Thursday, February 19, 2009

പിഴ

'അറബിക്കടലൊരു മണവാളന്‍
കരയൊ നല്ലൊരു മണവാട്ടി'

എന്നിട്ടുമിവരുടെ സംഗമമെന്തേ
അനന്തമായിങ്ങനെ നീളുന്നതെന്ന്
കള്ളും കടലയും അച്ചാറുമൊക്കെയായ്‌
കടലോരം ബഹുദൂരം കൂടിയിരുന്ന്
പാടിയും പറഞ്ഞും പൊട്ടിക്കരഞ്ഞും
അരിയ കണ്ണുനീര്‍പുഷ്പങ്ങള്‍ ‍കൊണ്ട്‌
വ്യഥിത മാല്യങ്ങള്‍ കോര്‍ത്തും
രസിച്ചു പണ്ട്‌
തരളകല്‍പ്പനാലോലങ്ങളായ കുറെ
മൃദുല മഹാ കവിഹൃദയങ്ങള്‍

കവിയരങ്ങുകഴിഞ്ഞു കവിവരര്‍
‍അവനവന്റെ കിടപ്പാടവുമ്പൂകി
പിന്നെപ്പെഴോ ആണ്‌
കടലിലെ കാമുകന്റെ കരളുണര്‍ന്നത്‌

പെട്ടന്നായിരുന്നു കല്യാണം

ഓര്‍ക്കാപ്പുറത്തുവന്നതുകൊണ്ട്‌
ഉടനൊരു സദ്യപോയിട്ട്‌
വായ്ക്കരിപോലും തരപ്പെട്ടില്ല നാട്ടുകാര്‍ക്ക്‌

കെട്ടും ആദ്യരാത്രിയും
ആദ്യപകലും ഒക്കെ കഴിഞ്ഞു
കരയില്‍ കടലിനു പിറന്ന സന്തതികളില്‍
കുറെ അവന്‍ കൂടെ കൊണ്ടുപോയി
ബാക്കിവന്നതിനെ വെട്ടിമൂടി
ബന്ധം വിടര്‍ത്തി, കടല്‍ഭിത്തി പൊന്തിച്ച്
വീണ്ടും കര തിരിച്ചു

കടല്‍തീരത്ത്‌ പിന്നെയും ആളനക്കംവച്ചു

അപ്പൊഴുണ്ട്‌ ദാ വരുന്നു
ഇനിയും പാടിയൊടുങ്ങാത്തതൊക്കെയും
പൊടിതട്ടി ശ്രുതിചേര്‍ത്തെടുത്തുകൊണ്ട്
പുതിയൊരു മഹാകവിപ്പറ്റം

പാവം
നാട്ടുകാരിതെന്തുപിഴച്ചപ്പാ....

9 comments:

പകല്‍കിനാവന്‍ | daYdreaMer said...

അനുഭവിക്കട്ടെ .. അല്ലാതെന്താ...
:)
പിഴച്ചു പോകട്ടെ...!

പാമരന്‍ said...

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു ജീവിതം! അങ്ങ് ജീവിച്ചു തീര്‌ക്കാം.

ചങ്കരന്‍ said...

അങ്ങനെയാണല്ലേ സുനാമിയുണ്ടായത്?

old malayalam songs said...

Nice lines........


സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

Gevurah said...

ഇനിയും പാടിയൊടുങ്ങാത്തതൊക്കെയും കൊണ്ട്...

ഇതൊരു വല്ലാത്ത പിഴവുതന്നെ..

അകാല്‍പ്പനികം :)

വിശാഖ് ശങ്കര്‍ said...

പകല്‍ക്കിനാവന്‍, അനുഭവിക്കുന്നുണ്ട്, പക്ഷേ അതിന് അവരെന്തുപിഴച്ചു എന്നതാ പ്രശ്നം വീണ്ടും...:)
പാമരാ..:)
മുഹമ്മദ് സഗീര്‍..,പക്ഷേ ‘അത് തീരുന്നില്ലല്ലോ’..:)
ചങ്കരാ, സുനാമിയുണ്ടായത് അങ്ങനെയാവില്ല.പക്ഷേ അതിന്റെ ഇരകളുണ്ടായത് അങ്ങനെയാവാം..:)
മേഗു, നന്ദി
ഗുവാരാ,
നീയതു പറഞ്ഞുവോ... അകാല്‍പ്പനികം.

പാവത്താൻ said...

ഇനി കുറച്ച്‌ ആധുനിക കവിത കേൾക്കാം.
പാവം കടൽ, അതു തല തല്ലിച്ചാകട്ടെ.

വിശാഖ് ശങ്കര്‍ said...

പാവത്താനേ,
ഹഹഹ..,ഒറ്റക്കുഴിയില്‍ ആയിരക്കണക്കിന് ശവങ്ങളെ വെട്ടിമൂടുന്നതിനെക്കുറിച്ച് മധുര തരള പദാവലിയില്‍ കോര്‍ത്ത് കവിതപാടി രസിക്കുന്നത് കേട്ടാലും തലതല്ലിച്ചാവാതിരിക്കണമെങ്കില്‍ കടലിന്റെ സൌന്ദര്യബോധം എത്രകണ്ട് ഫ്യൂഡലായിരിക്കണം..!
എതിര്‍പക്ഷത്താണെങ്കിലും കൃത്യമായി നിലപാട്‌ വ്യക്തമാക്കിയ ഈ കമന്റിനു നന്ദി.