Wednesday, April 22, 2009

ഒട്ടകം 1 ( സ്വപ്നം കാണുന്നവരുണ്ടാവുമോ ഇപ്പോഴും!)

ഒട്ടകങ്ങളുടെ കണ്ണിലൂടെയാണ്‌
മരുഭൂമികള്‍
‍കടലിനെ സ്വപ്നം കാണുന്നത്‌


കിനാവിന്റെ
ആഴക്കടലിലൂടെയാണവരുടെ
കപ്പല്‍ വ്യൂഹങ്ങള്‍ ഒഴുകിനീങ്ങുന്നത്‌


മരുഭൂമിയിലെ കപ്പലേറി
ആരൊക്കെയോ
വിതയ്ക്കാത്തത്‌ കൊയ്യാനിറങ്ങുന്നത്‌


കൊണ്ടുപോയ തുകല്‍സഞ്ചിയുടെ
തൊണ്ടവരളുമ്പോള്‍
‍ജലകുംഭം തേടി
കപ്പലിന്റെ നിലവറയിലേയ്ക്ക്‌
കുഴല്‍ക്കിണറുകുഴിക്കുന്നത്‌


രക്തസാഷികളുടെ കുടലും പണ്ടവും
ഒഴുക്കിക്കളയാനും വെള്ളമില്ലാതെ
കടലുവീണ്ടും മരുഭൂമിയാവുന്നത്‌


ഞാനിനി കടലാവില്ല
നീ കപ്പലുമാവേണ്ടെന്ന്
കിനാവ്‌ കുടിയേറി നനച്ചിട്ട സാമ്രാജ്യങ്ങളെ
വെയില്‌ തിരിച്ചുപിടിക്കുന്നത്‌
ഇങ്ങനെയൊക്കെയാണ്‌.

5 comments:

ജ്വാല said...

ഇങ്ങനെയായിരിക്കാം മരുഭൂമികള്‍ ഉണ്ടാകുന്നത്...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“കിനാവ്‌ കുടിയേറി നനച്ചിട്ട സാമ്രാജ്യങ്ങളെ
വെയില്‌ തിരിച്ചുപിടിക്കുന്നത്‌
ഇങ്ങനെയൊക്കെയാണ്‌“

R.K.Biju Kootalida said...

വരൾച്ചയിലെക്ക് ആർദ്രമാകുന്ന വരികൾ ,പക്ഷേ
ആവർത്തനം ഉണ്ടൊഎന്നൊരു സംശയം

അനിലൻ said...

ഒട്ടകങ്ങളുടെ കണ്ണിലൂടെയാണ്‌
മരുഭൂമികള്‍
‍കടലിനെ സ്വപ്നം കാണുന്നത്

സ്വപ്നങ്ങളിലൂടെ അവര്‍ തിരിച്ചു പിടിക്കുന്ന കടലിനടിയില്‍ മരുഭൂമിയുണ്ടാവുമോ? ഉണ്ടെങ്കില്‍ അവിടെ ഏതു ഭാഷയിലാവും ഒട്ടകം മൊഴിമാറ്റപ്പെട്ടിരിക്കുക?
വിപരീതങ്ങളുടെ സാമ്രാജ്യങ്ങള്‍!!!

സെറീന said...

ഞാനെന്താണ് ഇത്ര നാളും
ഇക്കവിത കാണാതിരുന്നത്!