Sunday, March 16, 2008

വണ്ടി

വണ്ടി വലിച്ച്‌ തളര്‍ന്ന്
വഴിയോരം വീണ്‌ കണ്ണടച്ച
വണ്ടിക്കാളയുടെ എല്ലിന്‍കൂടുപോലെ
പാതവക്കില്‍ കിടപ്പുണ്ടൊരു
ഉരുക്കിന്റെ അസ്ഥികൂടം.

പൂര്‍ത്തിയാവാത്ത
അതിന്റെ മരണം
മഴവെള്ളം വീണ്‌
തുരുമ്പിച്ചിരുന്നു.

ചക്രങ്ങള്‍ അഴിഞ്ഞ
അച്ചുതണ്ടില്‍‍
ഓടിത്തീരാത്ത വേഗങ്ങളെ
കുറ്റിയടിച്ച്‌ തളച്ചിരുന്നു.

കത്താത്ത കണ്ണുകളില്‍‍
എത്താതെപോയ
ലക്ഷ്യങ്ങള്‍‍ പോലുമില്ലായിരുന്നു.

ചിതയ്ക്കുചുറ്റും
കറങ്ങുന്ന കാലുകള്‍ പോലെ
അതിനെ വലംവച്ച്‌ നീങ്ങുന്നു
തുടരിന്റെ വ്യഥയുണ്ണുന്ന
വണ്ടികള്‍, വഴിയാത്രക്കാര്‍..

തിരക്കിലൂടിടംവലം തന്റെ
ടയറുവണ്ടിയും വെട്ടിച്ചോടി
വരുന്നുണ്ട്‌ വിയര്‍ത്തൊട്ടി
കിതപ്പും വിസിലുമായ്‌
കളിച്ചൂടിലൊരു പയ്യന്‍.

കട്ടപ്പുറത്തെ വണ്ടി കാണാന്‍‍
നിന്നേക്കും ഒരു മാത്ര..,

പിന്നെയവനുമീ കളി തുടരും!

7 comments:

Pramod.KM said...

നന്നായിരിക്കുന്നു കട്ടപ്പുറത്തെ വണ്ടിയും കളിയുടെ തുടര്‍ച്ചയും:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

നന്നായിരിക്കുന്നു,

Latheesh Mohan said...

പൂര്‍ത്തിയാവാത്ത
അതിന്റെ മരണം
മഴവെള്ളം വീണ്‌
തുരുമ്പിച്ചിരുന്നു.


എനിക്കീ വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു.

പക്ഷേ, പിന്നീട് ‘തുടരിന്റെ വ്യഥ’ എന്നൊക്കെ പറയുന്നിടത്ത് കവിത കുറയുന്നില്ലേ എന്നൊരു സംശയം.

Sanal Kumar Sasidharan said...

കത്താത്ത കണ്ണുകളില്‍‍
എത്താതെപോയ
ലക്ഷ്യങ്ങള്‍‍ പോലുമില്ലായിരുന്നു

തുടരിന്റെ വ്യഥ നന്നായി കോര്‍ത്ത നല്ല കവിത

ഗുപ്തന്‍ said...

ithu munpe ittirunnille ?

വിശാഖ് ശങ്കര്‍ said...

അതെ ഗുപ്താ, ബൂലോക കവിതയില്‍ .

നിലാവര്‍ നിസ said...

നല്ല ചിന്ത..


പൂര്‍ത്തിയാവാത്ത മരണം.. നല്ല കല്പന..