Wednesday, February 27, 2008

കലാപം

വാക്കിന്റെ കെട്ട്‌ പൊട്ടിച്ച്‌
ലിപികള്‍
കടലാസുപാതകളിലൂടെ
തന്നിഷ്ടം
നടക്കാന്‍ തുടങ്ങിയപ്പൊഴാണ്‌
വരികള്‍ക്കിടയില്‍
ഉരുള്‍പൊട്ടിയ കലാപം
കവിയുടെ ശ്രദ്ധയില്‍ പെട്ടത്‌.

താളുകളില്‍ അങ്ങോളം
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചും,
ചിഹ്ന, വ്യാകരണ,
വ്യാക്ഷേപകാദി നിയമങ്ങള്‍
കര്‍ശനമാക്കിയും,
വിമര്‍ശകരില്‍ നിന്നും
വൈയാകരണന്മാരില്‍ നിന്നും
യുദ്ധോപദേശം കൈക്കൊണ്ടും,
ഏറെ പണിപ്പെട്ട്‌ അടിച്ചമര്‍ത്തി
അക്ഷര ലഹള.

യുദ്ധത്തടവുകാരായി
പിടിക്കപ്പെട്ടവരില്‍
‍ലിപികള്‍ക്ക്‌ വാക്കിലും,
വാക്കുകള്‍ക്ക്‌ വരിയിലും,
വരികള്‍ക്ക്‌ കൃതിയിലും,
കൃതികള്‍ക്ക്‌ ഗ്രന്ഥത്തിലും,
എഴുത്തിന്റെ
അധികാരശ്രേണികള്‍ക്കുള്ളില്‍
‍ഏകാന്ത തടവൊരുക്കി.

കാണാതായ
ചില കലാപകാരികളെക്കുറിച്ച്‌
പത്രക്കാര്‍ ചോദിച്ചപ്പൊള്‍
അവര്‍ ‍എഡിറ്റിങ്ങില്‍ ‍കൊല്ലപ്പെട്ടെന്ന്
സ്ഥിരീകരിച്ചു.

വരിയുടഞ്ഞ
കടലാസുബുദ്ധി പിന്നെ
കലാപങ്ങളൊന്നും ഉയിര്‍പ്പിച്ചിട്ടില്ല
ചില്ലറ അവകാശസമരങ്ങളല്ലാതെ,

എങ്കിലും...?

15 comments:

Anonymous said...

രാഷ്ട്രീയം എഴുത്തില്‍ വിഷയമാകുന്ന പടികഴിഞ്ഞ് എഴുത്തുതന്നെ രാഷ്ട്രീയനിരീക്ഷണത്തിനുള്ള രൂപകവും ആകാമെന്നൊരു ഫീലിംഗ് വായിച്ചപ്പോള്‍...

മറുവശത്ത് എഴുത്തിനെക്കുറിച്ചുതന്നെ കെ എസ് സുനീഷിന്റ്നെ നിശബ്ദകലാപം ഓര്‍മിപ്പിച്ചു (http://ahamahamihayaa.blogspot.com/2007/11/blog-post.html ‘ഉടയുന്നുണ്ടെന്തൊക്കെയോ’ എന്ന കവിത)

നമ്മള്‍ ബ്ലൊഗില്‍ കണ്ടുമുട്ടുമ്പോള്‍ വിശാഖിന്റെ കവിതകളില്‍ നിഴലും വെളിച്ചവും ചിലകാഴ്ചകളും ആയിരുന്നു പതിവായി. അസാധാരണമായ വിഷ്വല്‍ ക്വാളിറ്റിയുള്ള കവിതകള്‍. ഈയീടെ ശൈലിയിലും സമീപനത്തിലും എന്തോ വലിയ മാറ്റം ഉണ്ടെന്ന് തോന്നുന്നു. :)

Sandeep PM said...

ഒരു മാറ്റം എന്റെ ശ്രദ്ധയിലും പെട്ടു. ലിപികളുടെ കലാപം ഇഷ്ടപെട്ടു

സജീവ് കടവനാട് said...

എങ്കിലും......................................................?

ഫസല്‍ ബിനാലി.. said...

വരിയുടഞ്ഞ
കടലാസുബുദ്ധി പിന്നെ
കലാപങ്ങളൊന്നും ഉയിര്‍പ്പിച്ചിട്ടില്ല
ചില്ലറ അവകാശസമരങ്ങളല്ലാതെ,

Nice..

R. said...

വിപ്ലവം വളരെ ഇഷ്ടപ്പെട്ടു.

'അമന്റെ ഒരു ആഖ്യേം ആഖ്യാതോം !' - ബഷീര്‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കലാപം ഇഷ്ടായി

വിഷ്ണു പ്രസാദ് said...

നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ് അല്ലേ വിശാഖ്... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എങ്കിലും ഒരു രോദനം ബാക്കി നില്‍ക്കുന്നു ല്ലേ?

ഏ.ആര്‍. നജീം said...

അതെ, നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഉള്ളില്‍ നിന്നല്ലാതെ മനസ്സാക്ഷിക്കൊത്ത് വാക്കുകളെ കോര്‍ത്തിണക്കാം ആരെയും ബോധ്യപ്പെടുത്തണ്ടല്ലോ... :)

Pramod.KM said...

ശരിക്കും ഒരു കലാപമായി:)

nalan::നളന്‍ said...

ആ കമന്റ് ഓപ്ഷന്‍ എടുത്തു കള :)

Unknown said...

ഇതല്ലേ ശരിക്കും എല്ലാ കലാപങ്ങളുടെയും തലയിലെഴുത്ത്?

aneeshans said...

കവി ആരെ ഭയക്കണം , ഏത് ചട്ടക്കൂട്ടില്‍ ഒതുങ്ങണം. വാക്കുകള്‍ക്ക് തോന്നും പോലെ നടന്ന് വരികളുണ്ടാകട്ടെ.

Rajeeve Chelanat said...

വിശാഖ്

വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഗറില്ലകള്‍ അങ്ങിനെയാണ് ഉണ്ടാകുന്നത് വിശാഖ്. ഭരണകൂടത്തിന്റെ ഒരു സെന്‍സറിംഗും അവരെ സ്പര്‍ശിക്കില്ല. അവകാശസമരങ്ങള്‍കൊണ്ട് തൃപ്തിയടയുകയുമില്ല അവര്‍. പരിപൂര്‍ണ്ണ കലാപത്തില്‍ കുറഞ്ഞതൊന്നും നമുക്കും വേണ്ട.

അര്‍ത്ഥഗര്‍ഭമായ കവിത.

അഭിവാദ്യങ്ങളോടെ

MOIDEEN ANGADIMUGAR said...

ഇഷടപ്പെട്ടു ഒത്തിരി..!