Monday, November 5, 2007

മറ

തൊപ്പി വച്ച്
മറഞ്ഞുപോയ
മുടിയുടെ തഴപ്പ്,

കണ്ണട വച്ച്
കറുത്തുപോയ
കണ്ണിന്റെ തിളക്കം,

താടിവച്ച്
പരുക്കനായിപ്പോയ
കവിളിന്റെ മിനുസം,

ഒക്കെയും നിങ്ങള്‍
കല്‍പ്പിച്ചെടുത്തോളും
എന്ന് കരുതി
ഒരുക്കങ്ങളൊക്കെയും.

ദയയില്ലാത്ത
കാഴ്ച്ചകള്‍ കൊണ്ടെല്ലാം
വാരി പുറത്തിട്ടു;
വസൂരിക്കലകള്‍,
കഷണ്ടി, തിമിരം..

നിങ്ങള്‍ക്കൊരിക്കലും
തെറ്റാതെ പോയ
ചില ധാരണകള്‍ക്കായി
ചിലവായിപ്പോയി
എന്റെ ജന്മവും!

ഇനിയിപ്പൊഴെന്താ,
ചുവപ്പാളുന്നൊരു
ചൂടന്‍ കുപ്പായം
തുന്നാന്‍ കൊടുത്തിട്ടുണ്ട്.

അതെന്നെവാരി
എടുത്തണിഞ്ഞാല്‍ പിന്നെ
ബാക്കിയില്ല
മറച്ചുവയ്ക്കാനായി
അപൂര്‍ണ്ണമായൊരു
ബാക്കിപത്രം പോലും...

8 comments:

വിശാഖ് ശങ്കര്‍ said...

മറയ്ക്കാനാവാത്ത വൈരൂപ്യങ്ങള്‍ക്കായി
ഒരു ‘മറ’,

“അതെന്നെവാരി
എടുത്തണിഞ്ഞാല്‍ പിന്നെ
ബാക്കിയില്ല
മറച്ചുവയ്ക്കാനായി
അപൂര്‍ണ്ണമായൊരു
ബാക്കിപത്രം പോലും...”

ദിലീപ് വിശ്വനാഥ് said...

നല്ല കവിത

Pramod.KM said...

നന്നായി കവിത:)മറക്കില്ല ഈ മറ:)

ടി.പി.വിനോദ് said...

നമ്മുടെ മറകള്‍ നമ്മോടൊപ്പം ഇല്ലാതാകുമോ?
നല്ലോണം ആലോചിപ്പിക്കുന്നു കവിത..
നന്നായി..

വിശാഖ് ശങ്കര്‍ said...

വാല്‍മീകി,വായനയ്ക്കും കുറിപ്പിനും നന്ദി.

പ്രമോദേ, മറകള്‍ പൊളിക്കരുത് എന്നും മറക്കരുത്:)

ഒളിച്ചിരുന്നവര്‍ പിടിക്കപ്പെടുമ്പോള്‍ ഒളിയിടങ്ങള്‍ അനാഥമാകുന്നു എന്നും കരുതാം,അല്ലേ ലാപുട..

സ്വപ്നങ്ങളുടെ പതിമൂന്നാം തീരം said...

Dear Vishak,

" Mara " is good.

Seban

ബാജി ഓടംവേലി said...

കൊള്ളാം.....

വിശാഖ് ശങ്കര്‍ said...

സെബാനും ബാജിക്കും നന്ദി.