Wednesday, November 12, 2008

ചൈനീസ് ടീ.വി

വില തുച്ഛം ഗുണം മെച്ചം
ഏതെടുത്താലും മിച്ചമെന്ന്
പുത്തന്‍ ബസാറിന്റെ ഖ്യാതി
വീടുവീടാന്തിരം
പുകഴ്പെറ്റുകൂട്ടുന്ന കാലം

സ്വന്തമാക്കി അഭിമാനിച്ചേക്കാമെ-
ന്നാരെങ്കിലും നിനച്ചാല്‍
‍കുറ്റം പറയാന്‍ പറ്റുമോ?

വന്നുകയറി
എന്റെ വീട്ടിലുമൊരു
പുത്തന്‍ ഫ്ലാറ്റ് ടീ.വി

കന്നിക്കാഴ്ച്ച
പാര്‍ട്ടി ചാനലില്‍
പാര്‍ട്ടി കാങ്ക്രസ്സെന്ന് കട്ടായം
ബീഡിയിലയിലും
വെടിമരുന്ന് തെറുത്തുവലിക്കുന്ന
ഒഞ്ചിയത്തുകാരന്‍ അപ്പന്‍

‍സ്വിച്ചിട്ട് കത്തിച്ച
കടിഞ്ഞൂല്‍ കാഴ്ച്ചതന്നെ
കണ്ണുതള്ളിച്ചുകളഞ്ഞു

ചുവപ്പു മങ്ങി
കാവിയായ് തുടങ്ങിയ
കൊടികളും കുപ്പായങ്ങളും

നിരങ്ങുകയാണ്‌
നഗരവീഥികളിലൂടൊരു
നിറം മാറിയ ചെങ്കടല്‍..!

ക്ലാവുപോലൊരു പച്ചപ്പില്‍
പൂത്തിരിക്കയാണ് രക്തഹാരങ്ങള്‍..!

കോളക്കറുപ്പില്‍ ‍നുരയുകയാണ്
വേദിയിലെ തെളിനീര്‍...!

ഡിജിറ്റല്‍ ഒച്ച ചിലമ്പിച്ച്
നമ്മള് കൊയ്യും വയലെന്നും
തമ്പ്രാന്റേതെന്ന് പാടുകയാണ്
പുത്തന്‍ പൈങ്കിളികള്‍‍..!

വാങ്ങുമ്മുമ്പേ
അടിച്ചുപോയോ
ഈ ചൈനാജാലത്തിന്റെ
പിക്ചര്‍ട്യൂബെന്ന് പകച്ച്
അണയ്ക്കാനാഞ്ഞപ്പോ
അടുത്തിരുന്ന മകന്‍
കൈക്കുപിടിച്ചു

കേടായതൊന്നുമല്ലെന്റെയച്ഛാ
ഇതാണ് പുതിയകാലത്തിന്റെ
ശബ്ദവും വെളിച്ചവും
നിറമേതായാലെന്താ
കൊടി നന്നായി കണ്ടാല്‍ പോരേ..!

മുടക്കിയ കാശ്‌
അവന്റെ ആയതുകൊണ്ട്‌
പിന്നൊന്നും മിണ്ടിയില്ല

ചുരുണ്ടുകൂടി

അപ്പന്‍ മാത്രം
തിമിരം വന്നെന്നോ
കേള്‍വി കുറഞ്ഞെന്നോ
ഇപ്പൊഴും
നിര്‍ത്താതെന്തൊക്കെയൊ
പിറുപിറുക്കുന്നുണ്ട്‌

പഴയ ആളല്ലേ...

6 comments:

വികടശിരോമണി said...

പഴേ ആളല്ലേ...ഇനി മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.അല്ലെങ്കിലിനിയൊരിക്കലും ടി.വി.കാണില്ല.പുണ്യവാളന്മാരെക്കുറിച്ചുള്ള പരമ്പര പിടുത്തക്കാരെ കാത്തിരിക്കേണ്ടിവരും.

പാമരന്‍ said...

"വെടിമരുന്ന് തെറുത്തുവലിക്കുന്ന
ഒഞ്ചിയത്തുകാരന്‍"!

നിറത്തില്‌ വെള്ളം കലക്കിത്തുടങ്ങി വിശാഖ്മാഷെ. വളരെ ഇഷ്ടമായി.

Jayasree Lakshmy Kumar said...

നിറമേതായാലെന്താ
കൊടി നന്നായി കണ്ടാല്‍ പോരേ..!

അർത്ഥം മാറിയ മുദ്രാവാക്യം.

കൊള്ളാം. നല്ല വരികൾ

naakila said...

പുതിയകാലത്തിന്റെ നേര്‍ക്കാഴ്ച
നന്നായി

വിശാഖ് ശങ്കര്‍ said...

ഹ..ഹ വികടശിരോമണി, ആ പറഞ്ഞത് സത്യം.

പാമരാ..,കൃത്യമായി ‘വെടിമരുന്ന് തെറുത്തുവലിക്കുന്ന ഒഞ്ചിയത്തുകാര’നെ തന്നെ കണ്ടെടുത്തതിനു നന്ദി.

ലക്ഷ്മി, അനീഷ്, നന്ദി.

ടി.പി.വിനോദ് said...

കാലത്തിന് വിടുതലുകള്‍ ഉണ്ടാവാതെ തരമില്ല.
നോക്കിയിരിപ്പ് എന്ന മതത്തില്‍ നിന്നും അത് വിടുതല്‍ നേടുമായിരിക്കും..