Thursday, November 12, 2009

ഹൈവെ

നാലു വരിയില്‍
നൂറ്റിനാല്പത് കിലോമീറ്ററില്‍
ഇരമ്പുകയാണ് കാലം

അപ്പുറത്തെത്തുവാന്‍
അവസരവും കാത്ത്
ഓരത്ത് നില്പാണ് ജീവിതം

വിയര്‍ത്തൊലിച്ച പകല്‍
വിരലൊന്ന് വിട്ടപ്പോള്‍
കുതിച്ച് പോയതാണ് ആയുസ്സ്

ഹൊ..
ശ്വാസം നിലച്ചു പോയേക്കാവുന്ന
ഒരു നിമിഷത്തിനു കുറുകെ
ഓടിക്കയറിയ ഉടലുകള്‍

പിന്നിലായിപ്പോയ നിഴലുകള്‍

കറക്കം നിര്‍ത്താത്ത ചക്രങ്ങള്‍
കടും ചുവപ്പില്‍ വരച്ച
പരാജയത്തിന്റെ ഭൂപടങ്ങള്‍

ഓര്‍മയുടെ ചെറുനനവുകളെയും
നക്കിയെടുത്ത് വാലാട്ടുന്ന
അനുസരണയുള്ള വെയില്‍മൃഗങ്ങള്‍

ഊഴങ്ങളല്ലാതെ മറ്റൊന്നും മാറുന്നില്ലെന്ന്
പോണ പോക്കില്‍ പറഞ്ഞുപോയത്
തെരുവായിരുന്നോ?

4 comments:

ഉപാസന || Upasana said...

ഓര്‍മയുടെ ചെറുനനവുകളെയും
നക്കിയെടുത്ത് വാലാട്ടുന്ന
അനുസരണയുള്ള വെയില്‍മൃഗങ്ങള്‍

nice thoughts
:-)
Upasana

Shaju Joseph said...

അപ്പുറത്തെത്തുവാന്‍
അവസരവും കാത്ത്
ഓരത്ത് നില്പാണ് ജീവിതം

നല്ല വരികൾ ... ആശംസകൾ

പാമരന്‍ said...

വെല്‍കം ബാക്‌ മാഷെ. കുറേ കാലമായല്ലോ.

മനോഹര്‍ മാണിക്കത്ത് said...

വിരലൊന്ന് വിട്ടപ്പോള്‍
കുതിച്ച് പോയതാണ് ആയുസ്സ്

ഈ കാണുന്ന ഹൈവേയില്‍
തിരിച്ച് വരാത്തതാണ് ജീവതവും

നന്നായി ഈ എഴുത്ത്