Saturday, April 12, 2008

ഭൂമിശാസ്ത്രം

കടലില്‍ നിന്ന്
കാറ്റ്‌ അടര്‍ത്തിയെടുത്തത്‌
കരയില്‍ പ്രളയമാകുന്നത്‌
കണ്ടിട്ടുണ്ടോ?

മേഘത്തിന്റെ
അഴിഞ്ഞ മുടിക്കെട്ട്‌
വെള്ളത്തില്‍ പൊന്തി
ഒഴുകുന്നത്‌ കണ്ടിട്ടുണ്ടോ?

കടലിറങ്ങി
വെളിപ്പെട്ട തുരുത്തില്‍
‍ശൂന്യത
മാനം നോക്കിയിരിക്കുന്നത്‌
കണ്ടിട്ടുണ്ടോ?

കാഴ്ചയുടെ കുരുതി കഴിഞ്ഞ്‌
കടലില്‍ ചാടിയ വെളിച്ചപ്പാടിന്റെ
ഉള്‍ത്തീ പഴുക്കുന്ന
പടിഞ്ഞാറ്‌ കണ്ടിട്ടുണ്ടോ?

ഇല്ലെന്ന ആധിയില്‍
‍ചുറ്റും മിഴിക്കേണ്ട.

ഞാന്‍ പറഞ്ഞത്‌
നിന്റെ കവിളിലേയ്ക്ക്‌
ഉരുളാന്‍ പോകുന്നൊരു ഗോളത്തിന്റെ
ഭൂമിശാസ്ത്രത്തെക്കുറിച്ചാണ്‌.

10 comments:

ഫസല്‍ ബിനാലി.. said...

ഗോളത്തിന്‍റെ ഭൂമിശാസ്ത്രം,
കണ്ണുനീരിന്‍റെ രസതന്ത്രം

ഭൂമിപുത്രി said...

ഭൂമിശാസ്ത്രപഠനമിത്ര
ലളിതമോ,
അല്ല..
കഠിനമോ?

sreekanav said...

അയ്യോ.. :)
എത്ര സുന്ദരം...!

ഗുപ്തന്‍ said...

കണ്ണീരിനിത്ര മിഴിവോ !

Unknown said...

മേഘത്തിന്റെ
അഴിഞ്ഞ മുടിക്കെട്ട്‌
വെള്ളത്തില്‍ പൊന്തി
ഒഴുകുന്നത്‌ കണ്ടിട്ടുണ്ടോ
ഈ വരിക്കളാണു എന്നെ ഏറെ ആകര്‍ഷിച്ചത്

മന:സ്നേഹ said...

'കാഴ്ചയുടെ കുരുതി കഴിഞ്ഞ്‌
കടലില്‍ ചാടിയ വെളിച്ചപ്പാടിന്റെ
ഉള്‍ത്തീ പഴുക്കുന്ന
പടിഞ്ഞാറ്‌ കണ്ടിട്ടുണ്ടോ?'
മനോഹരമായിരിക്കുന്നു..
എത്ര കല്പനകളില്‍ നിറഞു കവിഞ്ഞ അസ്തമനം,
വീണ്ടും മൂര്‍ത്തമായ ഇമേജറികളിലൂടെ
താങ്കള്‍ മനോഹരമാക്കിയിരിക്കുന്നു.

വിശാഖ് ശങ്കര്‍ said...

കൃത്യമായ ഈ കേന്ദ്രീകരണത്തിനു നന്ദി ഫസല്‍.

ഭൂമിപുത്രി തന്നെ പറയൂ ഈ ഭൂമിശാസ്ത്രം ലളിതമൊ കഠിനമോ എന്ന്..:)

ശ്രീകനവ്, ഗുപ്തന്‍, നന്ദി.

അനൂപേ,
ജാത്യാലുള്ള ഭ്രാന്തില്‍ കള്ള് കടഞ്ഞെടുത്ത ചില ദൃശ്യങ്ങളില്‍ ഒന്നായിരുന്നു അത്.ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.

അസ്തമനം അതിവിശാലമായ ഒരു ക്യാന്വാസാണ് മന:സ്നേഹ.മരണമില്ലാത്ത ഒരുപാട് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുമ്പൊഴും ഇതുപോലെ ചില ചില്ലറ പടങ്ങള്‍ക്കും ഇടം ബാക്കി വയ്ക്കുന്ന ഒന്ന്.

പാമരന്‍ said...

അതുഗ്രന്‍ മാഷേ.. വല്ലാതെ ഇഷ്ടപ്പെട്ടു..

പാമരന്‍ said...
This comment has been removed by the author.
വിശാഖ് ശങ്കര്‍ said...

പാമരാ,
കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.