അഭിപ്രായം പറഞ്ഞിരുന്നു എന്നാണ്‌ ഓര്‍മ്മ)അതിനായി ബാലചന്ദ്രന്‍ അവരുടെ കവിതകളിലെ പദാവലി,ബിംബ ഘടന ,ദര്‍ശനം തുടങ്ങിയവയൊക്കെ വേര്‍തിരിച്ചെടുത്ത്‌ പഠിച്ചിരുന്നു.ഞാന്‍ വെറുമൊരു ബ്ലോഗ്‌ കവി.എങ്കിലും ഞാന്‍ എഴുതുന്നത്‌ മറ്റൊരാളിന്റെ മാറ്റൊലിയാണെന്ന് പറയുമ്പോള്‍ അത്‌ എഴുത്തിന്റെ എല്ല ഘടകങ്ങളും വസ്തുനിഷ്ടമായി വിശകലനം ചെയ്തുകൊണ്ടുള്ള ഒരു അഭിപ്രായപ്രകടനമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.അല്ലാതെ നിന്റെ എഴുത്ത്‌ മറ്റൊരാളിന്റെ മാറ്റൊലിയാണ്‌,വണ്ടി മാറ്റിവിട്ടോ എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ്‌ ആറുവരിയും ഉദ്ധരിച്ച്‌ പൊടിതട്ടി പോവുകയാണെങ്കില്‍ എനിക്ക്‌ ഒന്നേ പറയാനുള്ളു.വര്‍ഷം കുറേ ആയി സര്‍ ഞാനുമീ കവിത വായനയും,പഠനവും എഴുത്തുമൊക്കെ തുടങ്ങിയിട്ട്‌.ഞാന്‍ ഓടിക്കുന്ന വണ്ടി എങ്ങോട്ടാണ്‌ പോകുന്നതെന്നും,പോകേണ്ടതെന്നും എനിക്ക്‌ വ്യക്തമായ്‌ അറിയാം.

Sanal Kumar Sasidharan said...

പറഞ്ഞതങ്ങനെ തന്നെ പാതിരാവായല്ലോ....
:)
സുഹൃത്തേ എനിക്ക് നിങ്ങളോട് വഴക്കടിക്കാന്‍ സമയമില്ല.ഞാന്‍ പറഞ്ഞത് നിങ്ങള്‍ പ്രമോദിന്റെ മാറ്റൊലിയെന്നല്ല.ഈ കവിത പ്രമോദിന്റെ ശൈലിയുടെ മാറ്റൊലിയെന്നാണ്.അതിന് എനിക്ക് എന്നെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി.നിങ്ങള്‍ വേണമെങ്കില്‍ അം‌ഗീകരിച്ചാല്‍ മതി.നിര്‍ബന്ധമില്ല.

പിന്നെ
“വര്‍ഷം കുറേ ആയി സര്‍ ഞാനുമീ കവിത വായനയും,പഠനവും എഴുത്തുമൊക്കെ തുടങ്ങിയിട്ട്‌.ഞാന്‍ ഓടിക്കുന്ന വണ്ടി എങ്ങോട്ടാണ്‌ പോകുന്നതെന്നും,പോകേണ്ടതെന്നും എനിക്ക്‌ വ്യക്തമായ്‌ അറിയാം.“
ഇതിലെ അഹന്ത താങ്കള്‍ക്കു കുഴപ്പം ചെയ്യും.നാമൊന്നും ഒന്നുമല്ല സുഹൃത്തേ.

വിശാഖ് ശങ്കര്‍ said...

"എനിക്ക് എന്നെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി”
എങ്കില്‍ പിന്നെ ആത്മഗതം പോരേ..:)

ഞാന്‍ ഒന്നുമല്ല എന്ന് എനിക്ക് നന്നായി അറിയാം.കാരണം ഞാന്‍ പ്രതിഭാധനരായ ഒരുപാട് കവികളുടെ കൃതികള്‍ വായിച്ചിട്ടുണ്ട് ബൂലോകത്തും പുറത്തും..പിന്നെ ചില നേരത്ത് അഹങ്കാരിയാവേണ്ടിവരുന്നത് ചില ഔദ്ധത്യങ്ങളെ പ്രതിരോധിക്കുവാനായി മാത്രം..:)

പരാജിതന്‍ said...

സനാതനാ,
“പഴയൊരില്ലം പൊളിച്ചുവിറ്റു
പുതിയൊരോട്ടോറിക്ഷ വാങ്ങി
പുളിമനയ്ക്കല്‍ കുഞ്ഞിക്കുട്ടന്‍..”
എന്നോ മറ്റോ തുടങ്ങുന്ന ഒരു കവിതയില്ലേ? അത് ആറ്റൂര് പ്രമോദിന്റെ ശൈലി അടിച്ചു മാറ്റി എഴുതിയതാവുമോ?

ശൈലിയിലും മറ്റും ചില സാമ്യങ്ങളുണ്ടാവുക സാധാരണയാണല്ലോ. അടിമുടി അനുകരണമാകുമ്പോഴാണ്‌ സംഗതി കുഴപ്പമാകുന്നത്. ഇത് വായിച്ചിട്ട് അങ്ങനെയൊന്നും തോന്നുന്നില്ല, എന്തായാലും.

അനിലൻ said...

ഇതാണ് സനാതനന്റെ വായനയോടും പരാമര്‍ശങ്ങളോടും വിയോജിപ്പ് തോന്നിപ്പിക്കുന്ന ഒരു കാര്യം.
അവ്യക്തത.
എന്താണ് സനാതനന്‍ ഉദ്ദേശിച്ചതെന്നു ചോദിച്ചാല്‍, മഷി കലക്കി രക്ഷപ്പെടുന്ന സമുദ്രജീവിയെപ്പോലെ ഒരു പുകമറയുണ്ടാക്കും.
ഞാന്‍ നിങ്ങള്‍ക്കു വഴി കാണിച്ചു തന്നു, ഇനി വേണമെങ്കില്‍ നിങ്ങള്‍ നന്നായിക്കോ എന്ന ഒരു കാരണവര്‍ മട്ടും കൂടെ.
ഒരു കവിയ്ക്ക് അതു നല്ലതല്ല എന്നു തോന്നുന്നു.
നല്ല കവിതയ്ക്കുവേണ്ടി മാത്രം നിലനില്‍ക്കുന്ന ആളാണേന്നു പറയുവാനാണ് ശ്രമമെങ്കില്‍ പല കവിതാപോസ്റ്റുകളിലേയും സനാതനന്റെ കമന്റുകളും ആ കവിതകളും വിശദമായ പഠനത്തിനു വിധേയമാക്കേണ്ടിവരും.

ഒരു വഴക്കിനല്ല, കുറേനാളായുള്ള ചില നിരീക്ഷണങ്ങളില്‍നിന്നും തോന്നിയതു പറയുകയാണ്.