Thursday, October 23, 2008

കമ്പപുരാണം

പാസ്പോര്‍ട്ടോ, വിസയൊ
തളര്‍ന്നുറങ്ങുന്ന ഉടലോ എടുക്കാതെ
ഏതോ അറേബ്യന്‍ ലേബര്‍ക്യാമ്പില്‍നിന്ന്
കമ്പങ്ങളുടെ ഒരു നിറകുംഭമാസത്തിലേയ്ക്ക്‌
പൊടുന്നനേ പുറപ്പെട്ടുപോയതാണവര്‍

മലനടയില്‍നിന്ന്, പരവൂരുവഴി
അങ്ങ്‌ ത്രിശ്ശിവപേരൂര്‌ വരെ
പല പൂരം നിരങ്ങി
മണല്‍ക്കാടുകള്‍ ആറിത്തുടങ്ങുന്നൊരു
വ്യാഴസന്ധ്യയിലേയ്ക്ക്‌ തന്നെ വന്നടിഞ്ഞ്‌
വീതമിട്ട്‌ വാങ്ങിയ ഒരു കുപ്പി
വിലകുറഞ്ഞ കള്ളിന്റെ വീര്യത്തില്‍
കമ്പമെങ്കില്‍ കമ്പം
മലനടക്കമ്പം എന്ന നിരക്കില്‍
‍വാഴയിലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവന്ന
ചൂടാറാത്ത ഗൃഹാതുരത്വങ്ങള്‍
അഴിക്കുവാന്‍ തുടങ്ങി

പപ്പുവാശാന്റെ ഞെരിപ്പും
മണിയനാശാന്റെ അമിട്ടുമങ്ങനെ
പല ശബ്ദങ്ങളില്‍, പല വര്‍ണ്ണങ്ങളില്‍
‍അടുക്ക്‌ തെറ്റാതെ, അളവ്‌ മാറാതെ
മാനത്ത്‌ ദേശീയപതാക വിടര്‍ത്തി നില്‍ക്കേ
കമ്പമെന്നാല്‍ നിലത്തൂന്ന് മേപ്പോട്ടല്ല
അവിടന്നിങ്ങ്‌ താപ്പോട്ട്‌
തീവായും തുറിച്ചൊരു വരവാണെന്ന്
എന്തോ ഓര്‍ത്തെടുത്തു
ഒരഫ്ഗാനി

ചുരുട്ടിയ പായില്‍
പരാധീനങ്ങളും പൊതിഞ്ഞ്‌
പൂരങ്ങളില്‍നിന്ന് പൊടിപൂരങ്ങളിലേയ്ക്ക്‌
പെയ്തൊഴിയാത്ത പലായനങ്ങളുടെ
വാല്‍ക്കഷണം വായിച്ചു
പലസ്തീനികള്‍

വെള്ളിടി പൊട്ടുമ്പോള്‍
‍കൈ ചെന്ന് പൊത്തിയ ചെവികളില്‍നിന്ന്
താനേ അടഞ്ഞ കണ്ണുകളില്‍നിന്ന്
കണ്ടെടുക്കണം
കാണാതെപോയ ബന്ധുക്കളെ
എന്ന് കുതിര്‍ന്നു
ഓര്‍ക്കാപ്പുറത്ത്‌ കരയുന്ന ശീലമുള്ള
ആറടിക്കാരന്‍ ഇറാഖി

കമ്പപുരാണത്തിന്റെ രസച്ചരട്‌ പൊട്ടി
ബാക്കിവന്നത്‌
ഒറ്റയിറുക്കിന്‌ കുടിച്ച്‌ വറ്റിച്ച്‌
ഉറങ്ങാന്‍ കിടന്നവരില്‍ ചിലരെങ്കിലും
പരിചയമില്ലാത്ത ഏതോ പൂരപ്പറമ്പിലെ
കമ്പപ്പുരയ്ക്ക്‌ തീപിടിച്ചെന്ന്
സ്വപ്നം കണ്ടുണര്‍ന്നു

മൂത്രമൊഴിച്ച്‌ വന്ന്
രണ്ടിറക്ക്‌ വെള്ളവും കുടിച്ച്‌
ഇഷ്ടദൈവത്തെ വിളിച്ച്‌
തലവഴി മൂടി

ഉറങ്ങിക്കാണും

ഇല്ലാതിരിക്കാന്‍
കുറേ കിനാവുകളല്ലാതെ
ജീവിതം കണ്ടിട്ടില്ലല്ലൊ
നമ്മളിതുവരെ

13 comments:

പാമരന്‍ said...

"‍വാഴയിലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവന്ന
ചൂടാറാത്ത ഗൃഹാതുരത്വങ്ങള്‍"

ഞെരിപ്പ്‌!

വികടശിരോമണി said...

വൈവിധ്യമാർന്ന അനുഭവങ്ങളെ തീഷ്ണമാക്കുന്ന രാഷ്ടീയം...
അഭിവാദ്യങ്ങൾ...

നരിക്കുന്നൻ said...

വളരെ നന്നായിരിക്കുന്നു.

ആശംസകൾ

Jayasree Lakshmy Kumar said...

ദയനീയമീ പൂരക്കാഴ്ചകൾ

K.V Manikantan said...

നന്നായിരിക്കുന്നു. വിശാഖ്,

:)

Unknown said...

“ഉറങ്ങിക്കാണും

ഇല്ലാതിരിക്കാന്‍
കുറേ കിനാവുകളല്ലാതെ
ജീവിതം കണ്ടിട്ടില്ലല്ലൊ
നമ്മളിതുവരെ”

അതന്നെ. അല്ലാതെന്തു് പറയാന്‍? നല്ല ഭാഷയും ശൈലിയും. അഭിനന്ദനങ്ങള്‍!

Mahi said...

നന്നായിട്ടുണ്ട്‌ എവിടെയായിരുന്നു ?

vimathan said...

വിശാഖ്, കവിത ഇഷ്ടമായി.

അനിലൻ said...

കമ്പമെന്നാല്‍ നിലത്തൂന്ന് മേപ്പോട്ടല്ല
അവിടന്നിങ്ങ്‌ താപ്പോട്ട്‌
തീവായും തുറിച്ചൊരു വരവാണെന്ന്
എന്തോ ഓര്‍ത്തെടുത്തു
ഒരഫ്ഗാനി

അബുദാബിയിലുള്ള അഷറഫ് പേങ്ങാട്ടയില്‍ പണ്ട് കലാകൌമുദിയിലെഴുതിയ കഥയില്‍, മിസൈലുകളുടെ സ്ക്രാപ് പെറുക്കി വിറ്റ് കുടുംബം പുലര്‍ത്തുന്ന ഒരാളുണ്ട്.
അയാളെ ഓര്‍മ്മ വന്നു.
അകത്തും പുറത്തും യുദ്ധങ്ങള്‍ മാത്രം :(

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായിരിക്കുന്നു.

Rajeeve Chelanat said...

ഈ കവിത വല്ലാത്തൊരു അനുഭവമായി ഉള്ളില്‍ കിടക്കുന്നു വിശാഖ്.

ചില പൂരം വെടിക്കെട്ടുകള്‍ കഴിഞ്ഞ്, ആയുസ്സ് ബാക്കി വന്നുവെന്ന് തിരിച്ചറിയുമ്പോള്‍, മറ്റു യുദ്ധഭൂമികളും, അവിടെ, ബാക്കിയാവാതെ ക്ഷണനേരം കൊണ്ട് പൊലിഞ്ഞുതീരുന്ന ആയുസ്സുകളും മനസ്സില്‍ തികട്ടിവരുകയും പതിവുണ്ട്.

എത്രയെത്ര മരണങ്ങളെ എതിരിട്ടാണ് ആയുസ്സിലെ ഓരോ നിമിഷവും കടന്നുപോകുന്നത്ത്!

അഭിവാദ്യങ്ങളോടെ

Latheesh Mohan said...

കാണാന്‍ വൈകി വിശാഖ്.
അസാധ്യമായ ഒതുക്കം.

വിശാഖ് ശങ്കര്‍ said...

പാമരന്‍, വികടശിരോമണി,നരിക്കുന്നന്‍,ലക്ഷ്മി,സങ്കുചിതന്‍,സി.കെ ബാ‍ബു,മഹി,വിമതന്‍,അനിലന്‍,രാജീവ്,മുഹമ്മദ് സഗീര്‍,ലതീഷ്.., എല്ലാവര്‍ക്കും നന്ദി.