Sunday, May 27, 2007

മരം

കവലയില്‍
ഒരു വന്മരം
ഒടിഞ്ഞുവീഴുന്ന ഒച്ചകേട്ട്‌
ഓടിവന്നതാണ്‌.

പച്ച മങ്ങാത്ത
കൊടികള്‍ കൊണ്ട്‌
കാട്‌ നയിക്കുന്ന ജാഥ പോലെ
തെരുവിനെ അത്‌
പകുക്കുന്നത്‌
കാണാന്‍.

ഇരുപുറങ്ങളിലായി
നിന്നുപോയ വാഹനങ്ങളില്‍
‍വേഗങ്ങള്‍ തളംകെട്ടുന്നത്‌
അറിയാന്‍.

വീണു നുറുങ്ങിയ ചില്ലകളില്‍
ഒരു പക്ഷിയെങ്ങാന്‍
‍കൂടുവച്ചിരുന്നുവോ എന്ന്
വ്യാകുലപ്പെടാന്‍.

ഞെട്ടല്‍ വിട്ട്‌
എഴുനേറ്റ നഗരം
കത്താളും കോടാലിയും കൊണ്ട്‌
തിന്നുപേക്ഷിച്ച
കൂറ്റന്‍ അസ്ഥികൂടം കണ്ട്‌
ആശ്ചര്യപ്പെടാന്‍.

ഒടുവില്‍
‍അറക്കവാളിന്റെ
അമൃതേത്തും കഴിഞ്ഞ്‌
മുറിത്തലയില്‍ തെളിഞ്ഞുവരുന്ന
മൂപ്പിന്റെ കഥ
വായിച്ചെടുക്കുവാന്‍.

വഴിമുടക്കല്‍
സമരം ഒഴിപ്പിച്ച്‌
തെരുവതിന്റെ വഴിക്കുപോയാലും
ഒരടയാളം
ബാക്കിയാവുമെന്ന് കരുതാമൊ?
മൂട്‌..? കുറ്റി..?
ഒരു വേരെങ്കിലും...!

12 comments:

വിശാഖ് ശങ്കര്‍ said...

“കവലയില്‍
ഒരു വന്മരം
ഓടിഞ്ഞുവീഴുന്ന ഒച്ചകേട്ട്
ഓടിവന്നതാണ്”

പുതിയ പോസ്റ്റ്.., “മരം”.

വല്യമ്മായി said...

മൂട്,കുറ്റി എന്നിവ പറിച്ചെറിഞ്ഞാലും ഒരു വേരെങ്കിലും ബാക്കിയാകാതിരിക്കല്ല.കാരണം ആഴത്തിലോടിയ വേര് പറിച്ചെറിയാന്‍ ശ്രമിച്ചാല്‍ ഇല്ലാതാകുന്നത് ആ കവലയല്ലേ.നല്ല വരികള്‍ പ്രത്യേകിച്ചും ആ തളം കേട്ടിയ വേഗത ഇഷ്ടമായി.

പുള്ളി said...

വിശാഖ് കവിത ഇഷ്ടപ്പെട്ടു. പുതുമയുള്ള ഭാഷയും ബിംബങ്ങളും.
വല്യമ്മായീ... ഞാനും തളംകെട്ടിയ വേഗതയെക്കുറിച്ചു തന്നെ പറയുവാനിരിയ്ക്കുകയായിരുന്നു!

മുസ്തഫ|musthapha said...

വിശാഖ്... ഇഷ്ടമായി ഈ വരികള്‍!

ഞാന്‍ കോപ്പി ചെയ്തു വന്നത് വല്യമ്മയിയും പുള്ളിയും പറഞ്ഞു... എന്നാലും അതിവിടെ വെക്കാതെ പോവുന്നില്ല...

“ഇരുപുറങ്ങളിലായി
നിന്നുപോയ വാഹനങ്ങളില്‍
‍വേഗങ്ങള്‍ തളംകെട്ടുന്നത്‌
അറിയാന്‍“

Anonymous said...

:)

ടി.പി.വിനോദ് said...

നന്നായി...:)
“പച്ച മങ്ങാത്ത
കൊടികള്‍ കൊണ്ട്‌
കാട്‌ നയിക്കുന്ന ജാഥ പോലെ”‌- എന്റെ ഒരു സലാം സ്വീകരിക്കൂ...:)

വിശാഖ് ശങ്കര്‍ said...

വല്യമ്മായി,
അപ്പൊ വേരെങ്കിലും ബാക്കിയാവും,അല്ലേ..
പുള്ളി,
നന്ദി,വരവിനും കുറിപ്പിനും.
അഗ്രജാ,
നിന്നുപ്പൊയ വാഹനങ്ങളില്‍
വേഗങ്ങള്‍ തളംകെട്ടുന്നത്
അറിഞ്ഞതില്‍ സന്തോഷം.
അരിക്കോടരേ..,നവന്‍,
നന്ദി.സന്തോഷം.
ലാപുട,
കവിതയ്ക്ക് സ’മരം’ എന്ന് തലക്കെട്ട് കൊടുക്കാന്‍ ആലോചിച്ചിരുന്നു.പിന്നെ വേണ്ടെന്നു വച്ചു.വരികള്‍ക്കിടയിലെ സമരത്തെ കണ്ടെടുത്തതില്‍ ഒരു പാടു സന്തോഷം,നന്ദി...

പരാജിതന്‍ said...

വിശാഖ്, നന്നായിരിക്കുന്നു.

വിശാഖ് ശങ്കര്‍ said...

പരാജിതന്‍,
ഒടിഞ്ഞുവീണ മരം കാണാന്‍ എത്തിയതിന് നന്ദി,അഭിനന്ദനത്തിനും.

aneeshans said...

താങ്കളുടെ വിമര്‍ശന കുറിപ്പുകള്‍ വായിക്കാറുണ്ട്. കവിതകളിലൂടെ കടന്നു പോകാനുള്ള അവസരം ഇപ്പോഴാണ് ഉണ്ടായത്. വാക്കുകള്‍ തിരഞ്ഞെടുക്കുന്നതിലും അത് അടുക്കി വയ്ക്കുന്നതിലും അന്യാദര്‍ശമാ‍യ കയ്യടക്കം കാണുന്നു.
പുതിയ വിഷയങ്ങളിലേക്ക് ഇനിയും ചിന്തകള്‍ കാട് കയറട്ടെ.

വിശാഖ് ശങ്കര്‍ said...

അരോ ഒരാള്‍,

“മരം’ ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം.

ചിന്തക്കള്‍ കാടുകയറി കയറി കൈവിട്ടുപോകുമോ എന്നാ ഇപ്പൊ ഭയം...:)

aneeshans said...

കാടു കയറട്ടേ..
നമുക്കു നല്ല കവിതകള്‍ കിട്ടിയാല്‍ മതി

:ആരോ ഒരാള്‍