ചന്തയില്‍ വച്ചാരോ
ഇന്നലെയും പറയുന്നതു കേട്ടു
ടെക്നോളജിയൊക്കെ
ഒത്തിരി പുരോഗമിച്ചെന്ന്.
കയ്യും കണക്കുമില്ലാത്ത
കാലത്തിന്റെ കുരുക്കുകള്‍ വരെ
വിരല്‍ത്തുമ്പത്ത് അഴിയുന്നെന്ന്.
പതിനാലിഞ്ചിന്റെ
ചതുരവടിലേയ്ക്ക്
പ്രപഞ്ചം ചുരുങ്ങിവരുന്നെന്ന്.
നാളിതുവരെയുള്ള
സഞ്ചിത ബുദ്ധിയ്ക്കെല്ലാം
സൂത്രവാക്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന്.
എങ്കില്‍ പിന്നെ എലിവാഹനമേറി
ഒന്നുലകം കണ്ട് വിവരം വച്ചാലോ
എന്ന് നിനച്ചിരിക്കുമ്പോഴുണ്ട്
പുതിയ വാര്‍ത്ത.
എവിടെങ്ങാണ്ടൊരു പയ്യന്
കലികാല വൈഭവം
ആറ്റികുറുക്കിയൊരു
കൃമിയെ പടച്ചത്രേ..
ഞെക്കിതുറന്ന
ജനാലകളില്‍ കൂടി
നാടായ നാടെല്ലാം
അവനങ്ങ് പടര്‍ന്നത്രേ..
വിരല്‍ത്തുമ്പില്‍ കിടന്ന്
ചക്കപോലെ കുഴഞ്ഞത്രേ
കാലവും, കണക്കും
ക്ലിക്കിയാല്‍ തുറക്കേണ്ട
ത്രിലോക ജ്ഞാനസഞ്ചയങ്ങളും.
ഓഹരി മുതല്‍ ട്രഷറി വരെ
തീവണ്ടിയില്‍ വിമാനത്തില്‍
അച്ചുതണ്ടുടക്കി നിശ്ചലമായത്രേ
ആയുസ്സിന്റെ ഗോളം തന്നെ!
കാലമേ ഉറഞ്ഞാപ്പിന്നെ
മാലോകര്‍ക്കാര്‍ക്കുമിനി
കാലം ചെയ്യേണ്ടിവരില്ലല്ലോ
എന്നൊരു ചിരി
ഉള്ളിലൂറിയേയുള്ളു.
ദാ...,
പെട്ടന്നൊരനക്കവും
പടിഞ്ഞാറെങ്ങൊ നിന്ന്
പട്ടി മോങ്ങുന്ന ഒച്ചയും!
നമ്മള് മനസ്സില്‍ കാണുന്നത്
തമ്പുരാന് മരത്തില്‍ കാണും.
അതുകൊണ്ടാവും അങ്ങേര് മാത്രം
പോത്തും കയറുമൊക്കെ വച്ചുള്ള
ആ പഴയ കൈത്തൊഴിലില്‍ തന്നെ
ഇപ്പൊഴും തുടരുന്നത്...!
Thursday, March 20, 2008
Subscribe to:
Post Comments (Atom)
2 comments:
ഹ ഹ ഹ.. സൂപ്പറായി മാഷേ..
haha.nice.:)
Post a Comment