Monday, June 4, 2007

നിദ്രാഭംഗം

പകലറുതിയോളം
തിളച്ച ക്ഷോഭങ്ങളെ
ഇരുളിന്‍ കുഴമ്പിട്ട്‌
ഒന്നാവി പിടിച്ചിട്ട്‌
ക്ഷീണിച്ച കടല്‍
തെല്ലുറങ്ങാന്‍ കിടന്നു.

ഒറ്റക്കണ്ണ്
തിരുമ്മിയെണീക്കണം
അങ്ങു കിഴക്കിന്‍
ചക്രവാളത്തില്‍
ഒന്നു വൈകിയാലീ
പാവങ്ങള്‍ക്ക്‌
പകലില്ല!

സ്വാസ്ഥ്യത്തിന്‍ തരംഗങ്ങളായ്‌
കരയെ കൊതിപ്പിക്കുന്നു
കുഞ്ഞോളങ്ങളിലിപ്പോള്‍
‍അതിന്റെ കൂര്‍ക്കംവലി..

തീരത്തുണ്ട്‌
ഉറങ്ങാതിരിക്കുന്നു
ഒരു കുപ്പി കള്ളുമായ്‌
ഒരുത്തന്‍,
കടല്‍കരയിലെ
ഇരുള്‍ക്കാടുകളില്‍
‍രാപ്പാര്‍ക്കാനെത്തിയവന്‍.

എഴുതി തീരാത്ത
വരികളോട്‌ കലഹിച്ച്‌
പിണങ്ങിയെത്തിയൊരു
കവിയായിരിക്കാം,

കെട്ടുപോയൊരു
അഗ്നിപര്‍വ്വതം പോലെ
ദീനനായേതോ പഴയ
വിപ്ലവകാരിയാവാം,

സങ്കല്‍പ്പങ്ങളെ
പ്രണയിച്ചു തോറ്റൊരു
കഴമ്പില്ലാത്ത
കാമുകനുമാവാം.

ആര്‍ക്കായാലുമീ
കൂര്‍ക്കംവലി
അലോസരം തന്നെ.

നീലക്കമ്പളം പൊക്കി
കടലിന്റെ വാ പൊത്തുവാന്‍
‍ഈ രാവിലവന്‍
ഇറങ്ങിപ്പോകുമോ എന്തൊ!

16 comments:

vishak sankar said...

കഴിഞ്ഞ വ്യാഴാഴ്ച്ച കടല്‍ക്കരയിലെ പതിവു മദ്യസമ്മേളനത്തിനിടയില്‍ അങ്ങകലെ ഒരുത്തന്‍ ഒറ്റയ്ക്കിരിക്കുന്നതു കണ്ടു.വെറുതേ കടലിലേയ്ക്ക് തുറിച്ചു നോക്കിയിരിക്കുന്നു.ഇടയ്ക്കിടെ എന്തോ കുടിക്കുന്നു.വിദേശിയാണോ സ്വദേശിയാണോ എന്നറിയില്ല.അടുത്തേയ്ക്ക് ചെല്ലാന്‍ എന്തോ ആര്‍ക്കും ധൈര്യവും വന്നില്ല.പന്ത്രണ്ടരയ്ക്ക് ഞങ്ങള്‍ പിരിയുമ്പൊഴും അവന്‍ അവിടെ ഉണ്ടായിരുന്നു.ഒറ്റയ്ക്ക്...

വല്യമ്മായി said...

അവസാനത്തെ വരികളിലെ സന്ദേഹം വളരെ മനോഹരമായി പകര്‍ന്നിരിക്കുന്നു.അയാളിപ്പോള്‍?

vishak sankar said...

അറിയില്ല വല്യമ്മായി,കടലിന്റെ വാ പൊത്താന്‍ ഇറങ്ങിപ്പൊയിട്ടില്ല എന്ന് വിശ്വസിക്കുന്നു.

ശാലിനി said...

നന്നായിട്ടുണ്ട്, പ്രത്യേകിച്ച് അവസാനത്തെ വരികള്‍. നീലകമ്പളം പൊക്കാതെ തിരികെ പോയി എന്നാശ്വസിക്കാമല്ലേ!

Pramod.KM said...

“എഴുതി തീരാത്ത
വരികളോട്‌ കലഹിച്ച്‌
പിണങ്ങിയെത്തിയൊരു
കവി”
നന്നായിരിക്കുന്നു.:)

Manu said...

അമ്മയുടെ തളര്‍ന്ന കൂര്‍ക്കം വലിയില്‍ ഒരു താരാട്ടിന്റെ ബാക്കിയില്ലേ വിശാഖ്... അതു കേട്ടെങ്കിലും വഴിമറന്നുപോയ ഉറക്കത്തെ തിരിച്ചുവിളിക്കാനാവും എന്ന് ആശിച്ചുവന്ന ഒരു അനാഥനാവാം... അയ്യോ..സത്യമായും നിങ്ങള്‍ കണ്ടത് എന്നെയല്ല... ഞാന്‍ ജീവിക്കുന്നിടത്ത് കടല്‍ പാടാറുമില്ല ഉറങ്ങാറുമില്ല.. രാവെളുക്കുവോളം ഇരുണ്ട കരകളോട് സല്ലാപമാണ്.... സുഖങ്ങള്‍ക്ക് സ്വയം വിറ്റ നീല നിറമുള്ള ഒരു സുന്ദരി....

നല്ല കവിത വിശാഖ്... ഇഷ്ടപ്പെട്ടു....

കണ്ണൂസ്‌ said...

പത്തു പതിനൊന്ന് കൊല്ലം മുന്‍പ്‌ മറീനാ ബീച്ചില്‍ ഞങ്ങളും കണ്ടിരുന്നു ഇങ്ങനെ ഒരു ഏകാന്തപഥികനെ. അന്ന് നീലക്കമ്പളം മാറ്റി ഇറങ്ങിയില്ലെങ്കിലും, അല്‍പ്പനാളുകള്‍ക്ക്‌ ശേഷം വേറെന്തോ നിറത്തിലുള്ള കമ്പളം പുതപ്പിച്ച്‌ ആളെ തിരിച്ചെടുത്തു വിധി. രാസാത്തി എന്നുസിര്‌ എനതില്ലയേ എന്ന് പാടിക്കൊണ്ടു തന്നെ പോയി ഷാഹുല്‍ ഹമീദ്‌.

ലാപുട said...

നല്ല കവിത...ഒരുപാടിഷ്ടമായി ...

വിഷ്ണു പ്രസാദ് said...

വിശാഖ്,മനോഹരമായി എഴുതി.വിശാഖിന്റെ പൂര്‍വ കവിതകള്‍ തരാത്ത ഒരു അനായാ‍സകരമായ വായന സാധ്യമാവുന്നുണ്ട്.അഭിനന്ദനങ്ങള്‍ ...

vishak sankar said...

പ്രമോദെ,
കവിക്കും കാമുകനും വിപ്ലവകാരിക്കും ഉറങ്ങാനാവില്ല എന്നല്ലെ...
വളരെ നന്ദി,വായനയ്ക്കും കുറിപ്പിനും.
ശാലിനി,
അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.
മനു,
കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
കണ്ണൂസെ,
ഷാഹുല്‍ ഹമീദ് എന്നത് പരിചയമുള്ളൊരു പേരാണ്.പക്ഷേ ആരെന്നൊട്ട് ഓര്‍മ്മകിട്ടുന്നുമില്ല!
ആരായിരുന്നു അയാള്‍?
ലാപുട,
ഒരുപാട് നന്ദി.
വിഷ്ണു,
താങ്കളുടെ വാക്കുകള്‍ ഒരുപാട് സന്തോഷം തരുന്നു.നന്ദി.

കണ്ണൂസ്‌ said...

വിശാഖ്‌, ഷാഹുല്‍ ഹമീദ്‌ എ.ആര്‍.റഹ്‌മാന്റെ പ്രിയപ്പെട്ട ഒരു പാട്ടുകാരന്‍ ആയിരുന്നു. രാസാത്തി എന്നുസിര്‌ എനതില്ലയേ, ഉസിലാം പെട്ടി പെണ്‍കുട്ടി, വീരപാണ്ഡി കോട്ടയിലേ, വാരായോ തോഴി എന്നിങ്ങനെ കുറച്ചു പാട്ടുകള്‍ മാത്രം പാടിയ ഒരു വ്യത്യസ്ത ശബ്ദത്തിന്റെ ഉടമ. ഒരു കാര്‍ അപകടത്തില്‍ മരിച്ചു പോയി. അദ്ദേഹം മനഃപൂര്‍വം വരുത്തി വെച്ച ഒരു അപകടമായിരുന്നെന്നും ചിലര്‍ പറയുന്നുണ്ട്‌.

vishak sankar said...

കണ്ണൂസ്,
ഇപ്പൊ ഓര്‍മ്മവന്നു.മറക്കാന്‍ പാടില്ലാത്ത പേരായിരുന്നു.ഓര്‍മ്മിപ്പിച്ചതിന് ഒരുപാടു നന്ദി.

കുഴൂര്‍ വില്‍‌സണ്‍ said...

ഈ പാതിരാത്രിയില്‍ ഒരു നല്ല കവിത വായിച്ചതിന്റെ ആഹ്ലാദം.

കടല്‍ കടല്‍ കടല്‍

ആത്മാവ് നഷ്ട്ടപ്പെട്ട ശരീരത്തെ കടലിന് കൊടുക്കന്നതിനെപ്പറ്റി ഞാനും
ചിന്തിച്ചിട്ടുണ്ടു

കെ.പി said...

നീലക്കമ്പളം മാറ്റി അയാള്‍ കടലിന്റെ വാ പൊത്താന്‍ ഇറങ്ങിയില്ല എന്ന് വിശ്വസിക്കട്ടെ. പക്ഷെ വായിക്കുംതോറും മറിച്ചാണ് തോന്നിയത്. അലോസരപ്പെടുത്തുന്ന കൂര്‍ക്കം വലികളുടെ വാ പൊത്താന്‍ വേറെ വഴി കാണാതാകുമ്പോള്‍ മറ്റെന്തു ചെയ്യാന്‍...

വല്ലാത്ത എന്തൊ ഒന്ന് മനസ്സില്‍ അവശെഷിപ്പിച്ചു പോകുന്നു ഈ കവിത.

vishak sankar said...

വിത്സാ,
“അലക്ക്” ഞാന്‍ മുന്‍പ് ഏതോ വെബ് മഗസീനിലൊ മറ്റൊ വായിച്ചിരുന്നു.ഒരുപാട് ഇഷ്ടമാവുകയും ചെയ്തു,അന്നേ..
കടല്‍ അലക്കി തിരിച്ചുതരുന്ന ഒരു ഉടലിനെക്കുറിച്ച് കിനാവുകാണാന്‍ നമുക്ക് എന്നെങ്കിലും ഒരു കടല്‍ക്കരയില്‍ സന്ധിക്കാം..,ഒരല്‍പ്പം ജീവ ദ്രാവകവും കൈയ്യില്‍ കരുതാം..
കെ.പി,
ആ വഴി ഒരു വല്ലാത്ത വഴിയാണ്.അര്‍ത്ഥങ്ങളുടെ ധാരാളിത്തം കൊണ്ട് അനര്‍ത്ഥമായ് തീര്‍ന്ന ഒരു വഴി.

vishak sankar said...

വിത്സാ,
ഒരാളെ വിട്ടുപോയി..
നമ്മുടെ ടി.പി കുഞ്ഞിരാമന്‍ നായരെക്കൂടി കൂട്ടണം.