Saturday, December 30, 2006

എഴുത്തച്ഛനോട്

ആശയാണ്
ഒരു കവിതയെഴുതണം

“വള്ളിനിക്കറും വെള്ളയ്ക്കാവണ്ടിയുമാ‍യ്
വഴിവക്കില്‍ കാത്തുനില്‍ക്കാന്‍
വഴിക്കണ്ണുള്ള ചങ്ങാതി,
പ്ലാവിലതൊപ്പി, മാങ്ങാച്ചുന,
കശുമാവിന്‍ ചില്ലകള്‍ താണുവന്ന്‌
കനിഞ്ഞുനല്‍കുന്ന പൂര്‍വികസ്മരണ,
കണ്ണുനിറയെ നിറങ്ങളുള്ള,
കവിള്‍ നിറയെ രുചികളുള്ള
ബാല്യത്തിന്റെ ബിംബശേഖരം.
ഓണം,വിഷു,
കാര്‍തിക, സംക്രാ‍ന്തിഘോഷങ്ങള്‍,
അമ്മുമ്മക്കഥകള്‍, അന്ധവിശ്വാസങ്ങള്‍,
തെയ്യവും തോറ്റവും, പുള്ളുവന്‍പാട്ടും,
കാവിലെ പുറ്റില്‍ മറഞ്ഞിരിക്കുന്ന
ഒന്നും മറക്കാത്ത സര്‍പ്പവും”,
കവിതയെഴുതാന്‍
ഇതൊക്കെ വേണമെന്ന്
പ്രൊഫസര്‍ കാല്പനികനും പറ്റങ്ങളും.
ഉണ്ടോ സുഹ്ര്ത്തേ
കടം തരാനായ്
ഒരു ബാല്യം;
കുന്നും പുഴകളും
പൂക്കളും കിളികളും
ഒന്നിച്ചു പിച്ചനടന്ന കാലം...

“ആയിരം കണ്ണുള്ള
കൌമാരക്കാഴ്ചകളില്‍
പൊടുന്നനേ പെണ്ണായ കൂട്ടുകാരി
തനിക്കായ് മാത്രം തൂവിയ ചുവപ്പ്,
പത്തായത്തിന്റെ നിഴലിലോ
അറപ്പുരയിലെ ഇരുളിലോ
ആദ്യമായ് നുകര്‍ന്ന മധുരം“,
ഇതൊന്നുമില്ലാതെ
ഒരു പ്രണയകവിതപോലും
പടച്ചൊപ്പിക്കാനാവില്ലെന്ന്
വിമര്‍ശനച്ചേരി മാഷന്മാ‍ര്‍.
ഉണ്ടോ പെണ്ണേ
ഓര്‍മ്മയില്‍ ഒരു തളിരെങ്കിലും
ഉടല്‍ മൂടിയ
ഈ ശിശിരത്തില്‍?


ഇനി നാഗരിക കവിയാകാമെന്നു വച്ചാല്‍
ഇടത്തരക്കാരന്റെ നഗരത്തിന്
പുറം മാത്രമേയുള്ളു.
സ്ഫടികവാതില്‍ക്കല്‍
പാളിനോക്കുന്ന പഥികനുള്ളത്
ചിറികോട്ടിക്കോരിയെടുക്കാന്‍
ഒരു കുമ്പിള്‍ പുച്ഛം..!

അമ്മേ പറയുക
അണുവിമുക്തമായ വീടിന്റെ
ശുദ്ധശൂന്യമായ വെടുപ്പില്‍
മണ്ണിന്റെ മണമുള്ള കവിതയ്ക്ക്
ഞാനെവിടെപ്പോകും..?

അച്ഛാ പറയുക
വെള്ളികെട്ടിയ ചൂരല്‍വടിയോ,
മലര്‍ന്നുകിടക്കുന്ന ചാരുകസാലയോ,
പേനാക്കത്തിയോ, തുപ്പല്‍ക്കോളാമ്പിയോ,
അമ്മയ്ക്കുനേരേ തൊടുക്കാന്‍
മൂര്‍ച്ചയുള്ളൊരു നോട്ടം പോലുമില്ലാതെ,
പ്രാരാബ്ദത്തിന്റെ ഗുണപാഠകഥകള്‍
പകുത്തൂട്ടിയ പ്രജ്ഞയില്‍
അധികാരത്തിന്റെ ബിംബങ്ങള്‍ തേടി
ഞാനെവിടെപ്പോകും..?

പൂരത്തിന്റെ കൊട്ടിക്കലാശം പോലെ
പെയ്തൊഴിയുന്ന ദിനങ്ങള്‍.
കണ്ണില്‍ മറഞ്ഞിരിക്കുന്ന കിഴവനില്‍
കാലന്റെ ഛായ പടരും മുന്‍പേ,
ആശയാണ്,
ഒരു കവിതയെഴുതണം.

ഉണ്ടോ
ഒരു ഭാഷ നിര്‍ദേശിക്കാന്‍...?

5 comments:

vishak sankar said...
This comment has been removed by the author.
vishak sankar said...

ഇന്നിന്റെ ഭാഷ നാളിതുവരെ ഉള്ളതിന്റെ തുടര്‍ച്ച മാത്രമല്ല പൊളിച്ചെഴുത്തുകൂടിയാണ്.അത്തരമൊന്നിന്റെ കണ്ടെത്തലിനായി ശ്രമിക്കുന്നവരൊക്കെയും ഭാഷയുടെ ചരിത്രവും വര്‍ത്തമാനവുമായി നിരന്തരം കലഹിക്കുകയും സമരസപ്പെടുകയും ചെയ്യേണ്ടതുണ്ട്‌. ആ‍ കലാപഭൂമി വച്ചുനീട്ടുന്ന പ്രശ്നങ്ങള്‍ക്കും പ്രഹേളികകള്‍ക്കും നിവര്‍ത്തിതേടി ഭാഷാപിതാവിനെയല്ലാതെ മറ്റാരെ സമീപിക്കാന്‍?

“ഉണ്ടോ
ഒരു ഭാഷ നിര്‍ദേശിക്കാന്‍..?”

കുറുമാന്‍ said...

ഇല്ല മാഷെ ഒരു ഭാഷയുമില്ല നിര്‍ദേശിക്കാന്‍. നന്നായിരിക്കുന്നു കവിത. പുതുവത്സരാശംസകള്‍

കൃഷ്‌ | krish said...

“ഉണ്ടോ സുഹ്ര്ത്തേ
കടം തരാനായ്
ഒരു ബാല്യം;
കുന്നും പുഴകളും
പൂക്കളും കിളികളും
ഒന്നിച്ചു പിച്ചനടന്ന കാലം...“

“മണ്ണിന്റെ മണമുള്ള കവിതയ്ക്ക്
ഞാനെവിടെപ്പോകും..?“

നല്ല വരികള്‍..
ആശംസകള്‍.

കൃഷ്‌ | krish

vishak sankar said...

കുറുമാനും,ക്രിഷിനും നന്ദി...