Thursday, May 3, 2007

തടവ്

അടച്ചിട്ട കതകിനും
ജനാലകള്‍ക്കുമുള്ളില്‍
ഓരോ മുറിയും
ചില സ്വച്ഛതകളെ
അടക്കം ചെയ്തിരിക്കുന്നു.

കണ്ണിലെ
കുഞ്ഞു തിരശ്ശീലയില്‍
അവര്‍ തെളിച്ചിട്ട
ഉയിര്‍പ്പിന്റെ സ്വപ്നങ്ങളാണ്‌
രാപ്പകലില്ലാതെ
പെറ്റുപെരുകുന്ന
ഇരുളിന്റെ
സൂക്ഷ്മാണുക്കള്‍.

ചീവീടുകള്‍ പാടി നീട്ടുന്നത്‌
അതിജീവനത്തെക്കുറിച്ച്‌
അവരെഴുതിയ
മഹാകാവ്യങ്ങളാണ്‌.

അടച്ചിട്ട
ഓരോമുറിക്കുള്ളിലും
എന്തൊക്കെയോഒരുങ്ങുന്നുണ്ട്‌.
അതുകൊണ്ടാവും
വീടുകളിലേറെ
തടവറകളുണ്ടായിട്ടും
സാമ്രാജ്യങ്ങള്‍
‍പേക്കിനാവ്‌ കണ്ട്‌
ഉറങ്ങാതിരിക്കുന്നത്‌.

7 comments:

വിശാഖ് ശങ്കര്‍ said...

“അടച്ചിട്ട
ഓരോ മുറിക്കുള്ളിലും
എന്തൊക്കെയോ ഒരുങ്ങുന്നുണ്ട്.”

പുതിയ പോസ്റ്റ് “തടവ്”.

Pramod.KM said...

ഉണ്ട്.അവസാനം ഒരുങ്ങി പുറപ്പെട്ട് സാമ്രാജ്യങ്ങളെ കടപുഴക്കണം.
നല്ല കവിത മാഷെ..;)

sandoz said...

അടച്ച മുറിക്കുള്ളില്‍ ....
ഒരുങ്ങി ഇറങ്ങിയവരില്‍ ചിലര്‍ സാമ്രാജ്യങ്ങളെ കടപുഴക്കിയിട്ടുണ്ട്‌.....
നിശബ്ദ യുദ്ധത്തിലൂടെ......
പക്ഷേ അവരൊന്നും അത്‌ അനുഭവിച്ചില്ലല്ലോ....
അനുഭവിച്ചത്‌ മറ്റു പലരും അല്ലേ......

വിശാഖാ...കവിത ഇഷ്ടപ്പെട്ടു....

Abdu said...

നന്നായിരിക്കുന്നു വിശാഖ് ഈ മുറി വിചാരം.

ഞാനും പല തവണ എഴുതാനിരുന്നതാണ് അടച്ചിട്ട മുറിയെ കുറിച്ച്, നടന്നില്ല :(

വിശാഖ് ശങ്കര്‍ said...

പ്രമൊദെ,
തിര്‍ച്ചയായും വേണം.ആയുധങ്ങള്‍ സജ്ജമാക്കിവയ്ക്കുക.ഏതു കാറ്റും ഒരു ചെവികളിലേയ്ക്ക് ഒരു ആഹ്വാനം എത്തിച്ചേക്കാം.
സാണ്ടോസേ,
പറഞ്ഞത് ഒരു അപ്രിയ സത്യം.അത് നമുക്ക് കാണാതിരിക്കാം...
അബ്ദൂ,
എഴുതാതെ വിട്ട നൂറു കവിതകള്‍ക്ക് തുല്ല്യമാണല്ലൊ ഒരു “കുഴലൂത്തുകാരന്‍“..
എനിക്കറിയാം “ചില പേജുകളില്‍ ഒന്നും എഴുതാനാവില്ലെന്ന്”..

വിശാഖ് ശങ്കര്‍ said...

“ഏതു കാറ്റും ചെവികളിലേയ്ക്ക് ഒരു ആഹ്വാനം എത്തിച്ചേക്കാം” എന്ന് തിരുത്തി വായിക്കുവാന്‍ അപേക്ഷ..

ടി.പി.വിനോദ് said...

“രാപ്പകലില്ലാതെ
പെറ്റുപെരുകുന്ന
ഇരുളിന്റെ
സൂക്ഷ്മാണുക്കള്‍”

അപരിചിതമായ ചില സൂക്ഷ്മ വിനിമയങ്ങളെയും സാധ്യമാക്കുന്നുണ്ട് ഈ കവിതയിലെ ബിംബങ്ങളുടെ തീവ്രത...
അഭിനന്ദനങ്ങള്‍...