Monday, March 24, 2008

ഒരു സ്വപ്നത്തിന്റെ വ്യാഖ്യാനം

ഗതാഗത ദ്വീപില്‍
‍നാലുപാടുമായി തളംകെട്ടി
ഊഴം കാത്ത്‌ കിടന്ന വാഹനങ്ങളിലൊന്ന്
പൊടുന്നനെ ഒരു കിനാവുകണ്ടു.

പല വഴിക്ക്‌
വണ്ടികള്‍ വന്ന് മുട്ടിയ
ഒരു കടലായി ദ്വീപ്‌.

ഓഫീസ്‌, സ്കൂള്‍
കട, ചരക്കെടുപ്പ് എന്നിങ്ങനെ
വഴികെട്ടു സമസ്തവും.

ഡിക്കി ഉയര്‍ത്തി
പായയും ,സൈക്കിളും
ബോളും ബാറ്റുമൊക്കെ എടുത്ത്‌
ഗതികേടിനെ ഉത്സവമാക്കാന്‍
ആദ്യം ഇറങ്ങിയവര്‍ കുട്ടികളായിരുന്നു.

ക്രമേണെ
മുതിര്‍ന്നവരും പുറത്തിറങ്ങി
ചിലരൊന്നു നടുവു നിവര്‍ത്തി,
ചിലരൊരു പുകയെടുത്തു,
പെണ്ണുങ്ങള്‍ പരിചയം പരതി.

സൈക്കിളില്‍
‍ഫ്ലാസ്കുകളും വച്ചുകെട്ടി
ഒരു ചായക്കാരന്‍ ഹിന്ദി,
കൈയ്യില്‍ കപ്പലണ്ടിയും,
കടലയുമായി ഒരു ബംഗാളി,
കമ്പില്‍ കോര്‍ത്ത്‌ ചുട്ട ഇറച്ചിയുമായി
ചില പാകിസ്ഥാനികള്‍,
പല ഭാഷകളില്‍ കുശലങ്ങള്‍
‍പൊട്ടിച്ചിരികള്‍,ഫോണ്‍ വിളികള്‍
‍വഴിമുട്ടിയിട്ടാണെങ്കിലും
വീണുകിട്ടിയോരൊഴിവുനാളിന്റെ
കഴുത്തറ്റംവരെയേ ഇറങ്ങിയേയുള്ളു
കിനാവ്‌...,ഉടന്‍ കേട്ടു
അറബിയില്‍ തന്തയ്ക്കു വിളിച്ചത്‌
പച്ച മലയാളത്തില്‍ അയച്ചെന്നുപറഞ്ഞ
ഡ്രഫ്റ്റിങ്ങ്‌ കിട്ടിയില്ലെന്ന്!

ഓഹ്‌,ഞാനായിരുന്നോ
എന്നൊരു ജാള്യത്തിന്റെ
ഒന്നാം ഗിയര്‍ ഇടുമ്പോള്‍
‍സ്കൂളിലാക്കേണ്ട പലവീട്ടുകുട്ടികളില്‍
ഒരുവള്‍ ചോദിച്ചു,
അങ്കിള്‍, യു വേര്‍ ഡ്രീമിംഗ്‌?
ഉവ്വ്‌...,
ഹഹ,മി റ്റൂ...

പങ്കിട്ടതിന്റെ
സുഖം പോകുമോയെന്നു ഭയന്ന്
എന്തെന്ന് ചോദിച്ചില്ല
ഞങ്ങള്‍ രണ്ടുപേരും.

8 comments:

വിഷ്ണു പ്രസാദ് said...

വിശാഖേ,
വളരെ നന്നായീ ഈ കവിത.

പാമരന്‍ said...

വിശാഖ്ജി.. അത്യുഗ്രനാവുന്നുണ്ട്..

Sharu (Ansha Muneer) said...

നല്ല കവിത.... :)

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

സുധീർ (Sudheer) said...

കിനാവിനെന്ത് പച്ച,ചുവപ്പ്,മഞ്ഞ അല്ലേ?

വിശാഖ് ശങ്കര്‍ said...

വിഷ്ണു,പാമരന്‍,ഷാരൂ,എസ്.വി,സുധീര്‍..,
എല്ലാവര്‍ക്കും നന്ദി.

ടി.പി.വിനോദ് said...

സ്വപ്നങ്ങളിലാവണം നമ്മുടെ ആഴങ്ങള്‍ ബാക്കി നില്‍ക്കുന്നത്..പറഞ്ഞുകേള്‍പ്പിച്ചതിനെ വാക്കിട്ടുമൂടാനാവാത്തതുകൊണ്ടാവണം അവയെപ്പറ്റി നമ്മള്‍ ചോദിച്ച് ബോധ്യപ്പെടാത്തതും..

വിശാഖ് ശങ്കര്‍ said...

അതെ വിനോദ്.ഓരോ സ്വപ്നവും വ്യഥയുടെ ചില ആഴങ്ങള്‍ അവനവനുമായി പങ്കുവയ്ക്കുന്നുണ്ടാവാം.ചോദ്യങ്ങള്‍ കൊണ്ട് അളക്കാനോ ഉത്തരങ്ങള്‍ കൊണ്ട് വ്യാഖ്യാനിക്കാനോ ആവാത്തവ.