ഇരുട്ടത്ത്
ഇരതേടിയിറങ്ങിയ
മൃഗത്തെപ്പോലെ
നിന്റെ വിരലുകള്‍
നിഴലിന്റെ ദേഹത്തെ
തിന്നു തീര്‍ക്കുന്നു!
അല്ലെങ്കില്‍ പിന്നെ
വെളിച്ചമേ
നിനക്കെങ്ങനെ
ഈ നിസ്സംഗതയിലേയ്ക്ക്
ആര്‍ത്തിക്കണ്‍തുറക്കാനാവും?
ഉടയാടകളും
ഔപചാരികതകളുമില്ലാത്ത
ഒരു വിശപ്പിലേയ്ക്ക്
എങ്ങനെ പടരാനാവും?
പരുഷമായ
ഒരു അധിനിവേശം പോലെ
നീ നിന്റെ അത്താഴത്തില്‍
ആണ്ടിറങ്ങൂന്നു.
എച്ചില്‍ പാത്രവും
കുളിപ്പിച്ചെടുത്ത്
ഇരുള്‍
തിരിച്ചെത്തും മുന്‍പ്
ദാഹങ്ങള്‍
കുടിച്ചുവറ്റിച്ച നീ
ഉറങ്ങിക്കഴിഞ്ഞിരിക്കും..!
Thursday, May 31, 2007
Subscribe to:
Post Comments (Atom)
12 comments:
ബൂലോകരേ,
വീണ്ടും ഒരു പൊസ്റ്റ് കൂടി..
“പരുഷമായ
ഒരു അധിനിവേശം പോലെ
നീ നിന്റെ അത്താഴത്തില്‍
ആണ്ടിറാങ്ങുന്നു”
“ഉണ്ടുറങ്ങുന്നവര്‍”
ഒരുപാട് സംവദിക്കുന്നു ഈ വരികള്‍.
വളരെ ഇഷ്ട്പ്പെട്ടു എന്ന് തന്നെ പറയട്ടെ.
കെ.പി
കെ.പി,
വലിയ ആശ്വാസമായി താങ്കളുടെ ഈ കുറിപ്പ്.കവിത തീരെ സംവദിക്കാതെ പോയോ എന്ന് ആലോചിച്ചിരിക്കുമ്പോള്‍ ആണ് താങ്കളുടെ ഈ കുറിപ്പ്.അതും ഒരുപാട് സംവദിക്കുന്നു എന്ന് പറഞ്ഞുകോണ്ട്..വളരെ നന്ദി.
ഞാന്‍ വായിച്ചിരുന്നു. ഒന്നില്‍ കൂടുതല്‍ തവണ. എനിക്കെത്ര മനസ്സിലായി എന്ന് ഉറപ്പില്ലാത്തതു കൊണ്ട് ഒന്നും എഴുതിയില്ല. ഒരു ഹിറ്റ് കൌണ്ടര്‍ ഉണ്ടായിരുന്നുവെങ്കില്‍ കമന്റില്ലെങ്കിലും എത്രപേര്‍ വായിച്ചു എന്നൊക്കെ അറിയാമായിരുന്നു..
qw_er_ty
വായിക്കുന്തോറും കൂടുതല്‍ മനസ്സിലാകുന്നുണ്ട്.വെളിച്ചത്തെ സാധാരണ അറിവിന്റേയും നന്മയുടേയും ബിംബമാക്കുമ്പോള്‍ ഇങ്ങനെയൊരു (പരുഷമായ ഒരു അധിനിവേശം പോലെ) വിപരീതാര്‍ത്ഥത്തിന് പ്രേരിപ്പിച്ചതെന്താണെന്നറിയാന്‍ കൗതുകമുണ്ട്?
മൂര്‍ത്തി,
താങ്കള്‍ ഒന്നിലധികം തവണ വായിച്ചു എന്നറിയുന്നതു തന്നെ വലിയ സന്തോഷമാണ്.ഹിറ്റ് കൌണ്ടറോക്കെ ഉണ്ട്.എത്ര പേര്‍ വായിച്ചു എന്നുമറിയാം.എങ്കിലും വായനക്കാരുമായി കവിത സംവദിച്ചുവോ എന്ന് അറിയാന്‍ കുറിപ്പുകള്‍ തന്നെ ആശ്രയം.വിശകലന സ്വഭാവമുള്ള കുറിപ്പുകളാണെങ്കില്‍ അത് മറ്റ് വായനക്കാരെ സഹായിക്കുകയും ആരോഗ്യകരമായ വായനാനന്തര ചര്‍ച്ചകള്‍ക്ക് ഹേതുവാകുകയും ചെയ്യും.അതാണ് കുറിപ്പുകളുടെ പ്രസക്തി എന്ന് തോന്നുന്നു.വായനയ്ക്കും,കുറിപ്പിനും നന്ദി.
വല്യമ്മായി,
വായിച്ച് കുറിപ്പിട്ടതില്‍ ഒരു പാട് സന്തോഷം.
വെളിച്ചത്തിന് അഗ്രസ്സിവായ തുളച്ചുകയറുന്ന ഒരു സ്വഭാവവും ഉണ്ടല്ലൊ.വാതില്‍ പഴുതിലൂടെപോലും തുളച്ചു കയറിയെത്തി ഇരുളിനെ തിന്നുതീര്‍ക്കുന്ന അതിന്റെ രശ്മികള്‍..അതിന്റെ പാരുഷ്യം!
(നിഴലിനെ , നിസ്സഹായമായ സ്വന്തം അസ്തിത്വം തന്നെ നിഷേധിക്കപ്പെട്ട സ്ത്രീത്വവുമായി കൂട്ടി വായിച്ചു നോക്കു.പുതിയതായി എന്തെങ്കിലും സംവദിക്കുന്നുണ്ടെങ്കില്‍...)
എഴുതിയ ആള്‍ തന്നെ സ്വന്തം രചനയെ വ്യാഖ്യാനിക്കുന്നത് ഒരു തരം ചളിപ്പുണ്ടാക്കുന്നുണ്ട്.അറിയാം.ദയവായി ക്ഷമിക്കുക.
കവിതയുടെ സംവേദന ക്ഷമതയായിരുന്നില്ല എന്റെ സംശയം ,വെളിച്ചത്തെ തന്നെ ബിംബമായി സ്വീകരിക്കാനുള്ള കാരണമാണ് ചോദിച്ചത് :),വിശദീകരണത്തിന് നന്ദി.
മലയിറങ്ങി വരുന്ന ഇരുള്‍ കാത്തിരിക്കുന്ന കവി
ഇപ്പോള്‍ വെളിച്ചത്തിന്റെ പരുഷമായ അധിനിവേശത്തെ പറ്റി പറയുമ്പോള് നല്ലോരു വായനാ അനുഭവമാകുന്നു അത്.
രചനക്ക് മാഷിന്റെ ചെറിയ ഒരു വ്യാഖ്യാനം തരുന്നതില്‍ ചളിപ്പൊന്നും വിചാരിക്കണ്ട. സ്ഥിരമായി മാഷിന്റെ കവിതകള്‍ ആസ്വദിച്ചു വായിക്കുന്നവര്ക്ക് അതും ആസ്വദിക്കാനാകും. കവിതയെ പറ്റി കവി പറയുന്നത് കേള്ക്കുന്നതിലുമുണ്ട് ഒരു സുഖം
വിശാഖ്,ഇത് രണ്ടാം വരവാണ്.ആദ്യം വന്നപ്പോള്‍ രണ്ടു തവണ വായിച്ചു.വളരെയധികം ഇഷ്ടമാവുകയും ചെയ്തു.കമന്റിട്ടില്ലെന്നേയുള്ളൂ.
കെ.പി,
ഒരു കവിത എന്നത് ഒറ്റപ്പെട്ട ഒരു സൃഷ്ടിയല്ല,മറിച്ച് അത് രചയിതാവിന്റെ മുന്‍ രചനകളുടെ ഒരു തുടര്‍ച്ചയാണ് എന്ന തിരിച്ചറിവോടെയുള്ള വായന താങ്കളെ വ്യത്യസ്ഥനായ ഒരു വായനക്കാരനാക്കുന്നു.നന്ദി.
വിഷ്ണു,
സാധാരണ ഇഷ്ടമായാല്‍ ഇഷ്ടമായെന്നും,ഇല്ലെങ്കില്‍ ഇല്ലെന്നും ഒരു വാക്കു പറഞ്ഞുപോകുന്ന താങ്കള്‍ ഇതു കണ്ടില്ലേ എന്ന് ശങ്കിച്ചിരിക്കുകയായിരുന്നു.ഇഷ്ടമായെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷം
“നിഴലിനെ , നിസ്സഹായമായ സ്വന്തം അസ്തിത്വം തന്നെ നിഷേധിക്കപ്പെട്ട സ്ത്രീത്വവുമായി കൂട്ടി വായിച്ചു നോക്കു.“ അങ്ങനെ വായിച്ചപ്പോള്‍ കവിത ഫെന്റാസ്റ്റിക്!!
കമന്റൊന്നും കാണാതെ കവിത വായിച്ചപ്പോള്‍ നിഴല്‍ വെറും ആരോ ആയിരുന്നു. പ്രതിഷേധിക്കാന്‍ കഴിവില്ലാത്ത (കഴിയാത്ത) ആരോ ഒരാള്‍. ആദ്യ കമന്റ് കണ്ടപ്പോള്‍ ആ തോന്നല്‍ ഉറച്ചു.
സ്വാഭാവികമായും കൂടുതല്‍ കനമുള്ള ബിംബമായ വെളിച്ചത്തില്‍ കണ്ണുടക്കി. പൊതുവെ പോസറ്റീവ് പരിവേഷം ചാര്‍ത്തി കൊടുക്കുന്ന വെളിച്ചതിന് നെഗറ്റീവ് ഭാവം കൊടുത്തത് ആണ് കൂടുതല്‍ ആകര്‍ഷകമായി തോന്നിയത്.
പുതിയതായി തന്ന കണ്ണടയിലൂടെ നോക്കുമ്പോള്‍ മനോഹരം വിശാഖ്ശങ്കര്‍. അപ്പോള്‍ മാത്രമാണ് ഞാന്‍ അവസാനത്തെ സ്റ്റാന്‍സയെ കൂടുതല്‍ ശ്രദ്ധിച്ചത്.
ഇവിടെ രാത്രിയെ പകലാക്കുന്ന നിയോണ്‍ ലൈറ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു നഗരം. രാത്രിയെങ്കിലും തിരിച്ചു വരാമെന്ന നിഴലിന്റെ സ്വപ്നത്തെ നോക്കി വെളുക്കെ ചിരിക്കുന്ന നിയോണ്‍ ലൈറ്റുകള്‍!
ഡാലി,
ഇതുവരെ നിങ്ങളുടെ പേര്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സര്‍ റിയലിസ്റ്റ് ചിത്രകാരന്‍ ദാലിയുമൊത്താണ് വായിച്ചിരുന്നത്.എന്തെന്ന് ചോദിക്കരുത്.അഥവാ ചോദിക്കുന്നെങ്കില്‍ പരാജിതനോട് ചോദിക്കാം.പേരുകള്‍ തെറ്റായി ഉച്ചരിക്കുന്നതില്‍ എന്റെ ചരിത്രം അവനറിയാം.അവന്റെ പോസ്റ്റില്‍ (മൊഴിമാറ്റം) ഞാന്‍ ഇട്ട ഒരു തമാശ കുറിപ്പിനുള്ള നിങ്ങളുടെ പ്രതികരണത്തില്‍ നിന്നാണ് മനസിലായത് നിങ്ങളുടെ പേര്‍ ദാലി എന്നല്ല എന്ന്!(ഇത്രയും ഓഫ് ടോപിക്)
വിശകലനാത്മകമായ കുറിപ്പുകള്‍ തുടര്‍ന്നുള്ള വായനകളെ ഏറെ സഹായിക്കും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.ആ വിശ്വാസത്തിന് ബലം പകരുന്നു താങ്കളുടെ ഈ കുറിപ്പ്.വളരെ നന്ദി.
Post a Comment